ADVERTISEMENT

കോഴിഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾക്കു കൃത്രിമ ചൂട് നൽകുന്നതിനെയാണ് ബ്രൂഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാടൻ കോഴിക്കുഞ്ഞുങ്ങളെ തള്ളക്കോഴികൾ ചിറകിനടിയിൽ ശരീരത്തോടു ചേർത്തുനിർത്തുന്നത് കണ്ടിട്ടില്ലേ എന്തിനാണിങ്ങനെ ചെയ്യുന്നത്?

14 ദിവസം വരെ കോഴിക്കുഞ്ഞുങ്ങൾക്ക് അവയുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനുള്ള കഴിവില്ല. അതിനാൽ അന്തരീക്ഷത്തിലെ കുറഞ്ഞ ഊഷ്മാവ് കോഴിക്കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായേക്കാം. ഇതു പ്രതിരോധിക്കാനാണ് തള്ളക്കോഴികൾ കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിൽ ശരീരത്തോടു ചേർത്ത് നിർത്തുന്നത്.

വ്യാവസായികാടിസ്ഥാനത്തിൽ ഹാച്ചറികളിൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുമ്പോൾ അവയ്ക്ക് തള്ളക്കോഴികൾ ഇല്ല. അതിനാൽ കൃത്രിമമായി ചൂട് നൽകേണ്ടത് അത്യാവശ്യമാണ്. ആദ്യത്തെ 14 ദിവസമാണ് ബ്രൂഡിങ് ആവശ്യം.

ബ്രൂഡിങ്ങിനാവശ്യമായ സജ്ജീകരണങ്ങൾ

അന്തരീക്ഷ ഊഷ്മാവ് ആദ്യത്തെ 3 ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് ആയും ശേഷം 5 ദിവസം 35 ഡിഗ്രി സെൽസ്യസ് ആയും ശേഷം  30 ഡിഗ്രി  സെൽഷ്യസ് ആയും നിലനിർത്തണം. ഇതിനു വേണ്ടി പലരീതികൾ ഫാമുകളിൽ അനുവർത്തിച്ചു വരുന്നുണ്ട്.

  • കരി ബ്രൂഡിങ്

ഒരു മൺ പാത്രത്തിലോ സ്റ്റീൽ പാത്രത്തിലോ കരി (മരത്തടി കഷണങ്ങൾ പകുതി കരിഞ്ഞത്) വെച്ച് അതിനു തീവയ്ക്കുന്നു. ഇങ്ങനെയുണ്ടാകുന്ന കനൽ ഫാമിനുള്ളിലെ ചൂട് വർധിപ്പിക്കും. പുറത്തെ അന്തരീക്ഷ വായുവുമായി ഷെഡ്ഡിനകത്തെ വായു കലരാതിരിക്കാൻ ഷെഡ്ഡ് മുഴുവനായും, അല്ലെങ്കിൽ  ബ്രൂഡിങ് ചെയ്യുന്ന ഭാഗവും കൃത്യമായി കർട്ടൻവച്ച് അടച്ചിരിക്കണം. പുറത്തുനിന്നു വായു അകത്തു കടക്കാനോ, ഷെഡ്ഡിനുള്ളിലെ ചൂട് വായു പുറത്തു പോകാനോ പാടുള്ളതല്ല.

  • ഗ്യസ് ബ്രൂഡിങ്

ഗ്യാസ് ഹീറ്റർ കോയിൽ ഉപയോഗിച്ചു ഷെഡ്ഡിനകത്തെ വായു ചൂടാക്കുന്നു. 1500 കോഴിക്കുഞ്ഞുങ്ങൾക് ഒരു ഹീറ്റർ എങ്കിലും അത്യാവശ്യമാണ്. മേൽപ്പറഞ്ഞ കർട്ടൻ സംവിധാനം ഇവിടെയും നിർബന്ധമാണ്.

കരി ബ്രൂഡിങ് ആണെങ്കിലും, ഗ്യാസ് ബ്രൂഡിങ് ആണെങ്കിലും ഇന്ധനം കത്താൻ വേണ്ടി ധാരാളം ഓക്സിജൻ ഉപയോഗിക്കുകയും, തൽഫലമായി ഷെഡ്ഡിനകത്തെ വായുവിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. കൂടാതെ ഇന്ധനം കത്തുന്നതിന്റെ ഫലമായുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് ഷെഡിനകത്തു ഉയരുകയും ചെയ്യും. ഇതു രണ്ടും ഒഴിവാക്കി പുറത്തുനിന്ന് അന്തരീക്ഷത്തിലെ ശുദ്ധവായു അകത്തേക്ക് കടത്തിവിടേണ്ടതുണ്ട് ഷെഡിനുള്ളിലെ വായു പുറത്തേക്കും. ഇതിനായി ഒരു ദിവസത്തിൽ 2 മണികൂർ സമയം കർട്ടൺ തുറന്നു വയ്ക്കുക.

കർട്ടൻ തുറക്കുന്നത് പുറത്തു വെയിലുള്ള ഉച്ച സമയത്തു മാത്രം ചെയ്യുക. അല്ലെങ്കിൽ പുറത്തുള്ള തണുത്ത വായു അകത്തു പ്രവേശിച്ചാൽ ഷെഡ്ഡിനകത്തെ ചൂട് കുറയും.

  • ബൾബ് ബ്രൂഡിങ്

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതിയാണിത്. നമുക്ക് ലഭിക്കുന്ന കുറഞ്ഞ ചെലവിലെ വൈദ്യൂതി തന്നെ ഒരു കാരണം. മറ്റൊന്ന് കേരളത്തിലെ ഫാമുകളിൽ പകുതിയും ചെറിയ ഫാമുകളാണെന്നുള്ളതുമാണ്. 

ഒരു കോഴിക്കുഞ്ഞിന് 2 വാട്ട്സ് ബൾബ് എങ്കിലും വേണം. വിരിപ്പു രീതിയിൽ വളർത്തുമ്പോൾ 500 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് ഒരു വൃത്തത്തിൽ  ബൾബ് ബ്രൂഡിങ് ചെയ്യുന്നത്.

500 കോഴികൾക്ക് ആവശ്യമായ രീതിയിൽ ഒരു വൃത്തം നിർമിക്കുക. ഇതിനായി 30 അടി നീളമുള്ള 1.5 അടി ഉയരമുള്ള, തകര ഷീറ്റോ പേപ്പർ ബ്രൂഡിങ് ഗാർഡോ ഉപയോഗിക്കാം. ഇങ്ങനെയുള്ള ഇരു വൃത്തത്തിൽ 200 വാട്ട്സിന്റെ 5 ബൾബുകൾ ക്രമീകരിക്കുക. ബ്രൂഡിങ് ഹോവേറിലാണ് ബൾബുകൾ ക്രമീകരിക്കേണ്ടത്. ചിത്രം  ശ്രദ്ധിക്കുക.

വേനൽ കാലത്ത് 500 കോഴികൾക്ക് 500 വാട്ട്സ് തന്നെ മതിയാകും. എങ്കിലും 500 കോഴികൾക്ക് 1000 വാട്ട്സ് എന്ന നിലയിൽ റെസിസ്റ്റൻസ് താങ്ങാൻ  കെൽപ്പുള്ള വയറിംഗ് നിർബന്ധമായും ചെയ്യേണ്ടതാണ്. ബൾബുകളുടെ വാട്ട്സ്, കാലാവസ്ഥക്ക് അനുയോജ്യമായി മാറ്റാവുന്നതാണ്.

ഇത്തരത്തിൽ ഊഷ്മാവ് നിയന്ത്രിക്കാമെങ്കിലും കോഴിക്കുഞ്ഞുങ്ങളുടെ ഉത്സാഹം അടിസ്ഥാനപ്പെടുത്തി ചൂട് കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടതാണ്. കൃത്യമായ ഊഷ്മാവാണ് ഷെഡിനുള്ളിലെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ബ്രൂഡിങ് വൃത്തത്തിലെ എല്ലാ സ്ഥലങ്ങളിലും ഓടി നടക്കുന്നത് കാണാം. ചൂട് കുറവാണെങ്കിൽ കോഴിക്കുഞ്ഞുങ്ങൾ ബൾബിനടുത്തു കൂട്ടമായി നിൽക്കും. ചൂട് കൂടുതലാണെങ്കിൽ ബൾബിൽ നിന്ന് അകലെ പോയി നിൽക്കും. 

കോഴിക്കുഞ്ഞുങ്ങൾ കൂട്ടം കൂടുന്നത് മരണനിരക്ക് ഉയർത്തും. അതിനാൽ ബ്രൂഡിങ് ഊഷ്മാവ് കൃത്യമായി നിലനിർത്തുക എന്നുള്ളത് നിർബന്ധം.

ബൾബ് ബ്രൂഡിങ് നൽകുമ്പോൾ ചൂട് കൂടുതലായി അനുഭവപ്പെട്ടാൽ ബൾബിന്റെ ഉയരം വർധിപ്പിക്കുക. എന്നിട്ടും ചൂട് കൂടുതലാണെങ്കിൽ കർട്ടൻ അൽപം തുറന്നു കൊടുക്കാം. ചൂട് കുറവായി അനുഭവപ്പെട്ടാൽ ബൾബ് താഴ്ത്തിക്കൊടുക്കയും കർട്ടൻ കൃത്യമായി അടയ്ക്കുകയും ചെയ്യേണ്ടതാണ്.

ഷെഡിനകത്തെ ഓക്സിജൻ തോത് വർധിപ്പിക്കാൻ ചെയ്യേണ്ടത്

കത്തുന്നതിനു വേണ്ടി ധാരാളം ഓക്സിജൻ ഉപയോഗിക്കുന്നതിനാൽ ഷെഡ്ഡിനകത്തെ ഓക്സിജൻ വർധിപ്പിക്കാൻ വേണ്ടി ഉച്ച സമയത്ത് കർട്ടൺ  2 മണിക്കൂർ തുറന്നുവയ്ക്കുക.

ബ്രൂഡിങ് കാലത്തെ ടോണിക്കുകൾ

ബ്രൂഡിങ് സമയത്ത് AD3EC വിറ്റാമിനുകൾ നൽകുന്നത് രോഗ പ്രതിരോധത്തിന് സഹായകം. പരിചയസമ്പന്നനായ ഡോക്ടറുടെ നിർദേശപ്രകാരം അളവും ബ്രാൻഡും നിശ്ചയിക്കുക.

ബ്രൂഡിങ് കൃത്യമായി നൽകിയാൽ ഫാമിലെ പകുതി പ്രശ്നങ്ങൾ ഒഴിവാകും. ബ്രൂഡിങ് കൃത്യമല്ലെങ്കിൽ ഫാമിലെ ബുദ്ധിമുട്ടുകൾ ഇരട്ടിയാകും.

English summary: The importance of the brooding period in poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com