പഴവർഗക്കൃഷിയിലിറങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ 7 കാര്യങ്ങൾ

HIGHLIGHTS
  • ശരിയായ വിളപരിപാലനവും ഉൽപന്നങ്ങളുടെ ശാസ്ത്രീയമായ കൈകാര്യവും
  • നടീൽവസ്തുക്കളുടെ ഗുണനിലവാരം പരമപ്രധാനം
fruits
SHARE

1. പ്ലാവ്, അവ്ക്കാഡോ, റംബുട്ടാൻ, മാങ്കോസ്റ്റിൻ, പ്ലാവ്, പാഷൻഫ്രൂട്ട്, പേര, സപ്പോട്ട, ലിച്ചി, നാരകം, ഓറഞ്ച്, മുസംബി, പൈനാപ്പിൾ, പപ്പായ തുടങ്ങിയ പഴവർഗങ്ങൾ പൊതുവെ കേരളത്തിന്റെ വിവിധ മേഖലകളിലായി കൃഷി ചെയ്യാനാകും. ഇവയ്ക്കു പുറമെ  ഡ്രാഗൺ‌ഫ്രൂട്ട്, ലോങ്ങൻ, അബിയു, വാക്സ് ആപ്പിൾ, വാട്ടർ ആപ്പിൾ, റൊളിനീയ, ദുരിയൻ, സ്റ്റാർ ഫ്രൂട്ട് എന്നിങ്ങനെ ഒരു കൂട്ടം പുതുതലമുറ വിദേശ പഴവർഗങ്ങളും കേരളത്തിനു യോജ്യമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

2. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനായി പഴവർഗവിളകൾ തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥ,  സമുദ്രനിരപ്പിൽനിന്നുള്ള ഉയരം, മണ്ണിന്റെ ഘടന, വരുമാന– വിപണന സാധ്യതകൾ എന്നിവയ്ക്കു മുൻഗണന കൊടുക്കണം

3. യോജ്യമായ പഴവർഗവും ഇനവും തിരഞ്ഞെടുക്കുന്നതും ശരിയായ വിളപരിപാലനവും ഉൽപന്നങ്ങളുടെ ശാസ്ത്രീയമായ കൈകാര്യവും പഴവർഗക്കൃഷിയുടെ വിജയത്തിന് അത്യാവശ്യമാണ്.

4. നമുക്കുള്ള അനുകൂല കാലാവസ്ഥ, സീസൺ, ഭൂപ്രകൃതി എന്നിവ പ്രയോജനപ്പെടുത്തി പഴവർഗങ്ങളിൽനിന്നു പരമാവധി ആദായം നേടാനാവണം ശ്രമിക്കേണ്ടത്. ഒക്ടോബർ മുതൽ ഡിസംബർ വരെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഹൈറേ‍ഞ്ച് മേഖലയിൽ മാത്രം ഉൽപാദനം തരുന്ന ലിച്ചി ഇതിന് ഉദാഹരണമാണ്. ഈ കാലത്ത് ലോകത്തിൽ ഒരിടത്തും ഫ്രഷ് ലിച്ചിപ്പഴങ്ങൾ ലഭ്യമാവില്ല. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ഹൈറേ‍ഞ്ച് മേഖലയിലെ കൃഷിക്കാർക്ക് സാധിക്കേണ്ടതാണ്. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള ആറു മാസം ഫ്രഷ് അവ്ക്കാഡോയും (വെണ്ണപ്പഴം)  ജനുവരി മുതൽ ജൂലൈ വരെ ഫ്രഷ് മാമ്പഴവും സംസ്ഥാനത്ത് ലഭ്യമാക്കാനാവും.

5. സംസ്ഥാനത്തെ സമതലപ്രദേശങ്ങളിൽ മാവ്, പ്ലാവ്, റംബുട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻഫ്രൂട്ട്, പേര, സപ്പോട്ട എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. എന്നാൽ പാലക്കാട്ടും കാസർകോട്ടുമുള്ള  വരണ്ട കാലാവസ്ഥാമേഖലകളിൽ റംബുട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട്, പാഷൻഫ്രൂട്ട്, പ്ലാവ്, മാവ് എന്നിവ വളർത്താം. മലയോര ജില്ലകളായ ഇടുക്കിയിലെയും വയനാട്ടിലെയുമൊക്കെ സമശീതോഷ്ണ മേഖലകളിൽ  മാവ് ഒഴികെ എല്ലാ ഫലവർഗവിളകളും നന്നായി ഉൽപാദിപ്പിക്കാനാവും. ആയിരം അടിയിലേറെ ഉയരമുള്ള പ്രദേശങ്ങളിൽ  അവ്ക്കാഡോയ്ക്കും ലിച്ചിക്കും മുൻഗണന നൽകാം. സമുദ്രനിരപ്പിൽനിന്ന് 2500 അടിയിലേറെ ഉയരമുള്ള മേഖലകൾക്ക് കാലിഫോർണിയ ഹാസ് പോലുള്ള അവ്ക്കാഡോ ഇനങ്ങൾ വലിയ സാധ്യതയാണ്.

6.  ഏതു പഴവർഗം കൃഷി ചെയ്താലും  നടീൽവസ്തുക്കളുടെ ഗുണനിലവാരം പരമപ്രധാനമാണ്. വിശേഷിച്ച് ഫലവൃക്ഷങ്ങളുടെ കാര്യത്തിൽ.  അതതു മേഖലകളിലെ വിദഗ്ധരുമായും വിജയിച്ച കർഷകരുമായും കൂടിയാലോചിച്ചു മാത്രമേ വാണിജ്യക്കൃഷിക്കുള്ള പഴവർഗവും അതിന്റെ ഇനവും തീരുമാനിക്കാവൂ. മികച്ച വിളവിനു മാത്രമല്ല, ഭാവിയിൽ നല്ല ഇനം നടീൽവസ്തുക്കളുടെ ഉൽപാദനത്തിലൂടെ വരുമാനം നേടാനും ഇത് ഉപകരിക്കും. നല്ല ഇനങ്ങൾ സ്വന്തമായുള്ള കർഷകരുടെ കൂട്ടായ്മകൾക്ക്  നടീൽവസ്തുക്കളുടെ ഉൽപാദനം ഏറ്റെടുക്കുക വഴി പ്രാദേശികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും.

7. മൂല്യവർധനയോ വിപണിയോ ഉറപ്പാക്കാതെ പഴവർഗക്കൃഷിയിൽ മുതൽമുടക്കുന്നത് നഷ്ടത്തിനിടയാക്കും, പ്രത്യേകിച്ച് ചെറുകിടകർഷകർക്ക്. വീട്ടിൽ സ്വന്തമായോ  കർഷക കൂട്ടായ്മകളുമായി ചേർന്നോ  വിവിധ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും ശ്രമം ആവശ്യമാണ്. വരും വർഷങ്ങളിൽ പഴവർഗക്കൃഷിക്ക്  വളർച്ചാസാധ്യതയുണ്ട്. സംഘടിതമായി ഉൽപാദനവും സംസ്കരണവും വിപണനവും നടത്തിയാൽ മാത്രമേ ഈ രംഗത്ത് വിജയം നേടാനാവൂ.

English summary: 7 Steps to Planting Fruit Trees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA