20 ഏക്കറിൽ 102 തരം പഴങ്ങൾ വിളഞ്ഞ് പഴങ്ങളുടെ ഫാം സിറ്റി

HIGHLIGHTS
  • മനസ്സിൽക്കാണുന്ന പഴത്തെ ഇവിടെ മരത്തിൽക്കാണാം
  • 2018 ഒക്ടോബറിലാണ് കൃഷിയുടെ തുടക്കം
SHARE

മുപ്പതു വർഷത്തോളമായി പഴക്കൂടകൾക്കു നടുവിലാണ് കെ.സി. മുഹമ്മദ് അഷ്റഫ് എന്ന ബാപ്പുട്ടിയുടെ ജീവിതം. മലപ്പുറം മഞ്ചേരിയിലെ എണ്ണം പറഞ്ഞ പഴക്കച്ചവടക്കാരിൽ ഒരാൾ. നാലിലേറെ ജില്ലകളിലേക്ക് മൊത്തവിതരണം നടത്തുന്ന കെസി ഫ്രൂട്സ് എന്ന സ്ഥാപനത്തിന്റെ ഉടമ. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും പെട്ടിയിൽ വരുന്ന പഴങ്ങളെ മരത്തിൽക്കാണണമെന്ന മോഹമുദിച്ചതോടെ മേലാറ്റൂരിനടുത്ത് വെസ്റ്റ് എടപ്പറ്റയിൽ ബാപ്പുട്ടി ഒരു തോട്ടം തുടങ്ങി. പേര് കെസി ഫ്രൂട്സ് ഫാം സിറ്റി. ഒന്നും രണ്ടുമല്ല ഇരുപത് ഏക്കറിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന പഴങ്ങളുടെ നഗരം തന്നെയാണിത്. സ്വദേശിയും വിദേശിയുമായി 102 തരം ഫലവർഗങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. 80 വെറൈറ്റി മാവുകൾ, പത്തിനം പേരകൾ, 10 ഇനം പ്ലാവുകൾ, തായ്‌ലൻഡ്, സീഡ്‌ലെസ് ഉൾപ്പെടെ വിവിധയിനം ചാമ്പകൾ, തനി വിദേശികളായ അവക്കാഡോ, ലിപ്പോട്ട്, ഡ്രാഗൺ ഫ്രൂട്ട്, റൊളീനിയ, ജബോട്ടിക്ക, ബ്ലൂ പ്ലം, ഐസ്ക്രീം ബീൻ, ബുഷ് ഓറഞ്ച്, മാങ്കോസ്റ്റിൻ, മുട്ടോവ എന്നിങ്ങനെ എണ്ണിയാൽ 102 ഇനങ്ങളെയും എണ്ണിയെടുക്കാം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ മനസിൽക്കാണുന്ന പഴത്തെ ഇവിടെ മരത്തിൽക്കാണാം. 

kc-fruit-farm-city
മലപ്പുറം മേലാറ്റൂർ വെസ്റ്റ് എടപ്പറ്റയിലെ 20 ഏക്കർ സ്ഥലത്തെ കെസി ഫ്രൂട്സ് ഫാം സിറ്റി. ചിത്രങ്ങൾ: ഫഹദ് മുനീർ
kc-fruit-farm-city-owner
മലപ്പുറം മേലാറ്റൂർ വെസ്റ്റ് എടപ്പറ്റയിലെ 20 ഏക്കർ സ്ഥലത്തെ കെസി ഫ്രൂട്സ് ഫാം സിറ്റിയിൽ കെ.സി. മുഹമ്മദ് അഷ്റഫ്

തൈ നടുന്നു

2018 ഒക്ടോബറിലാണ് കൃഷിയുടെ തുടക്കം. മൂന്നുഭാഗത്തും ഒലിപ്പുഴ അതിരിട്ടൊഴുകുന്ന തെങ്ങിൻ തോപ്പായിരുന്നു പഴത്തോട്ടത്തിനായി തിരഞ്ഞെടുത്തത്. കായ്ഫലം കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി നിലമൊരുക്കി. കൃത്യമായ ഫാം പ്ലാൻ തയാറാക്കിയായിരുന്നു പഴത്തോട്ടത്തിന്റെ നിർമാണം. ഓരോ ഇനങ്ങളും കൃഷി ചെയ്യേണ്ട സ്ഥലം, അവയ്ക്ക് വെള്ളവും വളവും എത്തിക്കേണ്ട രീതി എന്നിവയെല്ലാം ശാസ്ത്രീയമായ രീതിയിൽത്തന്നെ വിഭാവനം ചെയ്തു. ജലസംരക്ഷണത്തിനും കളകളുടെ വളർച്ച തടയുന്നതിനുമായി വർഷങ്ങളോളം ഈടുനിൽക്കുന്ന മൾച്ചിങ് ഷീറ്റുകൾ വിരിച്ചു. തുള്ളിനന സംവിധാനത്തിലൂടെ ജലത്തിന്റെ വിനിയോഗം വളരെച്ചുരുക്കി. കീടനാശിനി പ്രയോഗം അറ്റകൈക്കു മാത്രം.

ആനക്കയം കാർഷിക ഗവേഷണകേന്ദ്രത്തിൽ വളരെക്കാലത്തെ പരിചയസമ്പത്തുള്ള ഡി. ഷിജുവാണ് പഴത്തോട്ടത്തിന്റെ നിർമാണവും വിളകളുടെ പരിപാലനവും ആസൂത്രണം ചെയ്തത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച കാർഷിക സർവകലാശാലകളിൽനിന്നാണ് തൈകൾ എത്തിച്ചത്. അതുകൊണ്ടുതന്നെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഭയപ്പെടേണ്ട കാര്യമുണ്ടായില്ല. രണ്ടു വർഷത്തിനുള്ളിൽത്തന്നെ തൈകൾ മിക്കവാറും കായ്ച്ചു. വിദേശ ഇനങ്ങളടക്കം ഒരുതടസ്സവും കൂടാതെ എടപ്പറ്റയിലെ മണ്ണിൽ വേരുപിടിച്ചപ്പോൾ തെളിഞ്ഞത് ഫലസമൃദ്ധിയുടെ പുതുപുത്തൻ കാഴ്ച.

മിനി മുതലമട

കെസി ഫ്രൂട്സ് ഫാം സിറ്റിയിൽ കൃഷിചെയ്യുന്ന 102 ഇനം പഴവർഗങ്ങളിൽ ഒന്നു മാത്രമാണ് മാവ്. എന്നാൽ ഇതിൽത്തന്നെ 80 വ്യത്യസ്ത ഇനം മാവുകൾ ഇവിടെ പൂത്തുലഞ്ഞു നിൽക്കുന്നു. ഹിമാപസന്ത്, ബംഗനപ്പള്ളി, ചക്കരക്കുട്ടി, സിന്ദൂരം, വിദേശ ഇനമായ റൊമാനിയ എന്നിങ്ങനെപ്പോകുന്നു എടപ്പറ്റ ഫാമിലെ മാമ്പഴരുചിഭേദങ്ങൾ. മലപ്പുറത്തെ മിനി മുതലമട എന്നുതന്നെ ഈ ഫാമിനെ ഇപ്പോൾ വിശേഷിപ്പിക്കാം. മാവിന് ഇടവിളയായി ഡ്രാഗൺ ഫ്രൂട്ടും പേരയും നാരങ്ങയും കൃഷിചെയ്യുന്ന രീതിയും ഇവിടെക്കാണാം. മാവിന് ഇടവിളക്കൃഷി ഇന്ത്യയിലാദ്യമായി പരീക്ഷിച്ചതും ഇവിടെയാണെന്നാണ് അവകാശവാദം. കുറച്ചുസ്ഥലം മാത്രം ഉപയോഗിച്ച് കൂടുതൽ വിളകൾ ഉൽപാദിപ്പിക്കുന്ന ഹൈ ഡെൻസിറ്റി കൃഷി രീതിയാണ് ഇവിടെ പയറ്റുന്നത്. വിളയല്ലാതെ കള കാണാൻ പറ്റില്ലെന്നർഥം. വേനൽക്കാല സീസണിൽ ഏറെ മാർക്കറ്റുള്ള തണ്ണിമത്തനും ഇപ്പോഴിവിടെ വിളവിറക്കിയിട്ടുണ്ട്. 

kc-fruit-farm-city-nursery
മലപ്പുറം മേലാറ്റൂർ വെസ്റ്റ് എടപ്പറ്റയിലെ 20 ഏക്കർ സ്ഥലത്തെ കെസി ഫ്രൂട്സ് ഫാം സിറ്റിയിലെ നഴ്സറി

കായ്ക്കും ‘കായ്’ പോകില്ല

ഒറിജിനൽ തൈകൾ സംഘടിപ്പിച്ചാണ് ഫാമിലെ കൃഷി. ഇതിൽ കായ്ച്ച ഇനങ്ങളിൽ നിന്നുമാത്രം ലെയർചെയ്തെടുത്ത തൈകളാണ് വിതരണത്തിനായി തയാറാക്കുന്നത്. കായ്ക്കാത്ത തൈകളെ തൊട്ടിട്ടുപോലുമില്ല. ഇവിടെ നിന്ന് തൈവാങ്ങി നട്ടാൽ കായ്ക്കുമെന്ന കാര്യത്തിൽ ഫാമിന്റെ നടത്തിപ്പുകാരനായ ഷിജു ഗാരന്റി പറയുന്നു. മറ്റിടങ്ങളിലെക്കാൾ ചുരുങ്ങിയ വിലയ്ക്ക് ഗുണനിലവാരമുള്ള തൈകൾ വിതരണം ചെയ്യാനായി ഒരു നഴ്സറിയും ഫാമിൽ പ്രവർത്തിക്കുന്നുണ്ട്. 102 തരം ഫലവർഗത്തൈകളും ഇവിടെനിന്ന് ലഭ്യമാകും. തൈകൾ വളർത്താനായി സിമന്റ്ചട്ടികളുടെ നിർമാണ യൂണിറ്റും ഫാമിൽ പ്രവർത്തിച്ചു വരുന്നു. 

ഫാം ടൂറിസം 

പച്ചപ്പും പഴമധുരവും ശുദ്ധവായുവും ആസ്വദിക്കാനുള്ള ഒരിടമായി ഫാമിനെ മാറ്റിയെടുക്കാനും കെ.സി. അഷ്റഫിനു പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായുള്ള വാച്ച് ടവറിന്റെ നിർമാണം ഏതാണ്ടു പൂർത്തിയായി. കുട്ടികൾക്കായി ഒരു ചെറിയ പാർക്ക്, ഫങ്ഷനുകളും മറ്റും സംഘടിപ്പിക്കാനുള്ള ഹാൾ, ഫാമിനു ചുറ്റുമായി ഒരു ജോഗിങ് ട്രാക്ക് എന്നിവയാണ് അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന നിർമാണജോലികൾ. ഫലവൃക്ഷങ്ങൾ തണൽവിരിക്കുന്ന ഒരു വിശ്രമകേന്ദ്രവും കടയിൽക്കിട്ടാത്ത പഴരുചികൾ നേരിട്ട് ആസ്വദിക്കാനാകുന്ന ഒരു കൃഷിയിടവുമായി കെസി ഫ്രൂട്സ് ഫാം സിറ്റി മാറാൻ ഇനി ഏറെത്താമസമുണ്ടാകില്ല.

കെ.സി. മുഹമ്മദ് അഷ്റഫ് – 9447443608 

ഡി.ഷിജു– 7012617910

English summary: 102 Varieties of Fruit Trees in 20 Acre Land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA