ADVERTISEMENT

നമ്മുടെ കൊച്ചു കേരളത്തിൽ ഈ വർഷം (2020) കാലവർഷം തകർത്തു പെയ്തിരിക്കുകയാണെന്നറിയാമല്ലോ! സെപ്റ്റംബർ 15 വരെയുള്ള കണക്കുവച്ചു നോക്കുമ്പോൾ തന്നെ സാധാരണയിൽ നിന്നും 9% അധികമഴയാണ് നമ്മുടെ സംസ്ഥാനത്തു ലഭിച്ചിട്ടുള്ളത്. എന്നാലിത് ഇടവപ്പാതി മാത്രമേ ആയിട്ടുള്ളൂ കേട്ടോ! ഇനി ഏതാനും ആഴ്കകൾക്കുള്ളിൽ തുലാവർഷം ആരംഭിക്കാൻ പോകുന്ന കാര്യം മറക്കരുത്. കാരണം, മഴക്കാലമെന്നാൽ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗങ്ങളുടെ കാലമാണല്ലോ. ഈ മഴക്കാലത്ത് കറവപ്പശുക്കളുടെ തീറ്റയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. 

1. കാലിത്തീറ്റ ഒട്ടും നനവും ഈർപ്പവും ഇല്ലാത്ത സ്ഥലത്തു സൂക്ഷിക്കണം

നനവും, ഈർപ്പവും തട്ടിയാൽ തീറ്റയിലും തീറ്റവസ്തുക്കളിലും പൂപ്പൽ വിഷബാധ ഉണ്ടാവുകയും, തീറ്റ കേടു വന്നു പോവുകയും ചെയ്യും. ഈർപ്പം നിറഞ്ഞതോ, നനവുള്ളതോ ആയ സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ ഏതു തരം പിണ്ണാക്കും പ്രത്യേകിച്ചു കടലപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക്‌, ചോളം പോലുള്ള ധാന്യങ്ങൾ, വിപണിയിൽനിന്നും വാങ്ങുന്ന കാലിത്തീറ്റ എന്നിവയിലെല്ലാം തന്നെ ആസ്പെർജിലെസ്സ് ഗണത്തിൽപ്പെട്ട പൂപ്പൽ പെറ്റുപെരുകുകയും, തൽഫലമായി അഫ്ലാടോക്സിൻ എന്ന വിഷവസ്തു ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും.  

അഫ്ലാടോക്സിൻ, പ്രധാനമായും പശുക്കളുടെ കരളിനെയും വൃക്കയേയും ബാധിക്കുന്ന ഒരു വിഷമാണ്. അഫ്ലാടോക്സിൻ അടങ്ങിയ തീറ്റ കഴിക്കാനിടയായ പശുക്കൾക്ക് പ്രാരംഭ ഘട്ടത്തിൽ തീറ്റയെടുക്കാനുള്ള മടി, ക്ഷീണം എന്നിവ കാണുന്നു. ക്രമേണ, പാലുൽപ്പാദനം കുറയുകയും പശുവിന്റെ ശരീരം ക്ഷീണിക്കുകയും ചെയ്യും. പിന്നീട് പശുവിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞുവരികയും മറ്റുരോഗങ്ങൾക്കടിമപ്പെടുകയും ചെയ്യും. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ചിലപ്പോൾ മരണപ്പെടാനും സാധ്യതയുണ്ട്.    

രോഗം വന്നിട്ട് പശുവിനെ ചികിത്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് തീറ്റവസ്തുക്കൾ സൂക്ഷിക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധ ചെലുത്തുന്നതാണ്. തീറ്റ സൂക്ഷിക്കുന്ന മുറിയിൽ, ഒട്ടും നനവോ ഈർപ്പമോ ഉണ്ടാകരുത്. തീറ്റ സൂക്ഷിക്കുന്ന മുറിയിലേക്ക് മഴവെള്ളം ഒട്ടുംതന്നെ വീഴാതെ ശ്രദ്ധിക്കണം.  

ഇനി തീറ്റയിൽ പൂപ്പൽ പിടിച്ചെന്നിരിക്കട്ടെ. അപ്പോൾ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഓർക്കുക:

  1. അൽപം മാത്രമേ പൂപ്പലുള്ളു എങ്കിൽ, പൂപ്പലുള്ള ഭാഗം എടുത്തു കളഞ്ഞിട്ട് ബാക്കി ഭാഗം വെയിലത്തിട്ടുണക്കി കൊടുക്കാം.
  2. പൂപ്പൽ അധികം ഉണ്ടെങ്കിൽ, മൊത്തം ഒഴിവാക്കുന്നതാണ് നല്ലത്.
  3. പൂപ്പൽ ബാധിച്ച ഘടക വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അതുപയോഗിച്ചു മിശ്രിത കാലിത്തീറ്റ നിർമ്മിക്കരുത്.   

2. ജലാംശം ധാരാളമുള്ള പുല്ലിനങ്ങളും പയർ വർഗങ്ങളും വെയിലത്തിട്ടു വെള്ളം വറ്റിയ ശേഷം കൊടുക്കുന്നതാണ് നല്ലത്. 

ഈർപ്പം കൂടുതലും, മൂപ്പു കുറവുള്ളതും, ആയ ഇത്തരം പരുഷാഹാരങ്ങൾ കൊടുത്താൽ താഴെ പറയുന്ന അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്:

  • വയറിളക്കം

ഈർപ്പം കൂടുതലടങ്ങിയ ഇത്തരം തീറ്റ കഴിക്കുന്ന പശുക്കൾക്ക്, പ്രത്യേകിച്ചും കിടാങ്ങളിൽ ദഹനക്കേട്, വയറിളക്കം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ, വെയിൽ വരുമ്പോൾ ഇത്തരം തീറ്റകൾ വെയിലത്തിട്ടു വാട്ടികൊടുക്കുന്നത് നല്ലതാണ്. അത് തീറ്റയിലെ ജലാംശം കുറയ്ക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും വയറ്റിളക്കം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.   

  • വയറുപെരുപ്പം

ഇളം പുല്ല്, പ്രത്യേകിച്ച് പയർവർഗങ്ങൾ ധാരാളമായി കൊടുത്താൽ പശുക്കൾക്ക് വയറുപെരുപ്പം സംഭവിക്കാം. ഇത്തരം, പരുഷാഹാരങ്ങളിൽ അടങ്ങിയിരിക്കുന്ന സാപോണിൻ പോലുള്ള വസ്തുക്കൾ പശുക്കളുടെ ആമാശയത്തിലെത്തിയാൽ അവിടെയുള്ള അണുജീവികൾ അവയെ വിഘടിപ്പിച്ചു, വായു (ഗ്യാസ്) പുറപ്പെടുവിക്കുകയും ആമാശയത്തിൽ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന വായു പുറത്തേക്ക് വിടാനാകാതെ പശുവിന്റെ വയറു വീർത്തു വരുകയും ചെയ്യും. ഈ അവസ്ഥയ്ക്ക് വയർപെരുപ്പം അഥവാ ബ്ലോട്ട് (bloat) എന്ന് പറയുന്നു. സമയത്തിനു ചികിത്സിച്ചില്ലെങ്കിൽ, പശുവിനു കഠിനമായ വേദനയും ശ്വാസതടസവും ചിലപ്പോൾ  മരണം വരെയും സംഭവിച്ചേക്കാം. 

നനവുള്ളതും ഇളം പച്ചപ്പുല്ല്, വൻപയർ, തോട്ടപ്പയർ പോലുള്ള പയർവർഗങ്ങളും തഴച്ചു വളരുന്നതുമായ മേച്ചിൽ സ്ഥലങ്ങളിൽ പശുവിനെ കൂടുതൽ നേരം മേയാൻ വിടാതെ മാറ്റിക്കെട്ടുക; ഇത്തരം ഇളം പുല്ലുകളും, പയർ വർഗങ്ങളും കൂടിയ അളവിൽ ഒരുമിച്ചു നൽകാതിരിക്കുക. 2 മുതൽ 3 മണിക്കൂർ നേരം വെയിലത്തിട്ടു വാട്ടിക്കൊടുക്കുക എന്നീ കാര്യങ്ങൾ ചെയ്‌താൽ വയറുപെരുപ്പം വരുന്നതൊഴിവാക്കാം.   

  • പുല്ലു ടെറ്റനി (ഗ്രാസ് ടെറ്റനി)

മഴക്കാലത്തെ ഇളം പുല്ലിൽ മഗ്നീഷ്യം കുറവായതിനാൽ ഇത്തരം പുല്ലു ധാരാളമായോ, അത് മാത്രം തിന്നുന്നതോ ആയ പശുക്കൾക്ക് രക്തത്തിൽ, മഗ്നീഷ്യത്തിന്റെ അളവ് കുറയുകയും, തത്ഫലമായി പുല്ലു ടെറ്റനി എന്ന അസുഖം വരാം. ഈ രോഗം മൂർച്‌ഛിച്ചാൽ, പശു വീണു പോവുകയും, കൈ കാലുകൾ വിറയ്ക്കുന്നതും, പിടയ്ക്കുന്നതും, മാംസപേശികൾ കോച്ചിപ്പിടിക്കുന്നതും കാണാം. സമയത്തു ചികിൽസിച്ചില്ലെങ്കിൽ മരണം വരെയും സംഭവിച്ചേക്കാം.

ഈ രോഗം വരാതിരിക്കാൻ ഇത്തരത്തിലുള്ള ഇളം പുല്ലു കൊടുക്കുന്നതൊഴിവാക്കാം. മൺ നിരപ്പിൽനിന്ന് 6 ഇഞ്ച് (15 സെന്റീ മീറ്റർ) മുകളിൽ, വളർന്നു നിൽക്കുന്നത് ഇളം പുല്ലല്ല, മഗ്നീഷ്യം ധാരാളമുള്ള മൂത്ത പുല്ലാണ്. ഈ ഉയരത്തിൽവച്ചു പുല്ലു വെട്ടിക്കൊടുത്താൽ, അല്ലെങ്കിൽ ഇത്രയും ഉയരമുള്ള പുല്ലുള്ള സ്ഥലത്തു മാത്രം പൈക്കളെ മേയ്ക്കാൻ വിട്ടാൽ മഗ്നീഷ്യം ടെറ്റനി വരുന്നത് ഒഴിവാക്കാം. 

English summary: Taking care of cattle during rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com