ADVERTISEMENT

കേരളത്തിൽ വളരുന്ന ഉഷ്ണമേഖലാ പഴവർഗങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. എന്നാൽ അവയിൽ നിന്ന് വിപണിക്കു യോജിച്ചവ കണ്ടെത്തി കൃഷി ചെയ്യുന്നതിലാണ് കൃഷിക്കാരുടെ വിജയം. നമ്മുടെ നാട്ടിലെ കടകളിൽ എത്തിയിട്ടില്ലെങ്കിലും വരും വർഷങ്ങളിൽ വിപണി സൃഷ്ടിച്ചെടുക്കാവുന്ന പഴങ്ങളെ തിരിച്ചറിയാൻ സാധിക്കണം. എല്ലാ പഴവർഗങ്ങളിലും വ്യത്യസ്ത ഇനഭേദങ്ങളുണ്ടാവും. അവയിൽനിന്ന് ഉപഭോക്താക്കളുടെ താൽപര്യത്തിനു യോജിച്ചവ കണ്ടെത്തിയാൽ മാത്രമെ വിപണിയിൽ നിലനിൽക്കാനാവൂ. ഇതിനകം കേരളത്തിലെ കൃഷിക്കാർ വാണിജ്യക്കൃഷിക്കുവേണ്ടി കണ്ടെത്തിയതും വരുംവർഷങ്ങളിൽ വ്യാപകമായ ഉൽപാദനത്തിനു സാധ്യതയുള്ളതുമായ ഏതാനും പഴവർഗങ്ങളാണ് ചുവടെ:

jack-fruit

1. പ്ലാവ്

ഏതു വിദേശപഴവർഗത്തെയും അതിശയിപ്പിക്കുന്ന സാധ്യതകളാണ് പ്ലാവിനുള്ളത്. നേരിട്ടു കഴിക്കുന്നതിനും മൂല്യവർധനയ്ക്കും ഒരേപോലെ യോജിച്ച ഫലമെന്ന നിലയിൽ ചക്കയുടെ ഭാവി മികച്ചതാണ്. ചക്ക വിപണനവും സംസ്കരണവുമൊക്കെ ഏറെ വർധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ ഇപ്പോഴും ധാരാളം ചക്ക പാഴാകുന്നുണ്ട്.  വല്ലപ്പോഴും കഴിക്കുന്ന പഴമെന്ന നിലയിൽനിന്നു നിത്യഭക്ഷണത്തിന്റെ ഭാഗമായി ചക്കയെ മാറ്റിയാലേ ഈ സ്ഥിതി ഒഴിവാകൂ. ആവശ്യമുള്ളതിലധികം ചക്ക ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ വീട്ടാവശ്യങ്ങള്‍ക്കായുള്ള പ്ലാവുകൃഷിക്ക് പ്രസക്തിയില്ല. എന്നാല്‍ മൂല്യവര്‍ധന നടത്തി ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംസ്കരണശാലകളുടെ ആവശ്യങ്ങള്‍ക്കുതകുന്ന തരം ചക്ക വലിയ തോതില്‍ വേണ്ടിവരും. ഉണങ്ങിയും പൊടിച്ചും തണുപ്പിച്ചുമൊക്കെ ചക്ക വിപണിയിലെത്തിക്കുന്ന സംരംഭങ്ങൾ അടുത്ത കാലത്ത്  കേരളത്തിലുടനീളം ആരംഭിച്ചിട്ടുണ്ട്. സംസ്കരണമേഖലയ്ക്കാവശ്യമായ ചക്ക സുഗമമായും സുലഭമായും കിട്ടുന്നതിന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാവുകൃഷി തന്നെ വേണ്ടിവരും. ആരാണ് ആവശ്യക്കാരെന്നു മനസിലാക്കുകയും അവരുമായി വ്യാപാരബന്ധങ്ങളുണ്ടാക്കുകയും ചെയ്ത ശേഷം പ്ലാവിന്‍തോട്ടമുണ്ടാക്കുന്നതാവും അഭികാമ്യം. തൊടികളിലെ ഒന്നോ രണ്ടോ പ്ലാവിനെ കൃഷിയായി കാണുന്ന രീതി നമുക്കില്ല. എന്നാൽ അരയേക്കറിലെങ്കിലും പ്ലാവ് നട്ടു വളർത്തിയാൽ മികച്ച വരുമാനമാക്കാം. മലനാടെന്നോ ഇടനാടെന്നോ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വളർത്താവുന്ന വിളയാണിത്. 

2. റംബുട്ടാൻ

കേരളത്തിൽ ഏറ്റവുമാദ്യം വാണിജ്യസാധ്യത തിരിച്ചറിഞ്ഞ വിദേശ ഫലവർഗങ്ങളിലൊന്ന്. സൂക്ഷിപ്പുകാലം കൂടുതലുള്ളതിനാൽ വിപണനം  താരതമ്യേന എളുപ്പമാണ്. ടേബിൾ ഫ്രൂട്ടെന്ന നിലയിൽ നേരിട്ടുള്ള ഉപയോഗമാണ് കൂടുതൽ. 40 അടി ഇടയകലം നൽകി ഒരു ഏക്കറിൽ 30 റംബുട്ടാൻ നട്ടുവളർത്താം. അഞ്ചു വർഷമായ റംബുട്ടാനിൽനിന്ന് ഏക്കറിന് 5 ടണ്‍  പഴം പ്രതീക്ഷിക്കാം. ഓഫ് സീസണില്‍ വിളവെടുക്കാമെന്നതിനാല്‍ ഹൈറേഞ്ചിലെ റംബുട്ടാനു മെച്ചപ്പെട്ട വില ലഭിക്കും. മരങ്ങൾ തമ്മിൽ 40 അടി അകലത്തില്‍ കൃഷി ചെയ്യുന്ന റംബുട്ടാന്‍ ഹൈറേ‍ഞ്ച് മേഖലയിലെ തേയില, കാപ്പി തോട്ടങ്ങളില്‍ 30 അടി അകലത്തില്‍ നടാം. മലനാട്ടിലും ഇടനാട്ടിലും വളരുന്ന ഈ ഫലവൃക്ഷം കേരളത്തിലും കർണാടകത്തിലെ ചില പോക്കറ്റുകളിലും മാത്രമാണ് സമൃദ്ധമായി വിളവ് നൽകുക. തന്മൂലം  ആഭ്യന്തര വിപണിക്കാവശ്യമായ റംബുട്ടാന്‍ ഉല്‍പാദനത്തില്‍ കുത്തക നേടാനാകും. പാകമായ ശേഷം കൂടുതല്‍ കാലം മരത്തില്‍ നിര്‍ത്താവുന്നതും 15 ദിവസമെങ്കിലും സൂക്ഷിപ്പുകാലമുള്ളതും ചെറിയ കുരുവുള്ളതും മാംസളഭാഗം അനായാസം വേര്‍പെടുത്താവുന്നതുമായ ഇനങ്ങളാണ് വാണിജ്യക്കൃഷിയില്‍ ഉപയോഗിക്കേണ്ടത്. രോഗ കീട ബാധ തീരെ കുറവ്.  

3. മാങ്കോസ്റ്റിൻ‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വളരുമെങ്കിലും ഹൈറേ‍ഞ്ചിലാണ് ലോകനിലവാരമുള്ള പഴങ്ങൾ ഉൽപാദിപ്പിക്കാനാവുക. ഒരു ഹെക്ടറില്‍  200 മരങ്ങൾ നട്ടുവളർത്താം. 12 വർഷമായ ഒരു മരത്തിൽനിന്ന് 70 കിലോ പഴങ്ങൾ പ്രതീക്ഷിക്കാം. കിലോയ്ക്ക് 150 മുതൽ 300 രൂപവരെ വിലയുണ്ട് 7–8 ദിവസത്തെ സൂക്ഷിപ്പുകാലമുള്ള മാങ്കോസ്റ്റിൻ നീർവാർച്ചയുള്ള കൃഷിയിടങ്ങളിലാണ് നടേണ്ടത്. ആദായം നൽകിത്തുടങ്ങാൻ കാലതാമസമുണ്ടെന്നതാണ് മാങ്കോസ്റ്റിന്റെ പരിമിതി.  രണ്ടോ മൂന്നോ വർഷം പ്രായമായ തൈകൾ നട്ടുവളർത്തിയാൽ ഈ കാലദൈർഘ്യം കുറയ്ക്കാനാവും.  

mangostin-dhurian
മാങ്കോസ്റ്റിൻ, ദുരിയൻ

4. ദുരിയൻ

ആദ്യമായി കിട്ടുമ്പോള്‍ മൂക്കു പൊത്തുന്നവര്‍ വീണ്ടും കിട്ടുമ്പോള്‍ മൂക്കുമുട്ടെ കഴിക്കുന്ന പഴമെന്നാണ്  ദുരിയനെ വിശേഷിപ്പിക്കാറുള്ളത്. ഏതായാലും ഇനഭേദമനുസരിച്ചും സ്ഥലഭേദമനുസരിച്ചും ദുരിയന്റെ രൂക്ഷഗന്ധത്തില്‍ വ്യത്യാസമുണ്ടാകാറുണ്ടത്രെ. റബർ കൃഷി ചെയ്യുന്ന മേഖലകളിലെല്ലാം ദുരിയനും നന്നായി വളരും. പഴവർഗ വിപണിയിൽ മറ്റ് ഇനങ്ങളെക്കാള്‍ ഉയര്‍ന്ന വില ലഭിക്കും. കിലോയ്ക്ക് 500 രൂപ വരെ വിലയുണ്ട്. ഒരു ഹെക്ടറില്‍ 75 ദുരിയൻ വീതം കൃഷി ചെയ്യുമ്പോൾ അഞ്ചാം വർഷം 750 കിലോ പഴങ്ങൾ പ്രതീക്ഷിക്കാം. പത്താം വര്‍ഷം ഇത് 7 ടണ്ണായി വര്‍ധിക്കും. ശരാശരി 40 അടി അകലത്തിലാണ് ദുരിയന്‍ നടാറുള്ളത്. ഇടയകലം കൂടുതലുള്ളതിനാല്‍ ദുരിയനൊപ്പം മറ്റ് പഴവര്‍ഗങ്ങളും കൃഷി ചെയ്യാം. മൂസ കിങ് എന്ന ഇനം ചിപ്സുണ്ടാക്കാന്‍ യോജ്യമാണ്. പ്രമുഖ ഉല്‍പാദകരാജ്യങ്ങളിലെല്ലാം ദുരിയന്‍കൃഷിക്കു ഫാം ടൂറിസത്തില്‍ വലിയ സ്ഥാനമുണ്ട് . ഇതിന്റെ അഞ്ച് ഇനങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭിക്കും. 

5. അവ്ക്കാഡോ

സൂപ്പർ ഫുഡ് എന്ന നിലയിൽ ഭാവിയുടെ ഫലമായി അവ്ക്കാഡോയെ വിശേഷിപ്പിക്കാം. ലോകമെമ്പാടും കുതിച്ചുയരുന്ന ആവശ്യകതയ്ക്കനുസരിച്ച് അവക്കാഡോ ഉൽപാദനമില്ല. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ ഇനഭേദങ്ങള്‍ ലഭ്യമാണ്. കാലാവസ്ഥാഭേദമനുസരിച്ച്  ഇനങ്ങൾ തിരഞ്ഞെടുക്കണം. സാധാരണ അവ്ക്കാഡോ തണുപ്പുള്ള ഹൈറേഞ്ച് കാലാവസ്ഥയിലാണ് മികച്ച ഫലം നൽകുക. എന്നാൽ സമതലങ്ങളിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഇനങ്ങളും ലഭ്യമാണ്. രാജ്യാന്തര പ്രശസ്തിയുള്ള ഹാസ് ഇനം ഹൈറേ‍ഞ്ച് മേഖലയ്ക്കു ചേര്‍ന്നതാണെങ്കില്‍ റസല്‍, റീഡ് ഇനങ്ങള്‍ ഇടനാടിനു യോജിച്ചതാണ്. തണുപ്പേറിയ ഹൈറേ‍ഞ്ചിൽനിന്നു അവ്ക്കാഡോ തൈകൾ വാങ്ങി ഇടനാട്ടിൽ നട്ടുവളർത്തിയാൽ കായ്ക്കണമെന്നില്ല. ഒരു ഹെക്ടറില്‍ 265 മരങ്ങൾ വളർത്താം. കിലോയ്ക്ക് 80 രൂപ മുതൽ 200 രൂപവരെ വില കിട്ടും. അഞ്ചു വർഷമാകുമ്പോള്‍ ഒരു ഹെക്ടറില്‍ 8 ടണ്‍ ഉൽപാദനം പ്രതീക്ഷിക്കാം. പത്താം വര്‍ഷം ഇത് 25 ടണ്‍ വരെയായി ഉയർന്നേക്കും. കാപ്പി, തേയില തോട്ടങ്ങളില്‍ തണല്‍ നല്‍കുന്ന ഇടവിളയായി കൃഷി ചെയ്യാന്‍ ഉത്തമം. ലോകമാകെ 64 ലക്ഷം ടണ്‍ അവ്ക്കാഡോ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ വെണ്ണപ്പഴം   ഹൃദയാരോഗ്യത്തിനും അര്‍ബുദപ്രതിരോധത്തിനും ഉപകരിക്കുന്നമെന്നു കരുതുന്നു. പ്രമേഹരോഗികള്‍ക്കും കഴിക്കാം.

avocado-abiu
അവ്‌ക്കാഡോ, അബിയു

6. അബിയു

വാണിജ്യസാധ്യതയുള്ളതും എന്നാല്‍ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയിട്ടില്ലാത്തതുമായ ഫലമാണിത്. സപ്പോട്ട കുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ പഴങ്ങൾക്കു മഞ്ഞ നിറവും ഉള്‍ഭാഗത്തിന് ഇളനീര്‍ കാമ്പിനോടു സാമ്യമുള്ള രുചിയുമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഇവ നന്നായി വളരും. അഞ്ചാം വര്‍ഷം ഹെക്ടറിനു രണ്ടു ടണ്ണോളം ഉല്‍പാദനം പ്രതീക്ഷിക്കാം. പത്താം വര്‍ഷമാകുമ്പോഴേക്കും ഇത് ഇരട്ടിയാകും. തണല്‍ സഹിക്കുന്ന വിളയായതിനാല്‍ തെങ്ങിന്‍തോപ്പുകളിലും മറ്റും ഇടവിളയായി കൃഷി ചെയ്യാനാകും. വേനല്‍ക്കാലത്ത് വിളവെടുക്കുന്നതിനാല്‍ വിപണനം എളുപ്പമാകും. സൂക്ഷിപ്പുകാലം കൂടുതലുണ്ടെന്നതും അബിയുവിന്റെ മേന്മയാണ്

7. ഡ്രാഗൺ

രണ്ടാം വർഷം ആദായം നൽകിത്തുടങ്ങുമെന്നതാണ് മലനാടെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ ഭേദമില്ലാതെ വളരുന്ന ഡ്രാഗൺഫ്രൂട്ടിനെ ശ്രദ്ധേയമാക്കുന്നത്. കുട്ടനാടിനു സമാനമായ വിയറ്റ്നാമിലെ മെക്കോങ്ങിലാണ് ഏറ്റവുമധികം ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയുള്ളത്.   മണ്ണ് ഉയര്‍ത്തിയെടുത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കിയ വാരങ്ങളില്‍ ഡ്രാഗണ്‍ നട്ടുവളര്‍ത്തുന്ന രീതിയാണ് ഇവിടെയുള്ളത്. ഏറെ പോഷകഗുണങ്ങളുള്ള ഈ പഴത്തിനു കിലോയ്ക്ക് 150 രൂപ വില കിട്ടാറുണ്ട്. ഒരു ഏക്കറിൽ 400 ചുവട് കൃഷി ചെയ്യാം. ഏക്കറിന് 5-6 ടണ്‍ ഉല്‍പാദനം തരുന്ന ഡ്രാഗണ്‍ഫ്രൂട്ട് വര്‍ഷത്തില്‍ ഒന്നിലധികം വിളവ് നല്‍കും. മൂന്നു വർഷമായ ഒരു ഡ്രാഗൺ ചെടിയിൽനിന്ന് 10 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. ഉൾഭാഗം വെളുത്തതും ചുവന്നതുമായി ഇനങ്ങളും പുറംതോടിനു മഞ്ഞ നിറമുള്ള ഇനവും ലഭ്യമാണ്. 

dagonfruit-longan
ഡ്രഗൺ ഫ്രൂട്ട്, ലോങ്ങൻ (ഇൻസെറ്റിൽ)

8. ലോങ്ങൻ

കുട്ടനാട് ഉള്‍പ്പെടെ കേരളത്തില്‍ എല്ലാ ഭാഗത്തും കൃഷി ചെയ്യാവുന്നതും വാണിജ്യസാധ്യതയുള്ളതുമായ പഴമാണിത്. വിയറ്റ്നാമിലും തായ്‌ലന്‍ഡിലുമൊക്കെ ഉയര്‍ത്തിയെടുത്ത വാരങ്ങളിലാണ് ലോങ്ങന്‍ കൃഷി ചെയ്യുന്നത്. ശരാശരി 35 അടി അകലത്തില്‍ ഇവ നട്ടുവളര്‍ത്താം. ഈഡോ എന്ന ഇനം വാണിജ്യസാധ്യതയുള്ളതാണ്. പത്തു വർഷമായ മരത്തിൽനിന്ന് 300 കിലോ പഴം ലഭിക്കും. ഒരു ഏക്കറിൽ  50 തൈകൾ നട്ടുവളർത്താം. പരിസ്ഥിതിക്കു ദോഷകരമല്ലാത്ത ചില സംയുക്തങ്ങൾ തളിച്ച് പൂവിടലിനു പ്രേരിപ്പിക്കാമെന്നതിനാൽ ഏതു മാസത്തിലും വിപണിക്കനുസരിച്ച് ഉൽപാദനം ക്രമീകരിക്കാമെന്നത് ലോങ്ങന്റെ സവിശേഷതയാണ്. മരുന്നു തളിച്ച് 165 ദിവസം പിന്നിടുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം. വാണിജ്യാടിസ്ഥാനത്തിലുള്ള ലോങ്ങൻ കൃഷി കേരളത്തിലും ആരംഭിച്ചുകഴിഞ്ഞു.

9. അച്ചാച്ചെറു

ബൊളീവിയന്‍ മാങ്കോസ്റ്റിന്‍ എന്നുമറിയപ്പെടുന്ന ഈ പഴവര്‍ഗത്തിന്റെ വാണിജ്യകൃഷി കൂടുതലായുള്ളത് ഓസ്ട്രേലിയയിലാണ്. മാങ്കോസ്റ്റിന്‍ കുടുംബക്കാരാണെങ്കിലും  ഇരട്ടി ഉല്‍പാദനവും വിലയും പ്രതീക്ഷിക്കാം. കേടുണ്ടാവാനുള്ള സാധ്യത താരതമ്യേന കുറവ്. മുപ്പതടി അകലത്തില്‍ നടാവുന്ന അച്ചാച്ചെറുവിനു വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷി കൂടുതലുണ്ട്.  അച്ചാച്ചെറുവിന്റെ തോട്ടങ്ങളില്‍ തേനീച്ചവളര്‍ത്തലിനു വലിയ സാധ്യതകളുണ്ട്.

10. പാഷന്‍ഫ്രൂട്ട്

അടുത്ത കാലത്ത് വാണിജ്യക്കൃഷി വ്യാപകമായ പാഷന്‍ഫ്രൂട്ട് മലയോരജില്ലകളില്‍ പല കൃഷിക്കാര്‍ക്കും മെച്ചപ്പെട്ട വരുമാനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഏക്കറില്‍ 150–180 ചുവട് കൃഷി ചെയ്താൽ 5 ടൺ ഉൽപാദനം പ്രതീക്ഷിക്കാം. സീസൺ നീണ്ടുനിൽക്കുന്ന ഹൈറേഞ്ചിൽ ഇത് 10 ടൺ വരെയാകും. പഴങ്ങള്‍ക്ക് 50–100 രൂപ വിലയുണ്ട്. വീട്ടിൽ‌തന്നെ ജ്യൂസ്, സിറപ്പ് എന്നിവയുണ്ടാക്കി അധിക വരുമാനം നേടുന്നവരുമുണ്ട്. പ്രധാനമായും നാലിനം പാഷന്‍ഫ്രൂട്ടാണ് കേരളത്തില്‍ കൃഷി ചെയ്യപ്പെടുന്നത്.

കേരളത്തിന്റെ  മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച ഫലവര്‍ഗങ്ങള്‍ ഇനിയുമേറെയുണ്ട്. പണ്ടുമുതല്‍ക്കേ നമ്മുടെ പഴവിപണിയില്‍ തിളങ്ങുന്ന മാമ്പഴവും പൈനാപ്പിളും പപ്പായയുമൊക്കെ വാണിജ്യാടിസ്ഥാനത്തില്‍ ഇവിടെ വളരുന്നവ  തന്നെ. കൂടാതെ  ലോങ്കോങ്, മില്‍ക് ഫ്രൂട്ട്, ലിച്ചി, റൊളീനിയ, ബാക്കുപാരി, മെക്സിക്കൻ മാങ്കോസ്റ്റിൻ എന്നിങ്ങനെ സാധ്യതയുള്ള വിദേശ ഇനങ്ങളും ഏറെയുണ്ട്. എന്നാല്‍ വിപണിപഠനത്തിന്റെയും പരീക്ഷണക്കൃഷികളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇവയ്ക്കായി പണം മുടക്കാനാവൂ.

English summary: 10 Most Profitable Fruits to Grow in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com