ഭക്ഷ്യക്ഷാമം രൂക്ഷമാകും, വളം എറിഞ്ഞ് വിള കൊയ്യാം

HIGHLIGHTS
  • ദീർഘകാല വിളകൾക്കാണ് റോക്ക് ഫോസ്ഫേറ്റ് വളങ്ങൾ
  • ചിലവളങ്ങൾ മണ്ണിന്റെ അമ്ലത്വം വർധിപ്പിക്കും
paddy-fertilizer
SHARE

ശാസ്ത്രീയകൃഷിക്കാരും, ജൈവകൃഷിവാദികളും യുദ്ധത്തിലാണല്ലോ! മണ്ണറിഞ്ഞ് വളം എറിഞ്ഞ് വിളവ് എടുക്കണം. വളം കൊടുക്കുക എന്നത് ചെടിയുടെ വളർച്ച, അതിൽ ഉണ്ടാകേണ്ട കായ്കനികളുടെ ഉൽപാദനം എന്നിവ അടിസ്ഥാനമാക്കിയാണ്. 

ജൈവവളത്തോടൊപ്പം രാസവളങ്ങളും കൃത്യതയോടെ ചെന്നങ്കിൽ മാത്രമേ ഒരു ചെടിയിൽനിന്ന് 100 ശതമാനം ഉൽപാദനത്തിൽ കൃഷി ലാഭത്തിലേക്ക് എത്തിക്കാൻ പറ്റൂ. 

രാസവളം ചെയ്യുമ്പോൾ എന്തിനാണ് ജൈവവളം?

ചെടികളുടെ വളർച്ചയ്ക്കാവശ്യമായ ജൈവീകപദാർഥങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വളർച്ചാ ത്വരകങ്ങളെയാണ് ജൈവവളം എന്ന് പറയുന്നത്. മണ്ണിൽ ആവശ്യത്തിന് ജൈവാശം ഉണ്ടെങ്കിൽ അതിൽനിന്ന് ചെടികൾക്ക് ആവശ്യമുള്ള  മൈക്രോ ന്യൂട്രിയൻറ്സ് 70-80 ശതമാനത്തോളം ലഭ്യമാകും.  മഴക്കാലത്ത് മണ്ണിലേക്ക് ചെല്ലുന്നതും പെട്ടന്ന് ദ്രവിച്ച് മണ്ണാകുന്നതുമായ ജൈവിക വസ്തുക്കളിൽനിന്ന് മാത്രമേ  ഗുണമേന്മയുള്ള ജൈവവളങ്ങൾ ഉണ്ടാകൂ. വെയിൽ കൊണ്ട് കിടക്കുന്ന ചാണകം അടക്കമുള്ള ചപ്പുചവറുകൾ എല്ലാം പുതയിടാൻ കൊള്ളാം എന്നല്ലാതെ അതിന് യാതൊരു ഗുണവും ഉണ്ടാകില്ല എന്ന് ചുരുക്കം. മഴ കൂടുതൽ പെയ്യുന്നതും, അധിക ജലസേചനമുള്ള തോട്ടങ്ങളിൽ ന്യൂട്രിയന്റുകൾ ജലത്തിലൂടെ നഷ്ടപ്പെടും. അവിടങ്ങളിൽ മൈക്രോ ന്യൂട്രിയന്റുകൾ വളങ്ങളായി നൽകേണ്ടി വരും.

രാസവളങ്ങൾ പലതരത്തിൽ 

പ്രധാന പോഷകളാണ് നൈട്രജൻ(N), ഫോസ്ഫറസ് (P), പൊട്ടാഷ് (K) അഥവാ NPK. തൊട്ടടുത്ത സ്ഥാനം സൾഫറിനാണ്. ഫോളിയാർ ആപ്ലിക്കേഷൻ, സോയിൽ ആപ്ലിക്കേഷൻ വളങ്ങളും, അതും പല അനുപാതത്തിൽ പല രൂപത്തിലും.

  • നേർവളങ്ങൾ: ഓരോ തരിയിലും ഒരേ മൂല്യം മാത്രമേ ഇതിന് ഉണ്ടാകൂ.
  • കോംപ്ലെക്സ് വളങ്ങൾ: ഒരു തരിയിൽ തന്നെ NPK മൂലകങ്ങൾ നിശ്ചിത അനുപാതത്തിൽ ഉണ്ടായിരിക്കും.
  • കൂട്ടുവളം/മിക്ചർ: നേർവളങ്ങൾ അനുപാതം കണക്കാക്കി ഒന്നിച്ച് കൂട്ടി എടുക്കുന്ന വളങ്ങളാണ് മിക്ചർ.

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം (NPK)

  • നൈട്രജൻ: ചെടികൾക്ക് ഹരിതകം ഉണ്ടാകണമെങ്കിൽ നൈട്രജൻ ആവശ്യമാണ്. ഹരിതകം ഉണ്ടെങ്കിലെ ചെടിക്ക് വളർച്ചയും ആരോഗ്യമുള്ള ഇലകളും ഉണ്ടാകൂ. നൈട്രജൻ വളങ്ങൾ മാത്രം നൽകി ചെടിയെ വളർത്തിയാൽ അതിലെ കായ്കനികൾ വളരെ വലുതും ആകർഷകവും തുടിപ്പും ഉള്ളതും ആയിരിക്കും പക്ഷേ അതിന് യാതൊരു ഗുണവും ഉണ്ടാകില്ല.
  • ഫോസ്ഫറസ്: ചെടികൾ നല്ല രീതിയിൽ പുഷ്പിക്കാനും, വേരുപടലങ്ങൾ ശരിയായ രീതിയിൽ ഉണ്ടാകാനും ഫോസ്ഫറസ് ആവശ്യമാണ്. 
  • പൊട്ടാസ്യം: ചെടികൾക്ക് നല്ല ആരോഗ്യം, രോഗപ്രധിതിരോധശേഷി, കായ്കനികൾക്ക് കനത്തിൽ കാമ്പ് രൂപപ്പെടാൻ എല്ലാം പൊട്ടാസ്യം ആവശ്യമാണ്. പൊട്ടാസ്യം ലഭിക്കാത്ത കനികൾക്ക് യാതൊരു ഗുണമോ രുചിയോ ഉണ്ടായിരിക്കില്ല.

നൈട്രജൻ വളങ്ങൾ തന്നെ പലതുണ്ട്. ചിലവളങ്ങൾ മണ്ണിന്റെ അമ്ലത്വം വർധിപ്പിക്കും. സൾഫർ അടങ്ങിയ നൈട്രജൻ വളങ്ങളുമുണ്ട്. കാത്സ്യവും നൈട്രജനും അടങ്ങിയ കാത്സ്യം അമോണിയം നൈട്രേറ്റ് പോലുള്ള വളങ്ങളാണ് അമ്ലത്വം ഉള്ള മണ്ണിലേക്ക് ശുപാർശ. ഇങ്ങനുള്ള ചില ഇനംവളങ്ങൾ അന്തരീക്ഷ ഈർപ്പത്തിൽ (വളച്ചാക്ക് പൊട്ടിച്ചാൽ പെട്ടന്ന് ഉപയോഗിച്ച് തീർക്കണം) അലിയുകയും അതിലെ നൈട്രജൻ ആവിയായി പോകുകയും ചെയ്യും. നനവ് തട്ടിയാൽ മണം ഉണ്ടാകുന്ന എല്ലാ വളങ്ങളും അന്തരീക്ഷത്തിൽ ആവിയായി പോകും. ഇങ്ങനുള്ള വളങ്ങൾ മഴക്കാലത്ത്/തുടർ ജലസേചനം ഉള്ളപ്പോൾ മാത്രം നൽകുക.

ഫോസ്ഫറസ് വളങ്ങളും പലതുണ്ട്. ദീർഘകാല വിളകൾക്കാണ് റോക്ക് ഫോസ്ഫേറ്റ് വളങ്ങൾ പൊതുവെ ശുപാർശ. വളരെ സാവധാനത്തിൽ മാത്രമേ മണ്ണിൽ ലയിച്ച് തീരു എന്നതു തന്നെ കാരണം. റോക്ക് ഫോസ്ഫേറ്റ് പാറയിൽ നിന്ന് ഖനനം ചെയ്ത് എടുക്കുന്നു. മണ്ണിൽ ഇളക്കിചേർക്കണ്ട വളങ്ങളിലൊന്നാണിത് (ഡ്രഞ്ചിങ്ങിന് ശുപാർശ). റോക്ക് ഫോസ്ഫേറ്റിലുള്ള ഫോസ്ഫറസ് വെള്ളത്തില്‍ അലിയുന്ന രൂപത്തിലല്ല.  അമ്ലത്വമുള്ള മണ്ണില്‍ ഇത് ആസിഡുകളുമായി പ്രതിപ്രവര്‍ത്തിച്ച് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലുള്ള  ഫോസ്ഫറസായി മാറുന്നു. ഹ്രസ്വകാല വിളകൾക്ക് സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് പോലുള്ള വളങ്ങളാണ് നല്ലത്. സൂപ്പര്‍ ഫോസ്ഫേസ്റ്റിൽ ഫോസ്ഫറസ്, കാത്സ്യം, സള്‍ഫർ എന്നിവയുണ്ടാകും. ഫലങ്ങൾ നൽകിത്തുടങ്ങാത്ത ചെറിയ ചെടികൾക്ക് ഡൈഅമോണിയം ഫോസ്ഫേറ്റ് ( DAP), മോണോ അമോണിയം ഫോസ്ഫേറ്റ് (MAP) പോലുള്ള വളങ്ങൾ നൽകേണ്ടതായുണ്ട്

പൊട്ടാസ്യം അടങ്ങിയ പൊട്ടാഷ് വളങ്ങൾ പലതരത്തിലുണ്ട്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (Mop), സൾഫേറ്റ് ഓഫ് പൊട്ടാഷ് (Sop) എന്നിവ ഉദാഹരണം. പൊട്ടാസ്യം അടങ്ങിയ ധാതുക്കള്‍ ഖനനം ചെയ്ത് ശുദ്ധീകരിച്ചുണ്ടാക്കുന്നതാണ് ഈ മൂലകത്തിന്റെ രാസവളങ്ങള്‍.

English summary: Importance of Chemical Fertilizers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA