വളരുന്തോറും വരുമാനം; ഒന്നോ രണ്ടോ പോത്തു വളർത്തി സംരംഭം തുടങ്ങാം

HIGHLIGHTS
  • പശുത്തൊഴുത്തുപോലെയുള്ള പാർപ്പിടസൗകര്യമൊന്നും വേണ്ടാ
bufallo
SHARE

തെക്കൻ കേരളത്തിലെ ഓണാട്ടുകര മേഖലയിൽ മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജൻസിയും ചേർന്ന്  കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി നടപ്പാക്കിയ പോത്തുവളർത്തൽ പദ്ധതിക്ക് കർഷകരിൽനിന്നു ലഭിച്ചത് മികച്ച പ്രതികരണമെന്ന് ചുമതല വഹിച്ചിരുന്ന ആലപ്പുഴ ജില്ല മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. ബീന പറയുന്നു. 1250 പേർക്കാണ് പദ്ധതി പ്രകാരം പോത്തുകുട്ടിയെ നൽകിയത്. മുറ, ജാഫ്റാബാദി ഇനങ്ങളെ പൂർണമായും സബ്സിഡിയോടെയാണ് വിതരണം ചെയ്തത്. പദ്ധതിപ്രകാരം ലഭിച്ച പോത്തിനു പിന്നാലെ സ്വന്തം നിലയ്ക്ക് കൂടുതലെണ്ണത്തിനെ വാങ്ങി സംരംഭം വിപുലമാക്കിയവരുമുണ്ടെന്ന് ഡോ. ബീന. 

ഒരു വർഷം മാത്രം വളർത്തി വിറ്റപ്പോൾ 50,000 രൂപ വരെ ലഭിച്ചവരുണ്ട് ഓണാട്ടുകരയിൽ. കുറേക്കൂടി വളർന്നിട്ടു കൂടുതൽ തുകയ്ക്കു വിൽക്കാൻ കാത്തിരിക്കുന്നവരും പെരുന്നാൾ സീസണിലെ മോഹവില പ്രതീക്ഷിക്കുന്നവരുമുണ്ട്. പദ്ധതി നടത്തിപ്പിന്റെ അനുഭവം വച്ച് കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടിത്തരുന്ന സംരംഭമാണ് പോത്തുവളർത്തൽ എന്ന കാര്യത്തിൽ സംശയമില്ലെന്ന് ഡോ. ബീന. നല്ല വംശഗുണമുള്ള പോത്തുകുട്ടിയെ നോക്കി വാങ്ങണമെന്നു മാത്രം. തട്ടിപ്പില്‍  വീഴാതിരിക്കാനുള്ള ജാഗ്രതയുമുണ്ടാവണം. 

ഒരു വയസ്സു പ്രായമെത്തിയവയെത്തന്നെ വാങ്ങുക. കാരണം, ഒരു വയസ്സിനു ശേഷമാണ് മുറ, ജാഫ്റാബാദി ഇനങ്ങൾ ദ്രുതഗതിയിൽ വളരാൻ തുടങ്ങുക. വാങ്ങുമ്പോൾ ഒന്നിനു പകരം രണ്ടെണ്ണത്തിനെ വാങ്ങുന്നതാണു നല്ലതെന്ന് ഡോ. ബീന. രണ്ടെണ്ണം ഒരുമിച്ചു വളരുമ്പോൾ തീറ്റയെടുപ്പും പ്രസരിപ്പുമെല്ലാം കൂടും. 12,000–15,000 രൂപയ്ക്ക്  ഈയിനങ്ങളിൽപ്പെട്ട മികച്ച പോത്തുകുട്ടികളെ ലഭിക്കും. 

പശുത്തൊഴുത്തുപോലെയുള്ള പാർപ്പിടസൗകര്യമൊന്നും വേണ്ടാ.  മഴയും മഞ്ഞും കൊള്ളാതിരിക്കാനൊരു ഷീറ്റ് വലിച്ചു കെട്ടിയാൽ മതി. രോഗങ്ങൾ നന്നേ കുറവ്. ആഹാരത്തിലും നിർബന്ധമില്ല. വാങ്ങി ആറു മാസത്തിനുള്ളിൽത്തന്നെ തൂക്കം ഇരട്ടിയിലെത്തും. ഒരു വർഷംകൊണ്ട് ശരാശരി 300 കിലോയാകും. മൂന്നു വയസ്സു വരെ വളർത്താൻ തയാറുണ്ടെങ്കിൽ തൂക്കവും വിലയും വീണ്ടും വർധിക്കും. സീസൺ നോക്കി വിൽപനയെങ്കിൽ മോഹവില ഉറപ്പ്.

കായംകുളം റെയിൽവേ സ്റ്റേഷനടുത്ത് ബിസ്മി ഡയറി ഫാം നടത്തുന്ന ക്ഷീരകർഷകനായ സിയാദ് ഒണാട്ടുകര പദ്ധതിയുടെ ഗുണഭോക്താവാണ്. പദ്ധതി പ്രകാരം ലഭിച്ചത് ജാഫ്റാബാദി പോത്തിൻകുട്ടിയെ. 40 പശുക്കളുള്ള ഫാം നടത്തുന്ന സിയാദ് ഡെയറി ഫാമിന് അനുബന്ധമായി പോത്തുകുട്ടികളെ വളർത്തുന്നത് നേട്ടമെന്നു മനസ്സിലാക്കിയതോടെ 5 മുറകളെക്കൂടി വാങ്ങി. പശുക്കൾ ബാക്കി വയ്ക്കുന്ന തീറ്റ മതി പോത്തിന്. മുൻപ് അതു പാഴാവുകയായിരുന്നു. പോത്തു ചോദിച്ച് ഇപ്പോൾത്തന്നെ കച്ചവടക്കാരെത്തുന്നുണ്ടെന്നും സിയാദ്.

ഫോൺ (ഡോ. ബീന): 9447390548  

English summary: How much profit can I earn from one Murrah Buffalo?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA