ജോസഫിന് ആടിൽനിന്ന് ആണ്ടിൽ ലക്ഷങ്ങൾ; വരുമാനം മൂന്നു വഴിക്ക്

HIGHLIGHTS
  • ഇറച്ചിക്കായി മാത്രമുള്ള ആടുവളർത്തൽ ലാഭകരമല്ല
  • ചെറുകിട കർഷകരെ സംബന്ധിച്ച് ആട്ടിൻകുട്ടികളെ വിൽക്കൽ മെച്ചം
goat-farmer
ജോസഫ് തന്റെ ആടിനൊപ്പം
SHARE

കുരുമുളകുകൃഷി ദ്രുതവാട്ടത്തിൽ നശിച്ചപ്പോൾ കൃഷി മതിയാക്കി ചുമട്ടുതൊഴിൽ സ്വീകരിച്ച കർഷകനാണ് തൃശൂർ ഓട്ടുപാറ മേലേംപാടം മുണ്ടുമൂഴിക്കര ജോസഫ്. ഏറെ വർഷങ്ങൾക്കു ശേഷം ചുമട്ടുതൊഴിൽ വിട്ട് കൃഷിയിലേക്കു മടങ്ങി വന്നപ്പോൾ ജോസഫ് ആദായവഴിയായി കണ്ടത് ആടുവളർത്തൽ. നാലു വർഷം മുൻപ് നാലു തള്ളയാടുകളും അവയുടെ കുഞ്ഞുങ്ങളും ഉൾപ്പെടെ പത്തെണ്ണവുമായി തുടങ്ങിയ ജോസഫിന്റെ കൂട്ടിലിന്ന് ചെറുതും വലുതുമായി 42 ആടുകൾ. 

വാങ്ങുന്ന കാലത്ത് ഒരു തള്ളയാടിനും രണ്ടു കുഞ്ഞുങ്ങൾക്കും ശരാശരി 8000 രൂപയായിരുന്നു വിപണിവിലയെങ്കിൽ ഇന്നത് 15,000 മുതൽ 20,000 വരെ ഉയർന്നിരിക്കുന്നു എന്നു ജോസഫ്. കോവിഡ് കാലത്ത് കൃഷിയിലേക്കു വന്നവരും പ്രവാസം മതിയാക്കി മടങ്ങിയവരുമൊക്കെ ആടുവളർത്തലിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണം. 

വെറ്ററിനറി സർവകലാശാലയുടെ നാലു ദിവസത്തെ പരിശീലനം നേടിയാണ് ജോസഫ് ആടുവളർത്താനിറങ്ങിയത്. പുരയിടത്തിലെ റബർത്തോട്ടത്തിൽ നിലത്തുനിന്ന് അഞ്ചടി ഉയരമിട്ട് അതിനു മുകളിൽ ചെലവു കുറഞ്ഞ രീതിയിൽത്തന്നെ കൂടു തയാറാക്കി. ഇരുമ്പുതൂണുകളും കമ്പിവലകളുംകൊണ്ട് സുരക്ഷിതമാക്കിയ കൂടിന്റെ തറ ഈറമ്പന(ചെത്തുന്ന പന) പൊട്ടിച്ച് നിരത്തിയതാണ്. ആട്ടിൻകൂടിനെ ഹൈടെക് ആക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ജോസഫ്. മലബാറിയും അതിന്റെ സങ്കരവുമാണ് ആടുകളത്രയും. ആടുകളിൽ അതുതന്നെ മികച്ചതെന്നും ജോസഫ്. ആരോഗ്യവും പ്രതിരോധശേഷിയും കൂടുതൽ. 

goat-farm
ജോസഫിന്റെ ആടുകൾ

ചെറുകിട കർഷകരെ സംബന്ധിച്ച് ആട്ടിൻകുട്ടികളെ വിൽക്കൽ തന്നെയാണ് മെച്ചമെന്നു ജോസഫ്. ഒന്നര വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള ഒന്നോ രണ്ടോ തള്ളയാടുകളെ, അവയുടെ കുഞ്ഞുങ്ങളെക്കൂട്ടി വാങ്ങി സംരംഭം തുടങ്ങാം. ആട്ടിൻകുഞ്ഞുങ്ങളെ മാത്രം വാങ്ങി വളർത്തി സംരംഭം തുടങ്ങിയാൽ വേഗത്തിൽ വരുമാനത്തിലെത്തില്ല. എന്നു മാത്രമല്ല, ആദ്യപ്രസവത്തിൽ സാധാരണ ഒരു കുഞ്ഞേ ലഭിക്കൂ എന്ന പോരായ്മയുമുണ്ട്. 

രണ്ടു വർഷത്തിൽ 3 പ്രസവം; അതാണ് ആടിന്റെ ആരോഗ്യത്തിനു നല്ലത്. മുട്ടൻകുഞ്ഞുങ്ങളെ ആറു മാസമെത്തുമ്പോൾ വിൽക്കാം. അപ്പോഴേക്കും 15–20 കിലോ തൂക്കമെത്തുന്ന മുട്ടന്മാർക്ക് ശരാശരി 7000 രൂപ വില ലഭിക്കും. പെണ്ണാട്ടിൻകുട്ടികൾ അത്ര തൂക്കമെത്തില്ലെങ്കിലും നിലവിൽ അതേ വിപണിവില തന്നെയുണ്ടെന്നു ജോസഫ്. ലക്ഷണമൊത്ത കുഞ്ഞുങ്ങളെങ്കിൽ ഫാമിൽത്തന്നെ വളർത്തിയെടുക്കാം. 

രണ്ടു വർഷത്തിൽ 3 പ്രസവം, ഒരു പ്രസവത്തിൽ ശരാശരി 2 കുഞ്ഞുങ്ങൾ എന്ന രീതിയിൽ 20 തള്ളയാടുകളുള്ള ഒരു യൂണിറ്റിൽനിന്ന് 2 വർഷത്തിനിടയിൽ 120 കുഞ്ഞുങ്ങൾ ലഭിക്കുമെന്നാണു ജോസഫിന്റെ കണക്ക്. അതായത്, വർഷം 60 കുഞ്ഞുങ്ങൾ, മാസം നോക്കിയാൽ 5 കുഞ്ഞുങ്ങൾ. ഒന്നിന് 6000 രൂപ വിലയിട്ടാൽപോലും മാസം ശരാശരി 30,000 രൂപ കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ ലഭിക്കും. ദിവസം 1000 രൂപ വരുമാനം എന്നു കണക്കിടാം. ഇണചേർക്കലും പ്രസവവും വിൽപനയുമെല്ലാം ശരിയായി ക്രമീകരിച്ചാൽ ഇതു സാധ്യമെന്നു ജോസഫ്.

ഇറച്ചിക്കായി മാത്രമുള്ള ആടുവളർത്തൽ ലാഭകരമല്ലെന്നാണു ജോസഫിന്റെ പക്ഷം. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ആടുകൾ ഇവിടത്തെ വിപണിയിടിക്കും. അതേസമയം. പെരുന്നാൾകാലങ്ങളിൽ ലക്ഷണമൊത്ത മുട്ടന്മാരെ മോഹവിലയ്ക്ക് വാങ്ങാനെത്തുന്നവരുണ്ട്. പെരുന്നാൾ വിപണി മുന്നിൽക്കണ്ട് മുട്ടന്മാരെ വളർത്തിയെടുക്കുന്നത് അധിക വരുമാനമായി മാറുമെന്നും ജോസഫ്. 

ഇണചേർക്കാനായി മികച്ച ഒന്നോ രണ്ടോ മുട്ടന്മാരെ വളർത്തി മൂന്നാമത്തെ വഴിക്കും വരുമാനം നേടാം. ഇണചേർക്കാൻ മുട്ടന്മാരെ തേടിയെത്തുന്നവരിൽനിന്ന് ഈടാക്കുന്നത് 500 രൂപ. ആഴ്ചയിൽ 2–3 വട്ടം ലഭിക്കും ഈ വരുമാനം. ചെറിയ മുതൽമുടക്കിൽ തുടങ്ങി വലിയ വരുമാനത്തിലേക്കു വളരാൻ സംരംഭം തുടങ്ങി ഒറ്റ വർഷം കൊണ്ടുതന്നെ സാധിച്ചെന്നും ജോസഫ് പറയുന്നു.

ഫോൺ: 9446625961

English summary: Better Profit from Goat farm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA