ADVERTISEMENT

മൃഗസംരക്ഷണസംരംഭകരെ ഏറെ വലച്ചിരുന്ന ലൈവ്‌സ്റ്റോക്ക് ഫാം നിർമാണവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത്/മുൻസിപ്പാലിറ്റി കെട്ടിട നിർമാണചട്ടങ്ങൾക്ക് ഭേദഗതികൾ വരുത്തി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. കർഷകരുടെയും സംരംഭകരുടെയും മാധ്യമങ്ങളുടെയുമെല്ലാം ഭാഗത്തുനിന്നുണ്ടായ നാളുകൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് അനുകൂല നടപടിയുണ്ടായത്. ഇരുപതിൽ കൂടാതെ പശുക്കളെയും അൻപതിൽ കൂടാതെ ആടുകളെയും ആയിരത്തിൽ കൂടാതെ കോഴികളെയും വളർത്തുന്ന ലൈവ്സ്റ്റോക്ക് ഫാം കെട്ടിടങ്ങൾക്ക് ബിൽഡിംഗ് പെർമിറ്റ് ആവശ്യമില്ലന്നതാണ് പുതുക്കിയ പഞ്ചായത്ത്/മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടത്തിലെ പ്രധാന ഭേദഗതി. എന്നാൽ ഫാം കെട്ടിടത്തിന് ചുറ്റും 1.5 മീറ്റർ തുറസായ സ്ഥലം നൽകേണ്ടതുണ്ട്. പെർമിറ്റ് ആവശ്യമില്ലെങ്കിലും മാലിന്യനിർമ്മാർജനത്തിനായി ബയോഗ്യാസ്/ഗോബർ ഗ്യാസ് പ്ലാന്റുകൾ പണികഴിപ്പിക്കണമെന്ന് പുതുക്കിയ ചട്ടം നിർദേശിക്കുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്  2015ൽ  പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിലും ബയോഗ്യാസ് പ്ലാന്റ്  സംബന്ധിച്ച നിർദ്ദേശമുണ്ട്. പത്തിലധികം പശുക്കൾ, ഇരുപതിലധികം ആടുകൾ, നൂറിലധികം കോഴികൾ എന്നിവയെ വളർത്തുന്ന ഫാം കെട്ടിടങ്ങൾക്ക് മുൻപ് പഞ്ചായത്ത്/മുൻസിപ്പാലിറ്റിയിൽനിന്നുള്ള ബിൽഡിങ് പെർമിറ്റ് ആവശ്യമായിരുന്നു. കെട്ടിട വിസ്തീർണം, കെട്ടിടത്തിന്റെ കവറേജ്‌ ഏരിയ, തുറസായി നിലനിർത്തേണ്ട  സ്ഥലം,  ഫാമിലേക്ക് ആവശ്യമായ റോഡ് സൗകര്യം എന്നിവയിലും സംരംഭകന് അനുകൂലമായ മാറ്റങ്ങൾ പുതുക്കിയ ചട്ടങ്ങളിലുണ്ട്.

പ്രധാനമാറ്റങ്ങൾ ഇവയാണ് 

ലൈവ്സ്റ്റോക്ക് ഫാമുകളെ വ്യവസായിക കെട്ടിടങ്ങൾ എന്ന കാറ്റഗറിയിൽനിന്നു മാറ്റി  കാർഷിക ആവശ്യത്തിനുള്ള പ്രത്യേക കെട്ടിടങ്ങളായി പരിഗണിക്കണമെന്നായിരുന്നു കർഷകർ ഉയർത്തിയ പ്രധാന ആവശ്യം. എന്നാൽ, ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെട്ടില്ലങ്കിലും അനുകൂല തീരുമാനങ്ങൾ പുതുക്കിയ ചട്ടങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഇരുപതിലധികം പശുക്കളെയും അൻപതിലധികം ആടുകളെയും ആയിരത്തിലധികം  കോഴികളെയും ആറിൽ കൂടുതൽ മറ്റു മൃഗങ്ങളെയും വളർത്തുന്നതും 1000 ചതുരശ്രമീറ്റർ വരെ കെട്ടിടത്തിന് നിർമിതവിസ്തീർണം ഉള്ളതുമായ ഫാം കെട്ടിടങ്ങൾ  ജി -1 എന്ന വ്യാവസായിക കെട്ടിടങ്ങളുടെ കാറ്റഗറിയിൽ ആണുൾപ്പെടുക. ഫാം കെട്ടിടത്തിന്റെ വിസ്തീർണം 1000 ചതുരശ്രമീറ്ററിലും അധികമുണ്ടെങ്കിൽ ജി -2 കാറ്റഗറിയിലാണ് ഉൾപ്പെടുക. ഭേദഗതിക്ക് മുൻപ് ഇത് 700 ചതുരശ്രമീറ്റർ മാത്രം ആയിരുന്നു. 

ഓരോ വ്യാവസായിക കാറ്റഗറിയിലും നിർദ്ദേശിക്കപ്പെട്ട സൗകര്യങ്ങൾ ഫാമിൽ ഒരുക്കേണ്ടതുണ്ട്. ഫാം കെട്ടിടത്തിന്റെ കവറേജ് ഏരിയ, ചുറ്റും ഒഴിച്ചിടേണ്ട തുറസായ സ്ഥലം, ഫാമുകളിലേക്ക്  നിശ്ചിത വീതിയുള്ള പ്രവേശനമാർഗങ്ങൾ വേണമെന്ന് മുൻപ് ഉണ്ടായിരുന്ന നിബന്ധന എന്നിവയിൽ ഇളവുകൾ പുതുക്കിയ ചട്ടത്തിൽ ഉണ്ട്. കവറേജ് ഏരിയ, പ്രവേശനമാർഗവുമായി ബന്ധപെട്ട നിബന്ധനകളിൽ നിർമിത വിസ്തീർണം എന്നത് തറവിസ്തീർണം എന്ന് മാറ്റിനിശ്ചയിച്ചിട്ടുണ്ട്. ജി -2 കാറ്റഗറിയിൽ പെട്ട കെട്ടിടങ്ങളുടെ കവറേജ് ഏരിയ 40 ശതമാനം എന്നത് 60 ആയി ഉയർത്തി. ജി 1 കാറ്റഗറിയിൽ ഉൾപെടുന്നതും 300 ചതുരശ്രമീറ്റർ വരെ തറവിസ്തീർണം ഉള്ളതുമായ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് കുറഞ്ഞ വീതി ഇനി 3 മീറ്റർ മാത്രം മതി. ജി 1, ജി 2 കാറ്റഗറികളിൽ ഉൾപെടുന്നതും 300 മുതൽ 1500 വരെ തറവിസ്തീർണം ഉള്ളതുമായ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് ചുരുങ്ങിയ വീതി 3.6 മീറ്റർ മതി. 1500 മുതൽ 6000 വരെ തറവിസ്തീർണമുള്ള കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് 5 മീറ്റർ വേണം. 6  മീറ്റർ വീതിയുള്ള പ്രവേശനമാർഗങ്ങൾ 6000 ന് മുകളിൽ തറവിസ്തീർണമുള്ള കെട്ടിടങ്ങളിലേക്കു മാത്രം മതി. മുൻ ചട്ടപ്രകാരം  700 ചതുരശ്രമീറ്റർ വരെ നിർമിതവിസ്തീർണമുള്ള G-1 വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഫാം കെട്ടിടം പണിയാൻ ഫാമിലേക്ക് അഞ്ച്  മീറ്റർ വീതിയുള്ള റോഡ് നിർബന്ധമായിരുന്നു. G-2 വിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങൾ ആണങ്കിൽ ഫാമിലേക്കുള്ള റോഡിന് 7 മീറ്റർ വീതി വേണമെനന്നായിരുന്നു മുൻ ചട്ടം. ഫാമുകളോട് അനുബന്ധിച്ച് ഇത്രയും വീതിയുള്ള റോഡുകൾ ഒരുക്കുക എന്നത് സംരംഭകനെ  സംബന്ധിച്ച് പലപ്പോഴും അപ്രായോഗികമായിരുന്നു.  ഇതിനാണ് ഇപ്പോൾ ചെറിയ രീതിയിൽ ആണെങ്കിലും ഇളവുകൾ അനുവദിച്ചിരിക്കുന്നത് .

cow-1

ഇനി വേണ്ടത് പഞ്ചായത്ത് ലൈസൻസ് ചട്ടങ്ങളിൽ മാറ്റം 

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലാണ് 2012 ഏപ്രിൽ 19ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിലധികം എണ്ണം മൃഗങ്ങളെ വീട്ടുമുറ്റത്ത് പോലും വളർത്തണമെങ്കിൽ ലൈസൻസ് വേണമെന്നാണ് നിലവിലെ ഫാം ലൈസൻസ് ചട്ടം. ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിനായും നീക്കിവെക്കേണ്ട സ്ഥലം സംബന്ധിച്ച കണക്കുകളും തീർത്തും അശാസ്ത്രീയവും വെറ്ററിനറി സർവകലാശാലയിൽനിന്നുള്ളതടക്കമുള്ള വിദഗ്‌ധ നിർദേശങ്ങൾക്ക് വിരുദ്ധവുമാണ്. ഒട്ടും കർഷക സൗഹൃദമല്ലാത്ത ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ല. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫാം ലൈസൻസ് നിയമം കർക്കശമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരംഭകരോടുള്ള വ്യക്തി, രാഷ്‌ട്രീയ പ്രതികാരം തീർക്കുന്നതിനായി പോലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ട്.

ലൈസൻസ് ഇല്ലാതെ പരമാവധി വളർത്താവുന്ന പക്ഷിമൃഗാദികളുടെ എണ്ണം, ഓരോന്നിനും ആവശ്യമായ സ്ഥലം തുടങ്ങിയവയുമായി ബന്ധപ്പെട്ട കെട്ടിട നിർമാണ ചട്ടങ്ങളിലെ ഭേദഗതികൾക്ക് അനുസരിച്ച് പഞ്ചായത്ത് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങളിലും ഭേദഗതികൾ വരേണ്ടതുണ്ട്. എന്നാൽ  ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകളൊന്നും പുറത്ത് വരാത്ത സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണ്. കോവിഡ് പശ്ചാത്തലത്തിൽ സ്വയം തൊഴിൽ സംരംഭങ്ങളുമായി മൃഗസംരക്ഷണമേഖലയിലേക്ക് കടന്നുവരുന്നവർ ഏറെയാണ്. ഇതിൽ  നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളും കോവിഡിനെ തുടർന്ന് സ്ഥിരം  ജോലികൾ നഷ്ട്ടപെട്ടവരും യുവാക്കളും എല്ലാമുണ്ട് . ഈ സാഹചര്യത്തിൽ സംരംഭകരെ സഹായിക്കുന്ന രീതിയിൽ നിലവിലുള്ള ഫാം ലൈസൻസ് പരിഷ്ക്കരിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നതിൽ ഇനിയും സർക്കാർ വൈകരുത്. മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപൽകരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈത്താങ്ങും ആണെന്ന പൂർണ ബോധ്യമാണ് നിയമങ്ങൾ തയാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കും ഉണ്ടാവേണ്ടത്.

English summary: Farm license problems in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com