ADVERTISEMENT

ഭാഗം: 2

ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ പാലിക്കുക എന്നത്  സംരംഭകന്റെ ഉത്തരവാദിത്തമാണ്. ലൈവ്സ്റ്റോക്ക് ഫാമുകളെ സംബന്ധിച്ച് പ്രധാനം ഫാം ലൈസൻസ് ആണ്‌. കേരള മലിനീകരണ നിയന്ത്രണ ബോർഡ്  2015ൽ പുറത്തിറക്കിയ ചട്ടങ്ങളും, പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട നിർമാണചട്ടങ്ങളും, 2012 ഏപ്രിൽ 19ന് നിലവിൽ വന്ന കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങളും പ്രകാരമാണ് ആട് ഉൾപ്പെടെയുള്ള ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. ഭേദഗതികൾ വരുത്തി   ഇക്കഴിഞ്ഞ മാസം പുറത്തിറങ്ങിയ പഞ്ചായത്ത്/മുൻസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരം അൻപതിൽ കൂടാതെ ആടുകളെ വളർത്തുന്ന ഫാം കെട്ടിടങ്ങൾ നിർമിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപങ്ങളിൽനിന്നുള്ള ബിൽഡിങ് പെർമിറ്റ് ആവശ്യമില്ല, മുൻപ് ഇത് 20 ആയിരുന്നു. എന്നാൽ, ഫാം കെട്ടിടത്തിന് ചുറ്റും 1.5 മീറ്റർ തുറസായ സ്ഥലം നൽകേണ്ടതുണ്ട്. 

അൻപതിൽ  അധികം ആടുകളെ വളർത്തുന്നതും 1000 ചതുരശ്രമീറ്റർ വരെ കെട്ടിടത്തിന് നിർമിതവിസ്തീർണം ഉള്ളതുമായ ഫാം കെട്ടിടങ്ങൾ  ജി-1 എന്ന വ്യാവസായിക കെട്ടിടങ്ങളുടെ കാറ്റഗറിയിൽ ആണുൾപ്പെടുക. ഫാം കെട്ടിടത്തിന്റെ വിസ്തീർണ്ണം 1000 ചതുരശ്രമീറ്ററിലും അധികമുണ്ടെങ്കിൽ ജി -2 കാറ്റഗറിയിലാണ് ഉൾപ്പെടുക. ഭേദഗതിക്ക് മുൻപ് ഇത് 700 ചതുരശ്രമീറ്റർ ആയിരുന്നു. ഓരോ വ്യാവസായിക കാറ്റഗറിയിലും നിർദ്ദേശിക്കപ്പെട്ട സൗകര്യങ്ങൾ ഫാമിൽ ഒരുക്കേണ്ടതുണ്ട്. ഈ കാറ്റഗറികളിൽ പെട്ട ഫാമുകളിലേക്ക് 7 മീറ്റർ വരെ വീതിയുള്ള പ്രവേശനമാർഗങ്ങൾ വേണമെന്ന്  മുൻപ് ഉണ്ടായിരുന്ന നിബന്ധനകളിൽ  ഇപ്പോൾ ഇളവുകൾ വരുത്തിയിട്ടുണ്ട്. ജി 1 കാറ്റഗറിയിൽ ഉൾപെടുന്നതും 300 ചതുരശ്രമീറ്റർ വരെ തറവിസ്തീർണ്ണം ഉള്ളതുമായ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് കുറഞ്ഞ വീതി ഇനി 3 മീറ്റർ മാത്രം മതി. ജി 1, ജി 2 കാറ്റഗറികളിൽ ഉൾപെടുന്നതും 300 മുതൽ 1500 വരെ തറവിസ്തീർണ്ണം ഉള്ളതുമായ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് ചുരുങ്ങിയ വീതി 3.6 മീറ്റർ മതി. 1500 മുതൽ 6000 വരെ തറവിസ്തീർണ്ണം ഉള്ള കെട്ടിടങ്ങളിലേക്കുള്ള പ്രവേശനമാർഗത്തിന് 5 മീറ്റർ വേണം. 7 മീറ്റർ വീതിയുള്ള പ്രവേശനമാർഗങ്ങൾ 6000ന് മുകളിൽ തറവിസ്തീർണ്ണമുള്ള കെട്ടിടങ്ങളിലേക്കു മാത്രം മതി. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ലൈസൻസ് അനുവദിക്കണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള നിരാക്ഷേപ പത്രം (എൻഒസി)  ആവശ്യമായി വരും. മലിനീകരണ നിയന്ത്രണ ബോർഡ്  2015ൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 21 മുതൽ 50 വരെ എണ്ണം ആടുകളെ വളർത്തുന്ന ക്ലാസ് 1ൽ ഉൾപ്പെടുന്ന ഒരു ഫാം നിർമിക്കുമ്പോൾ വീടുകളിൽനിന്നും മറ്റു സ്‌ഥാപനങ്ങളിൽനിന്നും 10 മീറ്റർ കുറഞ്ഞ ദൂരപരിധി വേണ്ടതുണ്ട്. ക്ലാസ്  2, 3, 4  എന്നിവയിൽ ഉൾപ്പെടുന്ന യഥാക്രമം  51-100, 101-200, 201-500 എണ്ണം ആടുകളെ വളർത്തുന്ന ഫാമുകൾക്ക് വേണ്ട കുറഞ്ഞ ദൂരപരിധി 25 മീറ്ററാണ്. 500ൽ അധികം ആടുകളുണ്ടെങ്കിൽ മറ്റ് കെട്ടിടങ്ങളിൽനിന്നും ഫാമിലേക്ക് 50 മീറ്റർ ദൂരപരിധി വേണ്ടതുണ്ട്. ഒരു മുതിർന്ന ആടിൽനിന്ന് പ്രതിദിനം 1.25 കിലോഗ്രാം ചാണകവും മൂത്രവും കഴുകുന്ന വെള്ളവും ഉൾപ്പെടെ 1 ലീറ്റർ ദ്രവമാലിന്യങ്ങളും ഉൽപാദിപ്പിക്കപ്പെടും എന്നാണ് കണക്ക്‌. മാലിന്യനിർമ്മാർജനത്തിനായി വളക്കുഴിയും മൂത്രശേഖരണ ടാങ്കും ഫാമിൽ പ്രത്യേകം തയ്യാറാക്കണം.

നിലവിൽ പഞ്ചായത്ത് രാജ് ഫാം ലൈസൻസ് ചട്ടപ്രകാരം മൂന്നു മാസം പ്രായമെത്തിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇരുപതിലധികം ആടുകളെ വളർത്താൻ ഉദ്ദേശിക്കുന്ന ഫാമുകൾ നിർമിക്കാൻ അനുമതിയും പ്രവർത്തനമാരംഭിക്കാൻ ലൈസൻസും അതത് തദ്ദേശ സ്വയം ഭരണസ്ഥാപനത്തിൽനിന്നും  നിർബന്ധമായും നേടേണ്ടതുണ്ട്. കെട്ടിടനിർമാണച്ചട്ടങ്ങളിൽ വന്ന ഇളവുകൾക്ക് അനുസൃതമായി ലൈസൻസ് ഇല്ലാതെ ഒരു ഫാമിൽ വളർത്താവുന്ന ആടുകളുടെ എണ്ണം ഇരുപതിൽനിന്ന് അൻപതാക്കി ഉയർത്താൻ സർക്കാർ ഈയിടെ തീരുമാനം എടുത്തിട്ടുണ്ട്. ഇതുപ്രകാരം പുതുക്കിയ പഞ്ചായത്ത് രാജ് - ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടഭേദഗതി താമസിയാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

ലൈസൻസിനായുള്ള അപേക്ഷ അതത് പഞ്ചായത്ത് സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്.ആദ്യ ഘട്ടത്തിൽ ഫാം നിർമാണാനുമതി ലഭിക്കുന്നതിനായി ലൈസൻസ് ഫോം 1ൽ അപേക്ഷ നൽകണം. ആകെ ലഭ്യമായ സ്ഥലവിസ്തീർണ്ണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീർണ്ണം, വളർത്താൻ ഉദ്ദേശിക്കുന്ന ആടുകളുടെ എണ്ണം, ഇനം, സമീപമുള്ള കെട്ടിടങ്ങളുടെ വിവരം  തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ അപേക്ഷക്കൊപ്പം  ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ  രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും. നിർമാണ അനുമതി ലഭിച്ചാൽ  ഷെഡ്  നിർമാണം പൂർത്തിയാക്കി ഫാമിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ  ശേഷം പ്രവർത്തനാനുമതിക്കും ലൈസൻസിനുമായി ഫോം രണ്ടിൽ  വീണ്ടും അപേക്ഷ നൽകണം. ചട്ടങ്ങൾ എല്ലാം  കൃത്യമായി പാലിച്ചാണ് ഫാം ഒരുക്കിയിരിക്കുന്നതെങ്കിൽ സെക്രട്ടറി ഫോം മൂന്നിൽ  ലൈസൻസ് അനുവദിക്കും. ആടുകളുടെ എണ്ണത്തിന്റെ  അടിസ്ഥാനത്തിൽ ഫാമുകളെ ആറ് ക്ലാസുകളായി തിരിച്ചിട്ടുണ്ട്. ഈ ക്ലാസ്സുകളുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നത്. വർഷാവർഷം ഫാം ലൈസൻസ് പുതുക്കുകയും വേണം. 

തുടരും

നാളെ: വിപണിയുടെ മർമം അറിഞ്ഞ് വളർത്തിയാൽ ആടുകൃഷിയിൽ വിജയമുറപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com