4000 കിലോ വളം ആവശ്യമുള്ളിടത്ത് വെറും 4 കിലോ മതി, ബയോ ക്യാപ്‌സ്യൂൾ ഇനി താരം

HIGHLIGHTS
  • ജൂൺ മുതൽ ഓഗസ്റ്റ് വരെ 6000 കാപ്സ്യൂളുകൾ വിറ്റു
  • പരമ്പരാഗത ജൈവവളം 4000 കിലോ വേണ്ടിടത്ത് 4 കിലോ ജൈവ കാപ്സ്യൂൾ മതി
bio-capsule
SHARE

ബയോ കാപ്സ്യൂൾ വിൽപനയിൽ കുതിച്ചുചാട്ടം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് ലോക്ഡൗൺ കാലത്ത് അഭിമാനനേട്ടം. 

ജൂൺ മുതൽ ഓഗസ്റ്റ് വരെ 6000 കാപ്സ്യൂളുകളാണ് വിറ്റത്. ലോക്‌ഡൗണിനു മുൻപ് പ്രതിമാസം വിറ്റുപോയിരുന്നത് 400 ഗുളികകൾ മാത്രമാണ്. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ലഭ്യമായ കണക്കുകൾ പ്രകാരം മേയ് മാസത്തിൽ മാത്രം 4000 കാപ്സ്യൂളുകൾ വിറ്റുപോയതാണ് കണക്ക്.

പരമ്പരാഗത ജൈവവളം  4000  കിലോ വേണ്ടിടത്ത്  4 കിലോ ജൈവ കാപ്സ്യൂൾ മതിയെന്നതാണ് കർഷകരെ ആകർഷിക്കുന്നത്. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലെ ആയിരത്തിലധികം കർഷകരാണ് ബയോകാപ്സ്യൂളുകൾ ഉപയോഗിക്കുന്നത്. വീടുകളിലെ പച്ചക്കറികൃഷിയിലും ഗ്രോബാഗ് ഉപയോഗിച്ചുള്ള ഇഞ്ചി, മഞ്ഞൾ  കൃഷിയിലും ബയോ കാപ്സ്യൂളുകൾ വ്യാപകമായിക്കഴിഞ്ഞു.

ലോക്ഡൗൺ കാലത്ത് കൂടുതൽ ആളുകൾ കൃഷിയിലേക്കു തിരിഞ്ഞതാണ് ബയോകാപ്സ്യൂൾ വിൽപനയിൽ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം. ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബയോക്യാപ്സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പേറ്റന്റ് പ്രക്രിയ അവസാന ഘട്ടത്തിലാണ്.

‘ജൈവശാസ്ത്രപരമായി കഴിവുള്ള സൂക്ഷ്മജീവികളുടെ വിജയകരമായ വിതരണം ഉറപ്പാക്കുകയാണ് ബയോ കാപ്സ്യൂളുകൾ. വിപ്ലവകരമായ സാങ്കേതികവിദ്യയാണിത്’ഡോ. സന്തോഷ് ജെ. ഈപ്പൻ, ഡയറക്ടർ, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം

bio-capsule-1

എന്താണ് ബയോകാപ്സ്യൂൾ?

ക്യാപ്സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് സുഗന്ധവിളഗവേഷണ കേന്ദ്രം വികസിപ്പിച്ച ബയോക്യാപ്സ്യൂൾ. സാധാരണ വളത്തിനുപകരം ഗുളിക രൂപത്തിൽ സൂക്ഷ്മജീവികൾ ഉപയോഗിച്ചുള്ള വളപ്രയോഗം കൂടുതൽ ലളിതമാണ്. വളച്ചാക്കുകളുടെ സംഭരണം, വിപണനം, ഗതാഗതം എന്നിവയും ഒഴിവാക്കാം. ഒരു ക്യാപ്സ്യൂൾ 100 മുതൽ 200 വരെ ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാമെന്നതിനാൽ ഒരു ചെറിയ കുപ്പിയിലെ കാപ്സ്യൂൾ കൊണ്ട് ഏക്കറുകളോളം കൃഷിസ്ഥലത്ത് വിളവ് മെച്ചപ്പെടുത്താം.

പരമ്പരാഗതമായ രീതിയിൽ 4000 കിലോഗ്രാം ടാൽക് അടിസ്ഥാനമാക്കിനിർമിക്കുന്ന സൂക്ഷ്മാണു വളങ്ങൾക്കു പകരമായി ജൈവ ഗുളികകൾ ഉപയോഗിക്കുന്ന ഒരാൾ വെറും 4000  ഗുളികകൾ ഉപയോഗിച്ചാൽ മതി.  ഒരു കാപ്സ്യൂളിന് 1 ഗ്രാം മാത്രം ഭാരം ഉള്ളതിനാൽ ഒരു കർഷകന് 4 ടൺ ഫോർമുലേഷനുപകരമായി വെറും 4 കിലോ കാപ്സ്യൂളുകൾ ഉപയോഗിച്ചാൽ മതിയെന്നു ശാസ്ത്രജ്ഞൻമാർ പറയുന്നു.

English summary: Bio-Capsules for Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA