വിപണിയുടെ മർമ്മമറിഞ്ഞ് വളർത്തിയാൽ ആടുകൃഷിയിൽ വിജയമുറപ്പ്

HIGHLIGHTS
  • മുട്ടനാടിനെ വളർത്തിയും ആദായം നേടാം
  • ആട്ടിൻകാഷ്ഠം മികവേറും ജൈവവളം
karoli-goat
കരോളി ഇനം ആട്
SHARE

ഭാഗം: 3

തൃശൂര്‍ മണ്ണുത്തി സ്വദേശിയും അധ്യാപകനുമായ മനോജിന്റെ ആടു ഫാമിലേക്ക് ആളുകൾ എത്തുന്നത് നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ തേടിയാണ്. ആടുകളെ തേടിയെത്തുന്നവർക്കെല്ലാം വേണ്ടത് നീളത്തില്‍ താഴോട്ട് തൂങ്ങുന്ന പിരിവുകളുള്ള ചെവികളും  കരിവർണത്തിന്‍റെ മാറ്റുമുള്ള ബീറ്റൽ ആട്ടിൻകുഞ്ഞുങ്ങളെയാണ്. അജലോകത്ത് ഗജപ്രൗഢിയുള്ള പഞ്ചാബി ബീറ്റല്‍ ആടുകളുടെ നല്ല ഒരു ശേഖരം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ട്. മൂന്ന് മാസം പ്രായമെത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ മനോജിന്റെ ഫാമിൽനിന്നു  വിപണനം ചെയ്യും. മൂന്നു മാസം പ്രായമെത്തിയ 15-20  കിലോഗ്രാമിനിടയിൽ  ശരീരതൂക്കമുള്ള  കുഞ്ഞിന്  15,000 രൂപയോളം വിപണിയില്‍  വിലയുണ്ട്. തൂക്കവിലയേക്കാൾ ബീറ്റൽ ആടുകൾക്ക് മോഹവിലയാണ് കണക്കാക്കുന്നത്.  വിലനിലവാരം കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും  ഇത്രയും പണം  മുടക്കി ശുദ്ധജനുസ് ബീറ്റല്‍ ആടുകളെ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഏറെയുണ്ടെന്നാണ് മനോജിന്‍റെ അനുഭവം. ആദ്യ ഗഡു മുന്‍കൂറായി അടച്ച് മനോജിന്‍റെ ഫാമില്‍ നിന്നുള്ള ആട്ടിന്‍ക്കുഞ്ഞുങ്ങളെ  ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുമുണ്ട്.  

goat-manoj
മനോജ് തന്റെ ബീറ്റൽ ആടുകൾക്കൊപ്പം

കോട്ടയം മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ ജോര്‍ജിന്റെ ഗോട്ട്സ് വില്ലയെന്ന് പേരിട്ട ഫാമിൽ കർഷകർ നിത്യേനയെത്തുന്നത് നല്ലയിനം മലബാറി ആട്ടിൻകുട്ടികളെ തേടിയാണ്. മലബാറി ആടുകൾക്ക് വേണ്ടി മാത്രമായുള്ളതും സംസ്ഥാനസർക്കാരിന്റെ പുരസ്കാരമടക്കം നേടിയതുമായ  സംസ്ഥാനത്തെ പേരുകേട്ട ഫാമുകളിൽ ഒന്നാണ് സോജന്റെ മുണ്ടക്കയത്തുള്ള മലബാറി ഗോട്ട്സ് വില്ല. ആറു മാസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് സോജന്റെ  പ്രധാനവരുമാനം. 100 ആടുകളില്‍നിന്നായി വര്‍ഷം തോറും ഇരുന്നൂറോളം കുട്ടികളെ ലഭിക്കും. ആറു മാസം പ്രായമായ മലബാറി ആട്ടിൻകുട്ടിക്ക് ഏകദേശം 15 കിലോഗ്രാമോളം തൂക്കം വരും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് ഇവയെ വില്‍ക്കുന്നത്.  ഇങ്ങനെ 3000 കിലോയോളം വരുന്ന  ആടുകളെ ഒരു വർഷം വിൽപന നടത്തുമ്പോൾ 10 ലക്ഷത്തോളം രൂപ വരുമാനമായി സോജന്റെ പോക്കറ്റിലെത്തും. മികച്ച ആട്ടിൻകുഞ്ഞുങ്ങൾക്ക് എപ്പോഴും ആവശ്യക്കാരുള്ളതിനാൽ നല്ലയിനം ആട്ടിൻകുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന പ്രജനന യൂണിറ്റുകൾക്ക് സംരംഭകസാധ്യതകൾ ഏറെയുണ്ട്. സോജനും മനോജുമെല്ലാം ആടുകൃഷിയുടെ ഈ സാധ്യത തിരിച്ചറിഞ്ഞ് മികച്ചരീതിയിൽ പ്രയോജനപ്പെടുത്തി വരുമാനം നേടുന്ന സംരംഭകരിൽ ചിലർ മാത്രമാണ്. മാംസാവശ്യങ്ങള്‍ക്കായി ശരീരതൂക്കമനുസരിച്ചാണ് ആടുകളെ വിറ്റഴിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളെ വിറ്റഴിക്കുന്നത് പലപ്പോഴും മോഹവിലയ്ക്കാണ്. ജനുസിന്റെ ഗുണങ്ങളെല്ലാം തികഞ്ഞ ആടുകളുടെ വിപണിവില നിശ്ചയിക്കുന്നത് ശരീര തൂക്കത്തെക്കാൾ ബ്രീഡ് മേന്മ അടിസ്ഥാനപ്പെടുത്തിയാണ്.

ആട്ടിൻ പാലിൽനിന്നും ആദായം

ആട്ടിൻ പാലിനും വിപണിയിൽ  മോഹവിലയാണുള്ളത്. വെറ്ററിനറി സര്‍വകലാശാലയിലെ ഫാമിൽ ആട്ടിൻ പാൽ വിപണനം ചെയ്യുന്നത് ലീറ്ററിന് 80 രൂപ നിരക്കിലാണെങ്കില്‍ ലീറ്ററിന് 150-200 രൂപയ്ക്ക് ആട്ടിന്‍പാല്‍ വില്‍പ്പന നടത്തുന്ന വിപണന മിടുക്കുള്ള ആട് സംരംഭകരും ഇന്ന്  കേരളത്തിലുണ്ട്. ആട്ടിന്‍പാല്‍ കൂടുതൽ  ആരോഗ്യദായകമാണെന്ന വിശ്വാസമാണ് ഈ ഉയര്‍ന്ന മൂല്യത്തിനടിസ്ഥാനം. ആട്ടിന്‍പാലിന്‍റെ വേറിട്ട ഗുണങ്ങൾ  ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തി വിപണനം ചെയ്യാന്‍ സംരംഭകര്‍ക്ക് സാധിക്കണം. പശുവിൻ പാൽ, എരുമപ്പാൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഗുണത്തിലും മേന്മയിലും  ഒരു തൂക്കം മുന്നിലാണ് ആട്ടിൻ പാൽ. ആട്ടിൻപാലിന്റെ പോഷകമേന്മകൾ പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. പശുവിൻ പാൽ ചിലർക്ക് അലർജിയുണ്ടാക്കാറുണ്ട്‌, എന്നാൽ ഈ പാൽ അലർജിക്ക് കാരണമാവുന്ന മാംസ്യതന്മാത്രകൾ ആട്ടിൻ പാലിൽ അടങ്ങിയിട്ടില്ല. ആട്ടിന്‍പാലിലെ കൊഴുപ്പ് കണികകളുടെ വലുപ്പം (മിൽക്ക് ഫാറ്റ് ഗ്ലോബുൾസ് )  പശുവിന്‍ പാലിലെ കൊഴുപ്പ് കണികകളുടെ പകുതി മാത്രമായതിനാൽ ദഹനം എളുപ്പത്തില്‍  നടക്കും. ദഹനശേഷി ഉയർന്നതായതിനാൽ ചെറിയ കുട്ടികള്‍, രോഗികള്‍,  പ്രായമായവർ, ഗർഭിണികൾ എന്നിവര്‍ക്കെല്ലാം അഭികാമ്യം ആട്ടില്‍പ്പാല്‍ തന്നെ. മുലപ്പാലിലെ  പോഷക, ജൈവിക ഗുണങ്ങളോടെ ഏറ്റവും ചേർന്ന് നിൽക്കുന്ന പാലും ആടിന്റേത് തന്നെ. പശുവിൻപാലിനെ അപേക്ഷിച്ച് ആട്ടിന്‍പാലില്‍ മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (MUFA), പോളി അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്  (PUFA) തുടങ്ങിയ ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പ് അമ്ലങ്ങളുടെയും മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡുകളുടെയും (MCT) അളവ് ഉയര്‍ന്നതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദയ രോഗങ്ങൾ തടയാനും ഇതുപകരിക്കും . ആട്ടിൻ പാലിൽ കുറഞ്ഞ അളവിൽ മാത്രമുള്ള ഒറോട്ടിക് ആസിഡ് (Orotic acid) സാന്നിധ്യം   കരളിൽ കൊഴുപ്പടിഞ്ഞ് കൂടിയുണ്ടാവുന്ന ഫാറ്റി ലിവർ സിൻഡ്രോം അകറ്റാൻ ഉപകരിക്കും. ആട്ടിൻ പാലിൽ അധിക അളവിൽ അടങ്ങിയ ചില അമിനോ അമ്ലങ്ങൾക്ക് രോഗകാരികളായ ബാക്ടീരിയകളെ അകറ്റി നിർത്താനുള്ള ആന്റിബയോട്ടിക് ഗുണം കൂടിയുണ്ടെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടിട്ടുണ്ട്. ആട്ടിൻ പാലിലെ ലാക്ടോഫെറിൻ മാംസ്യതന്മാത്രകൾക്കും ഈ ഗുണമുണ്ട് . ആമാശയത്തിലെ അധിക അമ്ലത്വത്തെ / അസിഡിറ്റിയെ നിർവീര്യമാക്കാനുള്ള ബഫറിങ് ഗുണവും ആട്ടിൻ പാലിനുണ്ട്.  ആട്ടിൻ പാലിൽ സമൃദ്ധമായി അടങ്ങിയ  എൽ ഗ്ലൂട്ടമിൻ (L.Glutamine) എന്ന അമിനോ അമ്ലമാണ് ഈ ഗുണത്തിന് നിദാനം. ഇന്ന് വിപണിയില്‍ ഏറെ പ്രിയമുള്ള എ - 2 തരത്തിൽ പെട്ട  പാല്‍ കൂടിയാണ് ആടിന്‍റേത്. 

ആട്ടിറച്ചിയുടെ മികവ്  

മറ്റ് ഇറച്ചിമൃഗങ്ങളുടെ മാംസത്തെ  അപേക്ഷിച്ച് ആട്ടിറച്ചിൽ പൂരിത കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും അളവ് താരതമ്യേന കുറവാണ്.  മാത്രമല്ല ഉയർന്ന ദഹനശേഷിയും ആട്ടിറച്ചിക്കുണ്ട്. ഇറച്ചിയുടെ ജൈവമൂല്യവും ഉയർന്നത് തന്നെ. കാത്സ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, സോഡിയം, കോപ്പർ, മഗ്നീഷ്യം, ഇരുമ്പ് , മംഗനീസ്‌ തുടങ്ങിയ ധാതുലവണങ്ങളും ജീവകം എ, ബി, ഡി  എന്നിവയും സമൃദ്ധമായി ആട്ടിറച്ചിയിലുണ്ട് . കശാപ്പ് ചെയ്യുന്ന ഭക്ഷ്യയോഗ്യമായ ഉരുക്കളുടെ എല്ല് അടക്കമുള്ള മാംസത്തിന്റെ അളവാണ് ഡ്രസ്സിങ് ശതമാനം ( Dressing percentage). ആടുകളിൽ ഇത് ശരാശരി  45 -50 ശതമാനം വരെയാണ്. അതായത് 50 കിലോ ശരീരതൂക്കമുള്ള ഒരാടിനെ കശാപ്പ് ചെയ്താൽ അതിൽനിന്ന്  25 കിലോയോളം ഭക്ഷ്യയോഗ്യമായ  എല്ലോട് കൂടിയ  മാംസം ലഭിക്കും. സിരോഹി, ജമുനാപാരി തുടങ്ങിയ പേശി വളർച്ചാ നിരക്ക് പൊതുവെ കൂടുതലുള്ള ആടുകളിൽ ഡ്രസിങ് ശതമാനം 55 ശതമാനം വരെയായിരിക്കും. സൂപ്പ് നിർമാണത്തിനും മറ്റുമായി  ആടിന്റെ മറ്റ് ശരീരഭാഗങ്ങൾക്കും ആവശ്യക്കാരുണ്ട്. തീറ്റപരിവർത്തന ശേഷി, വളർച്ച നിരക്ക്  തീറ്റച്ചെലവ്‌, ഇറച്ചിയുടെ ഗുണമേന്മ, ഡ്രസ്സിങ് ശതമാനം,  ഉപഭോക്താക്കളുടെ താല‍പര്യം എന്നിവ ചേർത്ത് പരിഗണിക്കുമ്പോൾ ഇറച്ചിക്കായി വളർത്തുന്ന   ആടുകളെ ഒരു വയസ്  പ്രായമെത്തുമ്പോൾ തന്നെ  മാംസവിപണിയിൽ എത്തിക്കുന്നതാണ് സംരംഭകന് ലാഭകരം.    

goat-radhakrishnan
രാധാകൃഷ്ണൻ ആടുകൾക്കൊപ്പം

മുട്ടനാടിനെ വളർത്തിയും ആദായം നേടാം

തൃശൂർ ജില്ലയിലെ മാറ്റാംപുറം സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണന്റെ ഫാമിൽ ആടുകളുമായി ആളുകൾ എത്തുന്നത് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള മികച്ചയിനം മുട്ടനാടുകളുമായി തങ്ങളുടെ പെണ്ണാടുകളെ ഇണചേർക്കാൻ വേണ്ടിയാണ്. മുട്ടനാടിന്റെ ജനുസും മേന്മയും അനുസരിച്ച് ഇണചേർക്കാൻ നിശ്ചിത ഫീസുമുണ്ട്. രാധാകൃഷ്ണനെ പോലെ മികച്ചയിനത്തിൽ പെട്ട മേൽത്തരം  മുട്ടനാടുകളെ   പ്രജനനാവശ്യത്തിന് വേണ്ടി മാത്രമായി പരിപാലിച്ച് വരുമാനം നേടുന്ന  നിരവധി കർഷകർ ഇന്ന്  കേരളത്തിലുണ്ട്. മുട്ടനാടുകളുടെ ജനുസുകൾ അനുസരിച്ച് ഓരോ ബ്രീഡിങിനും വേണ്ടി ഈടാക്കുന്ന തുക 100 മുതൽ 1000 വരെ നീളും.  

ബ്രീഡിങിന് ഉപയോഗിക്കാവുന്ന മികച്ച മുട്ടനാടുകളുടെ ലഭ്യതക്കുറവ്  ആട് വളർത്തൽ മേഖല നേരിടുന്ന ഒരു വെല്ലുവിളിയാണ്. പ്രജനന ആവശ്യത്തിന് മാത്രമായി മുട്ടനാടുകളെ സംരക്ഷിക്കുകയെന്നത് എല്ലാ ആട് കർഷകർക്കും  പ്രായോഗികമോ ലാഭകരമോ അല്ല. ഈ സാഹചര്യത്തിൽ  പ്രജനന ആവശ്യത്തിന് ഉപയോഗിക്കാവുന്ന മികച്ച മുട്ടനാടുകളുടെ പരിപാലനവും  ഒരു ആദായ സ്രോതസാണ്. നല്ല പരിചരണം നൽകി മുട്ടനാടുകളെ വളർത്തി കർഷകരുടെ ആവശ്യാനുസരണം  പെണ്ണാടുകളുടെ പ്രജനനത്തിനായി ഉപയോഗിക്കാം. ഇതിനായി ആവശ്യക്കാരായ കർഷകരിൽനിന്നും ന്യായമായ ഒരു ഫീസും ഈടാക്കാം. മതിയായ ബ്രീഡിങ് വിശ്രമം നൽകി ഒരു വയസായ മുട്ടനാടുകളെ മാസത്തിൽ 25 പ്രാവശ്യവും മൂന്ന് വയസ് പ്രായമെത്തിയതിനെ 40  പ്രാവശ്യം വരേയും ആരോഗ്യകരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കും. പ്രജനനാവശ്യത്തിന് ഉപയോഗിച്ച ശേഷം മുട്ടനാടുകളെയും മാംസവിപണിയിൽ എത്തിക്കാം. ഇത് സംരംഭകന് അധിക നേട്ടം നേടി നൽകും.

ആട്ടിൻകാഷ്ഠം  മികവേറും ജൈവവളം

ആട്ടിന്‍കാഷ്ടം പകരം വെക്കാനില്ലാത്ത ഒരു ജൈവവളമാണ്. 3 ശതമാനം നൈട്രജനും 1 ശതമാനം ഫോസ്ഫറസും 2 ശതമാനം പൊട്ടാസ്യവും ആട്ടിൻ വളത്തിൽ അടങ്ങിയിട്ടുണ്ട്. ഉദ്യാനകൃഷിക്കായും പച്ചക്കറിക്കൃഷിക്കായുമെല്ലാം ആട്ടിൻ വളത്തിന് ആവശ്യക്കാരുണ്ട്. അഞ്ചോളം മുതിർന്ന ആടുകളുള്ള ഒരു ഫാമിൽ നിന്നുതന്നെ  പ്രതിദിനം 5 കിലോഗ്രാമോളം ആട്ടിൻവളം കിട്ടും. ആട്ടിൻ കഷ്ടം പൊടിച്ച് വിപണിയിൽ എത്തിക്കുന്നതാണ് ഉത്തമം. സൂക്ഷ്മാണുസമൃദ്ധമായ  ഇഎം ലായനി (Effective micro-organisms) ഉപയോഗിച്ച് കമ്പോസ്റ്റിംഗ് രീതിയിൽ ആട്ടിൻകാഷ്ഠം പൊടിക്കുന്ന വിദ്യ ഇന്ന് പ്രചാരത്തിലായിട്ടുണ്ട്. ആട്ടിൻ മൂത്രവും ജൈവവള വിപണിയിൽ ആവശ്യക്കാരേറെയുള്ള ഒരുൽപന്നമാണ്. മാത്രമല്ല ആയുർവേദ മരുന്ന് നിർമാണത്തിനായും ആട്ടിൻ മൂത്രത്തിന് ആവശ്യക്കാരുണ്ട്. ഇങ്ങനെ ആട്ടിൽനിന്നുള്ള വൈവിധ്യങ്ങളായ ആദായവഴികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലാണ് സംരംഭകന്റെ വിജയം.

ആടു വളർത്തലിൽ അക്കിടി പറ്റാതിരിക്കാൻ

ആടിനറിയുമോ അങ്ങാടി വാണിഭം എന്നാണ് പഴമൊഴി. എന്നാൽ ആട് വളർത്തൽ സംരംഭം വിജയിക്കണമെങ്കിൽ ആടുകളുടെ അങ്ങാടിവാണിഭത്തെ പറ്റിയും വൈവിധ്യമാർന്ന വിപണനസാധ്യതകളെ പറ്റിയും സംരംഭകൻ മനസിലാക്കിയെ മതിയാവൂ. നല്ല ആടുകൾക്കും കുഞ്ഞുങ്ങള്‍ക്കും ആട്ടിന്‍ പാലിനും മാംസത്തിനും അവയുടെ കാഷ്ഠത്തിനും മൂത്രത്തിനും, തുടങ്ങി ആട്ടിന്‍തൊലിക്കു വരെ ആവശ്യക്കാർ ഏറെയുണ്ട്. ചുരുക്കത്തിൽ ആട് സമം ആദായം എന്നുതന്നെ പറയാം. ഇടനിലക്കാരുടെ ചൂഷണം ആടു വളർത്തൽ വിപണന മേഖലയില്‍ ശക്തമാണിന്ന്. ആടുകളെ വിൽക്കാൻ ശ്രമിക്കുന്ന കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്. തൂക്കവിലയേക്കാൾ പലപ്പോഴും നോക്കുവിലയാണ് കച്ചവടക്കാരും ഇടനിലക്കാരും ആടുകൾക്ക് നിശ്ചയിക്കുന്നത്. ആട്, ആട്-അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഇത്തരം കെണികളില്‍ വീഴാതെ കരുതേണ്ടതും പ്രധാനം. ആടുകളെ ശരീരതൂക്കത്തിന്റെ അടിസ്ഥാനത്തിലും ജനുസുകളുടെ മേന്മയുടെ അടിസ്ഥാനത്തിലും മാത്രം വിൽപ്പന നടത്താൻ കർഷകർ ശ്രദ്ധിക്കണം. വിപണനത്തിനായി വാട്സാപ്, ഫെയ്സ്ബുക്ക്  തുടങ്ങിയ നവീന മാര്‍ഗങ്ങള്‍ ഒക്കെയും പ്രയോജനപ്പെടുത്താം ആടിന്‍റെ വിപണിമൂല്യത്തെ തിരിച്ചറിഞ്ഞ് തന്‍റെ സംരംഭത്തെ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും, വരുമാനത്തിന്റെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും, കൂട് നിർമാണത്തിൽ അടക്കമുള്ള ഉല്പാദനക്ഷമമല്ലാത്ത അധിക ചിലവുകൾ ഒഴിവാക്കാനും, ഇടനിലക്കാരില്ലാതെ  വിപണി കണ്ടെത്താനും സാധിച്ചാല്‍ ആട് സംരംഭത്തില്‍ വിജയം  ഉറപ്പ്.

English summary: How to Start a Goat Farm?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA