വെള്ളായണി കാർഷിക കോളജിൽ ക്ഷീരകർഷകർക്കു കണ്ടറിയാന്‍ തീറ്റപ്പുൽ മ്യൂസിയം തയാർ. അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണപദ്ധതിയാണ് കേരള കന്നുകാലി വികസന ബോർഡിന്റെയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെയും സാമ്പത്തിക സഹായത്തോടെ ഈ മ്യൂസിയം ഒരുക്കിയത്.
കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോജ്യമായ 50 ഇനം കാലിത്തീറ്റ വിളകൾ ഈ ശേഖരത്തിലുണ്ട്. 14 ഹ്രസ്വകാല ഇനങ്ങളും 32 ദീർഘകാലയിനങ്ങളും 4 വൃക്ഷത്തീറ്റ വിളകളും. പുല്ലുവർഗത്തിൽപെട്ട ഗിനി, സങ്കര നേപ്പിയർ, സിഗ്‌നൽ, കോംഗോസിഗ്‌നൽ, ഗാംബ, പാരപ്പുല്ല്, സെറ്റേറിയ, പാലിസേഡ്, ദീനാനാഥ്, ബഫൽ, ക്രീപ്പിങ് സിഗ്‌നൽ എന്നിവ ഈ ശേഖരത്തിലുണ്ട്. ഇവയിൽ സങ്കര നേപ്പിയറിന്റെ 8 ഇനങ്ങളും ഗിനിപ്പുല്ലിന്റെ 7 ഇനങ്ങളുമുണ്ട്. തണുപ്പു കാലത്തിനു യോജിച്ച സെറ്റേറിയ, വെള്ളക്കെട്ടിനെ ചെറുക്കുന്ന പാരപ്പുല്ല്, മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്ന കോംഗോസിഗ്‌നൽ എന്നിവ മ്യൂസിയത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്. തീറ്റപ്പയർ, അരിപ്പയർ, സ്റ്റൈലോ, അമരപ്പയർ എന്നിവയും വൃക്ഷത്തീറ്റ വിളകളായ സുബാബുൾ, മുരിങ്ങ, അഗത്തി, മുരിക്ക് എന്നിവയും ഈ ശേഖരത്തിലുണ്ട്. കൂടാതെ മക്കച്ചോളം, മണി ച്ചോളം, ബജ്റ എന്നിവയും.
തയാറാക്കിയത്
ഡോ. ഉഷ സി. തോമസ്, ഡോ. ജി. ഗായത്രി (അഖിലേന്ത്യ തീറ്റപ്പുൽ ഗവേഷണ പദ്ധതി, കാർഷിക കോളജ്, വെള്ളായണി. ഫോണ്‍: 9496301170)