ADVERTISEMENT

പാലുൽപാദനത്തിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് കേരളസംസ്ഥാനത്തിന്റെ ഏഴ് ഇരട്ടിയോളം വലുപ്പം മാത്രമുള്ള ന്യൂസിലൻഡ് എന്ന കൊച്ചുരാജ്യം. 2,68,000 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള, 49 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡിലെ ആകെ കറവപ്പശുക്കൾ 63,50,000 ആണ്. പുതിയതായി വരുന്ന ക്ഷീരകർഷകർക്കു വേണ്ടി കാലിവളർത്തലിനെപ്പറ്റി സർക്കാർ സൗജന്യമായി സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുന്നുണ്ട്. അത് ബാങ്കിൽനിന്ന് കാർഷിക ലോണിനും സർക്കാരിന്റെ മറ്റ് സബ്‌സിഡികൾ ലഭിക്കാനും സഹായിക്കും. നൂറു പശുക്കൾ  മുതൽ ഇരുപതിനായിരം പശുക്കളെ വരെ വളർത്തുന്ന ക്ഷീരകർഷകർ ന്യൂസിലൻഡിലുണ്ട്. 950 പശുക്കൾ മാത്രം സ്വന്തമായിട്ടുള്ള ഒരു ഇടത്തരം ക്ഷീരകർഷകന്റെ ഫാമിലെ പശുക്കളെ വളർത്തുന്ന രീതി ഒന്ന് പരിചയപ്പെടാം 

217 ഏക്കറിലായി പരന്നു കിടക്കുന്ന പച്ചപ്പുൽമൈതാനമായിരുന്നു ആ ഫാമിലുണ്ടായിരുന്ന 950 പശുക്കളുടേയും താവളം. അതിൽ കറവ വറ്റിയവയേയും ചെറിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവയേയും പ്രത്യേകം പ്രത്യേകം വേലികെട്ടിത്തിരിച്ച്  മാറ്റി നിർത്തിയിട്ടുണ്ട്. എല്ലാ പശുക്കളെയും പൂർണമായും ഇൻഷുർ ചെയ്തിട്ടുള്ളതുകൊണ്ട് പശുക്കളുടെ ഇത്തരം കാര്യങ്ങളിൽ ഉടമസ്ഥൻ ആകുലപ്പെടേണ്ടതില്ല. തൊഴുത്തില്ല, കെട്ടിയിടാൻ കഴുത്തിൽ കയറില്ല, മൂക്കുകയറില്ല, തെളിച്ചു കൊണ്ട് നടക്കാൻ വടിയുമായി ഇടയന്മാരില്ല. സ്വതന്ത്രമായി പുല്ലും തിന്നു അലസമായി അയവിറക്കി നടക്കുന്ന പലയിനത്തിൽപ്പെട്ട പശുക്കൾ. അതിൽ ജേഴ്സിയും, സങ്കരയിനം പശുക്കളും (Cross-Bred), Holstein-Friesian, Ayrshire  എന്നീ ഇനങ്ങളും ഉൾപ്പെടും. രാത്രിയും പകലും വെയിലത്തും മഴയത്തും മഞ്ഞു പൊഴിയുമ്പോഴുമെല്ലാം ആ പുൽമൈതാനം മാത്രമാണ് പശുക്കൾക്കാലയം. പുൽമേടുകളിൽ പല ഭാഗത്തായി പശുക്കൾക്ക് കുടിക്കാനുള്ള കുടിവെള്ള ടാങ്കുകൾ ഉണ്ട്. ചില ഫാമുകളിലെ ടാങ്കുകളിൽ കുടിച്ചു തീർക്കുമ്പോൾ വീണ്ടും നിറയാനുള്ള  ഓട്ടോമാറ്റിക് സംവിധാനമുണ്ട്. അല്ലാത്ത ഫാമുകളിൽ രണ്ടോ മൂന്നോ ദിവസം ഇടവിട്ട്  ടാങ്കുകൾ  നിറച്ചു കൊടുത്തുകൊണ്ടിരിക്കും. ഈ വെള്ളത്തിലൂടെ തന്നെയാണ് പശുക്കൾക്കാവശ്യമായ മഗ്നീഷ്യം ക്ലോറൈഡും, ക്രിസ്റ്റലിക്സ് പോലെയുള്ള ബ്രാൻഡഡ് ബൂസ്റ്ററുകളും മറ്റുള്ള ദ്രവീകൃത പോഷകാഹാരങ്ങളും, വിറ്റാമിനുകളും മിനറലുകളും നൽകുന്നത്.   

dairy-farm
പശുക്കൾ കൂട്ടമായി കറവത്തൊഴുത്തിലേക്ക്

ഈ പുൽമേടുകളെ പല കള്ളികളായി വേലികെട്ടി (paddocks) തിരിച്ചിട്ടുണ്ട്. ഒരു സമയം ഒരു വേലിക്കെട്ടിനകത്തു മാത്രമേ എല്ലാ പശുക്കളും നടന്ന് പുല്ലു തിന്നുകയുള്ളൂ. ബാക്കി സമയം മറ്റു കള്ളികളിലെ പുല്ലുകൾക്കു വളരാനുള്ള സമയമാണ്. നല്ല പുല്ലുകൾ കണ്ട് ഒന്നിൽ നിന്ന് മറ്റൊന്നില്ലേക്ക് പശുക്കൾ പോകാതിരിക്കാൻ പഡോക്കുകൾ തമ്മിൽ തിരിക്കുന്നത് ചെറിയതോതിൽ  വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ കൊണ്ടാണ്. പുൽമേടുകൾ പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യാനായി വിദഗ്ധരായ ആളുകളും, അവരുടെ കയ്യിൽ പുല്ലിന്റെ വളർച്ചയും ആരോഗ്യവും അറിയാനുള്ള ഉപകരണവുമുണ്ട്, അതുകൊണ്ട് പരിശോധിച്ച ശേഷമാണ് ഏറ്റവും ആരോഗ്യത്തോടെ വളർന്നു നിൽക്കുന്ന അടുത്ത പുൽമേട്ടിലേക്ക്  ഈ പശുക്കളെ മാറ്റാൻ അവർ ശുപാർശ ചെയ്യുന്നത്. ഒരു പശുവിനു കുറഞ്ഞത് 20kg പുല്ല് എന്ന കണക്കിന് അനുപാതികമായാണ്  പെഡോക്കുകൾ തിരിച്ചിരിക്കുന്നത്. .

വേനലും വരൾച്ചയും എത്തുമ്പോൾ പുല്ലുകൾ ഉണങ്ങിപ്പോകാതിരിക്കാൻ പുല്ലുകൾ തുടർച്ചയായി നനച്ചു കൊടുക്കേണ്ടി വരും. 217 ഏക്കർ നനയ്ക്കാൻ കെ-ലൈൻ , ഓട്ടോ സ്പ്രിങ്ക്ളേഴ്‌സ്, പിവെറ്റ്‌സ് എന്നിങ്ങനെ മൂന്നോ നാലോ വ്യത്യസ്ത തരം പമ്പുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. അതിൽ പിവെറ്റ്‌സ് എന്നയിനം സംവിധാനമുപയോഗിച്ച് ഫാമിന്റെ ഘടനയ്ക്കനുസരിച്  100 ഏക്കറോളം നനയ്ക്കാൻ സാധിക്കും. 

മഞ്ഞുകാലം തീരാറാകുമ്പോഴേക്കും  പ്രസവസമയമാണ്. ആ സമയത്ത് ഒരുപാട് പോഷകങ്ങൾ അടങ്ങിയ ഗ്രൈൻസ് എന്ന് ഇവർ വിളിക്കുന്ന കാലികൾക്കു വേണ്ടി മാത്രം വളർത്തിയെടുക്കുന്ന ഉണക്കിയ പുല്ലും തിന്നാൻ കൊടുക്കും. പ്രസവസമയത്തെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണിത്. പ്രസവ ശുശ്രൂഷകൾ, പ്രസവമെടുപ്പ് ഇങ്ങനെയുള്ള ചടങ്ങുകൾ ഒന്നുമില്ല. ഒറ്റ ദിവസത്തിൽ തന്നെ ബീജം കുത്തിവച്ചു ഗർഭധാരണം നടത്തുന്നതുമൂലം പ്രസവ സമയമാകുമ്പോൾ മിക്ക പശുക്കളും അവയുടെ വർഗവ്യത്യാസമനുസരിച്ചു പത്തോ ഇരുപതോ പശുക്കൾ ദിവസങ്ങളിലെ വ്യത്യാത്തിൽ ആ പുൽമേട്ടിൽ തന്നെ നിന്ന് കൂട്ടമായി പ്രസവിക്കുകയാണ് പതിവ്. 

dairy-farm-1
കറവത്തൊഴുത്തിൽ പ്രവേശിച്ച പശുക്കളുടെ മുലക്കാമ്പുകളിൽ യന്ത്രം ഘടിപ്പിക്കുന്ന ജീവനക്കാരി

പാൽ കറക്കുവാൻ പ്രത്യേകം സജ്ജീകരിച്ച കറങ്ങിക്കൊണ്ടിരിക്കുന്ന കറവത്തൊഴുത്തുണ്ട്. rotary milking യൂണിറ്റ്.  പശുക്കളെ നിർബന്ധിച്ചു പിടിച്ചു വലിച്ചു കൊണ്ടുപോയി കറക്കണ്ട. ചില പഡോക്കുകളിൽനിന്ന് കറവത്തൊഴുത്തു വരെ ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമുണ്ടാകും. കറക്കേണ്ട സമയമാകുമ്പോൾ ഫാം അസിസ്റ്റന്റ് ക്വാഡ് ബൈക്കുമായി വന്നു പശുക്കളെ ഒന്ന് ഇളക്കി വിടും. പിന്നെ കറവത്തൊഴുത്തിലേക്ക് എല്ലാ പശുക്കളും വരിവരിയായി തന്നെത്താൻ നടന്നെത്തിക്കൊള്ളും. ഒരു നേരം ഈ ഫാമിലെ 821 പശുക്കളെ കറക്കുന്നതും ആ ഒരു അസിസ്റ്റന്റ് തന്നെയാണ്. പശുക്കൾക്ക് കറക്കാനായി കയറിനിൽക്കാൻ ഓരോ സ്ലോട്ട് ഉണ്ടാകും. വളരെ സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഓരോ സ്ലോട്ടുകളിലേക്കും ഓരോ പശുക്കളായി കയറി നിൽക്കും. അതിനു ആരും സഹായിക്കേണ്ടതില്ല. ഓരോ സ്ലോട്ടും കറങ്ങി വരുമ്പോൾ അടുത്ത പുറകിൽ നിൽക്കുന്ന പശു എന്ന കണക്കിന് പശുക്കൾ സ്ലോട്ടിലേക്കു കയറി നിന്ന് കൊണ്ടേയിരിക്കും. പശുക്കൾ സമാധാനമായി നിന്ന് പാൽ ചുരത്താൻ പാകത്തിന് പോഷകസമൃദ്ധമായ രുചിയേറിയ ഗ്രേയ്‌നുകൾ അതിന്റെ മുന്നിലെ ട്രേയിൽ വന്നു വീണുകൊണ്ടിരിക്കും. കറങ്ങി വരുന്ന പശുവിന്റെ അകിടിലേക്ക് കറക്കാനുള്ള യന്ത്രത്തിന്റെ നോബ്  പിടിപ്പിച്ചു കൊടുക്കുക മാത്രമാണ് കറവക്കാരിയുടെ ജോലി.

60 പശുക്കൾക്ക് ഒരേ സമയം നിന്ന് കറക്കാൻ സാധിക്കുന്നതാണ്  ആ യൂണിറ്റ്. പാൽ തീർന്നു കഴിഞ്ഞാൽ കറക്കുന്ന നോബ് അകിടിൽനിന്നു ഊരി വീഴും, അത് താഴെ വീണു കിടക്കാതിരിക്കാൻ അപ്പോൾ തന്നെ ഒരു ചരടിൽ അത് ഉയർന്നു മാറി നിൽക്കും (വിഡിയോയിൽ കാണാം). റോട്ടറി യൂണിറ്റ് കറങ്ങി തിരിച്ചു പുറത്തേക്കുള്ള വാതിലിൽ എത്തുമ്പോൾ പശു താനേ പുറകോട്ടു നടന്നു തിരിഞ്ഞു  വീണ്ടും  വന്ന പുൽമേട്ടിലേക്കു തന്നെ തിരികെ നടന്നുതുടങ്ങും. 821 പശുക്കൾ മുഴുവൻ കറന്നുതീരാൻ ആകെ എടുത്ത സമയം 1 മണിക്കൂറും 52 മിനിറ്റുമാണ്.  ഏറ്റവും വരണ്ട സീസണിൽ 15,000 ലീറ്റർ പാലും സാധാരണ സമയങ്ങളിൽ 26,000 ലീറ്റർ പാലുമാണ് ഒരു ദിവസം കറന്നെടുക്കുന്നത്. അകിടിൽ നിന്ന് ടാങ്കിലേക്കെത്തുന്ന പാലിൽ രോമങ്ങളോ, അകിടിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുല്ലോ ചാണകത്തിന്റെ അവശിഷ്ടങ്ങളോ പോകാതിരിക്കാൻ അത്  പ്രത്യേക ഫിൽറ്ററിൽ അരിച്ചു, പാസ്ചറൈസ് ചെയ്ത് ശീതീകരിച്ച ടാങ്കിലേക്ക് അപ്പപ്പോൾ തന്നെ നിറച്ചുകൊണ്ടേയിരിക്കും. 11,500 ലീറ്ററും  21,000 ലീറ്ററും സംഭരണ ശേഷിയുള്ള ടാങ്കുകളാണ് ഈ ഫാമിലുള്ളത്.  ദിവസേന കറന്നപാൽ അന്നന്ന് തന്നെ ടാങ്കറിൽ വന്നു നിറച്ചു കൊണ്ടുപോയതിനു ശേഷം ടാങ്കുകൾ എല്ലാം തന്നെ ആസിഡും ആൽക്കലിയും മാറി മാറി ഉപയോഗിച്ച്  വൃത്തിയാക്കാനുള്ള  സംവിധാനവും  ഉണ്ട്. 500  ലീറ്ററോളം വെള്ളം 85 ഡിഗ്രി ചൂടിൽ  മാറി മാറി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. പാൽ സംഭരണടാങ്കും പൈപ്പുകളും മിൽക്ക് ടാങ്കറും സ്റ്റെയിൻലെസ്സ്സ്റ്റീലിൽ നിർമിച്ചിരിക്കുന്നത് കൊണ്ടുതന്നെ പൂർണമായും  വൃത്തിയായി സൂക്ഷിക്കാൻ കുറച്ചു കൂടി എളുപ്പമാണ്.

dairy-farm-2
കറവയ്ക്കുശേഷം പശുക്കൾ പുറത്തേക്കിറങ്ങുന്നു

ന്യൂസീലൻഡിൽ പാലിന്റെ വില ലീറ്ററിന് ഏകദേശം ഒന്നര ഡോളർ ആണ്. വെണ്ണയും കൊഴുപ്പും ഒക്കെ എടുത്തുമാറ്റിയശേഷമുള്ള പാലിനാണ് ആ വില. പാൽകൊഴുപ്പ് (cream), വെണ്ണ (butter) Buttermilk , തൈര് (Curd), പാൽപ്പൊടി എന്നിവയൊക്കെ അതിൽനിന്നും വേർതിരിച്ചെടുത്ത് കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കി വരുന്ന പാലാണ് കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്നത്. ശുദ്ധമായ പശുവിൻ പാൽ 24 മണിക്കൂർ കൊണ്ട് ചീത്തയായി തുടങ്ങുമ്പോൾ കടയിൽ നിന്ന് കിട്ടുന്ന പാക്കറ്റ് പാൽ ഒരാഴ്ചയോളം തണുപ്പിൽ കേടുകൂടാതെയിരിക്കുന്നത് ഇതുകൊണ്ടാണ്. അതുകൊണ്ടുതന്നെ കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന പാലിന്റെ ഇരട്ടിയിലധികം വിലയ്ക്കുതന്നെയാണ് ഫാമുകളിൽ നിന്ന് ശുദ്ധമായ കൊഴുപ്പേറിയ പാൽ കമ്പനിക്ക് നേരിട്ട് വിൽക്കുന്നത്. കൊടുക്കുന്ന പാലിന്റെ ഗ്രേഡ് അനുസരിച്ചു വിലയിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം എന്ന് മാത്രം.

32 വയസ് മാത്രം പ്രായമുള്ള ഫാമിന്റെ ഉടമസ്ഥൻ ഉൾപ്പടെ ആകെ അഞ്ചു പേർ അവിടെ ജോലി ചെയ്യുന്നു. അവരുടെയെല്ലാം ശമ്പളം, വളത്തിന്റെയും , കാലിത്തീറ്റയുടെയും, പോഷകങ്ങളുടെയും, വൈദ്യുതിയുടെയും ബാക്കി ചെലവുകളുടെയും തുക കിഴിച്ചു കിട്ടുന്ന ഫാമിന്റെ  വാർഷിക ലാഭം മാത്രം ഏകദേശം 73 ലക്ഷം ഡോളർ വരും. അതായത് ആ ക്ഷീരകർഷകന്റെ ഒരു ദിവസത്തെ വരുമാനം ഏകദേശം പത്തു ലക്ഷം ഇന്ത്യൻ രൂപയാണ്. 

English summary: Dairy Farm Newzealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com