ADVERTISEMENT

കേന്ദ്ര ബജറ്റിൽ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളിൽ ഒന്നായി അവതരിപ്പിച്ചിരിക്കുന്നത് സീറോ ബജറ്റ് പ്രകൃതിക്കൃഷിയാണ്. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സീറോ ബജറ്റ് കൃഷി പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിനു രൂപ സർക്കാർ ചെലവഴിച്ചു കഴിഞ്ഞു. കേരളത്തിലും ഈ കൃഷി രീതി പ്രോത്സാഹിപ്പിക്കാൻ ആലോചന നടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സീറോ ബജറ്റ് കൃഷിയുടെ ശാസ്ത്രീയതയെക്കുറിച്ച് പരിശോധിക്കുന്നു. 

സീറോ ബജറ്റ് കൃഷി പ്രായോഗികമോ

പത്മശ്രീ സുഭാഷ് പലേക്കറാണ് സീറോ ബജറ്റ് കൃഷിയുടെ പിതാവ്. അദ്ദേഹം നാഗ്പുർ കാർഷിക കോളജി ൽനിന്നു കാർഷിക ബിരുദം നേടിയശേഷം അച്ഛന്റെ ഫാമിൽ ആധുനിക കൃഷി തുടങ്ങി. എന്നാൽ, വിളവ് മുൻപുള്ളതിൽനിന്നു കുറഞ്ഞു വന്നതോടെ അദ്ദേഹം അതുപേക്ഷിച്ച് സ്വന്തം നിരീക്ഷണ പരീക്ഷണങ്ങളിലൂ ടെ വികസിപ്പിച്ചെടുത്തതാണ് സീറോ ബജറ്റ് കൃഷിരീതി. ‘നെല്ലിനും ഗോതമ്പിനുമൊക്കെ വളമിടാൻ പറയുന്നു. പക്ഷേ, ഇതൊന്നുമില്ലാതെ കാട്ടിൽ ഇഷ്ടംപോലെ ചെടികൾ വളരുന്നുണ്ടല്ലോ’ അദ്ദേഹം പറയുന്നു. ഈ നിരീക്ഷണത്തിൽനിന്നാണ് അദ്ദേഹം സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് എന്ന ചെലവില്ലാക്കൃഷി സമ്പ്രദായം ഉണ്ടാക്കിയെടുത്തത്. 

ഒരു നാടൻ പശുവിന്റെ ചാണകമുണ്ടെങ്കിൽ 30 ഏക്കർ കൃഷിചെയ്യാം. വേറെ വളമൊന്നും വേണ്ട. ബീജാമൃതം, ജീവാമൃതം, പുതയിടൽ എന്നിവയാണ് കൃഷിമുറകൾ. വിത്തു പരിചരണരീതിയാണ് ബീജാമൃതം. ചാണകം, മൂത്രം, ശർക്കര, പലതരം ധാന്യപ്പൊടികൾ, ഒരുപിടി മണ്ണ് എന്നിവ സംയോജിപ്പിച്ച് പുളിപ്പിച്ചുണ്ടാക്കുന്ന ലായനിയാണ് ജീവാമൃതം. മണ്ണിന് വൈക്കോൽ, പൊടിമണ്ണ്, ചെടികൾ എന്നിവയുപയോഗിച്ച് പുതയിടുകയെന്നും നിഷ്കർഷിക്കുന്നു. കീട, രോഗ നിയന്ത്രണത്തിനായി അഗ്ന്യാസ്ത്രം, ബ്രഹ്മാസ്ത്രം, നീമാസ്ത്രം എന്നിവയാണ് ഉപയോഗിക്കുന്നത്.

അഗ്ന്യാസ്ത്രം: വേപ്പിന്റെ ഇലയും പച്ചമുളകും ഗോമൂത്രവും ഉപയോഗിച്ചുള്ള കഷായം.

ബ്രഹ്മാസ്ത്രം: വേപ്പ്, സീതാപ്പഴം, അരിപ്പൂ, പേര, ഉറുമാമ്പഴം എന്നിവയുടെ ഇലകളുടെ സത്ത് ഗോമൂത്രത്തിൽ ചേർത്ത ലായനി.

നീമാസ്ത്രം: ഗോമൂത്രം, ചാണകം, വേപ്പില സത്ത് എന്നിവ ചേർത്ത ലായനി.

പലേക്കറിന്റെ നിരീക്ഷണങ്ങൾ: പലേക്കറിന്റെ വെബ്സൈറ്റിൽ ഹരിത വിപ്ലവത്തിന്റെ പ്രത്യാഘാതങ്ങളായി താഴെപ്പറയുന്ന കാര്യങ്ങൾ കൊടുത്തിരിക്കുന്നു.

രാസവളമിട്ട് മണ്ണും മണ്ണിലെ സൂക്ഷ്മാണുക്കളും നശിച്ചു. കീടനാശിനികൾ പരിസ്ഥിതി തകർത്തു. പക്ഷികൾ നശിച്ചു. മനുഷ്യാരോഗ്യം നശിച്ചു. എയ്ഡ്സ്, കാൻസർ, പ്രമേഹം, ക്ഷയം, ഹൃദയാഘാതം എന്നിവ കൂടി. ഗ്രാമീണ സമ്പദ്‌‌വ്യവസ്ഥ തകര്‍ന്നു. കൃഷിക്കാർ കടംകയറി മുടിഞ്ഞ് ആത്മഹത്യ ചെയ്യുന്നു. ഗ്രാമീണ ചികിത്സാവ്യവസ്ഥ തകർത്തു, ഔഷധസസ്യങ്ങൾ നശിച്ചു, ആയുർവേദം, ഹോമിയോപ്പതി, യുനാനി ചികിത്സകളെ തകർത്തു. കാർഷിക സർവകലാശാലാകേന്ദ്രങ്ങളും കൃഷിഗവേഷണകേന്ദ്രങ്ങളും കൃഷിയും ഗ്രാമീണ സംസ്കാരവും തകർത്തു. പുതിയ കാർഷിക സാങ്കേതികവിദ്യകൾ കാർഷിക സംസ്കാരം ഇല്ലാതാക്കി. അതു കൊണ്ടുതന്നെ ഒരു പുതിയ സംസ്കാരം ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ആധുനിക മാർഗങ്ങളിൽനിന്നു  തിരിച്ചുപോക്കാണത്രെ രാജ്യത്തിന് ആവശ്യം.

ജൈവകൃഷിയും തെറ്റ്

ജൈവകൃഷിയും ശരിയല്ലെന്നു പലേക്കർ. ഇതു കാർഷിക സർവകലാശാലകൾ ശുപാര്‍ശ ചെയ്യുന്ന ജൈവകൃഷിരീതിയിൽ ഉപയോഗിക്കുന്ന ഐസീനിയ ഫെറ്റിഡ എന്ന ഇനം മണ്ണിരയുടെ വിസർജ്യത്തിൽ കാഡ്മിയം, മെർക്കുറി, നാകം, ആഴ്സനിക് മുതലായ ഉഗ്രവിഷങ്ങളുണ്ടെന്നും അതുകൊണ്ട് ഒരു കാരണവശാലും ഈ മണ്ണിരയെ ഉപയോഗിക്കരുത് എന്നുമാണ് പലേക്കറിന്റെ വാദം.

ശാസ്ത്രീയത

ഇനി സുഭാഷ് പലേക്കറിന്റെ കൃഷിരീതിയുടെയും നിരീക്ഷണങ്ങളുടെയും ശാസ്ത്രീയത നമുക്കൊന്നു പരിശോധിക്കാം.

കാർഷികശാസ്ത്രം വികസിച്ചത് കഴിഞ്ഞ 150 വർഷങ്ങളിലാണ്. പ്രാഥമിക (NPK–നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) ദ്വിതീയ (കാത്സ്യം, മഗ്നീഷ്യം, സൾഫര്‍), സൂക്ഷ്മ മൂലകങ്ങൾ (ബോറോൺ, സിങ്ക്, മാംഗനീസ്, ചെമ്പ്, മോളിബ്ഡ്നം, ഇരുമ്പ്, നിക്കൽ) എന്നിവ ചെടികളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഇവ ആവശ്യമായ അളവിലും അനുപാതത്തിലും ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ കൊടുത്തില്ലെങ്കിൽ പലതരം രോഗങ്ങളും പോഷകപ്രശ്നങ്ങളുമുണ്ടാകും. വിവിധ വിളകൾക്കു വേണ്ട പോഷകാനുപാതം വ്യത്യസ്തമാണ്. വിവിധ തരം മണ്ണുകൾക്ക് വിവിധ സ്വഭാവങ്ങളും പോഷക നിലയുമാണുള്ളത്. കേരളത്തിലെ ലാറ്ററൈറ്റ് മണ്ണില്‍ പുളിരസം, ഇരുമ്പ്, അലുമിനിയം എന്നിവ കൂടുതലും കാത്സ്യം, പൊട്ടാസ്യം, ബോറോൺ, മഗ്നീഷ്യം എന്നിവ കുറവുമാണ്. അതുകൊണ്ട് പുളിരസം കുറയ്ക്കാൻ കുമ്മായം/ഡോളമൈറ്റ് ചേർക്കുകയും പിന്നീട് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വിവിധ മൂലകങ്ങൾ കിട്ടുന്ന രീതിയിൽ വളപ്രയോഗം നടത്തുകയും വേണം. ഗുജറാത്തിലെ മണ്ണിൽ കാത്സ്യം കൂടുതലും ഇരുമ്പ് കുറവും ക്ഷാരരസവുമാണ്. അവിടെ ജിപ്സം ചേർക്കണം. എല്ലാ മണ്ണിലും എല്ലാ വിളകൾക്കും ഒരുപോലെ ചാണകമോ ജീവാമൃതമോ കലക്കിയൊഴിച്ചാൽ ഇല്ലാത്ത മൂലകം ഉണ്ടാകുകയില്ല. അമ്ല/ക്ഷാരരസം മാറി പിഎച്ച് മൂല്യം 6.5–7ൽ എത്താതെ മണ്ണിലുള്ള മൂലകങ്ങൾപോലും വേണ്ടതുപോലെ വിളയ്ക്കു ലഭിക്കില്ല. ഒരു സൂക്ഷ്മ ജീവിക്കും മണ്ണിൽ ഇല്ലാത്ത മൂലകം ഉണ്ടാക്കാനാനുമാവില്ല.

കീട, രോഗ നിയന്ത്രണം

പല  കാരണങ്ങൾകൊണ്ടാണ് വിളകൾക്കു  രോഗങ്ങളുണ്ടാകുന്നത്. ഫൈറ്റോപ്ലാസ്മ, മൈക്കോപ്ലാസ്മ, വൈറസ്, ബാക്ടീരിയ, ഫംഗസ്, നിമാവിരകൾ, മണ്ഡരികൾ, കീടങ്ങൾ തുടങ്ങിയവയാണ് രോഗകാരികൾ. മുൻപറഞ്ഞ മൂന്ന് അസ്ത്രങ്ങൾക്കും എല്ലാത്തരം കീടങ്ങളെയും ചെറുക്കാനാവില്ല. മണ്ഡരികളെ തിന്നുന്ന എതിർപ്രാണികളെ ബാധിക്കാതെ, ചെടിക്കു വിഷബാധയേൽക്കാതെ മണ്ഡരികളെ നിയന്ത്രിക്കാൻ പ്രത്യേക മണ്ഡരിനാശിനികൾതന്നെ വേണം. അതുപോലെ ആന്റിബയോട്ടിക്കുകൾ, കുമിൾനാശിനികൾ, കീടനാശിനികൾ എന്നിവയൊക്കെ കൃത്യമായ കീട, രോഗങ്ങളെ നിയന്ത്രിക്കും. മനുഷ്യനും പരിസ്ഥിതിക്കും പ്രശ്നങ്ങളില്ലാത്ത വിധം ഇവയെ കൃത്യമായി ഉപയോഗിക്കാം. മണ്ണിനെപ്പോഴും പുതയുണ്ടായിരിക്കണം എന്ന് കൃഷിശാസ്ത്രം മുൻപേ പറയുന്നതാണ്. വെയിലും മഴയും കൊള്ളുന്ന തുറന്ന മണ്ണിന് ഉൽപാദനക്ഷമത കുറവായിരിക്കും. അതുകൊണ്ട് പുതയിടൽ ഒരു വലിയ കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നതിൽ കാര്യമില്ല.

കാട്ടിലെ ചെടിക്ക് വളമിടുന്നില്ല

എന്തുകൊണ്ടാണ് കാട്ടിലെ ചെടി വളമിടാതെ നിറച്ചും കായ്ച്ചു നിൽക്കുന്നത്. നാട്ടിലെ ചെടിക്ക് എന്തുകൊണ്ട് വളമിടേണ്ടി വരുന്നു? ഉത്തരം ലളിതമാണ്. കാട്ടിൽ സസ്യമൂലകങ്ങളുടെ പോഷകചംക്രമണം ഏതാണ്ട് പൂർണമാണ്. ഒരില പൊഴിഞ്ഞു വീണാൽ അത് പെട്ടെന്നുതന്നെ ദ്രവിച്ച് അതിലെ മൂലകങ്ങൾ ഉടൻതന്നെ ചെടി വലിച്ചെടുക്കും. മണ്ണിൽനിന്നു പോഷകനഷ്ടം വളരെ കുറവാണ്. എന്നാൽ ഒരുപാടശേഖരത്തിൽ ഒരു ഹെക്ടറിൽനിന്ന് 5 ടൺ നെല്ല് കൊയ്തെടുക്കുമ്പോൾ നഷ്ടപ്പെടുന്ന മൂലകങ്ങളുടെ അളവ് കാണുക. നൈട്രജന്‍,  110 കിലോ, ഫോസ്ഫറസ്  34 കിലോ, പൊട്ടാസ്യം 156 കിലോ, കാത്സ്യം 20 കിലോ, സല്‍ഫര്‍ 5 കിലോ, അയണ്‍ 2കിലോ, മാംഗനീസ്, 2 കിലോ, സിങ്ക് 200 ഗ്രാം, െബാറോണ്‍ 150 ഗ്രാം, കോപ്പര്‍ 150ഗ്രാം.

നഷ്ടപ്പെടുന്ന ഈ മൂലകങ്ങൾ  വളങ്ങൾ തിരിച്ചു കൊടുക്കാതിരുന്നാൽ വർഷങ്ങൾ കഴിയുമ്പോൾ മണ്ണ് ഊഷരമാകും. വിളകൾ അതനുസരിച്ച് വിവിധ ലക്ഷണങ്ങൾ കാണിക്കും. മണ്ണുപരിശോധന, നെൽകൃഷിയിൽ ലീഫ് കളർ ചാർട്ട്, സൂചക ഇല (Index Leaf) പരിശോധന എന്നിവ വഴി പോഷകപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും പരിഹരിക്കാനും വലിയൊരു പരിധിവരെ ഇന്നു സാധിക്കും. തായ്‌വേരുപടലമുള്ള വൃക്ഷവിളകൾ (മാവ്, പ്ലാവ് തുടങ്ങിയവ) ചെറിയ തോതിൽ മാത്രം വളങ്ങൾ നിർദേശിക്കുന്നത് പോഷകചംക്രമണം നന്നായി ഉള്ളതുകൊണ്ടാണ്.

പിന്നെ, ഗ്രാമീണ സംസ്കാരം തകർന്നു, മനുഷ്യരുടെ ആരോഗ്യം നശിച്ചു തുടങ്ങിയുള്ള വാദങ്ങൾക്കു തെളി വുകളില്ല. അവ അദ്ദേഹത്തിന്റെ മുൻവിധികൾ മാത്രം. ഒരു കാര്യം പരിശോധിക്കാം. മനുഷ്യായുസ്  മനുഷ്യരുടെ ജീവിതാവസ്ഥയുടെ പ്രതിഫലനമാണ്. 1910ൽ തിരുവിതാംകൂറിലെ ശരാശരി ആയുർ ദൈർഘ്യം കേവലം 21 വർഷങ്ങളായിരുന്നു. (1911ലെ സെൻസസ് റിപ്പോർട്ട്) പ്രകാരം) ഇന്ന് അത് 75 ആയി ഉയർന്നിരിക്കുന്നു. പണ്ട് അൻപതാം വയസിൽ വന്നിരുന്ന വാർധക്യം ഇന്ന് 70–ാം വയസിലാണ് വരുന്നത്. യൗവനം 15–20 വർഷങ്ങളോളം നീട്ടിക്കിട്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവിതാവസ്ഥ ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണിത്. പക്ഷേ, ഇക്കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണാൻ പലേക്കര്‍ക്കു കഴിയുന്നില്ല.

ലോകത്തിന്റെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനം വിളകളുടെയും പക്ഷിമൃഗാദികളുടെയും സങ്കര ഇനങ്ങളാണ്. ധാന്യങ്ങൾ, പഴം – പച്ചക്കറികൾ, പാൽ, മുട്ട ഇവയുടെ ഉല്‍പാദനം വർധിപ്പിക്കുന്നതിൽ സങ്കര ഇനങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണ്. പക്ഷേ, പലേക്കർ സങ്കര ഇനങ്ങളെ നിരാകരിക്കുന്നു.

പഠനഫലങ്ങൾ

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ മോഡിപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിങ് സിസ്റ്റംസ് റിസർച്ച് സീറോ ബജറ്റ് രീതിയിൽ കൃഷി നടത്തി താരതമ്യപ്പെടുത്തി നെല്ല്–ഗോതമ്പ് കൃഷി സമ്പ്രദായത്തിൽ ഗോതമ്പിന് 59 ശതമാനവും നെല്ലിന് 32 ശതമാനവും വിളവാണ് രേഖപ്പെടുത്തിയത്. ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലാണ് ഈ ധാന്യങ്ങളുടെ കൃഷിയെന്ന് ഓർമിക്കണം. ധാർവാഡിലെ കാർഷിക സർവകലാശാലയുടെ മൂന്നുവർഷം നീണ്ട പഠനത്തിൽ വിവിധ വിളകളിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തി. പരുത്തി ഇടവിളക്കൃഷിയുടെ വിളവില്‍ 17 ശതമാനം കുറവ് കണ്ടെത്തി. കൂടുതൽ പഠനങ്ങൾ വിവിധ സർവകലാശാലകളിൽ നടന്നുവരികയാണ്.

സാങ്കേതികവിദ്യാ വികസനം

സാധാരണ ഗതിയിൽ കാർഷിക സർവകലാശാലകളും കാർഷിക ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുക്കുന്ന പുതിയ സാങ്കേതികവിദ്യകൾ വിവിധ ഘട്ടങ്ങളിൽ അവതരിപ്പിച്ച്, വീണ്ടും വിവിധ സ്ഥലങ്ങളിൽ പരിശോധിച്ചശേഷം മാത്രമേ കാർഷിക സർവകലാശാലയുടെ വിള ശുപാർശയായി ‘പാക്കേജ് ഓഫ് പ്രാക്ടീസ സിൽ’ ഉൾപ്പെടുത്തുകയുള്ളൂ. അതായത്, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു സാങ്കേതികവിദ്യ പൊതുവായി സ്വീകരിക്കുന്നത്. എന്നാൽ, പലേക്കറുടെ സാങ്കേതികവിദ്യ ആന്ധ്രാപ്രദേശും കർണാടകയും ആദ്യം നടപ്പാക്കിയ ശേഷമാണ് അന്താരാഷ്ട്ര കാർഷിക ഗവേഷണത്തിനുള്ള  ഫ്രഞ്ച് സ്ഥാപനത്തെ (CIRAD) പഠനത്തിന് ഏൽപ്പിക്കുന്നത്. എന്തുകൊണ്ട് ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിനെയോ സംസ്ഥാന കാർഷിക സർവകലാശാലകളെയോ ഏൽപ്പിക്കുന്നില്ല എന്നതു പരിശോധിക്കണം.

നമ്മുടെ കാർഷികരംഗം ഒട്ടേറെ പ്രതിസന്ധികളെ നേരിടുമ്പോൾ കൂടുതൽ കൃത്യതയാർന്ന കൃഷിയിലൂടെ കാർഷിക സുസ്ഥിരത കൈവരിക്കുകയാണ് നാം ചെയ്യേണ്ടത്. അതിനു വേണ്ടത് കൂടുതൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗമാണ്. അതിന്റെ നിരാസവും ഭൂതകാല സാങ്കേതികവിദ്യകളുടെ പവിത്ര വൽക്കരണവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയേയുള്ളൂ. ശാസ്ത്രത്തിന്റെ പരിശോധന രീതി അനുസരിച്ച് ചെലവില്ലാ പ്രകൃതിക്കൃഷി നിർദാക്ഷിണ്യം പരിശോധിച്ചശേഷം മാത്രമേ പൊതുവായി സ്വീകരിക്കാവൂ എന്നതായിരിക്കണം നമ്മുടെ നയം.

(അഭിപ്രായം വ്യക്തിപരം)

വിലാസം: പ്രഫസർ, കേരള കാർഷിക സർവകലാശാല. 

ഫോണ്‍: 9447691821

English summary: Is Zero Budget Natural Farming Good for Soil?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com