ഫാം ലൈസൻസ്: കർഷകർക്ക് ആശ്വസിക്കാൻ വകയില്ല, ഇനിയും കടമ്പകളേറെ

HIGHLIGHTS
  • മൃഗസംരക്ഷണ സംരംഭങ്ങളെ വ്യവസായമായി പരിഗണിക്കുന്ന രീതി അവസാനിക്കണം
  • പന്നിക്കർഷകർക്ക് ഗുണമില്ലാത്ത രീതിയിൽ പുതിയ മന്ത്രിസഭാ തീരുമാനം
goat-achayans
SHARE

കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ ഏറെ നാളത്തെ ആവശ്യത്തിന് നേരിയ ആശ്വാസം. 1000 കോഴികൾ, 20 പശുക്കൾ, 50 ആടുകൾ തുടങ്ങിയവയെ വളർത്തുന്നതിനു നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി പെർമിറ്റ് ആവശ്യമില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. നിലവിലുണ്ടായിരുന്ന കടുത്ത നിബന്ധന മൂലം ഫാമുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലായിരുന്നു കർഷകർ. 

കർഷകർക്ക് അനുകൂലമായ മന്ത്രിസഭാ തീരുമാനമുണ്ടായെങ്കിലും ഇതനുസരിച്ചുള്ള ഭേതഗതി ചട്ടങ്ങളിൽ വന്നെങ്കിൽ മാത്രമേ കർഷകർക്ക് ഗുണകരമാകൂ. മാത്രമല്ല മൃഗസംരക്ഷണ സംരംഭങ്ങളെ വ്യവസായമായി പരിഗണിക്കുന്ന രീതിയും അവസാനിക്കേണ്ടതുണ്ട്. ഫാം കെട്ടിടങ്ങൾ വ്യവസായ ഗണത്തിൽ പെടുന്നതിനാൽ അതനുസരിച്ചുള്ള സൗകര്യങ്ങളും കർഷകർക്ക് തങ്ങളുടെ ഫാമുകളിൽ ഒരുക്കേണ്ടിവരുന്നു. കൂടാതെ, വ്യവസായ രീതിയിൽ പരിഗണിക്കുന്നതിനാൽ കെട്ടിട നികുതി ഇനത്തിൽ കർഷകർക്ക് വലിയ തുക അടയ്ക്കേണ്ടതായും വരുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ നികുതി ഇനത്തിൽ നേരിയ കുറവുണ്ടെങ്കിലും മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലുള്ള കർഷകർ ഇതിന്റെ പേരിൽ വലിയ സാമ്പത്തികച്ചെലവ് വരുന്നുണ്ട്. മാത്രമല്ല, വ്യവസായമെന്ന നിലയിൽ ബ്രോയിലർ ഷെഡുകളിലേക്കും മറ്റും വീതിയേറിയ റോഡ് നിർമിക്കാൻ കൃഷിക്കാർ നിർബന്ധിതരാവുകയാണെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശകസമിതിയംഗം ഡോ. പി.വി. മോഹനൻ കർഷകശ്രീയോടു പറഞ്ഞു.

വ്യാവസായിക കെട്ടിടങ്ങൾക്കുവേണ്ടി കർഷകർ ഒരുക്കേണ്ടിവരുന്നത് വീതിയേറിയ റോഡ്, ജീവനക്കാർക്കുള്ള ശുചിമുറി, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവയാണ്. അതുകൊണ്ടുതന്നെ മൃഗസംരക്ഷണ സംരംഭങ്ങൾക്കായുള്ള കെട്ടിടം വ്യവസായ വിഭാഗത്തിൽനിന്നു മാറ്റി പകരം ഫാം കെട്ടിടങ്ങൾക്കു മാത്രമായി പ്രത്യേക വിഭാഗം രൂപീകരിച്ച് അതിൽത്തന്നെ ക്ലാസിഫിക്കേഷൻ നൽകിയാൽ കർഷകർക്ക് ഏറെ ഗുണകരമാകുമെന്നതിൽ സംശയമില്ല. അങ്ങനെ ഒരു സംവിധാനം വന്നാൽ വളർത്തുന്ന ജീവികൾക്കാവശ്യമായ രീതിയിലുള്ള സംവിധാനങ്ങൾ മാത്രം കർഷകർ തങ്ങളുടെ ഫാമിൽ ഒരുക്കിയാൽ മതി എന്ന സ്ഥിയിലെത്തും. 

അതേസമയം, കന്നുകാലി, ആട്, കോഴി എന്നിവയുടെ കാര്യത്തിലാണ് പ്രധാന തീരുമാനം. മുയൽ, പന്നി എന്നിവയുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. 50 മുയൽ വരെ വളർത്തുന്നതിന് ഇളവുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് പറന്നുണ്ടെങ്കിലും പന്നിക്കർഷകർക്ക് ഗുണമില്ലാത്ത രീതിയിലാണ് പുതിയ മന്ത്രിസഭാ തീരുമാനം. പന്നിഫാമിന്റെ കാര്യത്തിൽ ഇളവുകൾ വരുത്തേണ്ടെന്നാണ് വകുപ്പ് മന്ത്രിയുടെ നിർദേശം. ഇത് കേരളത്തിലെ 12,000ൽപ്പരം വരുന്ന പന്നികർഷകരെ ബുദ്ധിമുട്ടിലാക്കും. കേരളത്തിലെ മാലിന്യനിർമാർജനത്തിൽ പന്നിക്കർഷകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹോട്ടലുകളിലെ മിച്ചഭക്ഷണവും അറവുശാലകളിലെ അറവു മാലിന്യങ്ങളും നീക്കാൻ സഹായിക്കുന്നത് ഇത്തരം പന്നിക്കർഷകരാണ്. അതുകൊണ്ടുതന്നെ പന്നിക്കർഷകർക്കും ഇളവ് നൽകേണ്ടത് അത്യാവശ്യമായിരുന്നു. പന്നിഫാമുകൾ അടച്ചുപൂട്ടേണ്ടിവന്നാൽ സംസ്ഥാനത്തെ മാലിന്യ സംസ്കരണം അവതാളത്തിലാകും. മാലിന്യനിർമാർജനത്തിൽ ഇത്രയേറെ സഹായിക്കുന്ന തങ്ങളെ പരിഗണിക്കാത്തതിൽ കേരളത്തിലെ പന്നിക്കർഷകർ പ്രതിഷേധത്തിലാണ്. 

ലൈസൻസ് ലഭിക്കാനും കടമ്പകളേറെ

കെട്ടിട നിർമാണ ചട്ടത്തിൽ ഇളവു വരുത്താൻ മാത്രമേ മന്ത്രിസഭാ തീരുമാനമുള്ളൂ. അത് ചട്ടമായി പ്രാബല്യത്തിലാകാൻ ഇനിയും കാലതാമസമെടുത്തേക്കും. ചട്ടമാകാത്തിടത്തോളം കാലം ഫാം ലൈസൻസിലെ മൃഗങ്ങളുടെ എണ്ണത്തിൽ ഇളവ് വരില്ല. അതുകൊണ്ടുതന്നെ കർഷകർ ഇനിയും കാത്തിരിക്കണം. 

English summary: Farm License Rules Change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA