ADVERTISEMENT

പ്രതിദിനം മൃഗാശുപത്രികളിലെത്തിയിരുന്ന പശുക്കൾ ഉൾപ്പെടെയുള്ളവയിൽ പകുതിയോളം മൃഗങ്ങൾക്കും ഉദര സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയതോടെയാണു മൃഗങ്ങൾക്കു നൽകുന്ന ഭക്ഷണത്തെക്കുറിച്ച് ക്ഷീര വകുപ്പും മൃഗസംരക്ഷണ വകുപ്പും സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. വിശദമായ അന്വേഷണത്തിൽ സംശയം സത്യമായി. മൃഗങ്ങളുടെ ജീവനു തന്നെ ഹാനികരമായേക്കാവുന്ന വസ്തുക്കൾ പോലും നിർബാധം ചേർത്താണ് ചില ബ്രാൻഡഡ് തീറ്റകൾ പോലും വിപണിയിലെത്തുന്നത്. ഇവയിൽ ഏറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവ.

ഇതോടെ കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങൾ എന്നിവയിൽ മായം ചേർക്കുന്നതു തടയാൻ നിയമം ഉടൻ പാസാക്കാൻ ഒരുങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതുവരെ പാവം മിണ്ടാപ്രാണികൾക്കു കർഷകർ അറിയാതെ നൽകിയിരുന്ന തീറ്റകളിൽ കലർന്നിരുന്നത് ഏറെയും ഏറെ ദോഷകരമായ വസ്തുക്കളായിരുന്നു. 

പാറപ്പൊടി മുതൽ പാഴായ അരി വരെ

എള്ളിൻ പിണ്ണാക്കിൽ കറുത്ത ചേറ്, കൊപ്ര പിണ്ണാക്കിൽ ചിരട്ടപ്പൊടി, പാഴായ അരി ചേർത്ത് അരച്ചുണ്ടാക്കുന്ന കടലപ്പിണ്ണാക്ക് എന്നുതുടങ്ങി കാലിത്തീറ്റയിൽ മായം പലവിധത്തിലെന്നു ക്ഷീരകർഷകർ. പരുത്തിപ്പിണ്ണാക്കിൽ നിന്ന് ഇരുമ്പുകഷണങ്ങൾ കണ്ടെടുത്ത സംഭവങ്ങളും ധാരാളം. മായം കലർന്ന കാലിത്തീറ്റ ഉള്ളിൽ ചെന്നാൽ കറവപ്പശുക്കൾക്ക് വയറിളക്കവും വയറിന് അസുഖവും ഉണ്ടാകും. പാൽ ഉൽപാദനം കുത്തനെ കുറയും. 

2 വർഷം മുൻപ് പവിത്രേശ്വരം പഞ്ചായത്തിലെ ഒരു ക്ഷീരകർഷകന്റെ 2 കറവപ്പശുക്കൾക്ക് നിർത്താതെ വയറിളക്കം പിടിപെട്ടു. ചികിത്സിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ വെറ്ററിനറി ഡോക്ടർ തീറ്റ പരിശോധിക്കാൻ പറഞ്ഞു. കൊപ്ര പിണ്ണാക്കിലെ ചിരട്ടപ്പൊടി ദഹിക്കാതെ വന്നതാണ് പ്രശ്നമെന്നു കണ്ടെത്തി. 10 ലീറ്ററിനു മേൽ പാൽ ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഉൽ‍പാദനം പകുതിയിൽ താഴെയായി കുറയുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ മിശ്രിതവും പശുക്കൾക്ക് ദോഷമാണെന്നു കർഷകർ പറയുന്നു. സമീകൃതമല്ലാത്ത മിശ്രിതം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു ഡോക്ടർമാരും സമ്മതിക്കുന്നു.

അതിർത്തി കടന്നെത്തുന്ന അപകടം

തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണു കാലിത്തീറ്റ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളിൽ സിംഹഭാഗവും എത്തുന്നത്. കാലിത്തീറ്റകളിൽ ചേർക്കുന്ന ഏതെങ്കിലും വസ്തുക്കൾ കിട്ടാതായാൽ പകരം ഗുണമേന്മ കുറഞ്ഞ വസ്തുക്കളോ പാറപ്പൊടി, മണ്ണ്, ചിലതരം ഇലകൾ തുടങ്ങിയവ ചേർത്തു വിടുകയാണു പതിവ്. പൊതുമേഖലയിൽ 4 കാലിത്തീറ്റ ഫാക്ടറികൾ മാത്രമാണുള്ളത്. ശരാശരി പ്രതിദിന ഉൽപാദനമാകട്ടെ വെറും 2000 ടണ്ണും. കേരളത്തിൽ 14 ലക്ഷം കാലികൾ ഉണ്ടെന്നാണു കണക്ക്. ഒരു കാലിക്ക് 100 ഗ്രാം പോലും തീറ്റ കിട്ടില്ല. ഒരു ലീറ്റർ പാൽ പോലും ഉൽപാദിപ്പിക്കാത്ത പശുവിന് പ്രതിദിനം 2 കിലോ തീറ്റ വേണമെന്നിരിക്കെയാണ് ഈ അവസ്ഥ. ഈ അവസ്ഥ മുതലാക്കിയാണു ഗുണനിലവാരം കുറഞ്ഞ തീറ്റയുടെ വരവ് ഏറിയത്. അമിതമായ മണ്ണും പാറപ്പൊടിയും ഉള്ളിൽ ചെന്നാൽ ഉദര രോഗങ്ങളും വന്ധ്യതയും ഉണ്ടാകാം. 

വാഗ്ദാനം നൽകി കൊടുംവഞ്ചന

കൂടുതൽ പാൽ ലഭിക്കുമെന്ന വാഗ്ദാനം നൽകി വിതരണം ചെയ്യുന്ന കാലിത്തീറ്റകളാണ് പശുക്കളുടെയും കിടാരികളുടെയും അന്തകരാകുന്നത്. കാലിത്തീറ്റകളിൽ യൂറിയയുടെ അളവ് കൂടുതൽ ആയാൽ പാൽ ഉൽപാദനം വർധിക്കും. ഇത്തരത്തിൽ പാൽ ഉൽപാദനം കൂടുമെന്നു ബോധ്യപ്പെട്ടാൽ കർഷകർ ആ ബ്രാൻഡഡ് തീറ്റകൾ മാത്രമാകും വാങ്ങുക. എന്നാൽ ഇവ സ്ഥിരമായി കാലികൾക്കു നൽകുന്നതിനാൽ അവയുടെ എല്ലുകൾ പൊടിയുകയും പ്രതിരോധ ശേഷി കുറയുകയും ചെയ്യും. ചില പശുക്കൾക്ക് പ്രത്യുൽപാദന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ചില സ്വകാര്യ കമ്പനികൾ ഇറക്കുന്ന ഇത്തരത്തിലുള്ള കാലിത്തീറ്റകളാണ് കന്നുകാലികളുടെ അന്തകരായി മാറുന്നത്.

ഒട്ടേറെ ക്ഷീരകർഷകർ പാൽ ധാരാളം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും ഈ കാലിത്തീറ്റകൾ പശുക്കൾക്കും കിടാരികൾക്കും നൽകുന്നുണ്ട്. പാർശ്വ ഫലങ്ങൾ കണ്ട് തുടങ്ങുമ്പോൾ പരാതിയുമായി എത്തുന്നതും പതിവാണ്. പതിവായി പരാതിയുമായി എത്തിയ ക്ഷീര കർഷകരുടെ വീടുകളിൽ എത്തി പരിശോധിച്ചപ്പോഴാണ് കാലിത്തീറ്റകളിലെ മായം കണ്ടെത്താനായത്. പാൽ ഉൽപാദനം വർധിക്കാൻ പച്ചപ്പുല്ലും ശാസ്ത്രീയമായി ഉൽപാദിപ്പിക്കുന്ന കാലിത്തീറ്റകളും നൽകിയാൽ മതിയാകുമെന്നു ഡോക്ടർമാർ പറയുന്നു.

English summary: cattle feed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com