കോഴിഫാമുകളിലെ ദുർഗന്ധം വലയ്ക്കുന്നുവോ? ദുർഗന്ധം ഒഴിവാക്കാൻ മാർഗമുണ്ട്

HIGHLIGHTS
  • ദുർഗന്ധം മാത്രമല്ല അമോണിയ മൂലം സംഭവിക്കുന്നത്
  • ഫാമിൽ ഈർപ്പവും ബാക്ടീരിയകളെയും നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണം?
broiler-chicken-parents-farm-deep-litter
SHARE

കോഴിവളർത്തുന്ന കർഷകരുടെ എക്കാലത്തെയും പ്രതിസന്ധിയാണ് കോഴിക്കാഷ്ഠത്തിന്റെ ദുർഗന്ധം. എന്റെ എട്ടു വർഷത്തെ പ്രവൃത്തിപരിചയത്തിൽ അങ്ങാടിയുടെയും സ്ഥാപനങ്ങളുടെയും തൊട്ടടുത്ത് ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്ന ഫാമുകളും കണ്ടിട്ടുണ്ട്. ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ദുർഗന്ധം വന്ന കാരണം പൂട്ടേണ്ടി വന്ന ഫാമും കണ്ടിട്ടുണ്ട്.

എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?

എങ്ങനെയാണു കോഴിഫാമുകളിൽ ദുർഗന്ധം ഉണ്ടാകുന്നത്? അമോണിയ വാതകമാണ് ദുർഗന്ധത്തിന് കാരണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കോഴിഫാമുകളിൽ അമോണിയ വാതകം ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം.

തീറ്റയിൽ കൂടി കോഴികൾക്ക് കൊടുക്കുന്ന പ്രോട്ടീനിൽനിന്ന് ദഹിക്കാത്ത നൈട്രജൻ മൂലകങ്ങൾ യൂറിക് ആസിഡ് രൂപത്തിൽ വെള്ളനിറത്തിൽ കോഴിക്കാഷ്ഠത്തിലൂടെ പുറംതള്ളപ്പെടുന്നു. കോഴിയുടെ മൂത്രത്തിനു പകരമായാണ് ഈ വെള്ള നിറത്തിലെ യൂറിക് ആസിഡ് പുറന്തള്ളുന്നത്. ഈ യൂറിക്  ആസിഡിനെ വിരിപ്പിലുള്ള (ലിറ്റർ) ചില ബാക്ടീരിയകൾ യൂറിയ ആക്കി മാറ്റുന്നു. മറ്റു ചില ബാക്ടീരിയകൾ യൂറിക് അസിഡിനെ നേരിട്ട് അമോണിയ വാതകമാക്കി മറ്റുകയും ചെയ്യുന്നുണ്ട്. എങ്കിലും യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയാകളാണ് കൂടുതലുള്ളത്. ഇങ്ങനെ ഉണ്ടാകുന്ന യൂറിയ വെള്ളവുമായി ചേർന്നാൽ, ബാക്ടീയകൾ  ഇതിനെ അമോണിയ വാതകമാക്കി മാറ്റുന്നു. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന അമോണിയ വാതകമാണ് പലരുടെയും ഉറക്കം കെടുത്തുന്ന ദുർഗന്ധം.

ദുർഗന്ധം  മാത്രമല്ല അമോണിയ മൂലം സംഭവിക്കുന്നത്. കോഴിയുടെ കണ്ണിലും ശ്വാസനാളത്തിലും അസ്വസ്ഥത  ഉണ്ടാക്കുകയും ഇതു വഴി CRD പോലുള്ള പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. 

വിരിപ്പിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണെങ്കിൽ ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്യും. കൂടാതെ വിരിപ്പിന്റെ pH 7നു മുകളിലാണെങ്കിൽ ഇത്തരം ബാക്ടീരിയകളുടെ എണ്ണം വർധിക്കുന്നതിനു സഹായകവുമാണ്. ഉപദ്രവകാരികളായ ബാക്ടീരിയകൾ pH 7നു മുകളിൽ മാത്രമേ വളരൂ.

ഉപകാരികളും ഉപദ്രവകാരികളുമായ ബാക്ടീരിയകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചുരുക്കിപ്പറഞ്ഞാൽ വിരിപ്പിൽ വെള്ളം വീഴരുത്. എപ്പോഴും 25 ശതമാനം ഈർപ്പത്തിൽ സൂക്ഷിക്കണം. ഒന്നു വ്യക്തമായി പറഞ്ഞാൽ, യൂറിയ   ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയും യൂറിക് ആസിഡിനെയും വിരിപ്പിനെയും വെള്ളവുമായി ബന്ധിപ്പിക്കാതിരിക്കുയും ചെയ്താൽ മാത്രമേ ഫാമിലെ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കൂ.

മറ്റൊരു കാരണം ഇങ്ങനെ ഉണ്ടാകുന്ന അമോണിയ ഗ്യാസ് പുറത്തു പോകാൻ പറ്റാത്ത രൂപത്തിൽ കോഴിഫാമിൽ വശങ്ങളിൽ മതിൽ പണിയുന്നതാണ്. ബ്രോയ്‌ലർ ഫാമിലെ വശങ്ങളിൽ ഏറിയാൽ ഒരടി ഉയരം മാത്രമേ പാടുള്ളൂ. ബാക്കി എല്ലാം നെറ്റ് തന്നെ ആയിരിക്കണം. വിരിപ്പിലെ ഈർപ്പത്തിന്റെ അളവ് 20-25 ശതമാനത്തിന് ഇടയിലായിരിക്കണം. ഇത് ഇടയ്ക്കിടക്കു കർഷകൻ തന്നെ പരിശോധിക്കേണ്ടതാണ്. 

ഫാമിൽ ഈർപ്പവും ബാക്ടീരിയകളെയും നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണം? നിയന്ത്രണം എങ്ങനെയെല്ലാം?‌

1. ഫാം നിർമ്മിക്കുമ്പോൾ തന്നെ മേൽക്കൂര 2.5 അടിയെങ്കിലും പുറത്തോട്ട് തള്ളിയിരിക്കണം. മഴവെള്ളവും മഞ്ഞും ഫാമിലെ വിരിപ്പിൽ വീഴാതിരിക്കാനാണിത്. കൂടാതെ മഴക്കാലത്തും മഞ്ഞുകാലത്തും കർട്ടൺ കൃത്യമായി ഉപയോഗിക്കണം. ഷെഡ് നിർമിച്ചിരിക്കുന്നത് കിഴക്ക് പടിഞ്ഞാറു ദിശയിൽ തന്നെ ആയിരിക്കണം. എങ്കിൽ മാത്രമേ അമോണിയ വാതകം കൃത്യമായി, കാറ്റോട്ടത്തിലൂടെ പുറംതള്ളപ്പെടുകയുള്ളൂ.

2. വെള്ളപ്പാത്രത്തിന്റെ ഉയരം കോഴിയുടെ വാലിന്റെ നിരപ്പിൽ ആയി സജീകരിക്കണം. വെള്ളപ്പാത്രത്തിലെ വെള്ളമാണ് വാലിന്റെ നിരപ്പിൽ വരേണ്ടത് താഴ്ഭാഗമല്ല. നിപ്പിൾ സിസ്റ്റം ഉപയോഗിക്കുന്നവർ നേരെ വിപരീതമായാണ് ചെയ്യേണ്ടത്, കോഴിയുടെ തലയ്ക്കു മുകളിൽ വരുന്ന രൂപത്തിൽ നിപ്പിൾ സജ്ജീകരിക്കുക. കൂടാതെ നിപ്പിളിലും മറ്റു പൈപ്പ്‌ലൈനിലും ലീക്കേജ് ഇല്ല എന്ന് എല്ലാ ദിവസവും ഉറപ്പു വരുത്തണം.

3. കോഴികൾക്ക് വയറിളക്കം വരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കണം. വെള്ളം അണുനശികരണം നടത്തുക, ടാങ്കും വെള്ളപ്പാത്രവും കഴുകുക, കൃത്യമായ ബയോസെക്യൂരിറ്റി തുടങ്ങിയവ ചെയ്തിരിക്കണം. വയറിളക്കം വരുന്നതോടുകൂടി യൂറിക് ആസിഡും വിരിപ്പും ഈർപ്പവുമായി സമ്പർക്കത്തിൽ വരികയും ഫാമിലെ ദുർഗന്ധം ഗണ്യമായി വർധിക്കുകയും ചെയ്യും. സാൽമോണെല്ല ബാക്ടീരിയകൾ വയറിളക്കത്തിന് ഒരു പ്രധാന കാരണമാണ്, എലികളാണ് ഇവയുടെ വാഹകർ.

4. വിരിപ്പ് എല്ലാ ദിവസവും കൃത്യമായി ഇളക്കിക്കൊടുക്കുക. കോഴികാഷ്ഠം വിരിപ്പുമായി നന്നായി ചേരുന്ന രൂപത്തിൽ ദിവസവും വിരിപ്പ് ഇളക്കണം. ആയിരം ചതുരശ്ര അടിക്ക് 20 ചാക്ക് അറക്കപ്പൊടി നിർബന്ധമായും വിരിച്ചിരിക്കേണ്ടതാണ്. കൂടാതെ, വിരിപ്പിന് 1-1.5 ഇഞ്ച് വരെ കനം ഉണ്ടായിരിക്കണം.

5. ഉപകാരികളായ പ്രോബയോട്ടിക് ബാക്ടീരിയകൾ ചകിരിച്ചോറിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത്, ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കും. ഇഎം സൊല്യൂഷൻ, വേസ്റ്റ് റിഡ്ഡർ തുടങ്ങി പല ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്.

6. ദഹനം കൃത്യമാക്കുന്നതിനും കൂടുതൽ പ്രോട്ടീൻ ദഹിച്ച്, യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിനും  ആവശ്യമായ പ്രോബയോട്ടിക്കുകൾ, അസിഡിഫയറുകൾ, എൻസൈമുകൾ തുടങ്ങിയവ തീറ്റയിൽ ചേർക്കാവുന്നതാണ്. കൂടുതൽ പ്രോട്ടീൻ അടങ്ങിയ തീറ്റ കോഴിക്ക് നൽകിയാൽ, യൂറിക് ആസിഡ് അളവും കൂടും, വെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ ദുർഗന്ധവും വർധിക്കും.

കോഴിഫാമിൽ ലിറ്റർ കാര്യക്ഷമമായി സംരക്ഷിച്ചാൽ ദുർഗന്ധം ഒഴിവാക്കുന്നത് നമുക്ക് എളുപ്പായി അനുഭവപ്പെടും. അല്ലാത്ത പക്ഷം എത്ര ശ്രമിച്ചാലും ഫാമിൽനിന്നു ദുർഗന്ധം ഒഴിവാക്കാൻ സാധ്യമല്ല.

English summary: ways to eliminate odour on poultry farms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA