ADVERTISEMENT

ഏഴിൽ ചൊവ്വ എന്നു നാം കേട്ടിട്ടുണ്ട്. ജ്യോത്സ്യന്മാർ സാധാരണ ഉപയോഗിക്കുന്ന പദമാണിത്. നമ്മുടെ കൃഷിഭൂമിയുടെ കാര്യത്തിലും 7 നിർണായകമാണ്.

മണ്ണിന്റെ പിഎച്ച് (PH) മൂല്യം 7 ആവണം. എങ്കിലേ കൃഷിക്ക് അനുയോജ്യമാവൂ. മണ്ണിന്റെ രാസഗുണം അളക്കുന്ന ഏകകമാണ് പിഎച്ച്. ഒന്നു മുതൽ 14 വരെ അക്കങ്ങളുള്ള സ്കെയിലാണ് പിഎച്ച് മീറ്റർ. അതിൽ അമ്ലഗുണമുള്ളത്, ക്ഷാരഗുണമുള്ളത് എന്ന വേർതിരിവിന്റെ അതിർത്തിയാണ് ഏഴ് എന്ന സ്കെയിൽ. പിഎച്ച് ഏഴിൽ താഴെ വന്നാൽ അമ്ലാംശം കൂടുതൽ എന്നും ഏഴിനു മുകളിൽ വന്നാൽ ക്ഷാരാംശം കൂടുതൽ എന്നുമാണ് അർഥം.

കൃഷിക്ക് പറ്റിയ മണ്ണ് അമ്ലമോ, ക്ഷാരമോ ആവരുത്. ഉദാസീനാവസ്ഥ അഥവാ നിര്‍വീര്യാവസ്ഥയാണ് ഏറിയ കൂറും സസ്യവളർച്ചയ്ക്ക് ആവശ്യം. കേരളത്തിൽ 90 ശതമാനം മണ്ണും അമ്ലഗുണമുള്ളതാണ്. ക്ഷാരമണ്ണുള്ളതു പാലക്കാട് ചിറ്റൂർ താലൂക്കിൽ മാത്രം. 

അമ്ലത ലഘൂകരിച്ചാൽ മാത്രമേ നന്നായി കൃഷിചെയ്യാൻ കഴിയുകയുള്ളൂ. അമ്ല മണ്ണിൽ ചെടികൾ മുരടിച്ചു നിൽക്കും. വേരുകൾക്ക് വളങ്ങൾ വലിച്ചെ‍ടുക്കുവാൻ കഴിയില്ല. വേരുകൾ ദ്രവിച്ചു പോകാനും ഇടയുണ്ട്. അതിനാൽ കൃഷി തുടങ്ങും മുൻപ് മണ്ണു പരിശോധന എല്ലാത്തവണയും കൃത്യമായി നടത്തിയിരിക്കണം. മണ്ണുപരിശോധനയിലൂടെ മണ്ണിന്റെ പിഎച്ച് മൂല്യവും മണ്ണിലുള്ള പോഷകമൂലകങ്ങളുടെ കൃത്യമായ ലഭ്യതയും അറിയാം. 

വളങ്ങളും വളമിടീലും

മൂലകങ്ങളെ മണ്ണിൽ നിക്ഷേപിക്കുന്ന വസ്തുക്കളെയാണ് വളങ്ങൾ എന്നു പറയുന്നത്. മണ്ണില്‍ കുറവുള്ള  മൂലകങ്ങള്‍ ചേര്‍ക്കുന്നതിനാണ് വളപ്രയോഗം. കുറവുള്ള മൂലകങ്ങൾ ലഭ്യമാക്കാന്‍ മാത്രം വളം നൽകിയാല്‍ മതി. സസ്യങ്ങള്‍ക്കു വേണ്ടതു മൂലകങ്ങളാണ്. മൂലകങ്ങൾ അടങ്ങിയ വളങ്ങളിൽനിന്നു മണ്ണില്‍ ലയിച്ചു ചേരുന്ന മൂലകങ്ങള്‍ സസ്യങ്ങള്‍ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച്  വേരുകൾ വഴി  സ്വീകരിച്ച് വളരുകയും വിളവുണ്ടാക്കുകയും ചെയ്യും.

ജൈവ വളങ്ങൾ, രാസവളങ്ങൾ എന്ന വേർതിരിവ് സസ്യങ്ങൾക്കില്ല. ഏതു വളമായാലും അവയിലുള്ള മൂലകങ്ങളെ മാത്രമാണ് സസ്യങ്ങൾ സ്വീകരിക്കുക. വളങ്ങളിൽനിന്നു മൂലകങ്ങളെ വേർതിരിക്കല്‍ അനേക ഘടകങ്ങള്‍ ചേര്‍ന്നുള്ള  നിരന്തരപ്രവർത്തനമാണ്. ഈ ഘടകങ്ങളൊക്കെ ഒത്തുവന്നാൽ മാത്രമേ കൃഷിഭൂമിയിൽ ഇടുന്ന വളങ്ങൾ മൂലകങ്ങളായി മാറി വിളകൾക്കു ലഭ്യമാകുകയുള്ളൂ.

അമ്ലത കുറയ്ക്കാം ആദ്യം

മണ്ണിന്റെ അമ്ല–ക്ഷാര സ്വഭാവം, മണ്ണിലുള്ള പലതരം സൂക്ഷ്മജീവികൾ, മണ്ണിന്റെ ലവണാംശം, ജൈവ കാർബ‌ൺ സാന്നിധ്യം, ജല ലഭ്യത എന്നിവയാണ് മൂലക ലഭ്യത നിർണയിക്കുന്ന ഈ ഘടകങ്ങൾ. അതിനാൽ അമ്ലത (അസിഡിറ്റി) കുറയ്ക്കുക എന്നതാണ് കൃഷിഭൂമിയിൽ ആദ്യം ചെയ്യേണ്ടത്. അമ്ലത ഏറിയാലും ക്ഷാരത ഏറിയാലും മണ്ണിൽനിന്നും വളത്തിൽനിന്നും മൂലകങ്ങളെ ചെടികൾക്കു വലിച്ചെടുക്കാൻ കഴിയില്ല. മണ്ണിന്റെ അമ്ലത‌/ക്ഷാരത കുറയ്ക്കുന്ന വസ്തുക്കളെ ‘സോയിൽ അമിലൂറൻസ്’ എന്നു പറയും. അമ്ലത എത്രത്തോളമു‌ണ്ടെന്നതനുസരിച്ച്  അതു ലഘൂകരിക്കുന്നതിനുള്ള വസ്തുക്കൾ ആവശ്യമുള്ള അളവില്‍ മണ്ണിൽ ചേർത്തു കൊടുക്കാം.

കുമ്മായം, നീറ്റുകക്ക, പച്ചക്കക്കപ്പൊടി, ഡോളോമൈറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് അമ്ലത ലഘൂകരിക്കാൻ മണ്ണിൽ ചേർത്തു കൊടുക്കേണ്ടത്. ജിപ്സമാണ് ക്ഷാരത ലഘൂകരിക്കാൻ ഉപയോഗിക്കേണ്ടത്.  ഈ അമ്ല/ക്ഷാര പ്രശ്നം പരിഹരിക്കാതെ എന്തു വളം നൽകിയാലും ചെടികൾക്ക്/വിളകൾക്ക് ശരിയായി ഉപയോഗിക്കാൻ കഴിയില്ല. നല്ലതുപോലെ വളം നൽകിയിട്ടും വിളകളിൽ അതിന്റെ മെച്ചം കാണുന്നില്ല എന്നു കർഷ കർ പരാതി പറയുന്നത് ഇക്കാരണത്താലാണ്.

അമ്ല/ക്ഷാര ഗുണമുള്ള മണ്ണിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തീരെയുണ്ടാവില്ല. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ജൈവ–രാസ വളങ്ങളെ വേർതിരിച്ചു മൂലകങ്ങളാക്കി ചെടികൾക്കു ലഭ്യമാകുന്നത് ഈ സൂക്ഷ്മജീ വികളുടെ പ്രവർത്തനങ്ങൾകൊണ്ടാണ്. മണ്ണിന്റെ ജീവൻ  തന്നെ ഈ സൂക്ഷ്മജീവികളുടെ സാന്നിധ്യമാണ്. ബാക്ടീരിയകൾ, ഫംഗസുകൾ, അമീബ, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മജീവികൾക്കു ജീവനേകാൻ മണ്ണിനെ ഉദാസീനാവസ്ഥയിൽ എത്തിക്കേണ്ടതുണ്ട്.

ഒരു ഏക്കറിൽ എത്ര കുമ്മായം/ഡോളോമൈറ്റ്/ജിപ്സം ചേർക്കണമെന്ന് മണ്ണുപരിശോധനയിലൂടെ കൃത്യമായി  കണ്ടെത്തണം.  അമ്ലത ലഘൂകരിക്കുന്നതിനായി 600 കിലോ കുമ്മായവസ്തുവാണ് ഒരു ഹെക്ടറിൽ മണ്ണിൽ ചേർത്തുകൊടുക്കേണ്ടതെന്നാണ് കേരള കാർഷിക സർവകലാശാലയുടെ പൊതു ശുപാർശ. ഓരോ കുമ്മായവസ്തുക്കളുടെയും ന്യൂട്രൽ വാല്യു (നിർവീര്യമാക്കൽ ശേഷി) വ്യത്യസ്തമാണ്. ഒരു കൃഷിവിദഗ്ധന്റെ ഉപദേശാനുസരണം ഇക്കാര്യം തീരുമാനിക്കാം.

മണ്ണിൽ കുമ്മായം ചേർക്കുന്നതിനെ നമ്മുടെ കുളിയോട് ഉപമിക്കാം. ആദ്യം ശരീരം നനച്ചശേഷം അഴുക്കു പോകാൻ സോപ്പ് ഉപയോഗിക്കും. പിന്നീട് സോപ്പും അഴുക്കും ഒഴുക്കിക്കളയാൻ വീണ്ടും ധാരാളം വെള്ളം ഒഴിക്കും. അതേപോലെ നനഞ്ഞ മണ്ണിൽ കുമ്മായവസ്തുക്കൾ വിതറി മണ്ണുമായി കൂട്ടിക്കലർത്തി വീണ്ടും രണ്ടാഴ്ചയെങ്കിലും നന്നായി നനച്ചു കൊടുത്താൽ മാത്രമേ മണ്ണിന്റെ അഴുക്ക് അഥവാ അമ്ലത മാറിക്കിട്ടുകയുള്ളൂ. അമ്ലത കുറഞ്ഞാൽ മാത്രമേ ചെടികളുടെ വേരുകൾ പുഷ്ടിപ്പെടുകയുള്ളൂ. പുഷ്ടിയുള്ള വേരുണ്ടെങ്കിൽ മാത്രമേ ചെടികൾ നന്നായി വളരുകയും വിളവു തരികയും ചെയ്യുകയുള്ളൂ.

കുമ്മായം ചേർക്കുന്നതുകൊണ്ട് പിഎച്ച് മൂല്യം മാത്രമല്ല ശരിയാവുന്നത്, മറ്റ്  ഗുണങ്ങൾ ഒട്ടേറെയുണ്ട്. 

  • മണ്ണിന്റെ ഘടന മെച്ചപ്പെടും. 
  • അണുജീവികളുടെ സാന്നിധ്യം വർധിക്കും. 
  • രോഗകാരികളായ അണുജീവികളുടെ വംശവർധന താൽക്കാലികമായി തടസ്സപ്പെടും. 
  • പോഷകമൂലക ലഭ്യത കൂടും. മണ്ണിന്റെ വൈദ്യുതചാലകശേ‌ഷി ഉയരും. 

കാത്സ്യം എന്ന മൂലകം കുമ്മായത്തിൽനിന്നു കിട്ടും. ഡോളോമൈറ്റിൽനിന്നു കാത്സ്യത്തിനു പുറമെ മഗ്നീഷ്യം എന്ന മൂലകവും കിട്ടും. അതിനാൽ വളമിടാൻ മറന്നാലും കുമ്മായവസ്തുക്കൾ ചേർക്കാൻ മറക്കരുത്. അമ്ലത കുറഞ്ഞാൽതന്നെ മണ്ണിലുള്ള മൂലകങ്ങളെങ്കിലും കൃത്യമായി ചെടികൾക്ക്/വിളകൾക്ക് ലഭ്യമാകും. അതിനാല്‍ കുമ്മായമിടാതെയുള്ള കൃഷി ഇനി വേണ്ട.  കുമ്മായവും വളവും ഒരു കാരണവശാലും ഒരുമിച്ച് ഇടുകയുമരുത്. കുമ്മായമിട്ട് രണ്ടാഴ്ച നനച്ചശേഷം മാത്രം വളങ്ങൾ നൽകുക. രാസവളവും ജൈവവളങ്ങളും ഒരുമിച്ച് നൽകരുതെന്ന് അറിയുക. 

പണ്ടു വൈദ്യരുടെ അടുക്കൽ രോഗികൾ ചെന്നാൽ ആദ്യം കൊടുക്കുക വിരേചനത്തിനുള്ള മരുന്നാണ്. പി‌ന്നീടാണ് യഥാർഥ ഔഷധം കൊടുക്കുന്നത്. അതേപോലെ മണ്ണിനെ നന്നാക്കിയിട്ടു മാത്രം കൃഷി തുടങ്ങാം. 

English summary:  Importance of Dolomite in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com