ADVERTISEMENT

ഓരോ വ്യക്തിയും ഇനിയും കൂടുതൽ കൂടുതൽ ആഴത്തിലും പരപ്പിലും ചാരവും സൂഷ്മജീവാണുക്കളും തമ്മിലുള്ള മണ്ണിലെ പാരിസ്ഥിതിക അവസ്ഥകളെ കുറിച്ച് ചിന്തിക്കുംതോറും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കൂടുതൽ ആഴത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ശാസ്ത്രത്തിന്റെ മറ്റു വിവിധ ശാഖകളിൽ വളർന്നുവരുന്ന സാങ്കേതിക അറിവുകളും മറ്റും പുതിയ പുതിയ വിഷയങ്ങളിലേക്ക് ചൂണ്ടുവിരൽ ഉയർത്തുകയാണ്. 

നമ്മുടെ നാട്ടിൽ ഒരു ചോദ്യമോ ഉത്തരമോ വന്നാൽ പിന്നെ അതിന്റെ മേലോട്ട് അന്വേഷണങ്ങൾ സാധാരണഗതിയിൽ സാധാരണക്കാർക്ക് ഉണ്ടാകില്ല. എന്താണോ കേട്ടത് അത് ചോദ്യമില്ലാതെ, നിരീക്ഷണമില്ലാതെ, പരിശോധനകൾ ഇല്ലാതെ അന്ധമായി മുന്നോട്ടുപോവുകയും ചെയ്തുപോന്നവ ഒരു ആചാരം പോലെ അനുവർത്തിക്കുന്ന സ്വഭാവവുമുണ്ട്. അങ്ങനെയാണല്ലോ അതുപാടില്ല ഇതുപാടില്ല എന്നൊക്കെ കാരണവന്മാരുടെ ചിട്ടകൾ പോലെ അനുസരിച്ചു മാത്രം ഒരു പ്രത്യേക താളത്തിലും ഓളത്തിലും പൊങ്ങുതടി പുഴയിൽ ഒഴുകി പോകുന്നതു പോലെ ഒരു ലക്ഷ്യമില്ലാതെ ഒഴുകുന്നത്. ഇത് കൃഷിയിൽ മാത്രമല്ല ജീവിതത്തിന്റെ നാനാമേഖകളിലും ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രതിസന്ധികളൊഴിഞ്ഞ നേരവുമില്ല. ഇത് വിദ്യാഭ്യാസം കുറഞ്ഞവരിൽ മാത്രമല്ല വിദ്യാസമ്പന്നരെന്നു പറയുന്ന ശാസ്ത്രജ്ഞരിൽ പോലും കാണാറുണ്ട്. അതായത് പലവിഷയങ്ങളെയും ബന്ധപ്പെടുത്തി പരിഹാരം കാണാനുള്ള ആ ത്വര വളരെ കുറവാണെന്നർഥം. പരിഹാരം കാണുക എന്നാൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടു പോവുക എന്നതാണല്ലോ. അത് മനുഷ്യനല്ലേ സാധിക്കൂ! മൃഗങ്ങൾക്ക് സാധിക്കുകയുമില്ല. പരിഹാരം കാണുന്നതോടെ ജീവിതം സുരക്ഷിതവും ഭദ്രവും സാമൂഹ്യ ജീവിത പരിസ്ഥിതി മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങൾ പോലും നമുക്ക് പരിഹരിച്ചു മുന്നേറാൻ സാധിക്കും.

ഇവിടെ ഇപ്പോഴും പ്രശ്നമെന്തെന്നാൽ ചാരം കുമ്മായം എന്നിവ ഒരു വളമായാണ് പലരും കാണുന്നത്. അത് വളമായി കാണുന്നതോടെ പ്രശ്നം ഇരട്ടിക്കുകയാണ് സംഭവിക്കുന്നത്. വളമായി കാണുന്നതോടെ അതിന്റെ പ്രയോഗങ്ങളിലെ അളവിൽ വ്യത്യാസം വരുന്നു. ചിലപ്പോൾ കൊട്ടക്കണക്കിനു ചാരവും കുമ്മായവും ഇട്ടെന്നുവരാം, അളവ് പരിഗണിക്കാതെ പ്രയോഗിച്ചെന്നും വരാം. 

ചാരവും കുമ്മായവും മണ്ണിനെ പരിവർത്തനപ്പെടുത്തുന്ന സ്വഭാവത്തിലേക്ക് മാറ്റുന്ന വസ്തുക്കളാണ് എന്ന തിരിച്ചറിവ് വരുമ്പോൾ അതിന്റെ അളവും പ്രയോഗവും മനസിലാക്കി പ്രവർത്തിക്കും. മുഖ്യമായും മണ്ണിലെ pH അളവിനെയാണ് അത് പരിവർത്തനപ്പെടുത്തുന്നത്. ഈ അളവിൽ മാറ്റം വരുന്നതോടെ സസ്യങ്ങൾക്ക് അവയുടെ വളർച്ചയുമായി ബന്ധപ്പെട്ട ഒരു പരിസ്ഥിതിയിൽ മാറ്റം വരികയും അവയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഈ pH അളവ് ആവശ്യത്തിലും കൂടുതൽ ഉയരുന്നതോടെയോ കുറയുന്നതുകൊണ്ടോ സസ്യങ്ങൾക്ക് പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയാതാകുന്നു. അതുകൊണ്ടു മണ്ണിന്റെ സ്വഭാവത്തെ പരിവർത്തനപ്പെടുത്തുന്ന ഈ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കുകതന്നെ വേണം. 

ഇനിയാണ് മണ്ണിലെ സൂഷ്മജീവാണുക്കൾക് ഈ വസ്തുക്കൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങളുടെ പരിസ്ഥിതി ഉണ്ടാകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത്. ഏതു ജീവജാലങ്ങൾക്കും അവരുടെ ശാരീരിക വളർച്ചയ്ക്കും ഈ pH അളവിന്റെ സുരക്ഷിത അളവ് കൂടിയേ തീരൂ എന്നപോലെതന്നെ സൂഷ്മജീവാണുക്കൾക്കും കൂടിയേതീരൂ എന്നുണ്ട്. പക്ഷേ അത് എത്രമാത്രം ഉയർന്നും താഴ്ന്നും പോകാം എന്നതാണ് സൂഷ്മജീവാണുക്കളും ഈ വസ്തുക്കളുടെ പ്രയോഗവും തമ്മിലുള്ള ബന്ധം. അവിടെയാണ് അളവുകൾക്ക് പ്രാധാന്യം വരുന്നത്. നമ്മൾ ചില മരുന്നുകൾ കഴിക്കുമ്പോൾ, അഥവാ ചില രാസവസ്തുക്കൾ പ്രയോഗിക്കുമ്പോൾ മൈക്രോൺ ലെവലിൽ പോലും അളവ് ശ്രദ്ധിക്കാറുണ്ട്. അതല്ലായെങ്കിൽ കനത്ത അപകടങ്ങൾ ഉണ്ടാകാറുണ്ട്. കെമിസ്ട്രിയും ബയോ ടെക്നൊളജിയുമൊക്കെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ വിഷയം കൃത്യമായും മനസിലാകും. 

ഓരോ പദാർഥവും എത്രമാത്രം അളവിൽ ഓരോ പരിസ്ഥിതിയിലും ബന്ധത്തിലും പ്രവർത്തിക്കും എന്നത് അത്തരം വിഷയങ്ങൾ പഠിക്കുന്നവർക്ക് എളുപ്പം മനസിലാകും. അതുകൊണ്ടാണല്ലോ മുള്ളാത്ത ചക്ക അല്ലെങ്കിൽ ലക്ഷ്മി തരൂ അല്ലെങ്കിൽ വേറെന്തെങ്കിലും പഴങ്ങളോ ചെടികളോ കഴിച്ചാൽ അസുഖം മാറുമെന്ന അന്ധവാദങ്ങളെ എതിർക്കുന്നത്. കാരണം അത്തരം ചെടികളിലോ പഴങ്ങളിലോ വേരുകളിലോ ഏതെങ്കിലും രോഗം പരിഹരിക്കാനുള്ള ചില വസ്തുക്കൾ ഉണ്ടാകാമെങ്കിലും രോഗത്തിന്റെ തീവ്രത അനുസരിച്ചും ശരീരത്തിന്റെ മറ്റു പല അവസ്ഥകൾ അനുസരിച്ചും ആ പ്രത്യേക രാസവസ്തുക്കൾ വേണ്ടുന്ന അളവിൽ ആ പഴങ്ങളിലോ ഇലകളിലോ ചെടികളിലോ വേരുകളിലോ ഉണ്ടായെന്നു വരില്ല. ചിലപ്പോൾ ചില ഉപകാരികളായ പദാർഥങ്ങൾ ചില ഇലകളിൽ ഉണ്ടെങ്കിലും ആ പദാർഥം ഒരു രോഗത്തെ ഇല്ലാതാക്കാൻ ചിലപ്പോൾ നൂറോ ആയിരമോ ഇലയിൽനിന്നും വേർതിരിച്ചെടുത്ത് പ്രയോഗിച്ചാൽ മാത്രമേ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള അളവിൽ ആ രാസവസ്തുക്കൾ ലഭ്യമാകാൻ സാധിക്കൂ എന്നതാണല്ലോ മനസിലാക്കി പ്രവർത്തിക്കേണ്ടത്. അപ്പോൾ പോലും ആ ഇലകളിലെ മറ്റു എൻസൈമുകൾ ശരീരത്തിന് എന്തെല്ലാം ഹാനികരമായ വിധത്തിൽ പ്രവർത്തിക്കും എന്നതും മനസിലാക്കേണ്ട?

അതേപോലെ ചാരവും... പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്.. Shahid Mahmood, Roger D. Finlay, Ann-Mari Fransson, Håkan Wallander എന്നിവരടങ്ങുന്ന ഒരു സംഘം ഗവേഷകർ നടത്തിയ ഗവേഷണം 2013ൽ FEMS Microbiology Ecology, Volume 43, Issue 1, February 2003 പ്രകാരം ചില പ്രത്യേക സാഹചര്യത്തിലെ, സൂഷ്മാണു ജീവികളുടെ പരിസ്ഥിതിയിലെ മാറ്റങ്ങൾ പരിശോധിക്കുന്ന ശ്രമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചതാണ്. അതിൽ ഒരു പ്രത്യേക അളവിൽ ചാരം പ്രയോഗിക്കുമ്പോൾ മാറ്റങ്ങൾ വരുന്നില്ല എന്നതാണ് തെളിയിക്കുന്നത്. 

അതുകൊണ്ട് ചാരത്തെ അകറ്റി നിർത്തുകയല്ല വേണ്ടത് മറിച്ച് കൃത്യമായ അളവിൽ പ്രയോഗിക്കാൻ പഠിക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഗ്രോബാഗുകളിൽ രണ്ടു ടേബിൾ സ്പൂൺ വിറകു ചാരം മാസത്തിൽ ഒരു തവണ നൽകുന്നതുകൊണ്ടു യാതൊരു കുഴപ്പവുമില്ല. അപ്പോൾ പോലും എന്തിനാണ് വിറകു ചാരം പ്രയോഗിക്കുന്ന അതേ നിമിഷം തന്നെ സൂഷ്മാണു ജീവികളെയും തള്ളിവിടുന്നത്? ഒരു ദിവസം മുൻപോ ശേഷമോ ചേർത്താൽ പോരെ? അല്ലെങ്കിൽ രണ്ടു ദിവസം? വീണ്ടും ഒരു ചോദ്യം ഉണ്ട്.. അതായത് മിശ്രിതം ഗ്രോബാഗുകളിലേക്ക് നിറയ്ക്കുമ്പോൾ സൂഷ്മജീവാണുക്കളും ഈ പറഞ്ഞ രണ്ടോ മൂന്നോ സ്പൂൺ വിറകു ചാരവും സൂഷ്മജീവാണുക്കളുടെ സാന്നിധ്യത്തെ കാര്യമായി ബാധിക്കുന്നുമില്ല. അങ്ങിനെയെങ്കിൽ ചാരം ചേർക്കുന്നതോടെ മണ്ണിലെ മുഴുവൻ സൂഷ്മാണു ജീവികളും ഇല്ലാതാകണ്ടേ? 

അതുകൊണ്ട് എല്ലാം ഒരളവിൽ നടക്കട്ടെ.. അതോടൊപ്പം വിറക് ചാരത്തിന്റെ സാന്നിധ്യം ചില സൂഷ്മജീവാണുക്കളെ അംഗസംഖ്യയിൽ കുറവ് വരുത്തുമെന്ന കാര്യവും ഓർമിക്കുക. എന്റെ മറ്റൊരു അഭിപ്രായം എന്തെന്നാൽ ഒരു തവണ ചാരം പ്രയോഗിക്കുമ്പോൾ ഒപ്പവും തുടർന്ന് ഒരാഴ്ച കഴിഞ്ഞു സൂഷ്മജീവാണുക്കൾ മാത്രമായും ചേർക്കുക. 

ഫോൺ: 9447462134

English summary: Is Wood Ash Good for Garden Soil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com