ADVERTISEMENT

ഭാഗം -1 

അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയും മുലദ്വാരത്തിലൂടെയും ചില സാഹചര്യങ്ങളിൽ രക്തത്തിലൂടെയുമെല്ലാം അകിടിനുള്ളിൽ കയറുന്ന രോഗാണുക്കൾ പാൽ ചുരത്തി നിറഞ്ഞുനിൽക്കുന്ന അകിടിൽ എളുപ്പത്തിൽ രോഗമുണ്ടാക്കും. പാലിൽ പെട്ടെന്നുണ്ടാവുന്ന കുറവ്, പാലിന്റെ സ്വാഭാവിക വെള്ളനിറം മഞ്ഞ, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിൽ വ്യത്യാസപ്പെടൽ, പാലിന് പുളിപ്പ്, പാലിൽ കട്ടയായോ തരിതരികളായോ കാണപ്പെടൽ, പാലിൽ രക്താംശമോ പഴുപ്പോ കാണപ്പെടൽ, പാൽ വെള്ളം പോലെ നേർക്കൽ, കറന്നെടുത്ത് തിളപ്പിക്കുമ്പോൾ വെളുത്ത ശൽക്കങ്ങൾ പോലെ പാത്രത്തിന്റെ ഉൾവശത്ത് പാൽ പറ്റിപിടിക്കൽ, പശുവിന് പനി, തീറ്റയെടുക്കാൻ  മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന് നിറവ്യത്യാസം, കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അകിടുവീക്കത്തിന്റെ ആരംഭമാണെന്ന്  മനസിലാക്കാം .

രോഗാണുവിന്റെ സ്വഭാവവും രോഗതീവ്രതയും അനുസരിച്ച് ഈ രോഗലക്ഷണങ്ങളിലും തീവ്രതയിലും വ്യത്യാസങ്ങൾ ഉണ്ടാവും. ലക്ഷണങ്ങൾ ഒന്നും പുറമെ പ്രകടമാവാത്ത നിശബ്ദ അകിടുവീക്കവും (സബ് ക്ലിനിക്കൽ മാസ്റ്റൈറ്റിസ് ) ഉണ്ട് . തീവ്രത കൂടിയ അണുബാധകളിൽ അകിടുവീക്കം മൂർച്ഛിച്ചാൽ  രോഗാണുക്കള്‍ പുറന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെ പശുക്കളുടെ ജീവന്‍ തന്നെ അപകടത്തിലാവും. ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കാമ്പിലെ മുഴുവൻ പാലും പിഴിഞ്ഞു കളയുന്നതാണ് അകിടുവീക്കത്തിന് നൽകേണ്ട പ്രഥമ ശുശ്രുഷ. ഇത് രോഗാണുക്കളുടെ പെരുപ്പം തടയും. തുടർന്ന് വേഗത്തിൽ വിദഗ്‌ധ ചികിത്സ തേടണം. ചികിത്സ വൈകുന്തോറും അകിടുവീക്കം രൂക്ഷമാവുമെന്ന് മാത്രമല്ല, പിന്നീട് പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രൂപത്തിലാവാനും ഇടയുണ്ട്. പ്രതിരോധം ചികിത്സയേക്കാൾ ഉത്തമം എന്ന ആരോഗ്യസൂക്തം അകിടുവീക്കത്തെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്.

അകിടുവീക്കനിയന്ത്രണം ആദ്യപാഠം ശുചിത്വം

തൊഴുത്തിൽ പൂര്‍ണ ശുചിത്വം പാലിക്കുക എന്നതാണ് അകിടുവീക്ക പ്രതിരോധത്തിൽ പ്രധാനം. തറയിലെ കുഴികളിൽ മൂത്രവും മലിനജലവും കെട്ടികിടന്നാൽ അത് രോഗാണുക്കൾക്ക് പെരുകാനും പശുക്കൾ കിടക്കുമ്പോൾ അകിടിലേക്ക് നുഴഞ്ഞുകയറാനും ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോൺക്രീറ്റ് ചെയ്ത് നികത്തണം. കഴിയുമെങ്കിൽ  തറയിൽ റബർ മാറ്റ് വാങ്ങി വിരിക്കണം. ഇത് തറ വൃത്തിയാക്കൽ എളുപ്പമാക്കുമെന്ന് മാത്രമല്ല കോൺക്രീറ്റ് തറയിലുരഞ്ഞ് അകിടിന് പോറലേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കുകയും ഉണങ്ങാൻ അനുവദിക്കുകയും വേണം. ചുറ്റുമതിലിന്റെ ഉയരം കുറച്ചും വശങ്ങളിലെ തടസങ്ങൾ നീക്കിയും മേൽക്കൂരയുടെ ഉയരം കൂട്ടിയും തൊഴുത്തിൽ   മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിനോട് ചേർത്ത് വളക്കുഴി പണിയുന്ന രീതി തീർച്ചയായും തിരുത്തണം. തൊഴുത്തും വളക്കുഴിയും തമ്മിൽ ചുരുങ്ങിയത് 30 അടിയെങ്കിലും അകലം നൽകാൻ ശ്രദ്ധിക്കണം.

അകിടിന് വേണം കരുതൽ 

കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (5 ലീറ്റർ വെള്ളത്തിൽ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവയ്ക്ക് മുൻപ് അകിടുകൾ വൃത്തിയാക്കാൻ  ഉപയോഗിക്കാവുന്ന ബയോഫോം  ( BIOFOAM - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് ലഭ്യമാണ്. കറവക്കാരന്റെ കൈകളും കറവയന്ത്രങ്ങളുടെയും ഇതേ രീതിയിൽ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണമായും കറന്നെടുക്കണം. സ്ഥിരമായി ഒരു നിശ്ചിത സമയത്ത് തന്നെ കറവ നടത്തുന്നത് ഏറ്റവും നല്ലതാണ്. കൈകൊണ്ടാണ് കറവയെങ്കിൽ അകിടിന് പോറലേൽപ്പിക്കാതെയുള്ള മുഴുകൈ കറവയാണ് അഭികാമ്യം. പശുക്കിടാക്കളെ വിട്ടുകുടിപ്പിക്കുകയാണെങ്കിൽ അകിടിൽ മിച്ചം വരുന്ന പാൽ പിന്നീട് കറന്നെടുക്കണം. 

പൂര്‍ണ കറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍റ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. മുലദ്വാരം വഴി രോഗാണുക്കൾ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിൻ  സഹായിക്കും. ടീറ്റ് ഡിപ്പിങ് നൽകാൻ ഉപയോഗിക്കാവുന്ന  മാസ്റ്റിഡിപ്പ് (MASTIDIP-AYUR VET), ലാക്ടിഫെൻസ്  ( LACTIFENCE - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് വിപണിയിൽ ഉണ്ട്. പാൽ ചുരത്തിയതിന് ശേഷം മുലദ്വാരം അടയാൻ ചുരുങ്ങിയത് 25 - 30 മിനുട്ട് സമയമെടുക്കും. മുലദ്വാരം  അടയുന്നത് വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം തീറ്റ നൽകാം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളിൽ ബോറിക് ആസിഡ് പൊടി ഗ്ലിസറിൻ ദ്രാവകത്തിലോ അയഡിൻ ലായനിയിലോ ചേർത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ്. അകിടിന്റെ ചർമ്മത്തെ ബാധിക്കാൻ ഇടയുള്ള പോക്സ്, ഫംഗസ് പോലുള്ള സാംക്രമിക രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം.

milk-colour-change
അകിടുവീക്കത്തിൽ പാലിനു സംഭവിക്കുന്ന നിറവ്യത്യാസം

നിശബ്ദ അകിടുവീക്കം വെല്ലുവിളി 

പാലിന്റെ മണവും രുചിയും നിറവും രൂപവും വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ ബാഹ്യലക്ഷണങ്ങൾ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കത്തിനും  (സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് ) പശുക്കളിൽ സാധ്യതയുണ്ട്. പാൽ ക്രമേണ ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും ഇത്തരം അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണം . ഇങ്ങനെ നിശബ്ദ അകിടുവീക്കമുള്ള പശുക്കളിൽ പിന്നീട് ശക്തമായ അകിടുവീക്കം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ്  മുൻകൂട്ടി തിരിച്ചറിയുന്നതിനായി അകിടുവീക്കനിര്‍ണയ കിറ്റ് (കാലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ്/ സിഎംടി ) ഉപയോഗിച്ച് വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന  ലളിതമായ പരിശോധന കർഷകർക്ക് പ്രയോജനപ്പെടുത്താം. മൃഗാശുപത്രികളില്‍നിന്നും തുച്ഛമായ നിരക്കിൽ  അകിടുവീക്കനിര്‍ണയ കിറ്റ് കർഷകർക്ക് ലഭ്യമാവും. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ഡിലാവെൽ അടക്കമുള്ള കമ്പനികൾ ഉൽപാദിക്കുന്ന ( DeLaval CMT Kit) പരിശോധന കിറ്റുകളും വിപണിയിലുണ്ട്. 

പാലും  പരിശോധന കിറ്റിലെ ലായനിയും തുല്യ അളവിൽ ചേർത്തിളക്കുമ്പോൾ മിശ്രിതത്തിന് പശപശപ്പോട് കൂടിയ ഒരു ജെൽ പോലെ രൂപമാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ അകിടുവീക്കമാണെന്ന് ഉറപ്പിക്കാം. മിശ്രിതത്തിൽ ചെറിയ തരികൾ ആണ് കാണുന്നതെങ്കിൽ നേരിയ അകിടുവീക്കം സംശയിക്കാം. ഇത് ഉപയോഗിച്ച് രണ്ട് ആഴ്ച  കൂടുമ്പോൾ  ഒരു  തവണയെങ്കിലും അകിടുവീക്ക നിര്‍ണയ പരിശോധന നടത്തുന്നത് ഉചിതമാണ്. അകിടുവീക്കം മുൻകൂട്ടി കണ്ടെത്താൻ മാത്രമല്ല മുൻപ് സ്വീകരിച്ച അകിടുവീക്ക  പ്രതിരോധ നടപടികളുടെ കാര്യക്ഷമത വിലയിരുത്താനും ഈ ടെസ്റ്റ് പ്രയോജനപ്പെടുത്താം. 

നിശബ്ദ അകിടുവീക്കം കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശപ്രകാരം ട്രൈസോഡിയം സിട്രേറ്റ് പൊടി പശുവിന്റെ 100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ കറവപ്പശുക്കൾക്ക് നൽകുന്നത് രോഗം തടയാൻ ഫലപ്രദമാണ്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിർവീര്യമാക്കാനും പാലിന്റെ സാധാരണ അമ്ല-ക്ഷാര നില കൈവരിക്കാനും ട്രൈസോഡിയം സിട്രേറ്റ് പൗഡർ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയിൽ ലഭ്യമായ റെഡിമെയ്‌ഡ്‌ പൗഡറുകളോ ഗുളികകളോ ( മമ്മീഡിയം , പ്രീമാസ്ററ് , മാസ്റ്റിഗാർഡ്, മാമ്മിയപ്പ് ബോലസ്  ) നൽകുന്നത് സഹായിക്കും. ട്രൈസോഡിയം പൗഡർ മിൽമ ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.  രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള  അകിടുവീക്ക ചികിത്സകൾ നൽകേണ്ടതും പ്രധാനമാണ്. സിഎംടി പരിശോധനയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന പാൽ ബാക്റ്റീരിയൽ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനകൾക്ക് വിധേയമാക്കി കൃത്യമായ ആന്റിബയോട്ടിക് മരുന്നുകൾ നിർണയിക്കാനുള്ള സേവനവും മൃഗ സംരക്ഷണവകുപ്പ് ഇപ്പോൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.

തുടരും

English summary:Bovine mastitis detection, Dairy Farm, Dairy Farming Articles, Dairy Farming Feeding Management, Dairy Farming For Beginners, Dairy Farming In Kerala, Dairy Farming Kerala, Dairy Farming Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com