അച്ഛന്റെ തോട്ടം, സ്വന്തം വഴികൾ; കാർഷികവഴിയിൽ വിജയത്തോടെ വ്യത്യസ്തനായി ജ്ഞാനശരവണൻ

HIGHLIGHTS
  • പറമ്പുനിറയെ പല തരം വിളകൾ നട്ടുവളർത്തുക. പറ്റുന്നിടത്തോളം പരിപാലിക്കുക
  • ഏറ്റവും സുസ്ഥിരമായ കൃഷിരീതികളിലൂടെ വിളകൾ ഉൽപാദിപ്പിക്കണം
sharavanan
ജഗദീശനും മക്കളും
SHARE

കേരകേസരി അവാർഡ് ജേതാവായ ജഗദീശന്റെ ഒന്നാംതരം തെങ്ങിൻതോപ്പ്. സുസ്ഥിര കൃഷിരീതികൾ, ശാസ്ത്രീയ കൃഷി മുറകളിലൂടെ മികച്ച ഉൽപാദനം – കമ്പനിജോലിക്കാരനായിരുന്ന മകന്‍ അവിടെ എന്തു വിപ്ലവം സൃഷ്ടിക്കാനാണ്, അച്ഛൻ ചെയ്യുന്നതൊക്കെ കണ്ടുപഠിച്ചു തുടരുകയല്ലാതെ.  എന്നാൽ, ഏറ്റവും മികച്ച കൃഷിയിടത്തിൽ പോലും പുതിയ ചിന്തകൾക്ക് സാധ്യതയേറെയാണെന്നു തെളിയിക്കുകയാണ് പാലക്കാട് പെരുമാട്ടി  പഞ്ചായത്തിലെ ജ്ഞാനശരവണൻ. അച്ഛന്റെ ഏകവിളത്തോട്ടത്തെ സംയോജിത–സമ്മിശ്രകൃഷിയുടെ മാതൃകയാക്കി പരിവർത്തനപ്പെടുത്തുന്ന ശരവണനെ തേടി സംസ്ഥാനസർക്കാരിന്റെ യുവകർഷക പുരസ്കാരമെത്താൻ നാലു വർഷമേ വേണ്ടിവന്നുള്ളൂ. 

ശരവണൻ ഒരു ഉദാഹരണം മാത്രം. ഉന്നതവിദ്യാഭ്യാസവും മികച്ച ജോലിയുമൊക്കെ നൽകുന്ന പ്രലോഭനങ്ങൾക്കപ്പുറം കൃഷിയെ സ്നേഹിക്കുകയും  പ്രഫഷനൽ സമീപനത്തോടെ കൃഷി നടത്തുകയും ചെയ്യുന്ന യുവകർഷകരുടെ എണ്ണം വർധിച്ചുവരികയാണ്. മാറി ചിന്തിക്കാനും ദീർഘകാല ലക്ഷ്യങ്ങളോടെ കൃഷി ആസൂത്രണം ചെയ്യാനും അവർക്ക് സാധിക്കുന്നു. ആനുകൂല്യങ്ങൾക്കായി കൈ നീട്ടുന്ന സാധുകൃഷിക്കാരുടെ വേഷം ഈ തലമുറയ്ക്ക് ചേരില്ല. സ്വന്തം കാലിൽ നിൽക്കാമെന്നു ആത്മവിശ്വാസമുള്ള സ്മാർട് കൃഷിക്കാരാണവർ.  

കാർഷിക സംരംഭമെന്ന നിലയിൽ ഫാമിന്റെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്തിയായിരുന്നു ശരവണന്റെ തുടക്കം. ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനൊപ്പം മികവുകൾ മെച്ചപ്പെടുത്തുന്നതിനും ഈ ‘സ്വോട്ട് അനാലിസിസ് ’ സഹായിച്ചെന്നു ശരവണനിലെ മാനേജർ ചൂണ്ടിക്കാട്ടി. കൃഷിപ്പണികൾക്ക് വേണ്ടത്ര ചിട്ടയും ക്രമവുമില്ലെന്നും ലഭ്യമായ വിഭവങ്ങൾ ശരിയായി കൈകാര്യം ചെയ്യപ്പെടുന്നില്ലെന്നും തിരിച്ചറിവുണ്ടായി. വിപണിക്കനുസൃതമായല്ല ഫാമിൽ ഉൽപാദനം നടക്കുന്നതെന്നും ശരവണൻ തിരിച്ചറിഞ്ഞു. ഉൽപാദിപ്പിക്കുന്നതൊക്കെ വിപണിയിലെത്തിക്കുന്ന പതിവുരീതി മാറി വിപണിക്കുവേണ്ടത് ഉൽപാദിപ്പികാനായി ശ്രമം. ഈ തിരിച്ചറിവുകളെ ശരിയായ തീരുമാനങ്ങളിലെത്തിച്ചതാണ് തന്റെ വിജയരഹസ്യമെന്നു ശരവണൻ ചൂണ്ടിക്കാട്ടുന്നു.

പറമ്പുനിറയെ പല തരം വിളകൾ നട്ടുവളർത്തുക. പറ്റുന്നിടത്തോളം  പരിപാലിക്കുക. പരമാവധി വളം നൽകുക. ഒത്തുകിട്ടുന്ന വിലയ്ക്ക് വിറ്റ് കിട്ടുന്നതു വാങ്ങുക– അടുത്ത കാലം വരെ കേരളത്തിലെ കൃഷിക്കാർ  ചെയ്തിരുന്ന കാര്യമാണിത്. ഏറെ അധ്വാനിച്ചാലും അധികമൊന്നും നേടാനാവാതെ അവരിൽ ഏറെപ്പേരും തളർന്നുപോയതിനു കാരണവും  ഈ രീതി തന്നെ. എന്നാൽ, ഈ പഴഞ്ചൻ സമീപനത്തെ കേരളത്തിലെ കൃഷിയിടങ്ങളിൽ നിന്നു വലിച്ചെറിയുകയാണ് പുതുതലമുറ കർഷകർ. വിപണി കണ്ണും നട്ട് കാത്തിരിക്കുന്ന ഉൽപന്നങ്ങളിൽ മാത്രമാണ് അവർക്കു കമ്പം. അത് ഏറ്റവും ശാസ്ത്രീയമായും പ്രകൃതി സൗഹൃദമായും  ഉൽപാദിപ്പിച്ച് ഉപഭോക്താക്കളിലെത്തിക്കാൻ അവർക്കറിയാം. ഉൽപന്നങ്ങൾക്കു വില ഉയരുന്നതുവരെ നഷ്ടം സഹിച്ചു കാത്തിരിക്കുന്ന രീതി പുതുതലമുറയ്ക്ക് സ്വീകാര്യമല്ല. വരുംവർഷങ്ങളിൽ വിപണിക്കുവേണ്ടതെന്താണെന്ന് അവർ ആദ്യം റിസർച്ച് ചെയ്തുകണ്ടുപിടിക്കും. അത് എങ്ങനെ വളർത്തിയെടുക്കാമെന്നതിനൊപ്പം എങ്ങനെ വിൽക്കാമെന്നും ഗവേഷണത്തിലുണ്ടാകും. ഇതുവരെ വിപണിയിൽ ആരും പരീക്ഷിക്കാത്ത വിളകൾ പോലും സ്വീകരിക്കാൻ അവർക്കു മടിയുണ്ടാവില്ല. 

നാളത്തെ വിപണിക്കുവേണ്ടതും സ്വന്തം സാഹചര്യങ്ങൾക്കു യോജിച്ചതും തെരഞ്ഞടുത്തതുകൊണ്ടായില്ല. ഏറ്റവും സുസ്ഥിരമായ കൃഷിരീതികളിലൂടെ അവ ഉൽപാദിപ്പിക്കണമെന്നും അവർക്ക് നിർബന്ധമുണ്ട്.  പ്രകൃതിവിഭവങ്ങൾ മുഴുവനും മുടിപ്പിച്ച അച്ഛനെന്നു വരും തലമുറ പഴിക്കരുതല്ലോ. പല കാർഷികോൽപന്നങ്ങളും ഉപഭോക്തൃവിപണിക്ക് നേരിട്ട് ആവശ്യമുള്ളവയല്ല. അവയെ വിപണിക്കാവശ്യമായ രൂപത്തിലേക്കു മൂല്യവർധന നടത്താനും  പുതുതലമുറ കർഷകർ ഏറെ താൽപര്യമെടുക്കുന്നു. സമർഥരായ ഈ യുവകർഷകർ സൃഷ്ടിക്കുന്ന മാതൃകകളായിരിക്കും നാളത്തെ കാർഷികകേരളത്തിന്റെ ചട്ടക്കൂട്. അവർക്കു വേണ്ടിയാവണം നമ്മുടെ കാർഷിക നയങ്ങളും പദ്ധതികളും ഇനി രൂപപ്പെടേണ്ടത്.

ശരവണന്റെയും മറ്റ് യുവകർഷകരുടെയും വേറിട്ട വഴികൾ ഒക്ടോബർ ലക്കം കർഷകശ്രീ മാസികയിലൂടെ  വിശദമായി അറിയാം.

English summary: Success Story of a Young Farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA