ADVERTISEMENT

കേരളത്തിലെ മുട്ടയുൽപാദനം വർധിപ്പിച്ചവയാണ് BV380 കോഴികൾ. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ വെങ്കിടേശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത മുട്ടക്കോഴികളാണ് BV380 കോഴികൾ. ഹൈദരാബാദിൽ ഉരുത്തിരിച്ചെടുത്തവയാണെങ്കിലും കേരളത്തിൽ വളരെ പെട്ടെന്ന് പ്രചാരം ലഭിച്ചു ഈ ഇനം കോഴികൾക്ക്.

മൂന്ന് കാരണങ്ങളാണ് പ്രധാനമായും ഇത്രയും പ്രചാരം ലഭിക്കാൻ സഹായിച്ചത്.

  1. വർഷത്തിൽ 300 മുട്ടകൾ വരെ ഉൽപാദിപ്പിക്കാനുള്ള ജനിതക ശേഷി.
  2. നാടൻ കോഴിമുട്ട പോലുള്ള മുട്ടത്തോടിന്റെ തവിട്ടു നിറം.
  3. ഓമേഗ- 3 ഫാറ്റി ആസിഡുകളുടെ കൂടുതൽ അളവ്.

കേരളത്തിൽ ഇവയ്ക്ക് കൂടുതൽ  പ്രചാരം ലഭിച്ചെങ്കിലും BV380 വളർത്തുന്ന കർഷകർ അവയുടെ  തീറ്റക്രമത്തിലും പരിചരണത്തിലും അത്ര ശ്രദ്ധ നൽകുന്നില്ലെന്ന് പറയാതിരിക്കാൻ കഴിയില്ല. ശാസ്ത്രീയമായ പരിചരണത്തിന്റെ അറിവില്ലായ്മ ഒരു പ്രധാന  കാരണം തന്നെയാണ്. കൃത്യമായ തീറ്റയും കൃത്യമായ  പരിചരണവും ഉണ്ടെങ്കിലേ BV380 കോഴിയുടെ ജനിതകശേഷി മുഴുവനായി ഉപയോഗപെടുത്തി, വർഷത്തിൽ 300 മുട്ടകൾ ഉൽപാദിപ്പിക്കാൻ സാധിക്കൂ. ഇതിനു പുറമെ ഇവയെ വളർത്തുന്ന കൂടുകളുടെ അളവും പ്രാധാന്യമേറിയതാണ്. കൂടുകളിൽ മാത്രമല്ല വിരിപ്പു രീതിയിലും BV380 വളർത്തുന്നവരുണ്ട്. പക്ഷേ കൂടുകളിൽ വളർത്തുന്നവർക്കാണ് കൂടുതൽ ഉൽപാദനം ലഭിക്കുന്നത്. എങ്കിലും കൂടുതൽ മുതൽമുടക്കാൻ കഴിയാത്തവർക്ക് വിരിപ്പു രീതിയും പരീക്ഷിക്കാം.

സാധാരണ 120 ദിവസം പ്രായമായ കോഴികളെയും  അതിന്റെ കൂടുകളുമാണ് കർഷകർ വാങ്ങുന്നത്. ഈ ലേഖനത്തിൽ 120 ദിവസത്തിനു ശേഷമുള്ള പരിചരണവും മറ്റു കാര്യങ്ങളും വിശദീകരിക്കുകയാണ് ലക്ഷ്യം. ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള പരിചരണങ്ങൾ  മറ്റൊരു ലേഖനത്തിൽ വിശദീകരിക്കാം.

120 ദിവസം (നാലു മാസം) പ്രായമായ കോഴികൾക്ക് ഇപ്പോഴത്തെ വിപണി വില 180-200 രൂപയാണ്. ഇത്തരം കോഴികൾ നാലര മാസം ആകുന്നതോടുകൂടി  മുട്ടയുൽപാദനം തുടങ്ങുന്നു.

120 ദിവസം പ്രായമായ BV380 കോഴികളെ വാങ്ങുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. വിശ്വസ്‌തരായ, പരിചയ സമ്പന്നരായ ഏജൻസികളിൽനിന്നും ഹാച്ചറികളിൽനിന്നും മാത്രം കോഴികളെ വാങ്ങിക്കുക.
  2. 120 ദിവസം പ്രായമായ കോഴികൾക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. ഇതിൽനിന്നും വെള്ള നിറത്തിലേക്കോ മറ്റു നിറങ്ങളിലേക്കോ ഉള്ള വ്യതിയാനം മറ്റു കോഴികളുമായി സങ്കരണം നടന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം സങ്കരണം നടന്ന കോഴികളിൽനിന്നും വർഷത്തിൽ 300 മുട്ടകൾ ലഭിക്കില്ല.
  3. ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള, മാരെക്സ് അസുഖത്തിന്റെയടക്കം എല്ലാ വാക്‌സിനുകളും ചെയ്തതിന്റെ, വെറ്റിനറി  ഡോക്ടറുടെ സാക്ഷ്യപത്രം കർഷകർ പരിശോധിക്കുന്നത് ഗുണമേന്മയുള്ള കോഴികളെ ലഭിക്കാൻ സഹായിക്കും.
  4. ഏജൻസികൾ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ എവിടെനിന്നാണ് വാങ്ങിയത് എന്നും അവർക്ക് വെങ്കിടേശ്വര ഹാച്ചറീസുമായുള്ള ധാരണാപത്രവും കർഷകർ പരിശോധിക്കുന്നത് നല്ലതാണ്. വിശ്വസ്‌തരായ  ഏജൻസികൾ ഇത്തരം സർട്ടിഫിക്കറ്റുകൾ അവരുടെ ഓഫീസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക.
  5. 120 ദിവസം പ്രായമായ കോഴികൾക്ക് 1.7-2 കിലോയാണ് ശരീരഭാരം ഉണ്ടാകുന്നത്. ഇതിനു മുകളിൽ ഭാരമുള്ള കോഴികൾ ആന്തരാവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും, ഇതേത്തുടർന്ന് മുട്ടയുൽപാദനം തുടങ്ങുന്നത് വൈകാനും, പിന്നീടുള്ള മുട്ടയുൽപാദനം കുറയാനും സാധ്യതകൾ ഏറെയാണ്.

ഇത്തരം കാര്യങ്ങൾ പരിശോദിച്ചു വാങ്ങുന്നതിലൂടെ ഗുണമേന്മയുള്ള കോഴികൾ ലഭിക്കാൻ കർഷകർക്ക് സഹായകമാകും.

BV380 കോഴികളും മറ്റ് അത്യുൽപാദന ശേഷിയുള്ള കോഴികളും ക്ലച്ച് (അഥവാ കുറച്ചു മുട്ടയിട്ടതിന് ശേഷം കുറച്ചു ദിവസത്തിനു മുട്ടയിടാതിരിക്കുക ) എന്ന സ്വഭാവം ജനിതകപരമായി ഒഴിവാക്കിയതാണ്. അടയിരിക്കാൻ വേണ്ടി നാടൻ കോഴികളിലുള്ള സ്വഭാവമായിരിന്നു അത്.

കൂടുകൾ 

120 ദിവസം പ്രായമായ കോഴികളെ പാർപ്പിക്കേണ്ട  കൂടുകളുടെ അളവുകൾ താഴെ നൽകുന്നു.

  • നീളം - 24ഇഞ്ച്.
  • വീതി -18 ഇഞ്ച്
  • ഉയരം - 18 ഇഞ്ച്
  • കോഴികൾ നിൽക്കുന്ന പ്രതലം  1.5 ഇഞ്ച് x 0.5 ഇഞ്ച്.
  • ചുറ്റുമുള്ള കള്ളികൾ  1x2 ഇഞ്ച്
  • മുകൾഭാഗം 2x2 ഇഞ്ച്
  • തീറ്റയെടുക്കുന്ന ഭാഗം 2x3 ഇഞ്ച്.

ഇങ്ങനെയുള്ള ഒരു കൂട്ടിൽ 4-5 മുട്ടയിടുന്ന കോഴികളെ പാർപ്പിക്കാം. കൂടിന്റെ വലുപ്പം കുറയുന്നത് കോഴികൾ തമ്മിൽ കൊത്താനും തീറ്റ ലഭ്യത കുറയാനും കാരണമാകും.

തീറ്റക്രമം 

120 ദിവസം പ്രായമുള്ള കോഴികൾക്ക് ദിവസവും 80 ഗ്രാം  ഗ്രോവെർ തീറ്റയായിരിക്കും നൽകികൊണ്ടിരിക്കുന്നത്. അവയെ വാങ്ങിയ ശേഷം ഏജൻസികൾ കൊടുത്തിരുന്ന അതേ ബ്രാൻഡിലുള്ള ഗ്രോവെർ തീറ്റ, 80 ഗ്രാം ഒരാഴ്ച  നൽകുക. ഒരാഴ്ചയ്ക്കു ശേഷം ഇഷ്ടാനുസരണം മറ്റു ബ്രാൻഡിലേക്കു തീറ്റ മാറ്റാവുന്നതാണ്. ഇങ്ങനെ തീറ്റ മാറ്റിത്തുടങ്ങുമ്പോൾ പഴയ തീറ്റയുമായി കൂട്ടിക്കലർത്തിയാവണം കൊടുക്കേണ്ടത്. ഇത് വളരെ പ്രധാനപെട്ടതാണ്.

  • മിശ്രണം  ചെയ്യേണ്ട രീതി
  1. ദിവസം 1: 75% പഴയത്തീറ്റ + 25% പുതിയ തീറ്റ
  2. ദിവസം 2: 50% പഴയ തീറ്റ + 50% പുതിയ തീറ്റ.
  3. ദിവസം 3: 25% പഴയ തീറ്റ + 75% പുതിയ തീറ്റ.

ഇങ്ങനെ തീറ്റ മിശ്രണം ചെയ്തു കൊടുക്കുന്നത് കൊണ്ട്, അന്നനാളത്തിലെ ഉപകാരികളായ പ്രോബയോട്ടിക്  ബാക്ടീരിയകൾക്കു പുതിയ തീറ്റയുമായി പരിചയത്തിൽ വരാനും ദഹനത്തിന് സഹായിക്കാനും കഴിയും. കൂടാതെ കോഴികൾ തീറ്റയെടുക്കുന്നതിൽ കുറവ് വരുന്നത് തടയാനും സാധിക്കുന്നു. അല്ലാത്തപക്ഷം ഉപകാരികളായ പ്രോബയോട്ടിക് ബാക്ടരിയകൾ നശിക്കാനും കുടൽപ്പുണ്ണിനും, കോഴികൾ തീറ്റയെടുക്കുന്നത് കുറയാനും, ദഹനക്കുറവിനും കാരണമാകും. തീറ്റ കൂട്ടിക്കലർത്തി കൊടുക്കുമ്പോൾ വിറ്റാമിനുകളും പ്രോബയോട്ടിക്കുകളും കൂടി ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ കാര്യക്ഷമമാക്കാൻ സഹായിക്കും.

മുട്ടയിട്ടു തുടങ്ങുന്നതുവരെ  80 ഗ്രാം ഗുണമേന്മയുള്ള ഗ്രോവെർ തീറ്റ തന്നെ നൽകുക. 4.5 മാസം പ്രായമാകുന്നതോടു കൂടി കോഴികൾ മുട്ടയിട്ടു തുടങ്ങും. അപ്പോൾ 90 ഗ്രാം ഗ്രോവെർ തീറ്റ നൽകുക. 7 ദിവസത്തിനു ശേഷം 100-110 ഗ്രാം ലെയർ തീറ്റയിലേക്കു മാറാം. ലെയർ തീറ്റയിലേക്ക് മാറുമ്പോഴും മുൻപ് സൂചിപ്പിച്ച പഴയ തീറ്റയുമായുള്ള മിശ്രണം നിർബന്ധം. മുട്ടയുൽപാദനം 70-80% എത്തിയാൽ ലെയർ തീറ്റ ഒരു കോഴിക്ക്  120 ഗ്രാമിലേക്ക് എന്ന നിലയിൽ ഉയർത്തണം. ശേഷം ബാച്ച് മുഴുവനും 120 ഗ്രാം തന്നെ.

BV380 കോഴികൾക്ക് സമീകൃത കോഴിത്തീറ്റ മാത്രമേ നൽകാവൂ. വീട്ടിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നൽകരുത്. ഇത് മുട്ടയുൽപാദനം കുറയ്ക്കും, പ്രത്യേകിച്ചു കൂടുതൽ അന്നജം അടങ്ങിയ ചോറ് കൊടുക്കുന്നത് മുട്ടയുൽപാദനം പൂർണമായി നിൽക്കാനും കാരണമാകും.

തീറ്റപ്പാത്രം എല്ലാ ദിവസവും കാലിയായി എന്ന് ഉറപ്പു വരുത്തണം. തീറ്റപ്പാത്രത്തിലെ തീറ്റ തീരുമ്പോഴെ വീണ്ടും തീറ്റ നൽകരുത്. ഒരു ദിവസം 120 ഗ്രാം തീറ്റ മാത്രം മതി. തീറ്റയിലുള്ള പൊടി തീറ്റപ്പാത്രത്തിൽ ബാക്കിയുണ്ടെങ്കിൽ തീറ്റപ്പാത്രം തട്ടി ഇളക്കി കൊടുക്കുക. മിക്കവാറും വിറ്റാമിനുകൾ എല്ലാം തന്നെ ഈ പൊടിയിലായിരിക്കും ഉള്ളത്. ഇത് കോഴി കഴിക്കാതിരുന്നാൽ മുട്ടയുൽപാദനത്തെയും വളർച്ചയെയും ബാധിക്കും. ഇത്തരം വിറ്റാമിൻ പൊടികൾ അടക്കമുള്ള മുഴുവൻ തീറ്റയും കോഴികൾ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. കഴിക്കുന്നില്ലെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ ലിവർ ടോണികുകളും മറ്റു മരുന്നുകളും നൽകേണ്ടതാണ്. ക്രംബ്ൾ/പെല്ലറ്റു  തീറ്റ നൽകുന്നത് ഇത്തരം പൊടിത്തീറ്റകൾ ബാക്കിയാകുന്നത് തടയാൻ സഹായിക്കും. തീറ്റയിലെ ചോളം മാത്രം കൊത്തിതിന്നുന്ന കോഴികൾ അസുഖം ബാധിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

ഒരു കിലോ തീറ്റക്ക് 25 രൂപ കണക്കാക്കിയാൽ ഒരു കോഴിക്ക് ഒരു ദിവസം 3 രൂപ തീറ്റയ്ക്കു തന്നെ ചെലവാകും. അതിനാൽ ഗുണമേന്മയുള്ള തീറ്റകൾ പരിചയസമ്പന്നരിൽനിന്നു മനസ്സിലാക്കുന്നതും അവ തിരഞ്ഞെടുക്കുന്നതും BV380 വളർത്തലിൽ വളരെ പ്രധാനപെട്ടതാണ്.

വെള്ളം

കോഴികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള പോഷണമാണ് വെള്ളം. കോഴികൾ കഴിക്കുന്ന തീറ്റയുടെ 2.5 ഇരട്ടി വെള്ളം കുടിക്കും. വേനൽക്കാലത്ത് 3 ഇരട്ടിയും.

25 കോഴികളുള്ള കൂടാണ് വാങ്ങുന്നതെങ്കിൽ ഒരു ദിവസം വേണ്ട വെള്ളത്തിന്റെ അളവ് 25x120x3= 9000 മില്ലി. അതായത് 9 ലീറ്റർ. മറ്റു വേസ്റ്റേജുകൾ കണക്കാക്കിയാൽ 15 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റ് ആയിരിക്കണം കൂടിനു മുകളിൽ വയ്ക്കേണ്ടത്. കൂടുതൽ കോഴിവളർത്തുന്നവർ  അതിനനുസരിച്ച സജ്ജീകരണങ്ങൾ നടത്തണം.

ബ്ലീച്ചിങ് പൗഡർ കൊണ്ടോ ക്ലോറിൻ ഗുളികകൾ കൊണ്ടോ അണുനശീകരണം നടത്തിയ വെള്ളം നൽകുന്നതാണ് ഉത്തമം. 200 കോഴിക്ക് മുകളിൽ വളർത്തുന്നവർ നിർബന്ധമായും അണുനശീകരണം നടത്തിയ വെള്ളം മാത്രമേ നൽകാവൂ. 

വെള്ളപാത്രം എല്ലാ ദിവസവും കഴുകണം. എല്ലാ നിപ്പിളുകളിലും വെള്ളം വരുന്നുണ്ടെന്ന് എല്ലാ ദിവസവും രാവിലെ പരിശോധിക്കണം.

വെളിച്ചം

മുട്ടയുൽപാദിപ്പിക്കുന്ന കോഴികൾക്ക് വെളിച്ചം വളരെ പ്രധാനപെട്ടതാണ്. BV380 കോഴികൾക്കും മറ്റു മുട്ടക്കോഴികൾക്കും 16 മണിക്കൂറാണ് വെളിച്ചം ആവശ്യം. 12 മണിക്കൂർ സൂര്യപ്രകാശം ലഭിച്ചാൽ ബാക്കി 4 മണിക്കൂർ കൃത്രിമ വെളിച്ചം നൽകണം. 4 മണിക്കൂർ ട്യൂബ്‌ലൈറ്റ് വച്ച് പ്രകാശം നൽകണം. 500 കോഴികളുള്ള ഒരു ഫാമിൽ 3 ട്യൂബ് എങ്കിലും നിർബന്ധമാണ്. അല്ലാത്തപക്ഷം മുട്ടയുൽപാദനം കുറയും.

എങ്കിലും ഷെഡ്ഡിനകത്തല്ലാതെ തുറന്ന സ്ഥലങ്ങളായ ടെറസിലോ കാർ ഷെഡ്ഡിലോ വെച്ച് പത്തോ ഇരുപതോ കോഴികളെ വളർത്തുന്നവർക്കു കൃത്രിമമായ വെളിച്ചം നൽകേണ്ട ആവശ്യം വരുന്നില്ല. ഷെഡ്ഡിനകത്തു കൂടു നിർമിച്ച് BV380 കോഴികൾ വളർത്തുന്നവർ നിർബന്ധമായും ട്യൂബുകൾ വച്ച് 4 മണിക്കൂർ അധിക വെളിച്ചം നൽകേണ്ടതാണ്. കോഴികളുടെ പീനിയൽ ഗ്രന്ഥി ഉത്തേജിപ്പിക്കാൻ വേണ്ടിയാണിത്. എങ്കിൽ മാത്രമേ മുട്ടയുൽപാദനം സുഗമമായി നടക്കൂ.

അതേസമയം, മുട്ടയുൽപാദനം തുടങ്ങുന്നതിനു മുമ്പ് അധിക വെളിച്ചം നൽകിയാൽ അത് 4.5 മാസം മുമ്പേ വളരെ ചെറിയ മുട്ടകൾ ഉൽപാദിപ്പിക്കാനും കാരണമാകും. തമ്മിൽ കൊത്തുകൂടാനും വെളിച്ചത്തിന്റെ ആധിക്യം കാരണമാകും. മുട്ടയിട്ടു തുടങ്ങിയതിനു ശേഷവും വളരെ കൂടുതൽ തീവ്രതയുള്ള വെളിച്ചം 4 മണിക്കൂറിൽ കൂടുതൽ നൽകിയാൽ അതു കോഴികൾ തമ്മിൽ കൊത്തു കൂടാനും, പ്രൊലാപ്‌സ് പോലുള്ള അസുഖങ്ങൾക്കും കാരണമാകും. അതിനാൽ വെളിച്ചത്തിൽ കൃത്യത പാലിക്കുക. 

മേൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചു വേണം BV380 കോഴികൾ വാങ്ങാനും വളർത്താനും. എങ്കിൽ മാത്രമേ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.

ഒരു വർഷം മുട്ടയുൽപാദനം ലഭിച്ചാൽ BV380 കോഴികളുടെ മുട്ടയുൽപാദന ശേഷി ഗണ്യമായി കുറയും. ഒരു വർഷത്തിനു ശേഷം കോഴികളെ ഇറച്ചിക്ക് വിൽക്കുന്നതാണ് ലാഭകരം. ശേഷം പുതിയ ബാച്ച് വാങ്ങുക. 

BV380 കോഴികളുടെ വാക്‌സിനേഷനെക്കുറിച്ചും അസുഖങ്ങളെക്കുറിച്ചും, ഒന്നാം ദിവസം മുതൽ 120 ദിവസം വരെയുള്ള പരിചരണത്തെക്കുറിച്ചും  വരും ദിവസങ്ങളിൽ വായിക്കാം.

English summary: How to make BV380 poultry rearing more profitable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com