ADVERTISEMENT

ഏകദേശം ഒരു കോടി കോഴിമുട്ട ദിവസവും അതിർത്തി കടന്നു കേരളത്തിലെത്തുന്നു എന്നാണു കണക്ക്. കേരളത്തിലെ മുട്ടവിപണി ഏതാണ്ട് പൂർണമായും തമിഴ്നാടിന്റെ കയ്യിലാണ്. ഇതിനു ബദലായി ഒരു ഘട്ടത്തിൽ വൻകിട മുട്ടക്കോഴിഫാമുകൾ കേരളത്തിലും വന്നു. എന്നാൽ വർധിച്ച തീറ്റച്ചെലവുൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ പ്രതികൂലമായതോടെ അവ നിന്നുപോയി. 

അതേസമയം അട‌ുക്കളമുറ്റത്തെ കോഴിവളർത്തൽ വർധിച്ചിട്ടുണ്ട്. 5–10 സെന്റിൽ പരിമിതമായ സൗകര്യത്തിൽ താമസിക്കുന്നവർപോലും ഹൈടെക് കൂടിലോ അടുക്കളമുറ്റത്ത് അഴിച്ചുവിട്ടോ മുട്ടക്കോഴികളെ വളർത്താൻ സന്നദ്ധര്‍. നാടൻ മുട്ടയ്ക്കും നാടൻ കോഴിയിറച്ചിക്കും ചുറ്റുവട്ടത്തുതന്നെ വിപണി ലഭിക്കുന്നു എന്നതാണു കാരണം. 

ഹൈടെക് കൂടിൽ 10–15 കോഴികളടങ്ങുന്ന ചെറു യൂണിറ്റായി വളർത്തൽ തുടങ്ങാം, മുട്ടയ്ക്കു വിപണി വർധിക്കുന്നതിനനുസരിച്ച് എണ്ണം 100 വരെ എത്തിയാലും ഒരു വീട്ടമ്മയ്ക്ക് അനായാസം പരിപാലിക്കാം. അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന തനി നാടൻ ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്. മികച്ച രോഗപ്രതിരോധശേഷിയുണ്ടെങ്കിലും തനി നാടൻകോഴികൾക്കു മുട്ടയുൽപാദനം കുറവായിരിക്കും. വർഷത്തിൽ 100 മുട്ടകൾ വരെ മാത്രം. അതേസമയം നാടൻകോഴികളുടെ മുട്ടയ്ക്കും മാംസത്തിനും നിലവിൽ നല്ല ഡിമാൻഡുണ്ട്.

സ്വദേശി– വിദേശി ഇനങ്ങളെ ജനിതക മിശ്രണം ചെയ്തെടുത്ത  അത്യുൽപാദനശേഷിയുള്ള സങ്കരയിനങ്ങളെയാണ് ഇന്നു പൊതുവെ മുട്ടക്കോഴിസംരംഭത്തിനായി തിരഞ്ഞെടുക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറെ കർഷകപ്രീതി നേടിയ ഇനമാണ് ചോക്ലേറ്റ് ബ്രൗൺ നിറമുള്ള ബിവി 380. പുണെയിലുള്ള വെങ്കിടേശ്വര റിസർച്ച് ആൻഡ് ബ്രീഡിങ് ഫാം പുറത്തിറക്കിയ ഈയിനം വർഷം 300 മുട്ടവരെ നൽകുന്നുണ്ടെന്നു കർഷകർ. മുട്ടത്തോടിന് തവിട്ടു നിറം, മുട്ടയ്ക്ക് ശരാശരി 60 ഗ്രാം ഭാരം. അഞ്ചര മാസമെത്തുമ്പോൾ തന്നെ ചിലത് മുട്ടയിട്ടു തുടങ്ങും. ആറു മാസമെത്തുമ്പോഴേക്കും മുട്ടയുൽപാദനം സ്ഥിരതയിലെത്തും. ഒരു വർഷം  മുടങ്ങാതെ മുട്ട ലഭിക്കും. മുട്ടയുൽപാദനം കുറയുന്നതോടെ ഇറച്ചിവിലയ്ക്കു വിൽക്കാം.

ഗ്രാമശ്രീയാണ് മറ്റൊരു സങ്കരയിനം 24 ആഴ്ച പ്രായമെത്തുന്നതോടെ മുട്ടയിട്ടു തുടങ്ങും. വർഷം 200 മുട്ട വരെയാണ് ഉൽപാദനം. കേരള വെറ്ററിനറി സർവകലാശാല വികസിപ്പിച്ചെടുത്ത ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ എന്നിവയും കൈരളി, ഗിരിരാജ തുടങ്ങിയവയും മുട്ടക്കാഴിസംരംഭത്തിനു യോജിച്ചവയാണ്. 

സ്ഥലപരിമിതിയുള്ളവർക്കും കോഴിവളർത്താനായി ഹൈടെക് കൂടുകൾ ഇന്നു വിപണിയിലുണ്ട്. ഈ രീതിയിൽ വളർത്താൻ യോജിച്ചത് ബിവി 380 തന്നെ. ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും നൽകി പുരയിടത്തിൽ അഴിച്ചുവിട്ടോ അതിനു സൗകര്യമില്ലെങ്കിൽ വലകൊണ്ടു വളച്ചുകെട്ടി അതിനുള്ളിൽ അഴിച്ചുവിട്ടോ ഒക്കെ മറ്റു നാടൻ ഇനങ്ങളെ വളർത്താം. രാത്രികാലത്ത് സുരക്ഷിതമായി പാർക്കാൻ ലളിതമായൊരു കൂടു ക്രമീകരിച്ചാൽ മതി. സമീകൃത ആഹാരമായ ലയർ തീറ്റ നൽകിയാൽ മുട്ടയുൽപാദനം വർധിക്കും. BV 380 ഇനത്തിന്റെ കാര്യത്തിൽ ഇതു പ്രധാനവുമാണ്.

English summary: Poultry Farming for Better Profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com