ADVERTISEMENT

മണലാരണ്യത്തിൽ നൂറുമേനി വിളവ് നൽകുന്ന പച്ചക്കറി കൃഷിയിടങ്ങളിൽ നല്ലൊരു ശതമാനവും പോളിഹൗസുകളായിരിക്കും. ഊഷ്വരഭൂമിയെ പച്ചപ്പിന്റെ തിലകം ചാർത്താൻ സഹായിക്കുന്നതും ജലനഷ്ടം കുറച്ച് കൃഷി ചെയ്യാൻ സഹായിക്കുന്നതും ഇത്തരം പോളിഹൗസുകളാണ്. അത്തരത്തിൽ ബെഹറിനിലുള്ള പച്ചക്കറിത്തോട്ടങ്ങളിലൊന്നാണ് ഹാങ്ങിങ് ഗാർഡൻ എന്നറിയപ്പെടുന്ന വിസ്മയകേന്ദ്രം.

തണുപ്പുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്തുവരുന്ന സ്ട്രോബെറി ഇവിടെ നല്ല രീതിയിൽ വിളയുന്നുണ്ട്. ഒപ്പം പൂക്കളും പച്ചക്കറികളുമെല്ലാം നിറഞ്ഞുനിൽക്കുന്ന അകത്തള തോട്ടമെന്നു വിളിക്കാം. പ്രകൃതിയെയും പച്ചപ്പിനെയും ഇഷ്ടപ്പെടുന്നവർക്ക് ഒരു നവ്യാനുഭവം ആയിരിക്കുമിത്. അതുകൊണ്ടുതന്നെ ഒട്ടേറെ പേർ ഇവിടേക്ക് എത്താറുണ്ട്.

ആദ്യം പറഞ്ഞതുപോലെ സ്ട്രോബെറിയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. രണ്ടു ത‌‌‌ട്ടായി പിവിസി പൈപ്പ് ഘടിപ്പിച്ച് അതിൽ മണ്ണ് നിറച്ചാണ് സ്ട്രോബെറി കൃഷി ചെയ്തിരിക്കുന്നത്. ഒപ്പം മൾച്ചിങ് ഷീറ്റുകൊണ്ട് പുതയും നൽകിയിട്ടുണ്ട്. ജലത്തിനൊപ്പം ദ്രവ രൂപത്തിലുള്ള വളവും തുള്ളിനന സംവിധാനം വഴി നൽകിവരുന്നു. അധികമാകുന്ന ജലവും വളവും നഷ്ടപ്പെടുത്തിക്കളയാതെ പൈപ്പുകളിലൂടെ തന്നെ പ്രത്യേക ടാങ്കുകളിൽ ശേഖരിക്കുന്നു. ഇത് വീണ്ടും ചെടികൾക്കുതന്നെ നൽകുന്നതിനാൽ ജല നഷ്ടമോ, വള നഷ്ടമോ ഉണ്ടാകുന്നില്ല. 

അര ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പോളിഹൗസിലാണ് സ്ട്രോബെറി കൃഷി ചെയ്തിരിക്കുന്നത്. പാകമായ സ്ട്രോബെറി സന്ദർശകർക്ക് ആവശ്യാനുസരണം ശേഖരിച്ച് തൂക്കത്തിന് പണം നൽകി കൊണ്ടുപോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മറ്റു ഫാമുകളിൽനിന്ന് വ്യത്യസ്തമായൊരു അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതിനാൽ ആവശ്യക്കാരേറെ. 

മറ്റൊരു ഭാഗത്ത് സാലഡ് വെള്ളരി, തക്കാളി, ക്യാപ്സിക്കം എന്നിവ കൃഷി ചെയ്തിരിക്കുന്നു. ഇവയ്ക്കും ജലസേചനം തുള്ളി നന രീതിയിൽത്തന്നെ. വളപ്രയോഗവും ഈ സംവിധാനത്തിൽത്തന്നെ. നിത്യവും 3 നേരമാണ് നന. ആവശ്യാനുസരണം പ്രൂൺ ചെയ്യുന്നു. താങ്ങ് നൽകാനും ഇവിടെ സംവിധാനമുണ്ട്. ഇവ കൂടാതെ മറ്റു പച്ചക്കറികളും ഇൻഡോർ–ഔട്ട്ഡോർ ചെടികളുമെല്ലാം ഇവിടുണ്ട്.

കൂടുതൽ വിശേഷങ്ങൾ കാണാൻ വിഡിയോ ചുവടെ

English summary: Hanging Gardens Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com