ADVERTISEMENT

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാലങ്ങളിൽ കർഷകരുടെ വീട്ടുപടിയ്ക്കൽ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 105 ബ്ലോക്കുകളിൽ മാത്രമാണ് പദ്ധതി നിലവിലുള്ളത്. 2021 ജനുവരി ഒന്നു മുതൽ ബാക്കിയുള്ള 47 ബ്ലോക്കുകളിൽ കൂടി പദ്ധതി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും രാത്രികാലങ്ങളിൽ കർഷകർക്ക് മൃഗചികിത്സാസേവനം ലഭ്യമാവും. സർക്കാർ വെറ്ററിനറി ആശുപത്രികളുടെ സാധാരണ പ്രവർത്തനസമയം ഉച്ചകഴിഞ്ഞ് മൂന്ന് വരെ മാത്രമായതിനാൽ രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ലെന്ന കർഷകരുടെ ദീർഘനാളത്തെ പരാതിക്കാണ് ഇതോടെ പരിഹാരമാവുക.

രാത്രികാല വെറ്ററിനറി സേവനപദ്ധതിക്ക് തുടക്കമിട്ടത് 2012-ൽ

2012ൽ അന്നത്തെ മൃഗസംരക്ഷണമന്ത്രി ആയിരുന്ന കെ.പി. മോഹനനാണ് രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതിക്ക് തുടക്കമിട്ടത്. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ ചികിത്സാ സേവനം ലഭിക്കുന്നതിൽ കർഷകർ നേരിടുന്ന പ്രയാസം  കൃത്യമായി അറിയാമായിരുന്ന ഒരു ക്ഷീരകർഷകൻ കൂടിയായ മന്ത്രിയുടെ ഏറെ ഭാവാനാത്മകമായ പദ്ധതി ആയിരുന്നു അത്. ക്ഷീരകർഷകർ ഏറെയുള്ള സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 ബ്ലോക്കുകളിൽ ആയിരുന്നു 2012ൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്ക് തുടക്കമിട്ടത്. കർഷകസമൂഹത്തിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാൻ ആരംഭിച്ചു. രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതി സംസ്ഥാനമൊട്ടാകെ വിപുലപെടുത്തുന്നതിൽ ഇപ്പോഴത്തെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായ കെ. രാജു സ്വീകരിച്ച പ്രത്യേക താൽപര്യവും ഏറെ പ്രശംസനീയമാണ്.

രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതി ഏറെ കർഷകപ്രിയം

നട്ടപാതിരായാവട്ടെ പുലർച്ചയാവട്ടെ കർഷകന്റെ  ഒരൊറ്റ ഫോൺ വിളിമതി, വെറ്ററിനറി ഡോക്ടറും അറ്റെൻഡറും കർഷകരുടെ വീട്ടിലെത്തി വളർത്തുമൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കും. വളർത്തുമൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിയന്തരമരുന്നുകൾ കർഷകന് പദ്ധതിക്ക് കീഴിൽ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും. അടിയന്തര ചികിത്സാസേവനം ലഭിച്ചില്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന വിഷമ പ്രസവം, പ്രസവ തടസം, ഗർഭാശയം പുറന്തള്ളൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഏറെയും സംഭവിക്കുന്നത്  രാത്രിയും പുലർച്ചെയുമാണ്. ആടുകളിലും പശുക്കളിലുമെല്ലാം അടിയന്തര പ്രസവ ശസ്ത്രക്രിയകളടക്കം വേണ്ടി വരുന്നതും കൂടുതലും രാത്രികാലങ്ങളിൽ തന്നെ. അതിനാൽ ഈ സമയങ്ങളിൽ  ഒരൊറ്റ ഫോൺകോളിൽ  തന്നെ ഡോക്ടറുടെ സേവനം വീട്ടുപടിയ്ക്കൽ ലഭ്യമാവുന്നത് കർഷകർക്ക് നൽകുന്ന സഹായം ചെറുതല്ല. ഇതുകൊണ്ടെല്ലാം തന്നെ നടപ്പിലാക്കിയ ബ്ലോക്കുകളിലെല്ലാം  രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതിക്ക് കർഷകർക്കിടയിൽ ലഭിച്ച സ്വീകാര്യത ഏറെ. 

English summary: Emergency veterinarian and 24-hour veterinary Service in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com