ADVERTISEMENT

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് വഴിത്തല സ്വദേശി തോൽക്കുടിയിൽ ടി.വി. വിശ്വൻ റബർകൃഷിയിലെത്തിയിട്ടു മൂന്നു വർഷമേ ആകുന്നുള്ളൂ. മാത്രമല്ല, വിശ്വനൊരു പാർടൈം കർഷകനാണ്. ബിടെക് ബിരുദധാരിയായ അദ്ദേഹം സമീപത്തുള്ള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലബോറട്ടറി സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. ഉദ്യോഗത്തിനിടയിലും കൃഷിയിൽ തൽപരനായ വിശ്വൻ ഈയിടെ തന്റെ ടാപ്പിങ് രീതി സംബന്ധിച്ച് പുറത്തുവിട്ട ചെറു വിഡിയോ വാട്സാപ് കൃഷി ഗ്രൂപ്പുകളിൽ  മികച്ച പ്രതികരണം നേടി. വെട്ടുപട്ടയുടെ നീളം ഇപ്പോഴുള്ളതിന്റെ പകുതിയായി കുറച്ചും പഴയ പാലുൽപാദനം നിലനിർത്താം എന്നതാണ് വിശ്വന്റെ വിജയ പരീക്ഷണം. അതിന്റെ നേട്ടങ്ങൾ പലതെന്നു വിശ്വൻ. അതിലേക്കു വരും മുൻപ് പരീക്ഷണത്തെക്കുറിച്ചു ചുരുക്കി മനസിലാക്കാം.

പുരയിടത്തിലെ 120 റബർ മരങ്ങൾ സ്വന്തം നിലയ്ക്കുതന്നെ ടാപ്പ് ചെയ്യാം എന്ന തീരുമാനത്തിൽ മൂന്നു വർഷം മുൻപ് റബർ ബോർഡിന്റെ ടാപ്പിങ് പരിശീലന ക്ലാസിൽ പങ്കെടുത്താണ് വിശ്വന്റെ തുടക്കം. മരങ്ങൾ 414, 430 ഇനങ്ങൾ. 50 സെ. മീറ്ററിനു മുകളിൽ, അതായത് 20 ഇഞ്ച് വണ്ണമെത്തിയ 93 മരങ്ങൾ തിരഞ്ഞെടുത്ത് ടാപ്പിങ് തുടങ്ങി. ആഴ്ചയിൽ 3 ടാപ്പിങ്. ദിവസം ലഭിക്കുന്നത് ശരാശരി 18 ലീറ്റർ പാൽ. ഒരു ഷീറ്റിന് 2 ലീറ്റർ പാൽ കണക്കാക്കി ഒഴിച്ച് ദിവസം 9 ഷീറ്റുകൾ. ഷീറ്റുകൾ ഉണങ്ങിക്കിട്ടുമ്പോൾ ലഭിക്കുന്നത് ദിവസം ശരാശരി 5.5 കിലോ ഉണക്ക റബർ. ഈ ഉൽപാദന നിലവാരം തുടർന്നുകൊണ്ടിരിക്കെ ടാപ്പിങ്, പട്ടയുടെ ആകെ നീളത്തിന്റെ മൂന്നിൽ രണ്ടു ഭാഗം മാത്രമാക്കി കുറച്ചു. ആദ്യ ദിനങ്ങളിൽ നേരിയ വ്യത്യാസമുണ്ടായെങ്കിലും താമസിയാതെ പഴയ ഉൽപാദനത്തിലേക്കു മരങ്ങൾ തിരിച്ചെത്തിയെന്നു വിശ്വൻ.

ആഴ്ചകൾക്കു ശേഷം മൂന്നാം ഘട്ടമായി വെട്ടുപട്ടയുടെ ആകെ നീളത്തിന്റെ പകുതി മാത്രം ടാപ്പിങ്. രണ്ടാം ഘട്ടത്തിൽ ലഭിച്ച അതേ ഫലം മൂന്നിലും. വിശ്വന്റെ തോട്ടത്തിലെത്തിയാൽ പകുതി മാത്രം വെട്ടുന്ന പട്ടയും പാലുൽപാദനവും നേരിൽക്കണ്ടു ബോധ്യപ്പെടാം. റബറിലെ പാൽക്കുഴലുകൾ നെറ്റ് വർക്കിങ് സംവിധാനം പോലെ പ്രവർത്തിക്കുന്നതിനാലാണ് വെട്ടുപട്ടയുടെ നീളം കുറയ്ക്കുമ്പോഴും പാൽ ഒഴുകിയെത്തുന്നതെന്നു വിശ്വൻ. ടാപ്പിങ്ങിന്റെ അധ്വാനം കുറയുമെന്നതിനെക്കാൾ ദീർഘകാലം ഒന്നാം പട്ട വെട്ടാം എന്നതാണ് പ്രധാന നേട്ടം. 

‘നിലവിൽ, മരത്തിന്റെ ചുറ്റളവിന്റെ പകുതി ഭാഗത്ത് ആദ്യപട്ട, 7–8 വർഷംകൊണ്ട് ഏതാണ്ട് 20 സെ.മീറ്റർ വെട്ടിയിറങ്ങുന്നതോടെ നേരെ എതിർവശത്ത് അടുത്ത പട്ട, ഇതാണല്ലോ രീതി. വീണ്ടും എട്ടു വർഷത്തിനു ശേഷം പൂർവസ്ഥിതിയിലായ അദ്യപട്ടയിലേക്കു തിരിച്ചു വരുന്നു. ശേഷം വീണ്ടും എതിർവശത്തേക്ക്. അങ്ങനെ ശരാശരി 32 വർഷം ടാപ്പിങ്. ഇതിൽ അവസാന 16 വർഷം ടാപ്പ് ചെയ്യുന്നത് ഒരിക്കൽ ടാപ്പ് ചെയ്ത് വീണ്ടും പൂർവസ്ഥിതിയിലായ രണ്ടു പട്ടകളിലാണ്. ആദ്യ തവണ ഈ പട്ടകളിൽനിന്നു ലഭിച്ച ഉൽപാദനം രണ്ടാം വരവിൽ ലഭിക്കില്ല. അതേസമയം വെട്ടുപട്ടയുടെ നീളം മരത്തിന്റെ ചുറ്റളവിന്റെ നാലിലൊന്നു ഭാഗത്തേക്കു ചുരുക്കുന്നതിലൂടെ നാലു ഘട്ടങ്ങളിൽ പുതുപ്പട്ടയിൽ ടാപ്പിങ് സാധ്യമാകും. ഫലത്തിൽ 32 വർഷം മികച്ച ഉൽപാദനത്തോടെ പുതുപ്പട്ട ടാപ്പിങ്. പൂർവസ്ഥിതിയിലായ പട്ടകളിലേക്കു തിരിച്ചു പോകുകകൂടി ചെയ്താൽ ടാപ്പിങ് കാലം വീണ്ടും 32 വർഷംകൂടി നീളും’, വിശ്വന്റെ വാക്കുകൾ. ഏതായാലും വിശ്വന്റെ ഈ പരീക്ഷണം ചിലരെങ്കിലും പിന്‍തുടരാൻ തുടങ്ങിയിരിക്കുന്നു.   

ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു ടാപ്പിങ്, ഇടയ്ക്ക് അടുപ്പിച്ച് രണ്ടു ദിവസം മരത്തിനു വിശ്രമം ലഭിക്കുന്ന ഈ രീതിയാണ് മികച്ചതെന്നു വിശ്വൻ. അതേസമയം പാലിന്റെ ഡിആർസി കുറയുന്നെങ്കിൽ ഇടവേള കൂട്ടണം. 100 മരത്തിൽനിന്ന് അഞ്ചര കിലോ ഉണക്ക റബർ ലഭിക്കുമെന്നു കണക്കാക്കിയാൽ  കിലോയ്ക്ക് സബ്സിഡി തുകയായ 150 രൂപ വച്ച് ദിവസം 825 രൂപ വരുമാനം. വർഷം കുറഞ്ഞത് 110 വെട്ടു ലഭിച്ചാൽ വാർഷിക വരുമാനം 90,750 രൂപ. ദിവസം മരമൊന്നിന് 2 രൂപ നിരക്കിൽ വെട്ടുകൂലി, വളം, ആസിഡ്, റെയിൻ ഗാർഡ് എന്നിങ്ങനെയുള്ള ചെലവുകളെല്ലാം നീക്കി ദിവസം  525 രൂപ വരുമാനം നേടാമെന്നു വിശ്വന്റെ കണക്ക്. അതായത്, 100 മരത്തിൽനിന്ന് മാസം കുറഞ്ഞത് 5000 രൂപ വരുമാനം. ടാപ്പിങ് സ്വയമെങ്കിൽ അത് ശരാശര ഏഴായിരത്തിലെത്തും. സബ്സിഡിയും സ്വയം ടാപ്പിങ്ങും ചേർന്നാൽ ചെറുകിട കർഷകർക്കു പടിച്ചുനിൽക്കാൻ ഇപ്പോഴും റബർകൃഷിതന്നെ തുണയെന്നു വിശ്വൻ. 

വിലയിടിവിൽ മനസിടിഞ്ഞ് പാൽ ഒട്ടുപാലായിത്തന്നെ വിൽക്കുന്നതു ബുദ്ധിയല്ലെന്നും അത് നഷ്ടം കൂട്ടുമെന്നും അദ്ദേഹം പറയുന്നു. 60 ഷീറ്റുകളിടാവുന്ന ചെറു പുകപ്പുര വാങ്ങി ഫോർ ഷീറ്റ് നിലവാരം ഉറപ്പാക്കുന്നുണ്ട് വിശ്വൻ. മരത്തിനു വിശ്രമം നൽകിയുള്ള, ഒന്നിടവിട്ട ദിവസത്തെ ടാപ്പിങ് രീതി തുടർന്നാൽ വർഷം മുഴുവൻ ടാപ്പിങ് സാധിക്കുമെന്നും നിർബന്ധമായും റെയ്ൻഗാർഡ് നൽകി ടാപ്പിങ് തുടരണമെന്നും അദ്ദേഹം പറയുന്നു. റബർത്തൈ വയ്ക്കുമ്പോൾത്തന്നെ 30 മരത്തിന് ഒരു മരം എന്ന കണക്കിൽ തേക്ക്, പ്ലാവ്, ആഞ്ഞിലി എന്നിവ ഇടവിളയാക്കിയാൽ റബറും മേൽപ്പറഞ്ഞ മരങ്ങളും മത്സരിച്ചു വളരുമെന്നും  അത് പിൽക്കാലത്ത് മികച്ച നേട്ടമാകുമെന്നും വിശ്വൻ ഓർമിപ്പിക്കുന്നു.

ഫോൺ: 9961681823 (സംശയങ്ങൾ വാട്സാപ് വഴി മാത്രം) 

Facebook: Viswan T V Velayudhan

English summary: Farmer Introduces a New System of Tapping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com