ഫാമിലെ കോഴികളെ മരണത്തിലേക്ക് നയിക്കാൻ ശേഷിയുള്ള അസുഖം, ഗംബോറോ

HIGHLIGHTS
 • കോഴിയുടെ പ്രതിരോധശേഷി ഐബിഡി പൂർണമായി തകർക്കും
 • വൈറസ് അസുഖമായതിനാൽ ഫലപ്രദമായ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടില്ല
gumboro-chicken
SHARE

ഐബിഡി: രോഗ കാരണം, പകർച്ച, പ്രതിരോധം, ചികിത്സ.

ഫാമിൽ ഐബിഡി (Infectious bursal disease) വന്നിട്ടുണ്ടെങ്കിൽ ആ കർഷകൻ അനുഭവിച്ച പ്രശ്നങ്ങൾ ഭീകരമായിരിക്കും. മരണനിരക്ക് കുറഞ്ഞു വരാൻ ഒരുപാട് പരിശ്രമങ്ങൾ ആ കർഷകൻ നടത്തിയിട്ടുണ്ടാകും. ചിലപ്പോൾ മരണനിരക്ക് കുറയാതെ ഫാം തന്നെ കാലിയായവരും ഉണ്ടാവും. അത്രയും കാലം കോഴിഫാമിൽനിന്ന് ലഭിച്ച സമ്പാദ്യം മുഴുവനും ഐബിഡി കൊണ്ടുപോയ കർഷകരും ഉണ്ടാകും.

കോഴിയുടെ പ്രതിരോധശേഷി ഐബിഡി പൂർണമായി തകർക്കുന്നതാണ് കാരണം. ഇതോടെ മറ്റു പല അസുഖങ്ങളും  വളരെ വേഗത്തിൽ ബാധിക്കുന്നു. ഫലപ്രദമായ, കൃത്യമായ ഒരു ചികിത്സാ രീതി ഐബിഡി അസുഖത്തിന് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതും ഒരു കാരണമാണ്. എങ്കിലും ഫലപ്രദമായി ഫാമുകളിൽ തുടർന്നുവരുന്ന ചികിത്സാ രീതികൾ ഈ ലേഖനത്തിൽ വായിക്കാം.

കാര്യങ്ങൾ ഇത്ര  ഭീകരമാണെങ്കിലും ഐബിഡിയെ പ്രതിരോധിക്കാനുള്ള നടപടികളിൽ നമ്മുടെ കർഷകർ കാണിക്കുന്ന ഉത്സാഹം വളരെ കുറവു തന്നെയാണ്. ഈ അസുഖം ആദ്യമായി രോഗനിർണയം നടത്തിയത് അമേരിക്കയിലെ ഗംബോറോ എന്നെ സ്ഥലത്താണ്. അതുകൊണ്ട് ഈ രോഗം ഗംബോറോ രോഗം എന്നും അറിയപെടുന്നു. ബിർണവൈറിഡേ കുടുംബത്തിൽപ്പെട്ട ഐബിഡി വൈറസ് എന്ന പേരുള്ള വൈറസാണ് രോഗകാരണം.

എങ്ങനെ പടരുന്നു?

ഐബിഡി ബാധിച്ച കോഴികൾ കാഷ്ഠത്തിലൂടെയും മറ്റു സ്രവങ്ങളിലുടെയും  ഐബിഡി വൈറസ്  പുറം തള്ളുന്നു. ഈ  വൈറസുകൾ കാറ്റു വഴിയോ, ആളുകളുടെ സമ്പർക്കം വഴിയോ ഉപകരണങ്ങളുടെ കൈമാറ്റം വഴിയോ മറ്റു ഫാമുകളിലും എത്തുന്നു. മറ്റു ഫാമുകളിൽനിന്നും മാത്രമല്ല കോഴിവളം ഉപയോഗിക്കുന്ന കൃഷിസ്ഥലങ്ങളിൽനിന്നും രോഗം പടരാം.

എങ്ങനെ പ്രധിരോധിക്കാം?

 • വാക്‌സിനേഷൻ

പേരെന്റ് കോഴികളിൽ കോഴിക്കുഞ്ഞിനും ആവശ്യമായ വാക്‌സിനേഷൻ നൽകുന്നതിനാൽ ഐബിഡി രോഗത്തിനെതിരിൽ 14 ദിവസം വരെ കുഞ്ഞുങ്ങൾക്ക് പ്രതിരോധം ലഭിക്കും (മറ്റേർണൽ ആന്റിബോഡികൾ വഴി). അതിനാൽ 12  ദിവസത്തിന് മുൻപ് ഐബിഡി വാക്‌സിൻ ചെയ്യുന്നത് വിപരീത ഫലമാണ് ചെയ്യുക (വാക്‌സിനിലെ വൈറസുകൾ മറ്റേർണൽ ആന്റിബോഡികളെ  നശിപ്പിക്കും). 

രണ്ടു വാക്‌സിനുകൾ ആണ് ഐബിഡിക്കെതിരിൽ  ബ്രോയിലർ കോഴികളിൽ നൽക്കുന്നത്. 14–ാം ദിവസം നൽകുന്ന ഇന്റർമീ‍‍ഡിയേറ്റ് വാക്‌സിനും 28–ാം ദിനം നൽകുന്ന ഇന്റർമീഡിയേറ്റ് പ്ലസ് വാക്‌സിനും. ഇവ കൃത്യമായി നൽകുകന്നത് അസുഖം വരുന്നത് പരമാവധി തടയും.

 • ബയോസെക്യൂരിറ്റി

കാറ്റിലൂടെ ഐബിഡി പടരുന്നു എന്നുള്ളത് നമ്മൾ ബയോസെക്യൂരിറ്റിയിൽ കൂടുതൽ ജാഗ്രത കാണിക്കണം എന്നാണ് മനസിലാക്കേണ്ടത്.

കർഷകർ സ്വീകരിക്കേണ്ട നടപടികളും അതിനു വേണ്ട ചെലവും.

 1. ഫാമുകളിൽ സന്ദർഷകരെ പൂർണമായി ഒഴിവാക്കുക. പ്രത്യേകിച്ചു സമീപത്തെ ഏതെങ്കിലും ഫാമിൽ ഐബിഡി‌ ഉണ്ട് എന്നു മനസിലായാൽ ആരെയും ഫാമിൽ പ്രവേശിപ്പിക്കരുത്. കൂടാതെ പ്രസ്തുത ഫാമിന്റെ അടുത്തേക്ക് പോകുകയുമരുത്. കോഴികളുടെ ആരോഗ്യത്തിനു വേണ്ടി, ‘അനുമതിയില്ലാതെ പ്രവേശിക്കരുത്. ബയോസെക്യൂരിറ്റി ഏരിയ’ എന്ന ബോർഡ് വയ്ക്കുക (ചെലവ്: 100 രൂപ)
 2. തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കോഴിവളം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാൽ ഫാമും പരിസരവും അണുനാശിനി ലായനി, 3 ദിവസം സ്പ്രൈ ചെയ്യുക (ചെലവ് : ഏറിയാൽ 400 രൂപ).
 3. ഫാമിൽ പ്രത്യേക വസ്ത്രവും, പാദരക്ഷകളും ഉപയോഗിക്കുക. ഒരു 100 രൂപയുടെ ചെരിപ്പും 300 രൂപയുടെ ടീ  ഷർട്ടും ജോലിക്കാർക്ക് വാങ്ങിനൽകുക.
 4. ഏറ്റവും കൂടുതൽ രോഗം പടർത്തുന്നത് ജോലിക്കാരല്ല കർഷകരാണ്. ഉടമ ഫാം സന്ദർശിക്കുന്ന സമയത്ത് വസ്ത്രവും ചെരുപ്പും അഴിച്ചുവച്ച് ഫാമിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക. നമുക്കുവേണ്ടി പ്രത്യേകം ഒരു വസ്ത്രവും ചെരിപ്പും വാങ്ങിവയ്ക്കുക.
 5. ഫാമിലെ പ്രത്യേക പാദരക്ഷകൾ ധരിച്ച ശേഷം അണുനാശിനി ലായനിയിൽ കാൽ മുക്കുക.
 6. ഫാമിലെ വസ്ത്രവും ചെരിപ്പും ധരിച്ച ശേഷം അണുനാശിനി ദേഹത്ത് സ്പ്രൈ ചെയ്യുക. ചെറുകിട കർഷകർക്ക് ഫാമിൽ ഉപയോഗിക്കുന്ന സ്പ്രേ തന്നെ മതി. കൂടുതൽ കോഴികൾ ഉള്ളവർ ഫാം വളപ്പിന്റെ കവാടത്തിൽ ഹ്യൂമൻ സ്പ്രേ സ്ഥാപിക്കുക.
 7. കൈ ഇടക്കിടക്ക് അണുനാശിനിയിലോ സോപ്പിലോ കഴുകുക.
 8. മറ്റു ഫാമുകളിൽനിന്ന് ഉപകരണങ്ങൾ വാങ്ങാതിരിക്കുക. അഥവാ വാങ്ങിയാൽ ആണുനാശിനി സ്പ്രേ  ചെയ്യുക.
 9. തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അണുനാശിനി സ്പ്രേ ചെയ്ത ശേഷം മാത്രം പ്രവേശിപ്പിക്കുക. കൂടുതൽ കോഴികൾ ഉള്ളവർ കൃഷിവളപ്പിന്റെ  കവാടത്തിൽ വാഹനത്തിന്റെ ടയർ മുങ്ങുന്ന രൂപത്തിൽ അണുനാശിനി സജ്ജീകരിക്കുക.
 10. പത്തു ദിവസത്തിലൊരിക്കൽ ഷെഡിനുള്ളിൽ അണുനാശിനി സ്പ്രേ ചെയ്യുക. കോഴിയുടെ തലയിൽ നേരിട്ട് അടിക്കാതെ, ഷെഡ്ഡിന്റെ പകുതി ഉയരത്തിൽ, അല്ലെകിൽ നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ  അന്തരീക്ഷത്തിൽ സ്പ്രേ ചെയ്യുക. നേരിട്ട് കോഴിയുടെ തലയിൽ സ്പ്രേ ചെയ്യുന്നത് ചിലപ്പോൾ കഫക്കെട്ട് ഉത്തെജിപ്പിക്കാൻ കാരണമാകും.
 11. കോഴികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ടോണിക്കുകൾ നൽകുന്നത് ഗുണം ചെയ്യും.

ആകെ ആയിരം രൂപ ചെലവിൽ ആയിരം കോഴികൾക്ക് ബയോസെക്യൂരിറ്റി ഒരുക്കാൻ സാധിക്കും. 6 കോഴികൾ മരണപെടാതെ രക്ഷപെട്ടാൽ ഈ പൈസ ലാഭിക്കാം.

gumboro-chicken-1
രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങൾ

ലക്ഷണങ്ങൾ

കോഴിയുടെ കഴുത്തിനു പിറകിലെ രോമങ്ങൾ ഉയർന്നു നിൽക്കുന്നതാണ് അസുഖം ബാധിച്ചു എന്നതിന്റെ ആദ്യ അപായസൂചന.  അതുപക്ഷേ ഏത് അസുഖവുമാവാം.

തീറ്റയെടുക്കുന്നത് കുറയുന്നു എന്നതാണ് ആദ്യ ലക്ഷണം. ശേഷം കോഴികൾ തൂങ്ങി നിന്നു തുടങ്ങും. പിടിച്ചുനോക്കിയാൽ ശക്‌തമായ പനിയുടെ ചൂട് ഉണ്ടാകും. പിന്നീട് വെള്ളനിറത്തിൽ വയറിളക്കം തുടങ്ങുന്നു. ഒന്നോ രണ്ടോ ദിവസത്തിനു ശേഷം തീറ്റയും വെള്ളവും എടുക്കാൻ കഴിയാതെ, ഒരു കാൽ മടക്കിവെച്ചു കോഴികളുടെ ചുണ്ട് ലിറ്ററിൽ (വിരിപ്പ്) കുത്തിവച്ചു മരണം സംഭവിക്കുന്നു.

ചികിത്സ

വൈറസ് അസുഖമായതിനാൽ ഫലപ്രദമായ ചികിത്സ അംഗീകരിക്കപ്പെട്ടിട്ടില്ല. ബർസയെയും കിഡ്‌നിയെയും ബാധിക്കുന്നതോടുകൂടി കോഴിയുടെ രോഗപ്രതിരോധ ശേഷി പൂർണമായി തകരും. ഇതോടെ മറ്റു ബാക്ടീരിയ, വൈറസ് അസുഖങ്ങൾ പെട്ടെന്ന് ബാധിക്കും. പ്രത്യേകിച്ചും ഇ–കോളിയും കോഴിവസന്തയും. ഇവരണ്ടും കോഴിഫാമിൽ അവസരം കാത്തുനിൽക്കുന്ന രോഗങ്ങളാണ്.

ബാക്ടീരിയ അണുബാധയെ തടയാൻ ആന്റിബയോട്ടിക്കുകൾ വളരെ  ഫലപ്രദമാണ്. പക്ഷേ ഏത് ആന്തരിക അവയവത്തെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് പോസ്റ്റ്‌മോർട്ടം നടത്തി വെറ്റിനറി ഡോക്ടർ തിരഞ്ഞെടുക്കുന്ന ആന്റിബയോട്ടിക്കുകൾ മാത്രമേ ഫലപ്രദമാവൂ.

ഐബിഡി ബാധിച്ച കോഴികൾക്ക്, വസന്ത രോഗത്തിനെതിരെയുള്ള ലസോട്ട വാക്‌സിൻ നൽകുന്നത്, വസന്ത വരാതിരിക്കാനും ശരീരത്തിന്റെ പൊതുവെയുള്ള പ്രതിരോധശേഷി വർധിക്കാനും സഹായിക്കുന്നു. അസുഖം ബാധിച്ചാൽ അണുനാശിനികൾ, സാന്ദ്രത വർധിപ്പിച്ച് 4 ദിവസം തുടർച്ചയായി അന്തരീക്ഷത്തിൽ സ്പ്രേ ചെയ്യണം.

ഫ്യുമിഗേഷൻ

അസുഖം ബാധിച്ച ഫാമുകൾ അടുത്ത ബാച്ച് കോഴി ഇറക്കുന്നതിനു മുമ്പ് 15 ദിവസമെങ്കിലും കാലിയാക്കിയിടണം. ശേഷം പൊട്ടാസ്യം പെർമാംഗനേറ്റും ഫോർമാലിനും ഉപയോഗിച്ചു ഫ്യുമിഗേഷൻ ചെയ്തത്തിനു ശേഷം മാത്രം കോഴിയെ ഇറക്കാവൂ. കൂടാതെ മറ്റു ശുചീകരണ പ്രവർത്തികളും ചെയ്യണം. കോഴിയുടെ ശരീരത്തിനകത്തുനിന്നും, പുറത്ത് അന്തരീക്ഷത്തിൽനിന്നു ശക്തമായി പ്രതിരോധിച്ചാൽ ഐബിഡി പടിക്കു പുറത്തു കടക്കും. അല്ലെങ്കിൽ നമ്മുടെ സമ്പാദ്യം പുറത്തു കടക്കും.

കൃത്യമായ ബയോസെക്യൂരിറ്റി മാനദണ്ഡങ്ങളും വാക്‌സിനേഷനും ആധുനിക–ശാസ്ത്രീയ പരിചരണ രീതികളും മാത്രമേ നമ്മെ രക്ഷിക്കുകയുള്ളൂ.

English summary:  Infectious Bursal Disease in Poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA