ADVERTISEMENT

ശക്തമായ ജൈവസുരക്ഷാ (ബയോസെക്യൂരിറ്റി) സംവിധാനങ്ങളോടു കൂടി മാത്രമേ കോഴിവളർത്തൽ പാടുള്ളൂ. എങ്കിൽ മാത്രമേ അസുഖങ്ങൾ പിടിപെടാതെ അത്യുൽപാദനശേഷി പരിപൂർണമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ബയോസെക്യൂരിറ്റിയെക്കുറിച്ചുള്ള ബോധവൽകരണവും, വിജ്ഞാന വ്യാപനവും അതിപ്രധാനമാണ്.

ബയോസെക്യൂരിറ്റി എന്താണെന്ന് ഇന്നത്തെ പശ്ചാത്തലത്തിൽ പെട്ടെന്ന് മനസിലാകും. മറ്റു ഫാമുകളിൽനിന്നും, ദേശാടനപ്പക്ഷികളിൽനിന്നും, മറ്റു മൃഗങ്ങളിൽനിന്നും, വായുവിൽ നിന്നുപോലും നമ്മുടെ ഫാമിൽ രോഗാണുക്കൾ പ്രവേശിക്കാതെ നോക്കുന്നതാണ് ബയോസെക്യൂരിറ്റി. 

ഇതിനു വേണ്ടി നാം ഫാമുകളിൽ പ്രത്യേകം യൂണിഫോമും ചെരിപ്പും ഉപയോഗിക്കേണ്ടതുണ്ട്. കൈ കഴുകാൻ അണുനാശിനി മിശ്രിതം, കാൽ മുക്കിയെടുക്കാൻ അണുനാശിനി കലക്കിയ വെള്ളം, എന്നിവ ഉപയോഗിക്കണം. വാഹനങ്ങളുടെ ടയർ മുക്കിയെടുക്കാനും ഇതു തന്നെ വേണം. പുറമെ നമ്മുടെ ദേഹത്ത് അണുനാശിനി സ്പ്രേ ചെയ്യുകയും വേണം. വാഹനങ്ങൾക്കു മുകളിലും അണുനാശിനി സ്പ്രേ ചെയ്യണം. 

സന്ദർശകരെ പരമാവധി ഒഴിവാക്കണം. കൃത്യമായി വേലി തിരിച്ച് മറ്റു മൃഗങ്ങൾ വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഫാമിന് ചുറ്റും വല വിരിച്ച്  പക്ഷികൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പിക്കണം.

പത്തു ദിവസത്തിലൊരിക്കൽ അണുനാശിനി ഷെഡ്ഡിനുള്ളിൽ സ്പ്രേ ചെയ്യണം. കോഴിക്കുഞ്ഞുങ്ങളെ  ഇറക്കുന്നതിനു മുൻപുള്ള അണുനശികരണ കാര്യങ്ങൾ വേറെയും. കൂടാതെ കൃത്യ സമയത്തുള്ള പ്രതിരോധ വാക്‌സിനേഷനും ആവശ്യമാണ്.

കർഷകർ സ്വീകരിക്കേണ്ട നടപടികൾ

1. ഫാമുകളിൽ സന്ദർശകരെ പൂർണമായി ഒഴിവാക്കുക, പ്രത്യേകിച്ചു സമീപത്തെ ഏതെങ്കിലും ഫാമിൽ അസുഖമുണ്ട് എന്ന് മനസിലായാൽ ആരെയും ഫാമിൽ പ്രവേശിപ്പിക്കരുത്. പ്രസ്തുത ഫാമിന്റെ അടുത്തേക്ക് പോകുകയുമരുത്. 

2. കോഴികളുടെ ആരോഗ്യത്തിനു വേണ്ടി, ‘അനുമതിയില്ലാതെ പ്രവേശിക്കരുത്’, ‘ബയോസെക്യൂരിറ്റി ഏരിയ’ എന്നിങ്ങനെയുള്ള ബോർഡ് വയ്ക്കുക 

3. തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കോഴിവളം ഉപയോഗിക്കുന്നത് ശ്രദ്ധിച്ചാൽ നമ്മുടെ ഫാമും പരിസരവും അണുനാശിനി ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് 3 ദിവസം സ്പ്രേ ചെയ്യുക.

4.ഫാമിൽ പ്രത്യേക വസ്ത്രവും, പാദരക്ഷകളും ഉപയോഗിക്കുക. ചെരിപ്പും, ടി ഷർട്ടും ജോലിക്കാർക്ക്  വാങ്ങി നൽകുക,

5. ഏറ്റവും കൂടുതൽ രോഗം പടർത്തുന്നത് ജോലിക്കാരല്ല കർഷകരാണ്. ഫാം സന്ദർശിക്കുന്ന സമയത്ത്  നമ്മുടെ വസ്ത്രവും ചെരുപ്പും അഴിച്ചുവച്ച് ഫാമിലെ വസ്ത്രവും ചെരിപ്പും ധരിക്കുക. നമുക്ക് വേണ്ടി പ്രത്യേകം ഒരു വസ്ത്രവും ചെരിപ്പും വാങ്ങിവയ്ക്കുക.

6. ഫാമിലെ പ്രത്യേക പാദരക്ഷകൾ  ധരിച്ച ശേഷം അണുനാശിനി ലായനിയിൽ കാൽ മുക്കുക.

7. ഫാമിലെ വസ്ത്രവും ചെരിപ്പും ധരിച്ച ശേഷം അണുനാശിനി ദേഹത്ത് സ്പ്രേ ചെയ്യുക. ചെറുകിട കർഷകർക്ക് ഫാമിൽ ഉപയോഗിക്കുന്ന സ്പ്രേ തന്നെ മതി. കൂടുതൽ കോഴികൾ ഉള്ളവർ ഫാം വളപ്പിന്റെ  കവാടത്തിൽ ഹ്യൂമൻ സ്പ്രേ സ്ഥാപിക്കുക. കൈ ഇടയ്ക്കിടക്ക് അണുനാശിനിയിലോ സോപ്പിലോ  കഴുകുക.

8. മറ്റു ഫാമുകളിൽനിന്ന് ഉപകരണങ്ങൾ വാങ്ങാതിരിക്കുക. അഥവാ വാങ്ങിയാൽ ആണുനശിനി സ്പ്രേ  ചെയ്യുക.

9. തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അണുനാശിനി സ്പ്രേ ചെയ്യത ശേഷം മാത്രം പ്രവേശിപ്പിക്കുക. കൂടുതൽ കോഴികൾ ഉള്ളവൾ കൃഷിവളപ്പിന്റെ കവാടത്തിൽ വാഹനത്തിന്റെ ടയർ മുങ്ങുന്ന രൂപത്തിൽ അണുനാശിനി സജ്ജീകരിക്കുക.

10. പത്തു ദിവസത്തിലൊരിക്കൽ ഷെഡ്ഡിനുള്ളിൽ അണുനാശിനി സ്പ്രേ ചെയ്യുക. കോഴിയുടെ തലയിൽ നേരിട്ട് അടിക്കാതെ ഷെഡിന്റെ പകുതി ഉയരത്തിൽ, അല്ലെകിൽ നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ  അന്തരീക്ഷത്തിൽ സ്പ്രേ ചെയ്യുക. നേരിട്ട് കോഴിയുടെ തലയിൽ സ്പ്രേ ചെയ്യുന്നത് ചിലപ്പോൾ കഫക്കെട്ട് ഉത്തേജിപ്പിക്കാൻ കാരണമാകും.

11. കോഴികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ടോണിക്കുകൾ നൽകുന്നത് ഗുണം ചെയ്യും.

ആകെ ആയിരം രൂപ ചെലവിൽ ആയിരം കോഴികൾക്ക് ബയോസെക്യൂരിറ്റി ഒരുക്കാൻ സാധിക്കും. പക്ഷേ ബയോസെക്യൂരിറ്റിയുടെ ഫലം എപ്പോഴും അതിമധുരമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റു പക്ഷികളിൽനിന്നും മറ്റു ഫാമുകളിൽനിന്നും അസുഖം പടരുന്നത് ഒഴിവാക്കാം.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ബയോസെക്യൂരിറ്റി (ജൈവകവജം) കർശനമാക്കേണ്ടത് അത്യാവശ്യമാണ്.

English summary: Biosecurity Basics for Poultry Growers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com