ഏലത്തോട്ടം പാട്ടത്തിന് എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? കർഷകൻ പറയുന്നു

HIGHLIGHTS
  • കാലാവസ്ഥ ഏലച്ചെടിയുടെ ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകം
  • 40 മുതൽ 60 അടി ഉയരത്തിലുള്ള മരങ്ങളാണ് ഏലത്തിന് ആവശ്യം
cardamom-plantation
SHARE

ഏലക്കൃഷിയുമായി ബന്ധപ്പെട്ട് ഉയർന്ന് കേൾക്കുന്ന ചോദ്യമാണ് ഏലത്തോട്ടം പാട്ടത്തിന് കിട്ടാനുണ്ടോ? പാട്ടത്തിന് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? എന്നിവ

കാലാവസ്ഥ ഏലച്ചെടിയുടെ ഉൽപാദനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ, 18–23 ഡിഗ്രി ചൂടും കിഴക്കൻ കാറ്റ് (തമിഴ് നാട്ടിൽ നിന്നുള്ള വരണ്ട കാറ്റ്) അടിക്കാത്ത പ്രദേശവും ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. മൂടൽമഞ്ഞ് പൂവുകൾ വിരിയുന്നതിന് തടസമുണ്ടാക്കും. പുൽമേടുകളോട് ചേർന്ന് കിടക്കുന്ന ചോലവനങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങൾ ഫലഭൂയിഷ്ടമാണെങ്കിലും കാറ്റിന്റെ ആക്രമണം കൂടുതലായിരിക്കും. 

മരങ്ങളെ ശ്രദ്ധിച്ചാൽ ഒരു സ്ഥലത്തെ കാറ്റിന്റെ ദിശയും അളവും നമുക്ക് മനസിലാക്കാം. പ്ലാവ്, ചോരക്കാലി, മഞ്ഞക്കടമ്പ്, വഷ്ന പോലെയുള്ള ഷേഡ് മരങ്ങൾ ഏലത്തിന് ഏറ്റവും അനുയോജ്യമാണ്. ഇലകൾ പ്ലാസ്റ്റിക്ക് പോലെ കട്ടിയുള്ള യൂക്കാലി, പൂവം, മുളക്നാറി, കരിവെട്ടി തുടങ്ങിയ മരങ്ങൾ അത്ര നല്ലതല്ല.

കാറ്റ് കൂടുതലായി വീശുന്ന സ്ഥലങ്ങളിൽ കാറ്റ് വീശുന്നതിന്റെ എതിർദിശയിലേക്ക് മരങ്ങളുടെ തലപ്പുകൾ ചെറുതായി വളഞ്ഞു നിൽക്കും. മരങ്ങൾക്ക് മുരടിപ്പും ഉയരം കുറവും ആയിരിക്കും.

കൃഷിക്ക് ആവശ്യത്തിന് ജലലഭ്യത ഉറപ്പു വരുത്തണം. ചെറിയ കിണറോ പടുതാക്കുളമോ മാത്രം ആശ്രയിച്ച് കൃഷിയിലേക്ക് ഇറങ്ങരുത്. ഒരേക്കർ സ്ഥലം ഒരു വേനൽക്കാലം പിടിച്ചു നിർത്താൻ കുറഞ്ഞത് ഒന്നര ലക്ഷം ലീറ്റർ വെള്ളമെങ്കിലും വേണ്ടിവരും. എത്ര തണൽ കൃത്രിമമായി നൽകിയാലും മരങ്ങളുടെ തണൽ ഒരു അനിവാര്യ ഘടകമാണ്. ഒരേക്കർ സ്ഥലത്ത് കുറഞ്ഞത് 40 ഇടത്തരം മരങ്ങൾ ഉണ്ടായിരിക്കണം വൻമരങ്ങൾ ആണെകിൽ അതിനനുസരിച്ച് കുറവ് വരാം. അതായത് രണ്ടര സെന്റ് സ്ഥലത്തിന് ഒരു മരം എന്ന കണക്ക് പ്രത്യേകം ശ്രദ്ധിക്കണം.

40 മുതൽ 60 അടി ഉയരത്തിലുള്ള മരങ്ങളാണ് ഏലത്തിന് ആവശ്യം. കിഴക്കോട്ടും വടക്കോട്ടും ചരിവുള്ള ഭൂമിയാണങ്കിൽ ഉച്ചയ്ക്കുശേഷമുള്ള വെയിൽ കുത്തനെ പതിക്കുന്നതിൽനിന്ന് രക്ഷപെടാം. സമതല പ്രദേശത്ത് അഴുകൽ സാധ്യത കൂടുതലായിരിക്കും. അതിനാൽ, ചെറിയ ചെരിവും നീർവാർച്ചയും ഉണ്ടെങ്കിൽ വളരെ നല്ലത്. അതേസമയം, ചെരിവ് കൂടുതലായാൽ കൂലി കൂടുതൽ വരാൻ സാധ്യതയുമുണ്ട്. ഒരേക്കറിൽ 4 തൊഴിലാളികൾ എന്ന കണക്കിൽ ആവശ്യമുള്ളതിനാൽ നല്ല വഴി സൗകര്യമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കായ്, വിറക്, വളം തുടങ്ങിയവ കൂടുതൽ ദൂരം ചുമന്നുകൊണ്ടു പോകുന്നത് പണിക്കൂലി ഇരട്ടിയാക്കും.

ആദായമുള്ള തോട്ടമാണെങ്കിൽ പാട്ടത്തുക നിശ്ചയിക്കാൻ ചെടികളുടെ പ്രായം ഒരു പ്രധാന ഘടകമാണ്. ശരത്തിന് നീളം കൂടിയതും കൊത്ത് എണ്ണം കൂടിയതുമായ ചെടികളുള്ള തോട്ടം വേണം തിരഞ്ഞെടുക്കാൻ. കറ്റ, ഫ്യുസേറിയം, നിമാവിര തുടങ്ങിയ പ്രശ്നങ്ങളുള്ള സ്ഥലങ്ങൾ ഒഴിവാക്കണം. 

പരമാവധി 3 ഏക്കർ വരെയുള്ള നല്ല ആദായമുള്ള സ്ഥലങ്ങൾക്ക് 2–2.5 ലക്ഷം രൂപ പാട്ടസംഖ്യയുണ്ട്. വിസ്തൃതി കൂടുംതോറും പാട്ടസംഖ്യ കുറയും. മൂന്ന് മുതൽ നാല് ലക്ഷം വരെ വർഷം ഒരേക്കറിന് ചെലവ് പ്രതീക്ഷിക്കണം. 7 വർഷമെങ്കിലും വരുമാനം എടുക്കുന്ന രീതിയിൽ വേണം സ്ഥലം തിരഞ്ഞെടുക്കാൻ. കാലി സ്ഥലങ്ങൾ എടുക്കുമ്പോൾ പാട്ട സംഖ്യ കുറച്ചു കിട്ടുമെങ്കിലും ആദ്യത്തെ 2 വർഷം വരുമാനം ഇല്ലാതെ കയ്യിൽ നിന്ന് പണം ഇറക്കേണ്ടി വരും എന്ന് കരുതണം. നല്ല സൗകര്യപ്രദമായ സ്ഥലം പരമാവധി കുറഞ്ഞ തുക നൽകി എടുക്കുകയും നല്ലതുപോലെ ശ്രദ്ധിച്ച് പണികൾ കൊണ്ടുപോവുകയും ചെയ്തെങ്കിൽ മാത്രമേ പാട്ടകൃഷി ലാഭകരമാകുകയുള്ളൂ.

English summary: How to select land for Cardamom Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA