കൃഷിക്ക് 10 യന്ത്രങ്ങള്‍: കൃഷിയിടത്തിനു യോജിച്ച യന്ത്രങ്ങൾ ഏതൊക്കെ?

farm-equipments-1
SHARE

ബ്രഷ് കട്ടർ

പുല്ലു വെട്ടുന്നതിന്  വ്യാപകമായി ഉപയോഗിക്കുന്നു. കുറ്റിക്കാട്,  കളകൾ എന്നിവയും നീക്കം ചെയ്യാൻ ഉപയോഗിക്കാം. ബ്ലേഡുകൾ മാറ്റി ഘടിപ്പിച്ചു വിവിധ കൃഷിപ്പണികൾ ചെയ്യാം.

പെട്രോൾ എൻജിൻ, ഹാൻഡിൽ, കറങ്ങുന്ന ബ്ലേഡ് എന്നിവയാണ് പ്രധാന ഭാഗങ്ങൾ. കൈകൾകൊണ്ട് താങ്ങാവുന്നതും പുറകിൽ തൂക്കിയിടാവുന്നതുമായ മോഡലുകളുണ്ട്. 

മൂന്നു തരം ബ്ലേഡുകൾ: റോപ്പ് കട്ടർ, ട്രയാംഗിൾ ബ്ലേഡ്, സർക്കുലാർ ബ്ലേഡ്. പുല്ലുകളും ഇലപ്പടർപ്പുകളുമൊക്കെ വെട്ടിമാറ്റാൻ നൈലോൺ റോപ്പ്  കട്ടർ.  വണ്ണം കുറഞ്ഞ ചെടികളും മറ്റും വെട്ടിമാറ്റാൻ ത്രികോണാകൃതിയിലുള്ള ബ്ലേഡ്. കനം കൂടിയ തണ്ടുകൾ മുറിക്കാൻ വൃത്താകൃതിയിലുള്ള ബ്ലേഡ്.  എല്ലാ മോഡലുകളിലും ചേരില്ല.

രണ്ടു തരം എൻജിനുകൾ:  4 സ്ട്രോക് എൻജിനും 2 സ്ട്രോക് എൻജിനും. 4 സ്ട്രോക് എൻജിനുകൾക്ക് ഭാരവും വിലയും ഇന്ധനക്ഷമതയും കൂടുതൽ. കാലാവധി കഴിയുമ്പോൾ ഓയിൽ മാറ്റി നൽകണം. പ്രത്യേകം ടാങ്കുള്ളതിനാൽ ഓയിലും പെട്രോളും കൂട്ടിക്കലർത്തുമ്പോഴുണ്ടാകാവുന്ന തകരാറുകൾ ഒഴിവാകും. 2 സ്ട്രോക് എൻജിനുകൾ‍ക്ക് വിലയും ഭാരവും ഇന്ധനക്ഷമതയും കുറവ്. അധ്വാനഭാരമുള്ള ജോലികൾക്ക് കൂടുതൽ യോജ്യം. ഓയിൽ– പെട്രോൾ അനുപാതം കൃത്യമല്ലെങ്കിൽ തകരാറുണ്ടാകാം. പ്രതിദിന പ്രവർത്തനക്ഷമത:  0.12 – 0.16 ഹെക്ടർ. ഇന്ധനക്ഷമത: 1 ലീറ്റർ/ മണിക്കൂ ർ.  വില: 7000  രൂപ മുതൽ  45000 രൂപ വരെ.

സ്പ്രേയറുകൾ

വിളകൾക്കു മീതെയോ മണ്ണിലേക്കോ ലായനികൾ തളിക്കുന്നതിനും ചീറ്റുന്നതിനും  പ്രയോജനപ്പെടുന്നു.  വിള, കൃഷിയിടം, വിസ്തൃതി, ലായനിയുടെ സ്വഭാവം എന്നിവ മനസ്സിലാക്കി മാത്രമേ സ്പ്രേയർ വാങ്ങാവൂ.

എത്ര ദൂരത്തിൽ മരുന്ന് എത്തണമെന്നും എത്ര ചെറിയ കണികകളായി തളിക്കണമെന്നുമൊക്കെ ധാരണ വേണം. ബാക്ക്പാക്ക് സ്പ്രേയേഴ്സ്, പവർ സ്പ്രേയർ, റോക്കർ സ്പ്രേയർ, ഫുട് സ്പ്രേയർ എന്നിങ്ങനെ പലതരം സ്പ്രേയറുകൾ ലഭ്യമാണ്. ഇവ തമ്മിലുള്ള വ്യത്യാസം,  അനുകൂലമായ പ്രവർത്തന സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കണം. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന നാപ്സാക്ക് സ്പ്രേയറുകളാണ്  കൂടുതൽ ജനകീയം. ലളിതമായ ഘടന, സൗകര്യപ്രദമായ ഉപയോഗം, കുറഞ്ഞ ചെലവ്. നെൽ കൃഷിയിലും പച്ചക്കറിക്കൃഷിയിലും  കൂടുതലായി ഉപയോഗിക്കുന്നു. ഉയരത്തിൽ മരുന്നു തളിക്കേണ്ടി വരുന്ന തെങ്ങ്, കമുക്, റബർ തുടങ്ങിയ വിളകളിൽ റോക്കർ സ്പ്രേയറും ഫുട് സ്പ്രേയറും കൂടുതൽ അനുയോജ്യം.

വില: 1500 – 10000 രൂപ

farm-equipments-2-3

പവർ ടില്ലർ

ചെറുകിട, നാമമാത്ര കർഷകർക്ക് മണ്ണിളക്കി കൃഷിയോഗ്യമാക്കുന്നതിനു യോജ്യമാണ്.  നിലമൊരുക്കാൻ മാത്രമല്ല രാസവളങ്ങൾ, കളനാശിനികൾ  എന്നിവ  പ്രയോഗിക്കാനും വെള്ളം പമ്പ് ചെയ്യാനും വിളവെടുക്കാനും മെതിക്കാനും വിളകൾ കൊണ്ടുപോകാനും യോജ്യമായ ഉപകരണങ്ങൾ ഘടിപ്പിച്ച് ഉപയോഗിക്കാം. വീതി കുറവുള്ള ഭാഗത്തുപോലും കടന്നുചെന്ന് മണ്ണിളക്കാൻ ടില്ലർ വേണം, വിശേഷിച്ച് തട്ടുതിരിച്ചുള്ള കൃഷി നടക്കുന്ന  മലയോരമേഖലകളിൽ.

മൂന്നു തരം ടില്ലറുകൾ വിപണിയിൽ ലഭ്യമാണ്.  മിനി ടില്ലറുകളാണ് ഉദ്യാനങ്ങളിലും മറ്റും ഉപയോഗിക്കാറുള്ളത്. പുരയിടങ്ങളിൽ ഇടത്തരം ടില്ലറുകളും വലിയ കൃഷിയിടങ്ങളിലും പാടങ്ങളിലും വലിയ ടില്ലറുകളും വേണ്ടിവരും. വില 30,000 രൂപ മുതൽ 3,00,000 രൂപവരെ.

ചെയിൻ സോ

 ചങ്ങലയിലെന്നവണ്ണം തുടർച്ചയായി ചേർത്തുവച്ച ബ്ലേഡുകളാണ് ചെയിൻസോ അഥവാ യന്ത്രവാളിന്റെ പ്രധാന ഘടകം. ഇത് അതിവേഗത്തിൽ കറങ്ങുമ്പോൾ തടി മുറിയുന്നു. അധ്വാനഭാരമില്ലാതെ മരം വെട്ടിമാറ്റുന്നതിനും  വിറക് മുറിക്കുന്നതിനുമൊക്കെ ഇവ ഏറെ പ്രയോജനപ്രദമാണ്. 

മുറിക്കേണ്ടിവരുന്ന തടിയുടെ വലുപ്പമനുസരിച്ചാവണം യന്ത്രവാളിന്റെ ശേഷി.  വലിയ മരങ്ങളോ വിറകു കെട്ടുകളോ മുറിച്ചുമാറ്റാൻ വലുപ്പവും എൻജിൻശേഷിയും കൂടുതലുള്ള യന്ത്രവാൾ വേണം. എത്ര വലുപ്പത്തിലാണ് മുറിക്കുന്നതെന്നു കണക്കാക്കിയ ശേഷം തടി അഥവാ വിറകുകെട്ടിന്റെ വ്യാസമനുസരിച്ച്  ഗൈഡ് ബാറിന്റെയും ചെയിനിന്റെയും നീളം കൂട്ടേണ്ടിവരും. ചെറിയ കമ്പുകൾ മുറിക്കുന്നതിനായി വലിയ ചെയിനിന്റെ ആവശ്യമില്ല. യന്ത്രവാളുകൾക്ക്  ശേഷിയനുസരിച്ച് 7000 രൂപ മുതൽ 65000 രൂപ വരെ വില.

ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 1.25 ലീറ്റർ പെട്രോൾ.

farm-equipments-4-5-6

ട്രാക്ടർ

ഉഴവിനു മാത്രമല്ല വിത, വളമിടൽ , പുൽത്തകിടി സംരക്ഷണം എന്നിങ്ങനെ വ്യത്യസ്ത പണികൾക്ക്  ട്രാക്ടറുകൾ ഉപയോഗിക്കാം.  കൃഷിസ്ഥലത്തിന്റെ വലുപ്പമനുസരിച്ചാവണം  ട്രാക്ടർ തിരഞ്ഞെടുക്കേണ്ടത്. വലിയ ഫാമുകൾക്ക് കൂടുതൽ ശേഷിയുള്ള ട്രാക്ടറുകൾ വേണം. 40 മുതൽ 70 കുതിരശക്തിവരെ. 

ചെറിയ കൃഷിയിടങ്ങളിലേക്ക്  35 എച്ച്പിയുടെ ട്രാക്ടര്‍ മതി. ബജറ്റിനു ചേരുന്ന ട്രാക്ടർ മാത്രം വാങ്ങു ക.  ഫാമിന്റെ വലുപ്പവും ചെയ്യേണ്ടിവരുന്ന ജോലികളെയും ആശ്രയിച്ചാവണം  ട്രാക്ടറിന്റെ പവർ  തീരുമാനിക്കാൻ.

ട്രാക്ടറിന്റെ ശക്തി അളക്കാൻ  2 തരം തോതുകൾ ഉണ്ട്: എന്‍ജിൻ ഹോഴ്സ് പവറും പി‌ടി‌ഒ ഹോഴ്സ് പവറും.  ട്രാക്ടർ മുന്നോട്ടു ചലിക്കുന്നത് എൻജിൻ ശക്തിയുടെ അടിസ്ഥാനത്തിലാണ്. അനുബന്ധ ഉപകരണങ്ങളെ ചലിപ്പിക്കാൻ പിൻഭാഗത്തെ ഷാഫ്റ്റിൽ പ്രയോഗിക്കപ്പെടുന്ന  ശക്തിയാണ് പിടിഎ ഹോഴ്സ് പവർ. വലിയ റോട്ടവേറ്ററും മറ്റും ഘടിപ്പിക്കുമ്പോൾ എൻജിൻ ശക്തിക്കൊപ്പം പിടിഎ ഹോഴ്സ് പവറും വർധിപ്പിക്കണം.

റോട്ടവേറ്റര്‍

വിതയ്ക്കു മുന്നോടിയായി നിലമൊരുക്കുന്ന കാര്‍ഷിക ഉപകരണമാണ് റോട്ടവേറ്റർ. ട്രാക്ടറിൽ ഘടിപ്പിച്ചാണ് ഇതു പ്രവർത്തിപ്പിക്കുക.  റോട്ടവേറ്ററിലെ  റോട്ടറി ഷാഫ്റ്റിൽ  ബ്ലേഡുകൾ ഘടിപ്പിച്ചിരിക്കുന്നു. റോട്ടവേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോൾ ബ്ലേഡുകള്‍ കറങ്ങി മണ്ണ് ഉഴുതുമറിച്ച് നിരപ്പാക്കുന്നു.  വേരുകള്‍ മണ്ണില്‍ ആഴത്തില്‍ ഇറങ്ങാനും കളകള്‍ നശിക്കാനും  റോട്ടവേറ്ററുകൾ സഹായിക്കുന്നു. ഏകദേശ വില ഒരു ലക്ഷം രൂപ.

ബെയ്‌ലറുകൾ

കൊയ്ത്തുയന്ത്രം ഉപയോഗിച്ച് വിളവെടുത്തതിനു ശേഷം പാടങ്ങളിൽ അവശേഷിക്കുന്ന വൈക്കോൽ ശേഖരിച്ച് ഗതാഗതത്തിനും സംഭരണത്തിനും അനുയോജ്യമായ ആകൃതിയിലും വലുപ്പത്തിലും കെട്ടുകളാക്കി മാറ്റുന്ന യന്ത്രമാണ് ബെയ്ലർ.   വൃത്താകൃതിയിൽ വൈക്കോൽ കെട്ടുന്ന റൗണ്ട് ബെയ്‌ലറുകളും  ചതുരാകൃതിയിൽ കെട്ടുന്ന റെക്ടാംഗുലർ ബെയ്ലറുകളുമുണ്ട്. വൈക്കോൽ 14–25 കിലോ വരെ ഭാരമുള്ള കെട്ടുകളാക്കുന്നു. 25 മുതൽ 50 എച്ച്പി വരെയുള്ള ട്രാക്ടറുകളിൽ ഘടിപ്പിക്കാം. വില 3.5 ലക്ഷം മുതൽ  4 ലക്ഷം രൂപവരെ.

ഇറിഗേഷന്‍ പമ്പ്

കൃഷിയിൽ നനയുടെ പ്രാധാന്യം എല്ലാവർക്കുമറിയാം. നല്ല വിളവ് ലഭിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും യോജ്യമായ പമ്പുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.  ജലസ്രോതസ്സ്, ആവശ്യമായ ജലത്തിന്റെ അളവ്,  പമ്പ് ഹൗസ് മുതല്‍ ജലസ്രോതസ്സ് വരെയുള്ള താഴ്ച, ആവശ്യകത, ഊർജസ്രോതസ് എന്നിവ പരിഗണിച്ചാവണം പമ്പ് സെറ്റ് തിരഞ്ഞെടുക്കേണ്ടത്. ജലത്തിന്റെ അളവ് (ഡിസ്ചാര്‍ജ്) വരള്‍ച്ചക്കാലത്തും   ആവശ്യങ്ങള്‍ക്കു തികയുന്നതായിരിക്കണം. കൃഷിഭൂമിയുടെ വിസ്തീര്‍ണം, ജലത്തിന്റെ ആവശ്യകത, രണ്ട് വിളകള്‍ തമ്മിലുള്ള കാലയളവ് ( റിട്ടേണ്‍ പീരീഡ്), പമ്പ് ഉപയോഗിക്കേണ്ടുന്ന സമയം (മണിക്കൂര്‍/ദിവസം) എന്നിവ പമ്പിന്റെ ഡിസ്ചാര്‍ജിനെ സ്വാധീനിക്കും. ആവശ്യമായ ജലത്തിന്റെ അളവ്, വെള്ളം പമ്പ് ചെയ്ത് എത്തിക്കേണ്ട ഉയരം എന്നിവയ്ക്കനുസരിച്ചാണ് പമ്പിന്റെ പവര്‍ തിരഞ്ഞെടുക്കേണ്ടത്. 

സെൻട്രിഫ്യൂഗൽ , വെർട്ടിക്കൽ ടർബൈൻ , സബ്മെഴ്സിബിള്‍, പ്രൊപ്പല്ലർ പമ്പ് എന്നിങ്ങനെ നാലു തരം പമ്പുകളാണ്  പൊതുവെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക്. ഇമ്പെല്ലറിന് വീതി കൂടിയ തരം പമ്പുകളാണ് കൃഷിക്ക് അനുയോജ്യം. സക്ഷനും ഡെലിവറിയും ഒരേ വ്യാസമുള്ളത് തിരഞ്ഞെടുക്കുക. സബ്മേഴ്സി ബിള്‍ പമ്പുകള്‍ക്ക് കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഡിസ്ചാര്‍ജ് ലഭിക്കുന്നു.  കൂടുതല്‍ ആഴത്തില്‍ നിന്നു വെള്ളം പമ്പ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍  ഇവയാണ് ഉചിതം. ഉയരവ്യത്യാസം  7 മീറ്ററില്‍ താഴെയാണെങ്കില്‍ സെന്‍ട്രിഫ്യൂഗല്‍ പമ്പുകൾ മതി.  ശുപാർശ പ്രകാരമുള്ളതിലും ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പ് തിരഞ്ഞെടുക്കുക. ഐഎസ്ഐ മാർക്കുള്ള /കമ്പനി നിര്‍ദേശിച്ചിരിക്കുന്ന സ്റ്റാര്‍ട്ടറുകൾ ഉപയോഗിക്കുക.

  • പമ്പുകളുടെ  പരിപാലനം

സെല്‍ഫ് പ്രൈമിങ് പമ്പ് സെറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ സക്ഷന്‍ പൈപ്പില്‍ വായു കയറുന്നത് ഒഴി വാക്കാം. വോള്‍ട്ടേജ് കുറവാണെങ്കില്‍ പമ്പുകള്‍ ഉപയോഗിക്കാതിരിക്കുക. സബ്മേഴ്സിബിള്‍ ഒഴികെയുള്ളവ ഉപയോഗിക്കുമ്പോള്‍ പമ്പും മോട്ടറും തമ്മില്‍ സമനിരപ്പ്  പാലിക്കുക. സക്ഷന്‍ പൈപ്പ് ഇമ്പെല്ലർ കെയ്സിനെക്കാൾ ഉയര്‍ന്ന് നില്‍ക്കരുത്. കൂടുതല്‍ ഉയരത്തിലേക്ക് പമ്പ് ചെയ്യുന്നതിന് മള്‍ട്ടിസ്റ്റേജ് ഇമ്പെല്ലർ ഉപയോഗിക്കുക.‌ പമ്പ് ഹൗസ് ഇല്ലെങ്കില്‍ പോര്‍ട്ടബിള്‍ ടൈപ്പ് ഉപയോഗിക്കാം. പവര്‍ ആവശ്യകത (എച്ച്പി) കൂടുതല്‍ ആണെങ്കില്‍ ഡീസല്‍ എന്‍ജിന്‍ തിരഞ്ഞെടുക്കാം.  എന്നാല്‍ അവയ്ക്കു വിലയും ഭാരവും താരതമ്യേന കൂടുതലായിരിക്കും. ഫുട്ട് വാല്‍വിൽ പൊടി കയറാതെ സൂക്ഷിക്കുക.‌ സ്നേഹക(ലൂബ്രിക്കന്‍സ്)ങ്ങള്‍ കൃത്യമായി ഉപയോഗിക്കുക. ചെളി കൂടുതലുള്ള വെള്ളമാണെങ്കില്‍ ഇമ്പെല്ലറിന് തേയ്മാനസാധ്യത കൂടും. വാട്ടര്‍ സീലിന് തേയ്മാനം വന്നാല്‍ മാറി ഉപയോഗിക്കുക. സക്ഷന്‍ പൈപ്പിലും ഡെലിവെറി പൈപ്പിലും വളവുകൾ പരമാവധി  (ബെന്‍റ്) ഒഴിവാക്കുക.

farm-equipments-7-8-9-10

അടയ്ക്ക പറിക്കുന്ന യന്ത്രം 

കമുകിൽ കയറാതെ അടയ്ക്ക പറിക്കാനായി ഉപയോഗിക്കുന്ന യന്ത്രമാണിത്. യന്ത്രം ഉപയോഗിക്കാനുള്ള പരിശീലനം നേടിയെടുക്കേണ്ടതാണ്‌.  കത്തി ഘടിപ്പിച്ച മുകൾഭാഗം, നീളത്തിലുള്ള സ്പ്രിങ് ഘടിപ്പിച്ച ഭാഗം, റബർ സ്ട്രാപ് ഘടിപ്പിച്ച മുകളിലത്തെ അർധ വളയം, റബർ ചക്രങ്ങളോടുകൂടിയ താഴത്തെ അർധ വളയം, ചരട് കെട്ടി യന്ത്രത്തിൽ കൊളുത്താനുള്ള കൊളുത്ത് എന്നിവയാണ്‌  യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങൾ.

കത്തി ഘടിപ്പിച്ച മുകൾഭാഗം മൂർച്ചയുള്ളതും ഗുണമേന്മയുള്ളതുമായിരിക്കണം. കമുകിന്റെ വണ്ണം അനു സരിച്ച് റബർചക്രങ്ങളോടുകൂടിയ അർധ വളയങ്ങളുടെ കൊളുത്തുകൾ ക്രമീകരിക്കാം. യന്ത്രം കമുകിൽ ഘടിപ്പിക്കുമ്പോഴും അഴിച്ചുമാറ്റുമ്പോഴും ശ്രദ്ധിക്കണം. റബർ സ്ട്രാപ്പ് ഘടിപ്പിക്കുന്നതിനാൽ വേണ്ടത്ര ഘർഷണം ലഭിക്കുന്നു. താഴെനിന്നു കയർ വലിച്ചുകൊണ്ട് കർഷകനു സുഗമമായി യന്ത്രം പ്രവർത്തി‌പ്പിക്കാം.

യന്ത്രത്തിൽ കമുകിനോളം നീളമുള്ള കയർ ഘടിപ്പിച്ചാണ്‌ യന്ത്രത്തെ ഉയർത്തുന്നത്‌. യന്ത്രം മുകളിലെത്തി  കത്തികൊണ്ട് മുറിച്ചു കഴിഞ്ഞാൽ കുലയെ താങ്ങാനുള്ള ക്ലാമ്പും യന്ത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശ വില 11,000രൂപ.

തെങ്ങു കയറുന്ന യന്ത്രം 

തേങ്ങയിടാൻ ഉപയോഗിക്കുന്ന യന്ത്രം.  വലിയ പരിശീലനമില്ലാതെതന്നെ  തെങ്ങിൽ കയറാൻ ഉപകരിക്കുന്നു.  പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. അപ്പർ യൂണിറ്റും, ലോവർ യൂണിറ്റും. ഹാൻഡിൽ, ഫൂട്ട് റെസ്റ്റ്, വയർ റോപ്പ്, ലോക്ക് നട്ട് എന്നിവയാണ്‌ പ്രധാന ഭാഗങ്ങൾ. റോപ്പ് തെങ്ങിനെ ചുറ്റി ലോക്ക് നട്ട് ഉപയോഗിച്ച് യന്ത്രത്തെ തെങ്ങിൽ ഉറപ്പിക്കാം. ഇതിലെ റബറോടുകൂടിയ ഭാഗം തെങ്ങുമായുള്ള ഘർഷണം ഉറപ്പുവരുത്തുന്നു. ഫൂട് റെസ്റ്റിൽ കാലുകളും  ഹാൻഡിലിൽ കൈകളും വച്ച്  അനായാസം  കയറാം. തെങ്ങു കയറുമ്പോൾ സേഫ്റ്റി ബെൽറ്റുകൾ ഉപയോഗിക്കണം.  ഏകദേശ വില  3000  രൂപ.

വൃത്തിയായി സൂക്ഷിച്ചും ചലിക്കുന്ന യന്ത്രഭാഗങ്ങളിൽ എണ്ണയിട്ടും കാര്യക്ഷമത നിലനിർത്താം. ഓരോ ഉപയോഗത്തിനു മുന്‍പും ശേഷവും നട്ട്, ബോൾട്ട്, റോളർ ചെയിൻ എന്നിവയുടെ മുറുക്കം പരിശോധിക്കണം.

English summary: Top 10 Best Agriculture Equipment For Farmer Benefits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS