ADVERTISEMENT

പശുക്കളുടെ പരിപാലനത്തിലും, തീറ്റ ക്രമങ്ങളിലുമുള്ള അശ്രദ്ധയോ  അറിവില്ലായ്മയോ മൂലം, പശുക്കളുടെ ശരീരത്തിനുള്ളിൽ പോഷകങ്ങളുടെ അളവിൽ ഏറ്റക്കുറച്ചിലും പോഷകങ്ങളുടെ ഉപാപചയത്തിൽ വ്യതിയാനവുമുണ്ടാകും. പ്രസവം കഴിഞ്ഞയുടനെ പാലുൽപാദനം കൂടിയിരിക്കുന്ന അവസരത്തിലാണ് ഇത്തരം രോഗങ്ങൾ കണ്ടുവരുന്നത്. ഉപാപചയങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലമുണ്ടാകുന്ന രോഗങ്ങൾ  താഴെപ്പറയുന്നു: 

1. പാൽപ്പനി / ക്ഷീരസന്നി   

പശു പ്രസവിച്ചു മണിക്കൂറുകൾക്കകമോ, 2-3 ദിവസങ്ങൾക്കുള്ളിലോ ഉണ്ടാകുന്ന രോഗമാണ് പാൽപ്പനി. പ്രസവിച്ചയുടനെ പാൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാലും, പാലിൽ വളരെയധികം കാത്സ്യം അടങ്ങിയിട്ടുള്ളതിനാലും, രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നതിനാലും, അതിനനുസൃത അളവിൽ കാത്സ്യം തീറ്റയിൽ കൂടി ലഭിക്കാത്തതിനാലുമാണ് ഈ രോഗമുണ്ടാകുന്നത്.

സാധാരണയായി 5 മുതൽ 9 വയസുവരെ പ്രായമുള്ള പശുക്കളിലാണ് ഈ രോഗം കണ്ടുവരുന്നത്. പ്രസവം കഴിഞ്ഞയുടനെയാണെങ്കിൽ പശുവിന് എഴുന്നേറ്റ് നിൽക്കാൻ കഴിയാതെ വരും. ഒരു വശത്തേക്കു ചെരിഞ്ഞു വീഴുകയും, തല പിൻഭാഗത്തേക്ക് ചെരിച്ച് ഒരു പ്രത്യേക വിധത്തിൽ കിടക്കുകയും, പിന്നീട്, ഒട്ടും എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത വിധത്തിൽ തളർച്ചയായി മാറുകയും ചെയ്യും. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ  വെറ്ററിനറി ഡോക്ടറുടെ സേവനം തേടി, കാത്സ്യം ലായനി രക്തധമനിയിൽ കുത്തി വയ്ക്കണം. ഇതോടൊപ്പം പേശിവേദന കുറയ്ക്കുന്നതിനായി വേദന സംഹാരികളും കുത്തിവയ്ക്കണം .

ഗർഭിണികളായ പശുക്കളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചാൽ ഈ രോഗം നിയന്ത്രിക്കാൻ കഴിയും. പ്രസവം മുതൽ കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതങ്ങൾ പൊടി രൂപത്തിലോ,  ദ്രാവക രൂപത്തിലോ തീറ്റയിലോ വെള്ളത്തിലോ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം കൊടുക്കാവുന്നതാണ്. എന്നാൽ, അടുത്ത പ്രസവത്തിന് മൂന്ന് ആഴ്ച മുൻപ് ഇത്തരത്തിൽ കാത്സ്യ മിശ്രിതങ്ങൾ കൊടുക്കുന്നത് നിർത്തണം. എന്നാൽ കാലിത്തീറ്റ കൊടുക്കുന്നത് കുറയ്ക്കരുത്. ആവശ്യത്തിന് ഫോസ്ഫറസ് ലഭിക്കുവാൻ വേണ്ടി ദിവസേന ഒരു കിലോ തവിട് രണ്ടു നേരമായി നൽകുന്നത് നല്ലതാണ്. പ്രസവസമയത്ത് അനാവശ്യ സമ്മർദ്ദം ഒഴിവാക്കണം. ഇത്തരം പരിപാലന മുറകൾ ക്ഷീരസന്നിയുടെ സാധ്യത ഗണ്യമായി കുറയ്ക്കും. 

2. കീറ്റോസിസ്

ഉപാപചയ തകരാർ മൂലം, കറവ പശുക്കളിൽ കാണുന്ന മറ്റൊരു രോഗമാണ് കിറ്റോസിസ്. കൊടുക്കുന്ന തീറ്റയിലെ ഊർജത്തിന്റെ കമ്മി മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. പാലുൽപാദിപ്പിക്കാൻ ധാരാളം ഊർജം ആവശ്യമാണ്. തീറ്റയിൽ ഉൾപ്പെടുത്തുന്ന ധാന്യങ്ങൾ വഴി ഊർജം ലഭിച്ചില്ലെങ്കിൽ; ശരീരം, കൊഴുപ്പ് കലകളെ വിഘടിപ്പിച്ചു ഊർജം ഉണ്ടാക്കാൻ ശ്രമിക്കുമെങ്കിലും, ഉപാപചയത്തിലെ തകരാർ മൂലം,  കൊഴുപ്പ് വിഘടിച്ചുണ്ടാകുന്ന അസറ്റൈൽ കോയെൻസൈം എ തന്മാത്രകൾക്ക്; ഊർജം പ്രദാനം ചെയ്യുന്ന, സിട്രിക് ആസിഡ് ചക്രത്തിൽ (citric acid cycle) കയറിപ്പറ്റുവാനാകാതെ, അവ തമ്മിൽ തമ്മിൽ ലയിച്ചു ചേർന്ന്, കീറ്റോൺ തന്മാത്രകൾ (ketone bodies) ഉണ്ടാകുകയും ചെയ്യും. കീറ്റോൺ തന്മാത്രകളുടെ അളവ് രക്തത്തിൽ വല്ലാതെ കണ്ടു വർധിക്കുന്നത് പശുവിന് വളരെയേറെ ദോഷമാണ്. കാരണം, അമ്ലസ്വഭാവമുള്ള ഈ കീറ്റോൺ തന്മാത്രകൾ വിഷവസ്തുക്കളാണ്. രക്തത്തിൽ അവയുടെ അളവ് കൂടുന്നതിനൊപ്പം രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയുന്നതു മൂലമാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.

പ്രസവിച്ച് 2 - 3 ആഴ്ച കഴിഞ്ഞുള്ള, ധാരാളം പാലുൽപാദിപ്പിക്കുന്ന പശുക്കളിലാണ് കീറ്റോസിസ് കാണപ്പെടുന്നത്. ആദ്യ ഘട്ടങ്ങളിൽ പാലുൽപാദനക്കുറവും, പശു തൊഴുത്തിൽ അനങ്ങാതെ ഒറ്റ നിൽപ് നിൽക്കുന്നതുമൊക്കെയാണ് രോഗലക്ഷണങ്ങൾ. ക്രമേണ, പശുവിന്റെ ആരോഗ്യം ക്ഷയിക്കുകയും, പശു ക്ഷീണിച്ചു വരികയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തിൽ പശുവിന്റെ ശ്വാസത്തിനും, മൂത്രത്തിനും കീറ്റോൺ തന്മാത്രകളുടെ ഗന്ധം ഉണ്ടായിരിക്കും. 

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ പശുവിന്റെ മൂത്രം ഒരു കുപ്പിയിലാക്കി മൃഗാശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കണം. വളരെ ലഘുവായ ഒരു ലബോറട്ടറി പരീക്ഷണം വഴി മൂത്രത്തിൽ കീറ്റോൺ തന്മാത്രകളുടെ സാനിധ്യം കണ്ടു പിടിക്കാനും അത് വഴി രോഗനിർണയം നടത്താനും സാധിക്കും.

കീറ്റോസിസ് രോഗത്തിന് ഗ്ലൂക്കോസ് ലായനി രക്തധമനിയിൽ കുത്തിവയ്‌ക്കേണ്ടി വരും. ഇതോടൊപ്പം, രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർധിപ്പിക്കാൻ വേണ്ടി സ്റ്റിറോയ്ഡ് മരുന്നുകളും; സിരകളിലോ, മാംസപേശികളിലോ കുത്തിവയ്‌ക്കേണ്ടി വരും. തന്നെയുമല്ല, ഗ്ലൂക്കോസ് ഉൽപാദനം കൂട്ടാൻ സഹായിക്കുന്ന പ്രൊപ്പിലീൻ ഗ്ലൈക്കോൾ ലായനികൾ അടങ്ങിയ ടോണിക്കുകൾ, വായിൽ കൂടി കുറെ ദിവസം തുടർച്ചയായി കൊടുക്കേണ്ടിയും വരും. ഈ ചികിത്സകളെല്ലാം വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസാരണം മാത്രമേ   ചെയ്യാവൂ.

പ്രസവിക്കുന്ന സമയത്തു പശു അമിതവണ്ണമില്ലാതെയിരിക്കാൻ ശ്രദ്ധിക്കണം. കാരണം, പ്രസവശേഷം സാധാരണഗതിയിൽ തന്നെ തീറ്റയെടുക്കുന്നതു കുറവായിരിക്കും. അമിത വണ്ണം ഉള്ളതിനാൽ, ഊർജത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി വണ്ണം വെച്ച  ശരീരത്തിലെ കൊഴുപ്പ് വിഘടിക്കപ്പെടുകയും, മേൽപ്രസ്തുത ഉപാപചയ തകരാർ മൂലം, കിറ്റോൺ തന്മാത്രകൾ ഉണ്ടാകുകയും, അത് കിറ്റോസിസിൽ കലാശിക്കുകയും ചെയ്യും. പ്രസവിച്ചു കഴിഞ്ഞു ദിവസേന കാൽ കിലോ ശർക്കര രണ്ടുനേരമായി രണ്ട് ആഴ്ചയോളം കൊടുക്കുന്നത് കിറ്റോസിസ് രോഗം തടയാൻ സഹായിക്കുന്നു .  

3. പുൽ  ടെറ്റനി 

പശുക്കളിൽ പ്രസവശേഷം കാണുന്ന മറ്റൊരു ഉപാപചയ രോഗമാണ് പുൽ ടെറ്റനി. രക്തത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മൂലമാണ് ഈ രോഗമുണ്ടാകുന്നത്. തഴച്ചു വളരുന്ന ഇളം പുല്ലിൽ മേയുന്ന പശുക്കൾക്കാണ് ഈ രോഗത്തിന്റെ സാധ്യത കൂടുതൽ. കാരണം ഇളം പുല്ലിൽ മഗ്നീഷ്യം വളരെ കുറവാണ്. രക്തത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് മൂലം, തലച്ചോറിൽ നിന്നും, വിവിധ പേശികളുടെ സങ്കോചവും വികാസവും നിയന്ത്രിക്കാൻ ഉതകുന്ന തലത്തിൽ നിർദ്ദേശങ്ങൾ, സന്ദേശവാഹകരായ ഞരമ്പുകൾക്ക് നൽകാനാവാതെ വരുന്നു. കാരണം, മഗ്നീഷ്യം ഞരമ്പുകളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷികമാണ്. രോഗം ബാധിച്ച പശുക്കൾ പരിഭ്രാന്തരായി കാണപ്പെടുകയും, കാലുകൾ മടക്കാനാവാതെ ഒരു വശം ചെരിഞ്ഞു വീഴുകയും, ചില സന്ദർഭങ്ങളിൽ പേയിളകിയ പോലുള്ള ലക്ഷണങ്ങൾ കാണിക്കുവാനും സാധ്യതയുണ്ട്.

ഈ രോഗം ചികിത്സിക്കാൻ വൈകിയാൽ, പശു ചത്തു പോകാൻ സാധ്യതയുണ്ട്. മിക്കവാറും അവസരങ്ങളിൽ, മഗ്നീഷ്യത്തിനു പുറമെ കാത്സ്യത്തിന്റെ കുറവും, രക്തത്തിൽ ഒരുമിച്ച് വരാം. അങ്ങനെയാണെങ്കിൽ മഗ്നീഷ്യവും കാത്സ്യവും അടങ്ങിയ ലായനി രക്തധമനികളിൽ കൂടി കൊടുക്കേണ്ടി വന്നേക്കാം. അതിനാൽ, ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വെറ്ററിനറി ഡോക്ടറെ സമീപിക്കുക.  മഗ്നീഷ്യവും കാത്സ്യവും അടങ്ങിയ ധാതുലവണ മിശ്രിതങ്ങൾ തീറ്റയിലും വെള്ളത്തിലുമായി കൊടുക്കുന്നതും, ഇളം പുല്ല് തഴച്ചു വളരുന്ന സ്ഥലങ്ങളിൽ അധികസമയം പശുക്കളെ മേയാൻ വിടാതിരിക്കുന്നതും ഈ രോഗം വരുന്നത് തടയാൻ വളരെയേറെ സഹായിക്കും.

English summary: Diseases in Cattle after Parturition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com