പക്ഷി–മൃഗ–മത്സ്യ പരിപാലനമേഖലയിലെ കർഷകർക്ക് സുപരിചിതമാണ് അസോള എന്ന ജലസസ്യം. പോഷകങ്ങളുടെ കലവറ മാത്രമല്ല അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് ജീവജാലങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്യുന്നു. കൂടിയ അളവിലുള്ള പ്രോട്ടീൻ, അമിനോ ആസിഡ്, വിറ്റാമിനുകൾ, വളർച്ചാ ത്വരകങ്ങൾ, ധാതുക്കൾ എന്നിവയെല്ലാം അസോള എന്ന ചെറു സസ്യത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കർഷകർ തങ്ങളുടെ ജീവികൾക്കായി ഏറെ ഉപയോഗിക്കുന്ന ഭക്ഷണമായി അസോള മാറി.
കൈകാര്യം ചെയ്യാനുള്ള എളുപ്പവും അതിവേഗ വളർച്ചയുമാണ് അസോളയുടെ പ്രത്യേകത. കേവലം ഒരടിയിൽ താഴെ മാത്രം താഴ്ചയുള്ള ചെറു ജലാശയങ്ങളിൽ ഇവ വളർത്തിയെടുക്കാം. മണ്ണും പച്ചച്ചാണകവും നിരത്തിയതിനുശേഷമാവണം വെള്ളം നിറയ്ക്കേണ്ടത്. ഇതിലേക്ക് അസോള വിതറാം. ശക്തിയേറിയ സൂര്യപ്രകാശം ആവശ്യമില്ലെങ്കിലും സൂര്യപ്രകാശം ലഭിക്കുന്നിടത്താവണം അസോളക്കുളം നിർമിക്കേണ്ടത്. ഇത് അവയുടെ വളർച്ചയും പെരുകലും വർധിപ്പിക്കും.
പോഷകങ്ങളുടെ കലവറയാണ് അസോളയെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. 25–35 ശതമാനം പ്രോട്ടീൻ, 7–10 ശതമാനം അവശ്യ അമിനോ ആസിഡുകൾ, 10–15 ശതമാനം ധാതുക്കൾ (കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, അയൺ, കോപ്പർ, മഗ്നീഷ്യം), വിറ്റാമിനുകൾ (വിറ്റാമിൻ എ, ബി12, ബീറ്റ കരോട്ടിൻ) തുടങ്ങിയവയാണ് അസോളയിൽ അടങ്ങിയിട്ടുള്ളത്. അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുമില്ല. അതേസമയം അസോളയിലെ നാരിന്റെ അളവ് 15 ശതമാനത്തോളം വരും.
റിപ്പോർട്ടുകൾ അനുസരിച്ച് പശുക്കൾക്ക് 2–3 കിലോഗ്രാം, ആടുകൾക്ക് 300–500 ഗ്രാം, പന്നികൾക്ക് 1.5–2 കിലോഗ്രാം, കോഴികൾക്കും താറാവുകൾക്കും 30–40 ഗ്രാം, മുയലിന് 100 ഗ്രാം അസോള നൽകാം. തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എത്തിക്കാനും കർഷകർക്ക് കഴിയും. ഏതു ജീവികളെ വളർത്തിയാലും ഒരു ചെറിയ അസോളക്കുളം ഉള്ളത് വളരെ നല്ലതാണ്.
നന്നായി കഴുകി നൽകാം
ചാണകം ചേർത്ത വെള്ളത്തിൽ വളർത്തുന്നതിനാൽ ചാണകത്തിന്റെ മണം അസോളയിലുണ്ടായിരിക്കും. അതുകൊണ്ടുതന്നെ വെള്ളത്തിൽനിന്ന് കോരിയെടുത്തശേഷം നന്നായി കഴുകി വേണം പക്ഷിമൃഗാദികൾക്കു നൽകാൻ. പല പ്രാവശ്യം കഴുകി വേരിലും മറ്റും അടങ്ങിയിരിക്കുന്ന ചെളി നീക്കം ചെയ്യണം. അസോള മാത്രമായി നൽകിയാൽ പശുക്കളോ കോഴിയോ മുയലുകളോ കഴിച്ചെന്നുവരില്ല. അവയ്ക്കു സാധാരണ നൽകുന്ന തീറ്റയിൽ ചേർത്ത് നൽകിയാൽ അസോള പാഴാക്കാതെ കഴിക്കും. മത്സ്യങ്ങൾക്ക് നൽകുമ്പോൾ തീറ്റയുമായി ചേർക്കേണ്ടതില്ല. ആദ്യമായി അസോള നൽകുകയാണെങ്കിൽ അൽപാൽപം നൽകി ശീലിപ്പിച്ച് ക്രമേണ അളവ് വർധിപ്പിക്കാം.
English summary: Nutritive Evaluation of Azolla as Livestock Feed