കൃഷിക്ക് വെല്ലുവിളിയായി കാലാവസ്ഥാമാറ്റം: ഇനി മാറേണ്ടത് നമ്മുടെ കൃഷിമുറകൾ

HIGHLIGHTS
  • സെപ്റ്റംബർ 30 വരെ പെയ്യേണ്ട കാലവർഷം നേരത്തേ പിൻവാങ്ങുന്നു
  • മിക്ക വിളകളിലും വ്യാപകതോതിൽ കുമിളാക്രമണം
farming
SHARE

കേരളത്തിൽ മഴലഭ്യതയിൽ വൻമാറ്റമാണുള്ളത്. കാലവർഷം സാധാരണഗതിയില്‍ ജൂൺ ഒന്നിന് ആരംഭിക്കണം. എന്നാൽ, ഈയിടെയായി ചില വർഷങ്ങളിൽ വേനൽ ജൂൺ പകുതിവരെ നീളുന്നു. കൂടാതെ, കാലവർഷത്തിനിടയിൽ ചിലപ്പോൾ കനത്ത മഴ അടുപ്പിച്ച് 3–4 ദിവസം പെയ്ത് വൻ വെള്ളപ്പൊക്കം ഉണ്ടാക്കുന്നു. ചിലപ്പോൾ മഴ ഇടവേള ഇല്ലാതെ അനേക ദിവസം പെയ്യുന്നതു മൂലം പലതരം വിളകളിലും കുമിൾരോഗങ്ങൾ വർധിച്ച് വൻ വിളനാശം വരുത്തുന്നു.

സെപ്റ്റംബർ 30 വരെ പെയ്യേണ്ട കാലവർഷം നേരത്തേ പിൻവാങ്ങുന്നതായും ചില വർഷങ്ങളിൽ കാണുന്നു. ഒക്ടോബർ – നവംബർ മാസങ്ങളിൽ ലഭിക്കേണ്ട തുലാമഴയും താളം തെറ്റുന്നുണ്ട്. ചില വർഷങ്ങളിൽ തുലാമഴ കിട്ടിയാൽ കിട്ടി എന്ന രീതിയാണ്. അതുപോലെ ഡിസംബർ – ഫെബ്രുവരി വരെ ലഭിക്കേണ്ട മഞ്ഞുകാല മഴയിലും, മാർച്ച് – മേയ് കാലത്തു ലഭിക്കേണ്ട വേനൽമഴയിലും വൻ കുറവാണുള്ളത്. അതായത്, ഉണക്കിന്റെ കാലയളവും കാഠിന്യവും വർധിച്ചു.  ആർദ്രത നിറഞ്ഞ ഉഷ്ണമേഖലാ കാലാവസ്ഥയിൽനിന്ന് കേരളം ഈർപ്പവും മഴയും കുറഞ്ഞ കാലാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

കാലവർഷത്തിലെ അതിശക്തമായ തുടർമഴ മിക്ക വിളകളിലും വ്യാപകതോതിൽ കുമിളാക്രമണം വർധിപ്പിച്ച് വിളനാശം വരുത്തുന്നു. ഇതിനു പ്രതിവിധികൾ ഈ മാസത്തെ കൃഷിപ്പണികളിൽ വിവരിച്ചിട്ടുണ്ട്. മഴയ്ക്കുശേഷം വരൾച്ച കഠിനമാകുകയും മണ്ണിൽ ജലാംശമില്ലാതെ വിളകൾ നശിക്കുകയും ഭൂഗർഭജലം ക്രമാതീതമായി താഴുകയും ചെയ്യുന്നു.

തോട്ടവിളകളിലാണ് വേനലിന്റെ കാഠിന്യം വലിയ പ്രഹരം ഏൽപിക്കുന്നത്. വേനൽക്കാലത്ത് മണ്ണിൽ ജലം ലഭ്യമാകുന്നതിനുള്ള മഴവെള്ള സംഭരണ നടപടികൾ ഇപ്പോൾതന്നെ പ്രാവർത്തികമാക്കുക. ഒക്ടോബർ – നവംബറിൽ കിട്ടുന്ന മഴവെള്ളം തോട്ടങ്ങളിലെ മണ്ണിൽ സംഭരിക്കാൻ മഴക്കുഴികൾ നിർമിക്കുക. ചെറു–ഇടത്തരം ചരിവുള്ള തോട്ടങ്ങളിലാണ് ഈ നടപടി സ്വീകരിക്കുക. ചരിവ് കൂടിയ തോട്ടങ്ങളിൽ മഴക്കുഴി പാടില്ല. പകരം സ്വാഭാവികമായ ഒഴുക്കുവെള്ളം തോട്ടത്തിന്റെ അടിഭാഗത്ത് നിരപ്പുള്ള സ്ഥലത്ത് കുളങ്ങളിൽ ശേഖരിച്ച് വേനൽക്ക് സൂക്ഷ്മജലസേചനരീതികളിൽ വിളകൾ നനയ്ക്കുക.

നെൽപ്പാടങ്ങളിൽ മുണ്ടകൻകൃഷിയിൽ ജലക്ഷാമം ഉണ്ടാകുന്ന പാടങ്ങളിൽ നടീൽ മുതൽ ചിനപ്പുകൾ കൂടുതലായി പൊട്ടുന്ന കാലംവരെ 5 സെ.മീ. വെള്ളം നിർത്തുക. ഇതു കളകളെ നിയന്ത്രിക്കാൻ സഹായിക്കും. തുടർന്ന് കൊയ്ത്തു വരെ പാടത്ത് നനവു നിലനിർത്തിയാൽ മതി. ഇതുമൂലം 1.6 ശതമാനം വിളനഷ്ടമേ ഉണ്ടാകുകയുള്ളൂ. തുടര്‍ന്നു നടുന്ന പച്ചക്കറികൾ, പയർവർഗങ്ങൾ എന്നിവയുടെ മൂപ്പു കുറഞ്ഞ ഇനങ്ങൾ കൃഷിയിറക്കുക. സാധാരണ മൂപ്പുള്ള ഇനങ്ങളാണ് നടുന്നതെങ്കിൽ തുള്ളിനന നടത്തുക. തുള്ളിനനയിലൂടെ വളം കൂടി നൽകിയാൽ വിളവ് 40–50 ശതമാനം വർധിക്കും.

വെള്ളപ്പൊക്കം മൂലം ചെളി അടിഞ്ഞ വിളകളിൽ വായുസഞ്ചാരം നിന്നുപോയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ സസ്യ മൂലകങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും മണ്ണിലെ സൂക്ഷ്മജീവികൾ ചത്തൊടുങ്ങി. പുളിരസവും കൂടിയിട്ടുണ്ട്. മഗ്‌നീഷ്യവും ബോറോണും മണ്ണിൽ കുറഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മേൽമണ്ണ് ഇളക്കി അടിമണ്ണുമായി ഒന്നിപ്പിക്കണം. ധാരാളം ജൈവവളം മണ്ണിൽ ചേർത്ത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തണം. ഡോളോമൈറ്റും ബോറോണും ഈ മണ്ണിലുള്ള വിളകൾക്ക് നൽകണം. വെള്ളപ്പൊക്കത്തിനുശേഷം ആദ്യവിള പയർവർഗമാകുന്നത് ഇത്തരം മണ്ണിനെ പൂർവസ്ഥിതിയിലേക്കു മാറ്റാൻ ഉപകരിക്കും.

മണ്ണൊലിപ്പുണ്ടായ കുന്നിൻചരിവുകളിൽ മണ്ണിൽനിന്നു ജൈവാംശവും എല്ലാവിധ സസ്യമൂലകങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. സൂക്ഷ്മജീവികൾ നഷ്ടപ്പെടുകയും പുളിരസം കൂടുകയും ചെയ്തു. ഈ മണ്ണിലെ വിളകൾക്ക് ജൈവവളങ്ങൾ, രാസവളങ്ങൾ, സൂക്ഷ്മമൂലക വളങ്ങൾ എന്നിവ അത്യാവശ്യം. മണ്ണിലെ പിഎച്ച് മൂല്യം (അമ്ല–ക്ഷാര നില) 6ൽ താഴെയാണെങ്കിൽ കുമ്മായമോ ഡോളോമൈറ്റോ ആവശ്യമായി വരും. സൂക്ഷ്മ ജീവാണുവളങ്ങളായ വാം, 

പിജിപി ആർ–1 എന്നിവയും ഈ വിളകൾക്ക് ഉചിതം. മഴ മാറുമ്പോൾ മുതൽ വിളകൾക്ക് ഇടയിൽ പുതയിട്ട് മണ്ണിൽനിന്നു  ബാഷ്പീകരണ നഷ്ടം കുറയ്ക്കുകയും മണ്ണ് ചൂടാകുന്നതു തടയുകയും വേണം.

English summary: We Need To Change Our Farming Habits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA