ADVERTISEMENT

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ കനത്ത മഴയുടെ പിന്നാലെ രോഗവും കീടവും വിളനാശവും കൊണ്ട് പാലക്കാട് ജില്ലയിലെ ഒന്നാം വിള കനത്ത പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. കതിരിട്ട് കൊയ്യാറായ നെൽച്ചെടികൾ ഈ വർഷം സെപ്റ്റംബറിലെത്തിയ കനത്ത മഴയും ചുഴലിക്കാറ്റും മൂലം മറ്റു പഞ്ചായത്തുകളിലേതുപോലെ പെരുവമ്പിലും നിലംപൊത്തി. ഉമ ഇനമൊഴികെയുള്ള എല്ലാ ഇനങ്ങൾക്കും കനത്ത കാറ്റിനെയും മഴയേയും മറികടക്കാനുള്ള ശേഷിയുണ്ടായില്ല. ഏറ്റവുമധികം കൃഷി ചെയ്തിരുന്ന ഉമ ഇതര ഇനം ജ്യോതിയാണ്. ഇതല്ലാതെ സിഗപ്പി, പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കൃഷി ചെയ്തിരുന്ന പൗർണ്ണമി, പ്രത്യാശ, അക്ഷയ, സുപ്രിയ, ജയ, ASD  പരമ്പരാഗത ഇനങ്ങളായ ചിറ്റേനി, നവര, തവളക്കണ്ണൻ, കറുത്ത മോഡൻ, തെക്കൻ ചീര തുടങ്ങിയവയെല്ലാം നിലം പൊത്തി.

ഈ അവസ്ഥയെ തന്റെ പ്രായോഗിക ജ്ഞാനത്തിലുടെയും സാമാന്യബുദ്ധിയിലൂടെയും മറികടന്നിരിക്കുകയാണ് പെരുവമ്പ് പടിഞ്ഞാറേപ്പാടം പാടശേഖരത്തിലെ സച്ചിദാനന്ദനും കൂട്ടരും. കഴിഞ്ഞ 20 വർഷമായി KSS DAയ്ക്കു വേണ്ടി വിത്തുൽപാദനം നടത്തുന്ന ഏക കർഷകനാണ് സച്ചിദാനന്ദൻ. കഴിഞ്ഞ ഒരു സീസണിലൊഴികെ ബാക്കി എല്ലാ സമയവും ജ്യോതിയാണ് കൃഷി ചെയ്യുന്നത്.

മേയ് 25ന് ഡെയിഞ്ച വിതച്ച് മണ്ണ് സംപുഷ്ടമാക്കി. വിത്തുൽപ്പാദകനായതിനാൽ കൃഷിയിറക്കാൻ വൈകിയത് ചോദ്യം ചെയ്ത കൃഷി ഓഫീസർ അരുണിനോടും കൃഷി അസിസ്റ്റന്റ് വിജയകുമാരിയോടും സച്ചി പറഞ്ഞു ഞാനിത്തവണ വൈകിയേ കൃഷിയിറക്കൂ. കഴിഞ്ഞ 2 വർഷങ്ങളിലെ മഴ നിങ്ങൾ കണ്ടതല്ലേ...

ഒടുവിൽ അവരും സമ്മതിച്ചു. ജൂൺ 15ന് ഞാറ്റടി തയാറാക്കി. ജൂൺ 28 ന് യന്ത്രനടീൽ നടത്തി.

sachidhanandan-1
സച്ചിദാനന്ദൻ നെൽപ്പാടത്ത്

ഇത്തവണ ജ്യോതിയോടൊപ്പം മങ്കൊമ്പിൽനിന്ന് കൊണ്ടുവന്ന പൗർണമിയും വിളയിറക്കി. FACTയുടെ ജൈവവളം കൊടുക്കുന്നതിന് മുമ്പ് സെയിഞ്ച ഉഴുത് മറിച്ച് കുമ്മായം ഏക്കറിന് 100 കിലോ ചേർത്തു. യൂറിയ ഉപയോഗം പകുതിയാക്കി. പകരം കാത്സ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് ഇവ ലീറ്ററിന് 2 ഗ്രാം എന്ന തോതിൽ കലക്കി രണ്ടു തവണ തളിച്ചു. പ്രതിരോധത്തിന് സർവ്വകലാശാല ബയോ കൺട്രോൾ ലാബിൽനിന്നുള്ള സ്യൂഡോമോണാസ് രണ്ടു തവണ തളിച്ചു.

മഴ കഴിഞ്ഞാണ് പാടം കതിരിട്ടതും നിരന്നതും. രോഗ കീട ബാധയും കുറവ്. കൊയ്യാൻ ഇനിയൊരു പത്തു ദിവസം കൂടി, അത്ര മാത്രം. 

പെരുവമ്പിൽ പാടേ നിലം പറ്റിയ പൗർണമിയും ജ്യോതിയും സച്ചിയേട്ടന്റെ പാടത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്നു, ഒപ്പം സച്ചിയേട്ടനും. കാലാവസ്ഥാ വ്യതിയാനത്തെ മറികടന്ന തന്റെ പാഠം മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള ആത്മവിശ്വാസത്തിലാണ് സച്ചിദാനന്ദൻ.

സച്ചിയേട്ടന്റെ പരീക്ഷണം കാർഷിക സർവകലാശാല പഠന വിഷയമാക്കേണ്ടതാണ് കൃഷി ഓഫീസർ ടി.ടി. അരുൺ പറഞ്ഞു.

ഫോൺ: 9745189245

English summary: New rice cultivation method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com