ആവശ്യം പ്രധാനമാകുമ്പോൾ ഓരോ കർഷകനും നിർമാതാവാകും, ഇത് കർഷകൻ വികസിപ്പിച്ച ഉപകരണം

HIGHLIGHTS
  • ഉപയോഗപ്പെടുത്താം പോർട്ടബിൾ ട്രെവിസുകൾ
  • കുളമ്പു സുരക്ഷയ്ക്ക് കോപ്പർ സൾഫേറ്റ്
hoof-trimming
കുളമ്പ് മുറിക്കുന്നതിനായി കർഷകൻ വികസിപ്പിച്ച ഉപകരണം.
SHARE

കർഷകർക്കിടയിൽനിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഓരോ ചെറിയ സാങ്കേതികവിദ്യയും കാർഷികമേഖലയിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരും. ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത്,  ഇതുപോലെ ഡെയറി ഫാമിംഗ് രംഗത്ത് ഏറെ സഹായകരമാകുന്ന ഒരു ഉപകരണത്തെക്കുറിച്ചും അതിന്റെ  പ്രയോജനത്തെക്കുറിച്ചുമാണ്.

കുളമ്പുകളെന്നാൽ പശുക്കളുടെ രണ്ടാം ഹൃദയം ആണെന്ന് പറയുന്നത് കുളമ്പിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കാനാണ്. കുളമ്പിന്റെ ആകൃതിയും, പശുവിൻറെ നിൽപ്പും, നടപ്പുമെല്ലാം ലക്ഷണമൊത്ത പശുക്കളെ തിരഞ്ഞെടുക്കുന്നതിലെ പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നവയാണ്. ആരോഗ്യമുള്ള കുളമ്പുകൾ ഉയർന്ന പാലുൽപ്പാദനത്തെയും പ്രത്യുൽപ്പാദനക്ഷമതയേയും സൂചിപ്പിക്കുന്ന ഒരു ഘടകം കൂടെയാണ്. അതുകൊണ്ടുതന്നെ, കുളമ്പുകളുടെ പരിചരണത്തിന് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സങ്കരയിനം പശുക്കൾക്ക് എകദേശം 350 മുതൽ 500 കിലോഗ്രാം തൂക്കം ഉണ്ടാകും. ഈ ശരീരഭാരമത്രയും വഹിക്കുന്നത് കുളമ്പുകൾ ആണല്ലോ. അതുകൊണ്ട് അവയ്ക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്നവും പശുക്കളുടെ സൗഖ്യത്തിനും ഉൽപാദനത്തിനും ഹാനികരമാണ്. അതുകൊണ്ട് കുളമ്പുകളുടെ പരിചരണവും പരിശോധനയും എല്ലാം വളരെ പ്രധാനമാണ്. പക്ഷേ കുളമ്പുകളുടെ അടിവശം നമുക്ക് ശരിയായ രീതിയിൽ എങ്ങിനെ പരിശോധിക്കാനാകും?  ഇത്രയും ഭാരമുള്ള ജീവിയുടെ പിറകിലെ കാലുകൾ എപ്പോഴെങ്കിലും ഉയർത്തി നോക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഒട്ടും എളുപ്പമുള്ള കാര്യമല്ലതെന്ന് എന്ന് ക്ഷീരകർഷകർക്കും, മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന മറ്റ് ആളുകൾക്കും അറിയാമായിരിക്കും. അവിടെയാണ് നമ്മുടെ വേങ്ങരക്കാരൻ നൗഷാദിൻറെ പോർട്ടബിൾ ട്രെവിസ് ഉപകാരപ്രദമാകുന്നത്.

എന്തുകൊണ്ട് ഹൂഫ്‌ ട്രിമ്മിംഗ്?

മനുഷ്യന്റെ നഖങ്ങൾ പോലെത്തന്നെ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് കുളമ്പ്. മേഞ്ഞ് നടക്കുന്ന പശുക്കളുടെ കുളമ്പുകൾക്ക് സ്വാഭാവികമായ തേയ്‌മാനം സംഭവിക്കുന്നതുമൂലം പ്രതേകിച്ചൊരു പരിചരണം ആവശ്യമായി വരാറില്ല. എന്നാൽ, തൊഴുത്തിനകത്ത് മാത്രം കഴിയുന്ന, പ്രത്യേകിച്ച്, കൂടിയ ശരീര ഭാരവും, പാലുൽപ്പാദനശേഷിയുമുള്ള സങ്കരയിനം പശുക്കളുടെ കാര്യം വ്യത്യസ്തമാണ്. ശരിയായ സ്വാഭാവിക തേയ്മാനം  ഇല്ലാതാകുന്ന സാഹചര്യത്തിൽ കുളമ്പുകൾ ക്രമരഹിതമായി വളരുന്നു. അവയുടെ ആകൃതിയും, ഭാരം താങ്ങാനുള്ള കഴിവും വലിയതോതിൽ വ്യത്യാസപ്പെടുന്നു.  വേനൽകാലത്തെ താപ സമ്മർദ്ദമാണ്  കുളമ്പുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു  പ്രധാന ഘടകം. ഇതോടൊപ്പം, ഇടുങ്ങിയ തൊഴുത്ത്, കൂടിയ ജലാംശം,  തറയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ, കുണ്ടും കുഴിയുമുള്ള തറ, വൃത്തിയില്ലായ്മ തുടങ്ങിയവയും കുളമ്പുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തുടരെത്തുടരെയുള്ള തീറ്റക്രമ വ്യതിയാനങ്ങൾ മൂലം ഉടലെടുക്കുന്ന അസിഡോസിസ് അഥവാ വയറിനകത്തെ പുളിപ്പ്, ദഹനപ്രക്രിയയെ മാത്രമല്ല കുളമ്പുകളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. അത് ദീർഘനാൾ നിലനിന്നാൽ ‘ലാമിനൈറ്റിസ്’ അസുഖമായി പരിണമിക്കും. പുല്ല്–കാലിത്തീറ്റ ആനുപാതവും ശരിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

യഥാസമയം വെട്ടിയൊതുക്കാത്തപക്ഷം (ഹൂഫ്‌ ട്രിമ്മിങ്) കുളമ്പുകളുടെ വളർച്ചകൂടുമെന്ന് മാത്രമല്ല, നിരപ്പല്ലാത്തതും പരുപരുത്തതുമായ തറയിൽ നിന്നോ മറ്റു വസ്തുക്കളിൽനിന്നോ ക്ഷതമേറ്റ് അണുബാധയുണ്ടായി കുളമ്പുവീക്കം, അൾസർ തുടങ്ങിയ വേദനാജനകമായ അവസ്ഥകൾക്കും  കാരണമാകും. കുളമ്പിനുള്ളിലും, അടിവശത്തുമായി രൂപപ്പെടുന്ന പൊട്ടലുകൾ, നീളേയും കുറുകെയുമുള്ള വിള്ളലുകൾ, കുളമ്പുക്കൾക്കിടയിലുള്ള മാംസവളർച്ച, കുളമ്പ് വീക്കം, കുളമ്പിനകത്തെ പേശികളുടെ പഴുപ്പ്, കുളമ്പിനെ ആവരണം ചെയ്യുന്ന ചർമ്മത്തിലുണ്ടാകുന്ന പലതരം ത്വക്ക് രോഗങ്ങൾ തുടങ്ങിയവയാണ് നമ്മുടെ പശുക്കളിൽ സാധാരണയായി കണ്ടുവരുന്നത്. ഇവയെല്ലാംതന്നെ പശുക്കളുടെ ഉൽപ്പാദനക്ഷമതയെത്തന്നെ തകിടം മറിയ്ക്കാൻ ഉതകുന്നതാണ്. കുളമ്പുകളുടെ അമിത വളർച്ച അനാരോഗ്യത്തെയും ഉൽപ്പാദനനഷ്ടത്തേയും സൂചിപ്പിക്കുന്നു. 

ചികിത്സ ദുഷ്കരം 

നേരത്തേ സൂചിപ്പിച്ചതുപോലെ കുളമ്പുകൾ യഥാസമയം ശാസ്ത്രീയ രീതിയിൽ വെട്ടിക്കൊടുക്കേണ്ടത്, മേയാൻ വിടാതെ വളർത്തുന്ന പശുക്കളേ സംബന്ധിച്ച് വളരേ ആവശ്യമായ ഒന്നാണ്. ഭാവിയിൽ രോഗബാധ തടയാൻ ഇത് ഉപകരിക്കും. എന്നാൽ ഇവിടെ വില്ലനാകുന്നത്, കുളമ്പുകൾ ദീർഘനേരം വേണ്ടവിധം ഉയർത്തിപ്പിടിച്ച് നിൽക്കാനാകില്ല എന്നതാണ്; പ്രത്യേകിച്ച് ശരീരഭാരത്തിൻറെ ഏറിയ പങ്കും താങ്ങിനിർത്തുന്ന പിൻകാലുകൾ. മൃഗങ്ങൾക്കും, ചികിത്സയ്ക്കുന്ന ഡോക്ടർക്കും ഇത് ഒരുപോലെ വെല്ലുവിളിയുയർത്തുന്നു. 

ഉപയോഗപ്പെടുത്താം പോർട്ടബിൾ ട്രെവിസുകൾ 

ഒരു കണ്ടുപിടിത്തവും ചെറുതല്ലായെന്ന് വീണ്ടും തെളിയിക്കുകയാണ് നൗഷാദ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീരകർഷകർക്ക് കുളമ്പുരോഗ ചികിത്സയ്ക്ക് സഹായമായി ഇനി അദ്ദേഹം സ്വന്തമായി രൂപകൽപ്പന ചെയ്ത മടക്കിയൊതുക്കി കൊണ്ടുനടക്കാവുന്ന പോർട്ടബിൾ ട്രെവിസ് എത്തും; വെറും ഒറ്റ ഫോൺ കോളിൽ. ബെൽറ്റുകളും, ഇരുമ്പ് കാലുകളും ഉപയോഗിച്ച് പശുക്കളുടെ കാലുകൾ, അസ്വസ്ഥതകൾ ഉളവാക്കാതെതന്നെ വേണ്ടത്ര ഉയരത്തിൽ, എത്രനേരം വേണമെങ്കിലും നിലനിർത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒറ്റനോട്ടത്തിൽ നിസാരമെന്ന് തോന്നാവുന്ന ഇത്തരം കണ്ടുപിടുത്തങ്ങൾ നമ്മുടെ മൃഗസംരക്ഷണ മേഖലയിലെ ജീവികളുടെ സൗഖ്യത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.  

എല്ലാ ചികിത്സാരംഗത്തും വ്യാജന്മാർ വിലസുന്ന ഈ കാലഘട്ടത്തിൽ, നൗഷാദിന്റെ പ്രവർത്തന രീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഓരോ പഞ്ചായത്തിലെയും വെറ്റിനറി ഡോക്ടർമാരുമായി ബന്ധിപ്പിച്ചാണ് അദ്ദേഹത്തിന്റെ സേവനം. വയനാട്ടിൽ, വെറ്ററിനറി സർവകലാശാലയുടെ ഫാം സ്കൂൾ കൂടിയായ  പുൽപ്പറമ്പിൽ ഡയറി ഫാമിൽ വച്ച് ഡോ. പി.ടി. ദിനേശിന്റെ (അസ്സി. പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് സർജറി ആൻഡ് റേഡിയോളജി ) നേതൃത്വത്തിൽ  കുളമ്പു രോഗ ചികിത്സയ്ക്കായി ഈ സേവനം നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയിരുന്നു. ഇതുപോലുള്ള കർഷക സൗഹൃദ കണ്ടുപിടുത്തങ്ങളാണ് നമ്മുടെ മൃഗസംരക്ഷണ മേഖലയുടെ മുഖഛായതന്നെ  മാറ്റിമറയ്ക്കാൻ വഴിവയ്‌ക്കുന്നത്‌. ഇവ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തുന്നത്, കുളമ്പുകേട്‌ ബാധിച്ച് ദുരിതമനുഭവിക്കുന്ന, നിരവധി പശുക്കൾക്ക്  ആശ്വാസമേകും, ഒപ്പം ക്ഷീരകർഷകനും. 

cow-bath
കുളമ്പ് സുരക്ഷയ്ക്ക് തുരിശു ലായനി

കുളമ്പു സുരക്ഷയ്ക്ക് കോപ്പർ സൾഫേറ്റ്

കുളമ്പുകേട് ചികിത്സയിൽ പ്രയോജനപ്പെടുത്താവുന്ന മറ്റൊന്നാണ് കോപ്പർ സൾഫേറ്റ് അഥവാ തുരിശ്. ഓരോ പശുവിന്റെയും കാലുകൾ പ്രത്യേകം മുക്കിയെടുക്കുക ദുഷ്കരമായതിനാൽ, ഫുട് ബാത്തുകളാണ് (foot bath) ഉത്തമം. പശുക്കൾ തൊഴുത്തിലേക്ക് കടക്കുന്ന കവാടത്തിൽ സ്ഥാപിക്കേണ്ട, മിനിമം 10 അടിയോളം നീളവും, 4 ഇഞ്ചോളം ഉയരത്തിൽ തുരിശ് ലായനി കൊള്ളുന്നതുമായ ടാങ്കുകളാണ് ഫുട് ബാത്തുകൾ. സ്ഥലപരിമിതിക്ക് അനുസരിച്ച് വലുപ്പ വ്യത്യാസങ്ങൾ വരുത്താം. പശുക്കൾ നടന്ന് കയറുമ്പോൾ, 4 കുളമ്പുകളും മുങ്ങണമെന്നതാണ് ലക്ഷ്യം. സാധാരണയായി 2 മുതൽ 5 ശതമാനം വീര്യമുള്ള തുരിശ് ലായനിയാണ് ഇതിൽ നിറയ്ക്കേണ്ടത്. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ച് അത് 10 ശതമാനം വരെ ആകാം. 250–300 പശുക്കൾ കാലുകൾ മുക്കിയ ശേഷം ഇത് മാറ്റി നിറയ്ക്കാൻ ശ്രദ്ധിക്കണം. കാലുകളിൽ ധാരാളം അഴുക്കുള്ള അവസ്ഥയിൽ തുരിശിന്റെ ഗുണം കുറയാനിടയുണ്ടെന്ന് ഓർക്കുക. തുരിശും ഉപ്പും ചേർത്ത് ഉപയോഗിക്കുന്നതും ഗുണകരമായി കണ്ടെത്തിയിട്ടുണ്ട്.

സേവനങ്ങൾക്ക്: നൗഷാദ്, മേലെത്തൊടി വീട്, ഇരിങ്ങല്ലൂർ പി .ഒ., മലപ്പുറം. ഫോൺ: 9895187848

English summary: The Importance Of Hoof Trimming For Cows

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA