ADVERTISEMENT

കുറഞ്ഞ മുതൽമുടക്ക്, ലളിതമായ പരിപാലനം, ഉറപ്പുള്ള വിപണി; ഇവ തന്നെ ചെറുകിട കർഷകരെ ആടുവളർത്തലിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. കുഞ്ഞുങ്ങളെയും ഇറച്ചിമുട്ടന്മാരെയും വിൽക്കൽ, ഇണചേർക്കാനുള്ള മുട്ടന്മാർ എന്നിവയാണ് ആടുവളർത്തലിലെ മുഖ്യ വരുമാന വഴികൾ. അനുബന്ധമായും ചിലതുണ്ട്. കുറഞ്ഞ അളവിലേ ലഭിക്കൂ എങ്കിലും ആട്ടിൻപാലിന് ലീറ്ററിന് ശരാശരി 100 രൂപ വിലയുണ്ട്. ആട്ടിൻകാഷ്ഠത്തിനും ആവശ്യക്കാർ കുറവല്ല. 

മലബാറിയാണ് ജനപ്രീതി നേടിയ ജനുസ്സ്. കേരളത്തിന്റെ തനതിനം. ജമുനാപ്യാരിയും ബീറ്റലും സിരോഹിയും തുടങ്ങി പർബത്സാരി, ഒസ്മാനാബാദി, ബാർബാറി എന്നിങ്ങനെ കേരളത്തിൽ പ്രചാരം നേടിയ വടക്കേ ഇന്ത്യൻ ജനുസ്സുകളും ഏറെ.

മൂന്നു മാസം പ്രായമെത്തിയ കുഞ്ഞുങ്ങളെ വളർത്തുകാർക്കു വിറ്റും രണ്ടു വയസ്സെത്തുന്ന മുട്ടനാടുകളെ ഇറച്ചിക്കു വിറ്റുമാണ് മുഖ്യമായും വരുമാനമെത്തുക. ഏറ്റവും നേട്ടം കുഞ്ഞുങ്ങളുടെ വിൽപനതന്നെ. ആ രോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനായി രക്തബന്ധമുള്ളവ തമ്മിൽ ഇണചേരൽ ഒഴിവാക്കണം. അതിനായി  മുട്ടനാടുകളെ വർഷംതോറും മാറ്റി വാങ്ങണം. അഞ്ചു മാസമാണ് ആടുകളുടെ ഗർഭകാലം. കൃത്യമായ പരിപാലനമെങ്കിൽ ആണ്ടിൽ രണ്ടു പ്രസവം. മലബാറിയെങ്കിൽ ഒറ്റ പ്രസവത്തിൽ ശരാശരി 2 കുഞ്ഞുങ്ങൾ. 

ഇറച്ചിയാടുകളുടെ വില നിശ്ചയിക്കുന്നതിൽ തൂക്കമാണ് മാനദണ്ഡമെങ്കിലും അഴകും ആരോഗ്യവും കണ്ടുള്ള മോഹവിലയാണ് പലപ്പോഴും കച്ചവടത്തിൽ പ്രധാനം. നല്ല ആരോഗ്യത്തോടെ ആടുകളെ വളർത്തിയെടുക്കുന്നതിന്റെ നേട്ടവും അതുതന്നെ. 5–6 പ്രസവം കഴിയുന്നതോടെ അവശരാവുന്ന തള്ളയാടുകളെയും ഇടയ്ക്കു വിൽക്കാം. വിലയുടെ കാര്യത്തിൽ അതിമോഹം വേണ്ടെന്നു മാത്രം. ആട്ടിൻകാഷ്ഠത്തിന് ചാക്കൊന്നിന് ശരാശരി 200 രൂപ വിലയുണ്ട്. ആ വഴിക്കും വരും ചെറുതല്ലാത്ത വരുമാനം.

ആട്ടിൻകൂടിന് ആഡംബരം വേണ്ട. നിലത്തുനിന്ന് അഞ്ചടി വിട്ട് അതിനു മുകളിൽ കമ്പിവലകൊണ്ടോ പട്ടികകൊണ്ടോ കൂടു തീർക്കാം. മുട്ടന്മാർ, ചെനയുള്ളവ, പ്രസവിച്ചവ എന്നിവയ്ക്കെല്ലാം പ്രത്യേകം കള്ളികൾ വേണമെന്നു മാത്രം. 

English summary: Goat Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com