ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപ് കൊല്ലത്ത് കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. കണ്ണിൽനിന്നും മൂക്കിൽനിന്നും സ്രവം ഒലിച്ചിറങ്ങുന്നതും കൂനിക്കൂടി നിൽക്കുന്നതുമൊക്കെയായിരുന്നു മരണത്തിനു മുൻപുള്ള ലക്ഷണങ്ങൾ. പക്ഷിമൃഗാദികളിൽ സാധാരണ കണ്ടുവരുന്ന പാസ്ചുറല്ലോസിസ് എന്ന അസുഖമാണ് കോഴികളുടെ കൂട്ടമരണത്തിന് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

കോഴി ഫാമുകളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു അസുഖമാണ് ഫൗൾ കോളറ എന്നപേരിൽ അറിയപ്പെടുന്ന പാസ്ചുറെല്ലോസിസ്. ഈ അസുഖത്തിന്റെ കാരണം പാസ്ചുറെല്ല മാൾട്ടോസിഡ എന്ന  ബാക്ടീരിയയാണ്. തല വീക്കം, കണ്ണിൽനിന്ന് സ്രവം ഒഴുകുന്നത്, താടിയിലും പൂവിലും പഴുപ്പ് രൂപപ്പെടുന്നത് എന്നിവയാണ് പ്രധാന ലക്ഷണം. എങ്കിലും ഒരു ലക്ഷണവും കാണിക്കാതെ കോഴികൾ കൂട്ടത്തോടെ മരണമടയുന്നതാണ് സാധാരണഗതിയിൽ കാണുന്നത്. പ്രായമായ കോഴികളിലാണ് കൂടുതൽ അസുഖം ബാധിച്ചു കാണുന്നത്.

അസുഖം പടരുന്നത് എങ്ങനെ?

ലക്ഷണങ്ങളോടുകൂടിയോ അല്ലാതെയോ രോഗം ബാധിച്ച കോഴികളിൽനിന്നാണ് രോഗം പടരുന്നത്. വായ, കണ്ണ്, മൂക്ക് എന്നിവയിൽനിന്നുള്ള സ്രവങ്ങളാണ് പ്രധാനമായി ബാക്ടീരിയ വാഹകർ. ഫാം ഉപകരണങ്ങൾ വസ്ത്രങ്ങൾ യൂണിഫോം എന്നിവയിലൂടെ രോഗം പടരുന്നു.

ലക്ഷണങ്ങൾ

ശക്തമായി രോഗം ബാധിച്ച കോഴികൾ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മരണനിരക്ക്  ക്രമാതീതമായി വർധിക്കും. മരണത്തിലേക്ക് നയിക്കുന്നില്ലെങ്കിൽ തൂങ്ങി നിൽക്കുക, തലവീക്കം, കണ്ണിലും മൂക്കിലും സ്രവം ഒഴുകുക. തീറ്റ എടുക്കുന്നതിൽ വിമുഖത കാണിക്കുക, വായിൽനിന്നു സ്രവം പുറപ്പെടുവിക്കുക, ശക്തമായി ശ്വാസം എടുക്കുക എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു. ദീർഘകാലമായ അസുഖമാണെങ്കിൽ താടിയിലും പൂവിലും കാലിനടിയിലും പഴുപ്പു രൂപപ്പെടുന്നു.

പ്രതിരോധ മാർഗങ്ങൾ

ജൈവ സുരക്ഷ തന്നെയാണ് ഇവിടെയും പ്രധാനം. രോഗം മറ്റു ഫാമുകളിൽനിന്നും പുറമേ നിന്നും നമ്മുടെ ഫാമുകളിലേക്ക് വരാതെ സൂക്ഷിക്കണം. പത്തു ദിവസത്തിലൊരിക്കൽ ഫാമുകളിൽ കൃത്യമായി അണുനാശിനി സ്പ്രേ ചെയ്യണം. ഫൗൾ കോളറ വാക്സിൻ വിപണിയിൽ ലഭ്യമാണ് 12 ആഴ്ചയ്കും പതിനാറ് ആഴ്ചകൾക്കുമിടയിൽ ഒരു ഡോസ് ഫൗൾ കോളറ വാക്സിൻ പേരെന്റ്സ് ഫാമുകളിൽ ചെയ്തിരിക്കണം. ശേഷം ഇവയുടെ ബൂസ്റ്റർ വാക്സിൻ അടുത്ത 4-6  ആഴ്ചകൾക്കു ശേഷം നൽകിയിരിക്കണം. എങ്കിലും കേരളത്തിൽ ഫൗൾ കൊളറ വാക്‌സിൻ അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ല.

ചികിത്സ

ആന്റിബയോട്ടിക്കുകളോട് സാധാരണഗതിയിൽ പ്രതികരിക്കുന്ന ബാക്ടീരിയയാണ് പാസ്ചുറെല്ല. എങ്കിലും അസുഖമുള്ള സമയത്ത് എല്ലാതരം ക്ലേശങ്ങളിൽനിന്നും കോഴികളെ മാറ്റിനിർത്തേണ്ടത് നിർബന്ധമാണ്. തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ നൽകിയാൽ ഫൗൾ കോളറ ബാധിച്ച കോഴികളെ രക്ഷിക്കാൻ കഴിയും.

കർഷകർ ശ്രദ്ധിക്കേണ്ടത്.

1. കൃത്യമായി ഫൗൾ കൊളറ വാക്സിൻ ചെയ്ത പേരെന്റ്സ് ഫാമുകളിൽനിന്ന് കോഴികുഞ്ഞുങ്ങളെ വാങ്ങിക്കുന്നത് നന്ന്. എങ്കിലും കേരളത്തിലെ ഫാമുകളിൽ ഫൗൾ കോളറ വാക്സിൻ വ്യാപകമല്ല എന്നത് പ്രതിസന്ധിയാണ്.

2. കൃത്യമായ ജൈവ സുരക്ഷാമാനദണ്ഡങ്ങൾ ഫാമിൽ നടപ്പിൽ വരുത്തുക.

3. കൃത്യമായ അണുനാശിനി സ്പ്രേ കൃത്യമായി ചെയ്യുക.

English summary: Fowl Cholera, Pasteurellosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com