ADVERTISEMENT

ഇറച്ചിക്കോഴി വളർത്തൽ കേരളത്തിൽ വളരെയധികം വ്യാപിച്ച ഒരു കൃഷിരീതിയാണ്. ബ്രോയ്‌ലർ വളർത്തലിൽ കർഷകർക്ക് 3 തരം സാധ്യതകളുണ്ട്. അവനവന്റെ സാമ്പത്തികസ്ഥിതിക്കനുസരിച്ചും, ചെലവിടാൻ കഴിയുന്ന സമയത്തിനനുസരിച്ചും ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

കോഴിക്കുഞ്ഞിന്റെ വില കൂടിനിൽക്കുന്ന സാഹചര്യത്തിൽ ഈ 3 രീതികളും എന്താണെന്ന് നോക്കാം.

1. സ്വന്തമായി പണം മുടക്കുന്ന രീതി (ചെറുകിട സംരഭം എന്ന നിലയിൽ)

ഒരു കിലോ (ഡ്രസ് ചെയ്യാത്തത്) കോഴി ഉൽപാദിപ്പിക്കുന്നതിന് ഏകദേശം 75 രൂപ ചെലവ് വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ കോഴിക്കുഞ്ഞിന്റെ വില  വർധിക്കുന്നതിനാൽ ഉൽപാദനച്ചെലവ് കൂടാം. എങ്കിലും ശരാശരി 75 രൂപ എന്ന് കണക്കാക്കാം. 1000 കോഴികൾ 42 ദിവസം കൊണ്ട് 2.200 തൂക്കം ലഭിക്കാൻ  ആകെ 1,65,000 രൂപ ചെലവ് വരും. പുറമെ അറക്കപ്പൊടിയും കറണ്ട് ബില്ലും. 1000 ച‌തുരശ്ര അടിക്ക് 20 ചാക്ക് അറക്കപ്പൊടി ആവശ്യമാണ്. 

ഒരു ചാക്കിന് 100 രൂപ നിരക്കിൽ  ആകെ 2000 രൂപ. ഇത്രയും പണം മുടക്കാൻ തയ്യാറാണെങ്കിൽ 1000 കോഴികളെ വളർത്താം. 

മാർക്കറ്റ് വിലയിൽ വളരെ ഏറ്റക്കുറച്ചിലുകൾ വരുന്ന ഉൽപന്നമാണ് ബ്രോയ്‌ലർ കോഴികൾ. 75 രൂപയ്ക്ക് ഉൽപാദിപ്പിച്ച കോഴി നഷ്ടത്തിലോ അല്ലെങ്കിൽ ലാഭത്തിലോ വിൽക്കാൻ സാധിക്കും. ഈ മാർക്കറ്റ് വ്യതിയാനം കൂടെ താങ്ങാൻ കഴിവുള്ളവർ മാത്രമേ സ്വന്തമായി കോഴി വളർത്താൻ പാടുള്ളൂ. ഇത്തരത്തിൽ സ്വന്തമായി കോഴി വളർത്തുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത വർഷത്തിൽ 6-7 ബാച്ച് കോഴികളെ വളർത്താൻ കഴിഞ്ഞാൽ അതിൽ 4 ബാച്ചും നഷ്ടത്തിലായിരിക്കും. പക്ഷേ ബാക്കി 3 ബാച്ചിൽനിന്ന് കിട്ടുന്ന ലാഭം ഈ എല്ലാം നഷ്ടങ്ങളും നികത്തി ലാഭം തരുന്ന രീതിയിലാകും.  

മുകളിൽ പറഞ്ഞതുപോലെ എപ്പോഴും ഇങ്ങനെ സംഭവിക്കണം എന്നൊന്നും ഇല്ല. ലാഭം കൂടിയും കുറഞ്ഞും ഇരിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എത്ര കോഴിയാണോ വളർത്തേണ്ടത് അതിന്റെ 7 ബാച്ച് വളർത്താനുള്ള മൂലധനം നാം കാണേണ്ടതാണ്. അതായത്, വാർഷിക കണക്കു മാത്രമേ ലാഭം നൽകൂ. ഓരോ ബാച്ചിലും ലാഭം നഷ്ടം കണക്കാക്കാൻ പറ്റില്ല.

2. കൃത്യമായ സ്ഥിരവരുമാനം എന്ന നിലയിൽ (വളർത്തു കൂലി മാത്രം ലഭിക്കുന്ന രീതി)

കോഴിവളർത്താൻ ആവശ്യമായ ഷെഡ്ഡുകൾ നിർമിക്കുക. ഇന്റഗ്രേഷൻ നടത്തുന്ന കമ്പനികളോ സംരഭകരോ കോഴിക്കുഞ്ഞും തീറ്റയും വാക്‌സിനും മരുന്നും നൽകുന്നു. ചകിരിച്ചോറും കറന്റ് ബില്ലും കർഷകൻ നോക്കണം. 

പൂർണ വളർച്ചയെത്തിയ കോഴികളെ അവർക്കു തന്നെ തിരിച്ചു നൽകുമ്പോൾ കിലോയ്ക്ക് 7 രൂപ എന്ന  നിരക്കിൽ കർഷകന് വളർത്തുകൂലി ലഭിക്കുന്നു. ഓഫീസ് ജോലിയോ മറ്റു സർക്കാർ ജോലിയോ ചെയ്യുന്നവർക്ക് അനുയോജ്യമായതാണ് ഈ രീതി. രാവിലെയും വൈകീട്ടും മാത്രം ഫാമിൽ പോയാൽ മതി.

3. ഇന്റഗ്രേഷൻ -പൂർണ സംരംഭകൻ 

പൂർണ സംരംഭകരായി വരുന്നവർ സ്വന്തം ച‌െലവിൽ കോഴികുഞ്ഞും തീറ്റയും വാക്‌സിനും മരുന്നും വാങ്ങി കർഷകന് നൽകണം. 42 ദിവസത്തിനു ശേഷം പൂർണ വളർച്ചയെത്തിയ കോഴികൾ കിലോയ്ക്ക് 7 രൂപ വളർത്തു കൂലി നൽകി തിരിച്ചെടുക്കുന്നു. ഉൽപാദനച്ചെലവ് 75 രൂപ തന്നെ. ഇത്തരക്കാർക്ക് തീറ്റയും കോഴിക്കുഞ്ഞും വിലകുറച്ചു ലഭ്യമാക്കാൻ സാധിക്കും. കേരളത്തിലെ ഇത്തരത്തിലുള്ള പല വൻകിട സംരംഭകർക്കും സ്വന്തമായി ഹാച്ചറിയും തീറ്റ നിർമാണശാലയും ഉണ്ട്. കർഷകന് അധികമായി നൽകുന്ന വളർത്തു കൂലി അൽപം ഇതിൽ കിഴിയും. വളർത്തുകൂലി പലരീതിയിൽ നൽകുന്നവരുണ്ട്, ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ  നൽകുന്നവരുണ്ട്, തീറ്റച്ചെലവിന്റെ അടിസ്ഥാനത്തിൽ നൽകുന്നവരുണ്ട്. 

എങ്കിലും കൃത്യമായി കിലോയ്ക്ക്  7 രൂപ നൽകുന്ന ചെറുകിട കർഷകരാണ് കേരളത്തിൽ അധികവും. 

ഇതിൽ ഏതു മാർഗം സ്വീകരിച്ചാലും വരുമാനത്തിനനുസരിച്ച്  മറ്റു രീതികളിലേക്ക് മാറാവുന്നതുമാണ്.

English summary: How to Make Money with Broiler Chickens?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com