ADVERTISEMENT

കാർഷികമേഖലയിലെ തകർച്ചയിൽനിന്നും രൂപംകൊണ്ടതാണ് ഫലവൃക്ഷത്തോട്ടം എന്നൊരു സംസ്കാരം. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുള്ള റജി ജോസഫ് എന്ന കർഷകനാണ് ശാസ്ത്രീയമായ ഫലവൃക്ഷത്തോട്ടം എന്ന ആശയത്തിന് അടിത്തറയിട്ടത്. റജിയുടെ ആശയത്തെ പിന്തുണച്ച് അന്നാട്ടിലെ ഒട്ടേറെ കർഷകരും ഒപ്പംകൂടി. പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞ് അവയെ സംരക്ഷിച്ച് ഉത്തമമായ ഒരു കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ റജിക്കും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്. ഇന്ന് സംസ്ഥാനവ്യാപകമായി ഒട്ടേറെ സ്ഥലത്ത് ശാസ്ത്രീയമായി ഫലവൃക്ഷത്തോട്ടം ഒരുക്കിയെടുക്കാൻ ഇവരുടെ കൂട്ടായ്മ ശ്രമിക്കുന്നു. 

വ്യത്യസ്ത ഇനത്തിൽപ്പെട്ട ഫലവൃക്ഷങ്ങൾ ഒരു സ്ഥലത്ത് നടുന്ന രീതിയല്ല ഇവരുടേത്. ഓരോ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ഫലവൃക്ഷങ്ങൾ ഓരോന്നും ആവശ്യമായ സ്ഥലം നൽകി എന്നാൽ ഒട്ടും സ്ഥലം പാഴാക്കാതെയുമാണ് ഫലവൃക്ഷത്തോട്ടം നട്ടുപിടിപ്പിക്കുന്നത്. പ്രധാനമായും നിരന്ന പ്രദേശമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ചെരിവുള്ള പ്രദേശമാണെങ്കിൽ അത് നികത്തിയെടുക്കും. പ്രത്യേകം തയാറാക്കിയ ജൈവവളക്കൂട്ടാണ് അടിവളമായി നൽകുക.

ജൈവവളക്കൂട്ട് തയാറാക്കാൻ രണ്ടു മാസം

ഫലവൃക്ഷത്തോട്ടത്തിന്റെ അടിത്തറ ജൈവവളമാണ്. അതുകൊണ്ടുതന്നെ ഇതിനായി ഉണ്ടാക്കുന്ന ജൈവവളം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. വൃക്ഷങ്ങൾ നടുന്നതിന് 2 മാസം മുമ്പു തന്നെ ജൈവവള നിർമാണം തുടങ്ങണം. വൈവിധ്യമുള്ള ജൈവാവശിഷ്ടങ്ങളെ സൂക്ഷ്മാണുക്കളുടെ സഹായത്താൽ സസ്യങ്ങൾക്ക് എളുപ്പത്തിൽ സ്വീകരിക്കാവുന്ന രീതിയിൽ പരുവപ്പെടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. 

ചകിരിച്ചോറ്, ചാണകം, ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം, കമ്പോസ്റ്റിങ്ങിനു സഹായിക്കുന്ന ജീവാണുക്കൾ‌, ചപ്പുചവറുകൾ, മേൽമണ്ണ്, റോക്ക് ഫോസ്ഫേറ്റ് എന്നിവയാണ് ജൈവവളനിർമാണത്തിനായി ഉപയോഗിക്കുന്നത്. 

50 സെന്റ് സ്ഥലത്തേക്കുള്ള ജൈവവള നിർമാണത്തിന്

  • ചകിരിച്ചോറ്: 300 ഘന അടി
  • സൂക്ഷ്മാണു മിശ്രിതം: 4 കിലോ
  • ശർക്കര: 4 കിലോ
  • കോഴിക്കാഷ്ഠം: 120 ഘന അടി (20 ചാക്ക്)
  • ആട്ടിൻകാഷ്ഠം: 120 ഘന അടി (20 ചാക്ക്)
  • പച്ചച്ചാണകം : 60 കുട്ട
  • ജൈവാവശിഷ്ടങ്ങൾ: 200 ഘന അടി
  • മേൽമണ്ണ്: 45 ഘന അടി
  • വെള്ളം: 2000 ലീറ്റർ

തയാറാക്കേണ്ടത് ഇങ്ങനെ

നിരപ്പായ സ്ഥലം വേണം വളം നിർമാണത്തിന് തിരഞ്ഞെടുക്കേണ്ടത്. ആറടി വീതിയിലും 35 അടി നീളത്തിലുമുള്ള സ്ഥലത്ത് മുകളിൽപ്പറഞ്ഞ അളവിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളം നിർമിക്കാം. നിരപ്പാക്കിയ സ്ഥലത്ത് ആദ്യ തട്ട് ആയി ചകിരിച്ചോറ് നിരത്തണം. വളനിർമാണത്തിനായി എടുത്തിരിക്കുന്ന ചകിരിച്ചോറിന്റെ നാലിലൊന്നു ഭാഗം ഇങ്ങനെ നിരത്താം. അതിനു മുകളിലേക്ക് 1 കിലോ സൂക്ഷ്മാണു മിശ്രിതവും 1 കിലോ ശർക്കരയും 200 ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.

ഇങ്ങനെ ജീവാണുമിശ്രിതം തളിച്ചതിനു മുകളിലേക്ക് 40 ഘന അടി കോഴിക്കാഷ്ഠവും അതിനു മുകളിൽ 40 ഘന അടി ആട്ടിൻ കാഷ്ഠവും നിരത്തണം. ശേഷം ഇവയെല്ലാം നന്നായി നനച്ചുകൊടുത്തതിനുശേഷം 50 ഘന അടി ജൈവാവശിഷ്ടങ്ങൾ ഇതിനു മുകളിൽ അടുക്കാം. ഇതിനു മുകളിലായാണ് 20 കുട്ട പച്ചച്ചാണകം നിരത്തേണ്ടത്. ചാണകത്തിനു മുകളിൽ മേൽമണ്ണ് നിരത്താം. കല്ലും മണലും നീക്കിയ 15 കുട്ട മേൽമണ്ണാണ് ഇത്തരത്തിൽ നിരത്തേണ്ടത്. അതിനു മുകളിൽ ഒരു ചാക്ക് റോക്ക് ഫോഫേറ്റ് വിതറണം. ഇവയുടെയെല്ലാം മുകളിൽ നല്ലതുപോലെ വെള്ളമൊഴിച്ചു നനയ്ക്കണം. ഇത്രയുമായാൽ കമ്പോസ്റ്റ് നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായി.

ഈ കമ്പോസ്റ്റ് കൂനയ്ക്കു മുകളിലായി മേൽ സൂചിപ്പിച്ചതുപോലെ 2 ഘട്ടം കൂടി ആവർത്തിക്കണം. അതിനുശേഷം ചപ്പുചവറുകളും ഓലയുമെല്ലാം ഉപയോഗിച്ച് കൂന നന്നായി മൂടുകയും വേണം. ആഴ്ചയിൽ ഒരു ദിവസം 300 ലീറ്റർ വെള്ളം ഉപയോഗിച്ച് ഈ കൂന നന്നായി നനച്ചുകൊടുക്കുകകൂടി ചെയ്താൽ 2 മാസംകൊണ്ട് മികച്ച ജൈവവളം തയാറാകും.

നടീൽ രീതി

മുകളിൽ സൂചിപ്പിച്ചതുപോലെ ചതുരാകൃതിയിലുള്ള പ്രദേശത്തായിരിക്കണം ഫലവൃക്ഷത്തോട്ടം ഒരുക്കേണ്ടത്. നമ്മുടെ ഫലവൃക്ഷങ്ങളുടെ അടുത്തേക്ക് അനായാസം എത്താൻ കഴിയുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

ഓരോ വൃക്ഷത്തിനും ആവശ്യമായ അളവിൽ കുഴിയെടുക്കുന്നു. സാധാരണ 3 അടി താഴ്ചയിലാണ് കുഴിയെടുക്കുന്നത്. ഈ കുഴിയുടെ മുക്കാൽ ഭാഗം പറമ്പിലെ മേൽമണ്ണിട്ട് മൂടുന്നു. അതിനു മുകളിൽ 3 കുട്ട ജൈവവളം ഇട്ടശേഷം ഈ കുഴിയുടെ വശങ്ങൾ അരിഞ്ഞ് വൃത്താകൃതിയിൽ ആക്കണം. അരിഞ്ഞിറക്കിയ മണ്ണും കമ്പോസ്റ്റും കൂട്ടിക്കലർത്തി അതിനു നടുവിലായാണ് വൃക്ഷത്തൈ നടേണ്ടത്.

ചപ്പുചവറുകൾക്കു പകരം ജീവനുള്ള പുത

പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ചപ്പും ചവറും ഉപയോഗിച്ചുള്ള പുതയിടൽ രീതിയല്ല ഇവിടെ. പകരം നടുന്ന വൃക്ഷങ്ങൾക്കാവശ്യമായ തണലും പോഷകങ്ങളും മൂലകങ്ങളുമെല്ലാം ജീവനുള്ള സസ്യങ്ങൾ നൽകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. 

നട്ട ഫലവൃക്ഷത്തിന്റെ ചുവട്ടിൽ അരയടി ചുറ്റളവിൽ ചകിരിത്തൊണ്ട് അടുക്കിയശേഷമാണ് ജീവനുള്ള പുതയ്ക്ക് ആവശ്യമായ വിത്തുകൾ പാകുന്നത്.  ചകിരിത്തൊണ്ട് അടുക്കിയശേഷമുള്ള ഒരടി ദൂരത്തിൽ പയറിനങ്ങൾ കലർത്തി പാകുന്നു. അടുത്ത ഘട്ടത്തിൽ കാലടി വീതിയിൽ ചീര, എള്ള് എന്നിവയും അതിനു പുറത്ത് ഒരടി അകലത്തിൽ ചോളവും നടുന്നു. നാലു വശങ്ങളിലായി തുവര വിത്ത് നട്ടശേഷം നടുവിൽ ഒരു ചെണ്ടുമല്ല, വഴുതന തുടങ്ങിയവയും നടുന്നു. ഫലവൃക്ഷത്തിന് ഒരു വർഷത്തേക്കുള്ള സംരക്ഷണം നൽകാൻ ഇത്തരത്തിൽ 5 അടുക്കുകളുള്ള പുതയിടൽ രീതിക്കു കഴിയും. 

ഇത്തരത്തിൽ ജീവനുള്ള തണലും തോട്ടത്തിൽ ഒരുക്കാം. പയർവർഗങ്ങൾ, ധാന്യങ്ങൾ, സുഗന്ധവിളകൾ, എണ്ണക്കുരുക്കൾ, പച്ചിലച്ചെടികൾ എന്നിവ ഉപയോഗിക്കാം. സസ്യങ്ങൾക്ക് പുതയും തണലും എന്നതിനൊപ്പം നമുക്ക് ആവശ്യമായ പച്ചക്കറികളും ഇതിലൂടെ ലഭ്യമാക്കാൻ കഴിയുന്നു.

ഫലവൃക്ഷത്തോട്ടത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് സ്വന്തം പുരയിടത്തിൽ അത്തരത്തിലൊരു തോട്ടം തയാറാക്കിയ വ്യക്തിയാണ് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ഡോ. ജോസ് കെ. മാനുവൽ. ഒരു ഫലവൃക്ഷത്തോട്ടത്തിന്റെ പ്രധാന്യവും ആസൂത്രണരീതിയും കൃഷി രീതിയും എല്ലാം ഉൾക്കൊള്ളിച്ച് എംജി യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓർഗാനിക് ഫാമിങ് ആൻഡ് സസ്‌റ്റൈനബിൾ അഗ്രിക്കൾച്ചറിനുവേണ്ടി ഡോ. ജോസ് കെ. മാനുവൽ തയാറാക്കിയ ‘നനവ്’ എന്ന ഡോക്യുമെന്ററി ഫലവൃക്ഷത്തോട്ടത്തിനെക്കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും ദുരീകരിക്കുന്നതാണ്. നനവ് എന്ന ഡോക്യുമെന്ററി ചുവടെ,

English summary: Fruit Forest Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com