ADVERTISEMENT

കറവപ്പശുക്കളിൽ വളരെ സാധാരണമായി കാണുന്ന ഒരു രോഗമാണ് അകിടുവീക്കം. ക്ഷീരകർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്നതിൽ പ്രധാനിയാണ് അകിടുവീക്കം. കറവപ്പശുക്കളുടെ അകിടിലെ പാലുൽപാദിപ്പിക്കുന്ന കോശങ്ങളുടെ വീക്കമാണ് അകിടുവീക്കം എന്നറിയപ്പെടുന്നത്. പാലുൽപാദനം കൂടുതലുള്ള പശുക്കളിൽ, അകിടുവീക്കം, കൂടുതലായി കാണപ്പെടുന്നു. പാലുൽപാദനത്തിന്റെ ആരംഭദിശയിൽ, അതായത്, ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്ന സമയത്ത് രോഗബാധ വരാനുള്ള സാധ്യതയും കൂടുതലാണ്. അകിടുവീക്കം വന്നാൽ പാലുൽപാദനം ഭാഗികമായോ  പൂർണമായോ നഷ്ടപ്പെട്ടുപോകാം. അകിടും മുലക്കാമ്പും അഴുകിപ്പോകുവാനോ അകിട് കല്ലിച്ചുപോകുവാനോ ഇടയാകുന്നു. അണുബാധമൂലം പാലിൽ നിറവ്യത്യാസവും അകിടിൽ കല്ലിപ്പും കാണുന്നു. കൃത്യമായ ശാസ്ത്രീയ ചികിത്സ സമയത്തു ലഭിക്കാതെ വന്ന സാഹചര്യങ്ങളിൽ ചിലപ്പോൾ പശുക്കളുടെ മരണത്തിൽ വരെ ഈ രോഗം കലാശിച്ചിട്ടുണ്ട്.

രോഗകാരണങ്ങൾ 

ശുചിത്വക്കുറവു മൂലമുണ്ടാകുന്ന ഒരു രോഗമാണ് അകിടുവീക്കം. ബാക്ടീരിയ, വൈറസ്, ഫങ്കസ് തുടങ്ങിയവ രോഗമുണ്ടാകുന്നതിന് കാരണമാകുന്നു. ഈ ലേഖനത്തിന്റെ തലക്കെട്ടിൽ പറഞ്ഞത് പോലെ വൃത്തിഹീനമായ തൊഴുത്തും പരിസരവും അകിടിലെ അണുബാധയ്ക്കും തദ്വാരാ, അകിടുവീക്കത്തിനും കാരണമാകുന്നു. സമയ നിഷ്ഠയില്ലാത്തതും (കൃത്യമായി കറക്കാതെ ഇരിക്കുക), അപൂർണമായ കറവയും (പാൽ മുഴുവനും കറന്നെടുക്കാതെ ഇരിക്കുക), രോഗകാരണങ്ങളാണ്. അശാസ്ത്രീയമായ കറവ രീതികളും (ഉദാ: കറക്കുന്ന ആളുടെ തള്ള വിരൽ മുലഞെട്ടിൽ അമർത്തി അമിത സമ്മർദ്ദം ചെലുത്തി വലിച്ചു കറക്കുന്ന തെറ്റായ രീതി), അകിടിലും മുലക്കാമ്പിലും ഉണ്ടാകുന്ന മുറിവുകളും ചതവുകളും മൂലവും, രോഗണുക്കളുടെ അകിട് വഴിയുള്ള പ്രവേശനം എളുപ്പമാക്കുകയും പെട്ടെന്നു തന്നെ അകിടുവീക്കം വരുത്തി വയ്ക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ 

പാലിന്റെ അളവിലുള്ള വ്യത്യാസവും (പാലുൽപാദനം ഇരുപത്തൊന്ന് ശതമാനത്തോളം കുറയുന്നു); പാലിന്റെ നിറം, മണം, രുചി എന്നിവയിലുള്ള വ്യത്യാസവുമാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പാൽ മഞ്ഞ നിറമാകുകയും ചിലപ്പോൾ രക്തം കലർന്ന് കട്ടകളോട് കൂടിയും വളരെ നേർത്ത പോലെ കാണപ്പെടുകയും ചെയ്യാം. രോഗമുള്ള പശുക്കളുടെ അകിടും മുലക്കാമ്പും നീരുകാരണം വലിപ്പം കൂടുകയും ചിലപ്പോൾ കട്ടിയാവുകയും ചെയ്യാം. അകിടിനു നീരും വേദനയും ചൂടും ഉണ്ടാവുകയും; ചിലപ്പോഴൊക്കെ പശുവിനു മുടന്ത്, പനി തുടങ്ങിയ രോഗലക്ഷണങ്ങളും കാണപ്പെടുന്നു.

രോഗലക്ഷണങ്ങൾ പുറമേക്ക് പ്രകടമാകുന്നുണ്ടോ അല്ലയോ എന്നതനുസരിച്ച്  അകിടുവീക്കത്തെ രണ്ടായി തരം തിരിക്കാം: 

രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അകിടുവീക്കം അഥവാ ക്ലിനിക്കൽ മാസ്റ്റയിറ്റിസ്: പാലിലെ നിറ‌വ്യതിയാനം, തരികൾ, പഴുപ്പ്, രക്തം കലർന്ന പാൽ, അകിടിൽ നീര്, ചൂട്, വേദന എന്നിവ എല്ലാം തന്നെയോ, അതോ ചിലതെങ്കിലുമോ, കാണപ്പെടുന്നു. 

രോഗലക്ഷണങ്ങൾ പ്രകടമാകാത്ത അകിടുവീക്കം അഥവാ സബ് ക്ലിനിക്കൽ മാസ്റ്റയിറ്റിസ്: അകിടിനു നീരോ, വേദനയോ, പാലിന് നിറവ്യത്യാസമോ കാണുകയില്ല. 

രോഗനിർണയം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളോജിക്കൽസ് പാലോട്, അകിടുരോഗ നിയന്ത്രണ ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചു മൃഗാശുപത്രികൾ വഴി സൗജന്യനിരക്കിൽ കേരളത്തിലെ ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്ന പരിശോധനാ ലായനി; കാലിഫോർണിയ മാസ്റ്റയിറ്റിസ് പരിശോധനാ ലായനി (സിഎംടി ലായനി) അടങ്ങിയ മാസ്റ്റയിറ്റിസ് കിറ്റ് ഉപയോഗിച്ചു പ്രാരംഭ ദിശയിൽ തന്നെ അകിടുവീക്കം കണ്ടുപിടിക്കാം .

cow
സിഎംടി ലായനി ഉപയോഗിച്ച് അകിടുവീക്കം പരിശോധിക്കുന്ന രീതി

രോഗനിർണയ രീതി 

നീണ്ട പിടിയുടെ അറ്റത്ത്; നാലു മുലക്കാമ്പുകളെ സൂചിപ്പിക്കുന്ന നാല് വൃത്താകൃതിയിലുള്ള അറകളുള്ള പാൽ പാഡിൽ ഉപയോഗിച്ചാണ് പാൽ പരിശോധിക്കുന്നത്. ഓരോ മുലക്കാമ്പിൽനിന്നും പാൽ പാഡിലിന്റെ ഓരോ അറകളിലേക്ക് ഏകദേശം രണ്ടു  മില്ലി വീതം പാൽ കറന്ന് ഒഴിക്കുക. അതിലേക്ക് രണ്ടു മില്ലി വീതം പരിശോധനാ ലായനി (സിഎംടി ലായനി) ഒഴിച്ച്, പാത്രം സാവധാനം വൃത്താകൃതിയിൽ ചലിപ്പിക്കുക. പാൽ ലായനി മിശ്രിതത്തിന് നിറ - രൂപ മാറ്റമില്ലാതിരുന്നാൽ അകിടുവീക്കം ഇല്ല എന്നർഥം. മിശ്രിതം കട്ടികൂടി കുഴമ്പു രൂപത്തിൽ ആകുന്നുവെങ്കിൽ അകിടുവീക്കം ഉണ്ട് എന്നനുമാനിക്കാം.

ചികിത്സ 

രോഗലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ അണുക്കൾക്കെതിരെ ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവയ്‌പായി സിരകളിലോ മാംസപേശികളിലോ നൽകേണ്ടതുണ്ട്. ഇത് വെറ്ററിനറി ഡോക്ടർ തന്നെയാണ് ചെയ്യേണ്ടത്. ഡോക്ടറുടെ നിർദേശാനുസരണം അകിടിന്റെ പുറത്തു നീര് കുറയാനുള്ള മരുന്നുകൾ പുരട്ടുകയും പാൽ ഇടയ്ക്കിടക്ക് കറന്നുകളയുകയും ചെയ്യണ്ടതാണ്. അകിടിൽ വെള്ളമടിച്ചു കൊടുക്കുന്നതും, ഐസ് കട്ടകൾ വയ്ക്കുന്നതും നീരിന്റെ കാഠിന്യത്തെ കുറയ്ക്കുവാൻ സഹായിക്കും.  

രോഗനിയന്ത്രണം

സമ്പൂർണ ശുചിത്വം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷികമാണ്. അതിനു പ്രാഥമികമായി ചെയ്യേണ്ടത്, തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. തൊഴുത്തിലെ ചാണകം കഴിയുന്നതും ഓരോ മണിക്കൂർ ഇടവിട്ട് വൃത്തിയാക്കണം. ദിവസവും ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും തൊഴുത്ത് നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകണം. കറവക്കാരും പരിപൂർണ ശുചിത്വം പാലിക്കണം. കറവയ്ക്ക് മുൻപ് അവർ തങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി തുടയ്ക്കണം. പാൽ പാത്രങ്ങൾ എപ്പോഴും  വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കണം.

കറവയ്ക്ക് മുൻപും പിൻപും അകിടും മുലക്കാമ്പുകളും പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചു കഴുകി വൃത്തിയുള്ള നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കുക. ശാസ്ത്രീയമായ കറവ രീതികൾ സ്വീകരിക്കുക. ഇതിനായി യഥാസമയത്തു (രാവിലെയും, ഉച്ചയ്ക്കും) പാൽ മുഴുവനായി അഥവാ സമ്പൂർണമായി കറന്നെടുക്കേണ്ടതാണ്. കറവയ്ക്ക് ശേഷം അകിടിന്റെ അഗ്രഭാഗം പോവിഡോൺ അയഡിൻ ലായനിയിൽ രണ്ടു മിനിറ്റോളം മുക്കി വയ്ക്കണം. ഇങ്ങനെ ചെയ്‌താൽ അടുത്ത കറവ വരെ അണുക്കൾ ഉള്ളിൽ കയറാതെ മുലക്കാമ്പിലെ സുഷിരങ്ങൾ സീൽ ചെയ്തപോലെ ഇരിക്കും.  

അകിടിലെയും മുലക്കാമ്പുകളിലെയും ചെറിയ മുറിവ്, കുരുക്കൾ എന്നിവയിൽ ബോറിക് ആസിഡ് പോലത്തെ അണുനാശിനി ലേപനങ്ങൾ പുരട്ടുന്നത് നല്ലതാണ്. കറവ നിർത്തുന്ന സമയത്തു ഡോക്ടറുടെ നിർദേശ പ്രകാരം മുലക്കാമ്പിൽ മരുന്ന് നിറയ്ക്കുക. അകിടും മുലക്കാമ്പും നിത്യേന പരിശോധിക്കുക. ഗർഭിണിപ്പശുവിന്റെ അവസാന രണ്ടു മാസം ഒട്ടും പാൽ കറക്കാതെ വറ്റു കറവക്കാലം അനുഷ്ഠിക്കുക. എങ്കിൽ മാത്രമേ അടുത്ത പ്രസവത്തിൽ നല്ല അളവിൽ പാൽ ഉണ്ടാവുകയുള്ളു. എന്തെങ്കിലും രോഗലക്ഷണം കണ്ടാലുടൻ വിദഗ്ധ ചികിത്സ നൽകുക. പശുവിനെ ദിവസം ഒരു പ്രാവശ്യമെങ്കിലും കുളിപ്പിക്കുകയും അകിടിലും പിൻഭാഗത്തും ചാണകം പുരളാതെ നോക്കുകയും ചെയ്യണം. 

വാൽക്കഷ്ണം: അകിടുവീക്കം വന്നാൽ പാൽ കുറയും എന്ന ഭീതിയിൽ പല കർഷകരും കുത്തിവയ്പ്പെടുക്കുന്നതിൽ വിമുഖത കാട്ടുന്നു. തികച്ചും തെറ്റായ ധാരണയാണിത്. ഇതിനു യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. പാൽ കുറയുന്നത് അസുഖം കൊണ്ടാണ്; കുത്തിവയ്പ് കൊണ്ടല്ല. ആന്റിബയോട്ടിക് മരുന്നുകൾ കുത്തിവയ്ച്ച് അണുക്കളെ നശിപ്പിച്ചു കഴിഞ്ഞാൽ അണുക്കളുടെ ആക്രമണം കൊണ്ട് നശിച്ചു പോയ അകിടിലെ മൃതകോശങ്ങൾക്ക് പകരം പുതിയ പാലുൽപ്പാദന കോശങ്ങൾ ഉണ്ടായി വരുകയും അവ പാൽ ഉൽപാദിപ്പിക്കുകയും ചെയ്യുമ്പോൾ പാൽ ഉൽപാദനം വീണ്ടും പഴയ പടി ആയിക്കൊള്ളും.

English summary: Detecting and Treating Clinical Mastitis, Dairy Farm, Dairy Farmers, Dairy Farming Activities, Dairy Farming Agriculture, Dairy Farming Articles, Dairy Farming For Beginners, Dairy Farming In India, Dairy Farming In Kerala, Dairy Farming Kerala, Dairy Farming Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com