മഞ്ഞുകാലത്ത് കോഴിക്കൂട്ടിലും വേണം കരുതൽ; 3 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം

HIGHLIGHTS
  • ഫാമുകളിൽ രാത്രികാലങ്ങളിൽ കർട്ടൻ സംവിധാനം
  • വെള്ളം അൽപം ചൂടാക്കി കൊടുക്കുന്നത് വെള്ളം കുടിക്കുന്നത് വർധിപ്പിക്കും
poultry
SHARE

കോഴിഫാമുകളിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന മഞ്ഞുകാലം ഒട്ടേറെ അസുഖങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. മഞ്ഞുകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാൻ താഴേപറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

1. മഞ്ഞു വീഴ്ച

രാത്രികാലങ്ങളിലെ മഞ്ഞുവീഴ്ച  കോഴിഫാമുകളിൽ CRD പോലെയുള്ള ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ധാരാളമായി മഞ്ഞു പെയ്യുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ചു മലമുകളിലെ ഫാമുകളിൽ രാത്രികാലങ്ങളിൽ കർട്ടൻ സംവിധാനം ഉപയോഗിക്കണം. രാത്രി 8നു ശേഷം ഷെഡ്ഡിലെ കർട്ടൻ അടച്ചുവയ്ക്കുക, രാത്രി മഞ്ഞു പെയ്യുമ്പോൾ ഷെ‍‍ഡ്ഡിനുള്ളിലേക്ക് മഞ്ഞു വരാതിരിക്കാനാണിത്. ശേഷം അതിരാവിലെ ഏഴിനെങ്കിലും കർട്ടൻ തുറന്നു കൊടുക്കണം. അല്ലാത്തപക്ഷം വായൂസഞ്ചാരം കുറഞ്ഞു മറ്റു പല അസുഖങ്ങൾക്കും കാരണമാകും.

വിരിപ്പിൽ ധാരാളമായി മഞ്ഞു വീണാൽ വിരിപ്പിന്റെ ഈർപ്പം വർധിക്കുകയും അതുമൂലം കോക്‌സീഡിയ പോലുള്ള അസുഖങ്ങൾക്കും, കൂടെ ദുർഗന്ധത്തിനും കാരണമാകും.

2. തണുത്ത വെള്ളം

വെള്ളത്തിന്റെ തണുപ്പു മൂലം കോഴിക്കുഞ്ഞുങ്ങൾ വെള്ളം കുടിക്കുന്നത് കുറയ്ക്കും. പ്രത്യേകിച്ച് ബ്രൂഡിങ് സമയത്ത്. ഇത് ഗൗട്ട് പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. അതിനാൽ മഞ്ഞുകാലത്ത് ബ്രൂഡ് ചെയ്യുമ്പോൾ വെള്ളം അൽപം ചൂടാക്കി കൊടുക്കുന്നത് വെള്ളം കുടിക്കുന്നത് വർധിപ്പിക്കും.

3. തണുത്ത കാറ്റ്

അന്തരീക്ഷ ഊഷ്മാവ് വളരെ കുറഞ്ഞു നിൽക്കുന്ന സമയത്ത് ബ്രൂഡിങ് ഷെഡിനുള്ളിൽ താപനില  കുറയാൻ കാരണമാകും. ഇത് കോഴിക്കുഞ്ഞുങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കിടക്കാനും തന്മൂലം മരണനിരക്ക് ഉയരാനും കാരണമാകും. പ്രത്യേക ശ്രദ്ധ മഞ്ഞുകാലത്തെ ബ്രൂഡിങ് സമയത്ത്  അത്യാവശ്യമാണ്. കർട്ടനുകൾ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ചൂട് കുറവാണെങ്കിൽ ബൾബുകൾ 500 കോഴിക്ക് 1000 വാട്ട്സ് എന്ന നിലയിൽ സജ്ജീകരിക്കുക. ചൂട് കുറയുന്ന സമയത്ത് ബൾബുകൾ കോഴിക്കുഞ്ഞുങ്ങളുടെ അടുത്തേക്ക് താഴ്ത്തി കൊടുക്കുക.

കുറഞ്ഞപക്ഷം ഈ മൂന്നു കാര്യങ്ങളെങ്കിലും മഞ്ഞുകാലത്തു പ്രത്യേകം ശ്രദ്ധിച്ചാൽ, മഞ്ഞുകാല ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

English summary: How to Care for Chickens in Winter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA