പാലിനു മാത്രമല്ല, ചാണകത്തിനും മൂല്യമുണ്ട്; ചാണകം പൊടിയാക്കാൻ വണ്ടിയും വരും

HIGHLIGHTS
  • ചാണകത്തിൽനിന്നു വെള്ളം നീക്കം ചെയ്യുന്ന യന്ത്രം
  • ഒരു സങ്കരയിനം പശു ദിവസം ശരാശരി 25 കിലോ ചാണകമിടും
bover-vehicle
SHARE

പാലിനു മാത്രമല്ല, ചാണകത്തിനും മൂല്യമുണ്ട്. ഒരു സങ്കരയിനം പശു ദിവസം ശരാശരി 25 കിലോ ചാണകമിടും. വർഷം ഏതാണ്ട് 9 ടൺ ചാണകം. ചാണകംകൊണ്ടു പ്രവർത്തിക്കുന്ന വാതക പ്ലാന്റ് സ്ഥാപിച്ചാൽ അടുക്കളയാവശ്യത്തിനുള്ള പാചക വാതകം, കൃഷിയാവശ്യത്തിനുള്ള സ്ലറി എന്നിവയെല്ലാം ഉറപ്പാക്കാം.  ഉണക്കച്ചാണകം, ഗോമൂത്രം ഉപയോഗിച്ചുള്ള ജൈവവളം, ചാണകം പ്രയോജനപ്പെടുത്തിയുള്ള മണ്ണിര കമ്പോസ്റ്റ്, പഞ്ചഗവ്യം, ജീവാമൃതം പോലുള്ള ജൈവ വളക്കൂട്ടുകൾ എന്നിങ്ങനെ ചാണകത്തിൽനിന്ന് വിപണനമൂല്യമുള്ള  ഏറെ മൂല്യവർധിത ഉല്‍പന്നങ്ങൾ തയാറാക്കാം. ഉണക്കച്ചാണകം ട്രൈക്കോഡെർമ, സ്യൂഡോമൊണാസ് എന്നീ ബയോ ബൂസ്റ്റേഴ്സ് ചേർത്ത് സംപുഷ്ടീകരിച്ചാൽ ഉത്തമ വളമാകും. കൂടുതൽ വിലയും കിട്ടും. 

ചാണകം പാഴാക്കാതെ സൂക്ഷിക്കാനുള്ള ആദ്യ വഴി ബയോഗ്യാസ് പ്ലാന്റ് തന്നെ. അതല്ലെങ്കിൽ സിമന്റ് വരുന്ന പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച് കെട്ടി ഒന്നിനു മുകളിൽ ഒന്നായി അട്ടിയിട്ട് വയ്ക്കുക. മഴവെള്ളം തട്ടാത്ത വിധം ഷീറ്റുകൊണ്ടു മൂടാം. ചാണകം നല്ല ടൈറ്റായി പായ്ക്ക് ചെയ്തിരിക്കുന്നതിനാൽ അതിനുള്ളിലെ ചൂടു നിമിത്തം ജലാംശം  ബാഷ്പീകരിച്ചും മണ്ണിലേക്കു വലിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഉണങ്ങി പൊടി രൂപത്തിലാകും. അതോടെ വിൽപന എളുപ്പമാകും. 

ചാണകം പ്രയോജനപ്പെടുത്തി ജൈവവള നിർമാണയുണിറ്റുകൾ, മത്സ്യക്കൃഷി എന്നിങ്ങനെ സാധ്യതകൾ ഇനിയുമുണ്ട്. ഉയർന്ന മർദം പ്രയോഗിച്ച് ചാണകത്തിൽനിന്നു വെള്ളം നീക്കം ചെയ്യുന്ന യന്ത്രവും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു Dung Dewatering Machine എന്നാണ് പേര്. യന്ത്രം വാങ്ങി അതുപയോഗിച്ച് സംരംഭം തുടങ്ങിയവരും കേരളത്തിലുണ്ട്.

പ്രദീപിന്റെ ചാണകവണ്ടി

എറണാകുളം ഇടപ്പള്ളിയിലെ ഡെയറി ഫാം ഉടമ പ്രദീപ് സുബാഷ് പ്രതിദിനം 300 ലീറ്ററിലധികം പാൽ എറണാകുളം നഗരത്തിൽ വിറ്റഴിച്ചിരുന്നു.  മലിനീകരണ നിയന്ത്രണ ബോർഡിന്റെ അപ്രായോഗിക നിർദേശങ്ങൾ പക്ഷേ പ്രദീപിന്റെ സംരംഭത്തെ പ്രതിസന്ധിയിലാക്കി. അതേ പ്രദീപ് ഇപ്പോൾ മലിനീകരണപ്രശ്നങ്ങളും  അയൽവാസികളുടെ പരാതികളും നേരിടുന്ന കർഷകരുടെ രക്ഷകനായി വരികയാണ്; ചാണകവണ്ടിയുമായി Mobile Dung Dewatering Machine ഘടിപ്പിച്ച വാഹനവും ഡ്രൈവർ ഉൾപ്പെടെ രണ്ടു സഹായികളുമായി വിളിപ്പുറത്തുണ്ട്  പ്രദീപ്. യന്ത്രത്തിന്റെ ഹോസ് ചാണകക്കുഴിയിൽ ഇറക്കി 2 എച്ച്‌പി മോട്ടർ ഉപയോഗിച്ച് യന്ത്രത്തിന്റെ പ്രസ്സ് സ്ക്രൂവിലേക്ക് ചാണകം പമ്പ് ചെയ്യും. ചാണകത്തിൽ പ്രയോഗിക്കുന്ന അതിശക്തമായ മർദത്തിൽ അതിലെ 80 ശതമാനം വെള്ളം നീങ്ങുന്നു.  സംഭരണിയിലേക്കു പോകുന്ന ഈ വെള്ളം ചാണകക്കുഴിയിലേക്കോ കൃഷിയിടത്തിലെക്കോ പമ്പ് ചെയ്യും. ജലാംശം നീക്കിയ ചാണകം നിശ്ചിതവില നൽകി വാങ്ങും. 

ചെറുകിട, വൻകിട ഡെയറി ഫാമുകൾക്കെല്ലാം ചാണകവണ്ടിയുടെ സേവനം ലഭിക്കും. ഡെയറി ഫാമിൽ നിന്നെടുക്കുന്ന വെള്ളം നീക്കിയ ചാണകം പ്രദീപ് നൽകുന്നത് ജൈവവള കമ്പനിക്കാർക്ക്. ദിവസം 5 ടൺ ചാണകം  ഇപ്രകാരം നൽകാൻ കഴിയുന്നുണ്ടെന്ന് പ്രദീപ്.

ഫോൺ: 8589004472

English summary: Dung Dewatering Machine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA