ADVERTISEMENT

സ്വന്തമായി എന്തെങ്കിലും ഒരു തൊഴിൽ ചെയ്യുക എന്ന ആഗ്രഹത്തിലാണ് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ബിജുമോൻ തോമസ് വിദേശത്തെ മികച്ച വരുമാനമുള്ള ജോലി ഉപേക്ഷിച്ച്  നാട്ടിലെത്തിയത്. മൂന്ന് വർഷത്തോളം ആട് ഫാം നടത്തിയെങ്കിലും അത് പ്രതീക്ഷിച്ചത്രയും വി‍ജയം കണ്ടില്ല. അങ്ങനെ ആടിനെ ഒഴിവാക്കി പശു വളർത്തലിൽ ഒരു കൈ നോക്കാമെന്ന് വിചാരിച്ച് ആദ്യം രണ്ട് പശുക്കളെ വാങ്ങി. ചെറുപ്പത്തിലെ തന്നെ വീട്ടിലുണ്ടായിരുന്ന പശുക്കളെ കണ്ടും കറന്നുമൊക്കെ ശീലിച്ചതുകൊണ്ട് ഇത്തവണത്തെ ലക്ഷ്യം വിജയത്തിലെത്തി. അങ്ങനെ രണ്ടു പശുക്കളിൽ നിന്ന് 55 കറവപ്പശുക്കളും മുപ്പതോളം കിടാരികളുമുള്ള വട്ടമുകളേൽ ഡെയറി ഫാം പ്രവർത്തന മികവ് കൊണ്ട് അറിയപ്പെടാൻ തുടങ്ങി. 

2021ലെ കേരള സർക്കാർ ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസഹകാരി അവാർഡ്, 2020ൽ മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ്, 2019ൽ കോട്ടയം ജില്ലയിലെ ഏറ്റവും നല്ല ഫാമിനുള്ള അവാർഡ് എന്നിവയും ഇതിനോടകം ബിജുവിനെത്തേടിയെത്തി. രാവിലെ മൂന്നിന് ആരംഭിക്കുന്ന ഫാമിലെ ജോലികൾ കൃത്യമായ ഇടവേളകളിൽ വൈകിട്ട് ആറര വരെ തുടരും. അതിനു ശേഷം പശുക്കൾക്കും ഫാമിലെ ജോലിക്കാർക്കും വിശ്രമം. അതിരാവിലെ തന്നെ പശുക്കളെയെല്ലാം കുളിപ്പിച്ച് തൊഴുത്തും വ‍ൃത്തിയാക്കി കാലിത്തീറ്റ നൽകിയതിനു ശേഷം കറവ ആരംഭിക്കും. എട്ട് ആകുമ്പോഴേക്ക് പാൽ കുര്യനാട് സൊസൈറ്റിയിൽ എത്തിക്കും. അതുപോലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിക്കുന്ന കറവ കഴിഞ്ഞ് നാലരയ്ക്ക് പാൽ സൊസൈറ്റിയിൽ എത്തിക്കുന്നു. കൈ കറവയാണ് ഈ ഫാമിലെ മറ്റൊരു പ്രത്യേകത. പ്രതിദിനം 550 മുതൽ 560 വരെ ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്നു. 

ഫാമിലെ പണികൾക്കായി നേപ്പാൾ സ്വദേശികളായ ആറു പേരുണ്ട്. അതിനു പുറമേ തീറ്റ വെട്ടാനായി ജാർഖണ്ഡുകാരായ രണ്ടു പേരുമുണ്ട്. ഇവർ കുടുംബസമേതം ഇവിടെ തന്നെ താമസിക്കുന്നു.  പ്രധാനമായും കൈതയില ചാഫ് കട്ടറിൽ അരിഞ്ഞാണ് പശുക്കൾക്ക് കൊടുക്കുന്നത്. അതു കൂടാതെ കൃത്യമായ ഇടവേളകളിൽ കാലിത്തീറ്റയും വേണ്ടത്ര വിശ്രമവും നൽകി നല്ല രീതിയിലുള്ള പാലുൽപാദനത്തിന് പശുക്കളെ തയാറാക്കുന്നു. പാലിന് പുറമേ വർഷം  80 ലോഡ് ചാണകവും വിൽക്കുന്നുണ്ട്.

ഡെയറി മേഖലയിൽ നല്ല രീതിൽ മുന്നോട്ട് പോകുന്ന ഫാമിൽ മിൽമയുടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അതിനുപുറമേ, മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീവികസന വകുപ്പിന്റെയും സഹായമുണ്ട്. പത്തു പശുക്കളുടെ ഒരു യൂണിറ്റ് ഈ അടുത്ത് കിട്ടിയിട്ടുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ 55 കറവപ്പശുക്കളിൽ നിന്ന് 100 കറപ്പശുക്കൾ എന്ന എണ്ണത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് ബിജു പറയുന്നു. നഴ്സായ ഭാര്യ ഷൈനിയും മക്കളായ അലീന തെരേസയും സ്റ്റീവ് തോമസും എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. പശുക്കൾക്ക് പുറമേ ഒരു വർഷത്തോളമായി മുട്ടക്കോഴിയും താറാവും മീനും വളർത്തുന്നുണ്ട്. 

biju-dairy-farmer
ബിജുമോനും കുടുംബവും ഫാമിൽ

ഫാം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ ഫാം തുടങ്ങുമ്പോൾ ചെറിയ രീതിയിൽ ഒന്നോ രണ്ടോ പശുവിൽ നിന്നേ ആരംഭിക്കാവൂ. പശുക്കളെക്കുറിച്ച് നന്നായി പഠിച്ചാൽ മാത്രമേ ഈ മേഖലയിൽ വിജയം കണ്ടെത്താനാവൂ എന്ന് ബിജു പറയുന്നു. ആദ്യം ഒരു പശുവിനെ വാങ്ങി അതിനെ കറക്കാൻ പഠിക്കുക, പണിക്കാരെ ആശ്രയിക്കാതെ 10 പശുക്കളെ വരെ നോക്കാൻ പഠിക്കണം. എല്ലാക്കാര്യത്തിനും പണിക്കാരെ ആശ്രയിച്ചാൻ ഈ മേഖല നഷ്ടത്തിലേക്ക് വരും. പശുക്കളെ വാങ്ങുമ്പോൾ നല്ല ആരോഗ്യമുള്ള പശുക്കളെ വേണം വാങ്ങാൻ. അതുപോലെ തീറ്റയോട് ആർത്തിയുള്ള പശു വേണം. അങ്ങനെയുള്ള പശുക്കളിലേ പാലുൽപാദനം നടക്കുകയുള്ളൂവെന്നും ബിജു കൂട്ടിച്ചേർക്കുന്നു.

അതിനു പുറമേ, പശുക്കളുടെ അസുഖങ്ങൾ മനസിലാക്കാനുള്ള കഴിവ് വേണം. പശുവിന് തീറ്റ കൊടുക്കുമ്പോൾ കണ്ണിൽ നോക്കിയാൽ അതിന് എന്ത് അസുഖമുണ്ടെന്ന് മനസിലാക്കാനായാൽ മാത്രമേ ഈ മേഖല നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളു. അസുഖമുണ്ടായാൽ അപ്പോൾ തന്നെ പ്രതിവിധി ചെയ്യാനായാൽ ഏറെക്കുറെ ഈ മേഖലയിൽ വിജയിക്കാൻ സാധിക്കും. പനി, അകിടുവീക്കം, ദഹനക്കേട് ഇവയൊക്കെ തിരിച്ചറിഞ്ഞ് അപ്പോൾ തന്നെ മരുന്ന് ചെയ്യണം. കുറേയൊക്കെ തനിയെതന്നെ ചെയ്യാൻ പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ നല്ലരീതിയിൽ ഫാം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്ന് ബിജു അവകാശപ്പെടുന്നു. 

English summary: Success story of a dairy farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com