ആയുർവേദ ചികിത്സ പച്ചക്കറികൾക്കും; മികച്ച വിളവിൽ മനസു തെളിഞ്ഞ് കർഷകർ

HIGHLIGHTS
  • വൃക്ഷായുർവേദത്തെക്കുറിച്ചു ആദ്യം പരാമർശിക്കുന്നത് കൗടില്യന്റെ അർഥശാസ്ത്രത്തിൽ
  • കേരളത്തിന്റെ വിജയഗാഥ ഉത്തരാഖണ്ഡിലേക്ക്
ayurveda-in-farming
SHARE

ഒരുകാലത്തു കണ്ണുംപൂട്ടി പ്രയോഗിച്ചിരുന്ന രാസവളങ്ങളും കീടനാശിനികളും നമ്മുടെയും മണ്ണിന്റെയും ആരോഗ്യം തകർത്തുവെന്ന തിരിച്ചറിവു സംസ്ഥാനത്തെ കർഷകർക്കുണ്ടായിട്ട് നാളുകളേറെയായി. ജൈവക്കൃഷിയിലേക്കുള്ള ചുവടുമാറ്റം ഇതിന്റെ തുടർച്ചയായിരുന്നു. രാസവളങ്ങൾക്കു പകരം ചാണകം, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, പിണ്ണാക്കുകൾ, പച്ചിലകൾ തുടങ്ങിയവ പ്രയോഗിച്ചു. ചിലർ മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ്, കരിയില കമ്പോസ്റ്റ് എന്നിവയും പരീക്ഷിച്ചു. എന്നാൽ ഇതുകൊണ്ടൊന്നും കാര്യമായ പ്രയോജനം ലഭിച്ചില്ല. മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞത് ഉൽപാദനത്തെയും ബാധിച്ചു. കീടബാധ ഒഴിയാബാധയായതോടെ ജൈവക്കൃഷി ബാധ്യതയായി. ജൈവക്കൃഷിയിൽ ഇങ്ങനെയേ വിളവുണ്ടാകൂ എന്നു പറഞ്ഞ് ചിലർ ആശ്വസിച്ചു. ഇതിനു പരിഹാരമായി വൃക്ഷായുർവേദ രീതിയിൽ കൃഷി ചെയ്താൽ മണ്ണ് പോഷകസമ്പുഷ്ടമാവുമെന്നും ഉൽപാദനം കുതിച്ചുയരുമെന്നും ലോകത്തിനു കാണിച്ചുകൊടുക്കുകയാണ് ഒരുപറ്റം കർഷകർ. 

എരഞ്ഞോളിയിലെ ശ്രീഷയും പരിയാരത്തെ പ്രഭാകരനും അരയടത്തെ ബാലകൃഷ്ണനും കൊട്ടിയൂരിലെ ഷാജിയും ജോണിയും മൊകേരിയിലെയും മുണ്ടേരിയിലെയുമെല്ലാം കർഷകർ ആവേശത്തിലാണ്. വേദകാലം മുതൽ നമുക്കു സ്വന്തമായിരുന്ന കൃഷിരീതി നൂറ്റാണ്ടുകൾക്കുശേഷം സ്വന്തം കൃഷിയിടങ്ങളിൽ പ്രയോഗിച്ചു വിജയിച്ചതിന്റെ സന്തോഷവും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഇവർ മത്സരിക്കുകയാണ്. രാസവളങ്ങൾക്കു പകരം വൃക്ഷായുർവേദം പ്രയോഗിച്ചതോടെ ചെടികൾക്കുണ്ടായ വൾച്ചയും വിളയുടെ സമൃദ്ധിയും മണ്ണിന്റെ പുഷ്ടിയുമെല്ലാം അവർ അക്കമിട്ടു നിരത്തുന്നു. 

ഗുണങ്ങളേറെ 

ജൈവ കൃഷിരീതികൾ അവലംബിക്കുന്ന കർഷകർ വളപ്രയോഗത്തിനായി കൂടുതൽ ആശ്രയിക്കുന്നത് ഖര രൂപത്തിലുള്ള വളങ്ങളാണ് എന്നതാണു പ്രശ്നമെന്നു കൃഷി വകുപ്പ് അസി. ഡയറക്ടറും വൃക്ഷായുർവേദ പ്രചാരകനുമായ സി.വി. ജിദേഷ് പറയുന്നു. ഖരരൂപത്തിലുള്ള ജൈവവളങ്ങൾ മണ്ണിൽ ചേർത്താൽ ഇതിൽ അടങ്ങിയ പോഷകമൂലകങ്ങൾ സസ്യങ്ങൾക്കു ലഭ്യമാകാൻ ഏറെനാളുകളെടുക്കും. ഉദാഹരണത്തിന് ചാണകം പൊടിഞ്ഞത് മണ്ണിൽ ചേർത്താൽ ഒരു വർഷംകൊണ്ട് ഏകദേശം 17 ശതമാനമാണു മണ്ണിൽ ചേരുക. ഇത് കമ്പോസ്റ്റ് ആക്കിയായാൽ മൂന്നിരട്ടിയോളം അതായത് 51% ഒരു വർഷംകൊണ്ട് മണ്ണിൽ ചേരും. ചാണകത്തിൽ നൈട്രജന്റെ അംശം 0.4 % ആണ്. കമ്പോസ്റ്റിൽ ഇത് 4 ശതമാനമാനമായി വർധിക്കും. 

ഖരരൂപത്തിലുള്ള ജൈവവള പ്രയോഗംകൊണ്ട് സസ്യങ്ങൾക്കു വേണ്ട അളവിൽ വേണ്ട സമയത്തു പോഷക മൂലകങ്ങൾ ലഭ്യമാക്കാൻ സാധിക്കില്ല. എന്നാൽ മണ്ണിന്റെ ഭൗതിക ഘടന മെച്ചപ്പെടാൻ ഖര രൂപത്തിലുള്ള ജൈവവളപ്രയോഗം അത്യന്താപേക്ഷിതവുമാണ്. ഈ സാഹചര്യത്തിലാണു പോഷക മൂലക ലഭ്യത ഉറപ്പുവരുത്തി ഗുണനിലവാരമുള്ള കാർഷിക വിളകൾ ഉൽപാദിപ്പിക്കാനും വരുമാനം വർധിക്കാനും ആയിരം വർഷത്തോളം പഴക്കമുള്ള വൃക്ഷായുർവേദ കൃഷി അറിവുകൾ പ്രയോജനപ്പെടുത്തുന്നതെന്ന് ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൌണ്ടേഷൻ കേരളയുടെ സംസ്ഥാന സെക്രട്ടറികൂടിയായ ജിദേഷ് ചൂണ്ടിക്കാട്ടുന്നു. 

ഇതു പുരാതനമായ കൃഷിവിജ്ഞാനം 

വൃക്ഷായുർവേദത്തെക്കുറിച്ചു ആദ്യം പരാമർശിക്കുന്നത് കൗടില്യന്റെ അർഥശാസ്ത്രത്തിലാണ്. ശാർങ്ങധരയുടെ ഉപവനവിനോദയിലും ചക്രപാണി മിശ്രയുടെ വിശ്വവല്ലഭയിലും വൃക്ഷായുർവേദത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ആയിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഭീംപാല രാജാവിന്റെ രാജ വൈദ്യനായ സുരപാലനാണ് വൃക്ഷായുർവേദത്തെക്കുറിച്ചു സമ്പൂർണ ഗ്രന്ഥം രചിച്ചത്. ആ കാലഘട്ടത്തിലും മുൻപും ലഭ്യമായ വൃക്ഷായുർവേദ അറിവുകൾ പ്രയോഗിച്ചു ബോധ്യപ്പെട്ട ശേഷമാണു സുരപാലൻ വൃക്ഷായുർവേദം എന്ന ഗ്രന്ഥം രചിക്കുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ ഈ അമൂല്യ താളിയോലഗ്രന്ഥം അവരുടെ കൈവശമായി. 

1994ൽ ലോകപ്രശസ്ത കൃഷി ശാസ്ത്രജ്നൻ ഡോ. വൈ.എൽ. നെനെ ബ്രിട്ടനിലെ ഓക്സ്ഫർഡിലെ ബോഡ്‌ലിയൻ ലൈബ്രറി സന്ദർശിച്ചപ്പോൾ ഈ താളിയോല ഗ്രന്ഥം കാണുകയും, വർഷങ്ങളായി തേടിക്കൊണ്ടിരുന്ന സുരപാലന്റെ ഗ്രന്ഥമാണ് ഇതെന്നു മനസ്സിലാക്കുകയും ചെയ്തു. 40 പൗണ്ട് നൽകി ഈ താളിയോല ഗ്രന്ഥത്തിന്റെ ഒരു മൈക്രോചിപ് പകർപ്പ് വാങ്ങി. ഈ ഗ്രന്ഥം പഠിച്ചു തുടങ്ങിയപ്പോൾ തന്നെ, ഇതിലെ കൃഷി അറിവുകൾ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്ന് അദ്ദേഹം മനസിലാക്കി. ഇന്ത്യയിലെ ഏക രാജ്യാന്തര കൃഷി ഗവേഷണ കേന്ദ്രമായ ഐസിആർഐഎസ്എടി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നു സ്വയംവിരമിക്കുകയും വിരമിക്കൽ അനുകൂല്യത്തിൽനിന്ന് 15 ലക്ഷം രൂപ ആദ്യ മൂലധനമാക്കി ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 

1994ൽ ഹൈദരാബാദിലെ ഡോ. വൈ.എൽ. നെനെയുടെ വസതിയിൽ പ്രവർത്തനം ആരംഭിച്ച ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷന്റെ ആസ്ഥാനം 2019 മുതൽ, ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ ഉത്തരാഖണ്ഡിലെ ജിബി പന്ത് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജിയിലാണു പ്രവർത്തിക്കുന്നത്. ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷന്റെ കേരള ചാപ്റ്റർ കണ്ണൂർ, കക്കാട് ആസ്ഥാനമായി കഴിഞ്ഞ ജനുവരിയിൽ രൂപീകരിച്ചു. ഡോ. വൈ.എൽ. നെനെയിൽ നിന്നു നേരിട്ടു പരിശീലനം ലഭിച്ച ഒരുകൂട്ടം കൃഷി ഓഫിസർമാർ 2015 മുതൽ കേരളത്തിലെ കർഷകർക്കിടയിൽ വൃക്ഷായുർവേദ കൃഷി അറിവുകൾ പ്രചരിപ്പിക്കുന്നുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചാണു കൂടുതൽ പ്രവർത്തനങ്ങൾ എന്നതിനാലാണ് കണ്ണൂരിൽ ആസ്ഥാനം രൂപീകരിച്ചത്. 

കേരളത്തിന്റെ വിജയഗാഥ ഉത്തരാഖണ്ഡിലേക്ക് 

ഏഷ്യൻ അഗ്രി-ഹിസ്റ്ററി ഫൗണ്ടേഷന്റെ ഇരുപത്തിയഞ്ചാം വാർഷികം ഒക്ടോബറിൽ ജിബി പന്ത് കാർഷിക സർവകലാശാലയിൽ ആഘോഷിക്കുമ്പോൾ കേരളത്തിലെ കർഷകരുടെ വൃക്ഷായുർവേദ കൃഷി വിജയഗാഥകൾ അവിടെ ജിദേഷിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ കർഷകരുടെ അനുഭവ കഥകൾ മനസിലാക്കിയ ഉത്തരാഖണ്ഡ് സർക്കാർ വൃക്ഷായുർവേദ അധിഷ്‌ഠിത ജൈവ കൃഷി അവിടെ നടപ്പാക്കാൻ നിർദേശിച്ചു. ഇതിന്റെ ഭാഗമായി എഎഎച്ച്എഫ് മുൻ ചെയർമാൻ ഡോ. എസ്.എൽ. ചൗധരിയും ദേശീയ സെക്രട്ടറി ഡോ. സുനിത ടി. പാണ്ഡേയും കേരളം സന്ദർശിക്കുകയും വൃക്ഷായുർവേദ കർഷകരുടെ കൃഷി അനുഭവങ്ങൾ നേരിട്ടു കണ്ടു മനസിലാക്കുകയും ചെയ്തു. 

ജൈവവളപ്രയോഗം ദ്രവരൂപത്തിൽ 

സസ്യങ്ങളുടെ വളർച്ചയും ഉൽപാദനവും ത്വരത്തപ്പെടുത്താൻ ഖരരൂപത്തിലുള്ള ജൈവ വളങ്ങളേക്കാൾ മികച്ചത് ദ്രാവക രൂപത്തിലുള്ള കുനാപജൽ ആണെന്നു വൃക്ഷായുർവേദം പറയുന്നു. സുരപാലന്റെ വൃക്ഷായുർവേദത്തിൽ കുനാപജൽ തയാറാക്കുന്നത് മാംസം ഉപയോഗിച്ചാണ്. പ്രോട്ടീൻ സ്രോതസായാണു മാംസം ഉപയോഗിക്കുന്നത്. ഇതു തയാറാകാൻ മൂന്നു മാസത്തിലേറെ സമയം എടുക്കും. എന്നാൽ ഹെർബൽ കുനാപജൽ (ഹരിതകഷായം) മാംസം ഉപയോഗിക്കാതെ കളസസ്യങ്ങളുടെ ഇലകൾ, പച്ചച്ചാണകം, ശർക്കര, മുളപ്പിച്ച ഉഴുന്ന് എന്നിവ ഉപയോഗിച്ച് 10 മുതൽ 15 ദിവസം കൊണ്ട് തയാറാക്കാം. പുളിപ്പിക്കൽ പ്രക്രിയയിലൂടെ (ഫെർമെന്റേഷൻ) തയാറാകുന്ന ഈ ദ്രാവക വളം പ്രകാശം കടക്കാത്ത പാത്രത്തിൽ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. പഴകുന്തോറും വീര്യമേറും. 

ഹെർബൽ കുനാപജൽ (ഹരിതകഷായം) 

വിവിധ ഇനം പച്ചിലകളും ഇളം തണ്ടുകളും ചെറുതായി അരിഞ്ഞത് (20 കിലോ), നാടൻ പശുവിന്റെ ചാണകം (10 കിലോ), മുളപ്പിച്ച ഉഴുന്ന് (2 കിലോ), ശർക്കര (3 കിലോ), ശുദ്ധമായ വെള്ളം (100 ലീറ്റർ) എന്നിവ എടുക്കുക. 200 ലീറ്ററോ അതിലേറെയോ വലിപ്പമുള്ളതും അടപ്പുള്ളതുമായ പ്ലാസ്റ്റിക് ഡ്രമ്മിൽ കുറച്ചു പച്ചച്ചാണകം വിതറുക. ചെറുതായി അരിഞ്ഞ ഇലകൾ നന്നായി കൂട്ടികലർത്തിയ ശേഷം മൂന്നോ നാലോ പിടി അതിനുമുകളിൽ വിതറുക. ശേഷം മുളപ്പിച്ച ഉഴുന്ന് ഇടണം. അതിനു മുകളിൽ നന്നായി പൊടിച്ച ശർക്കര വിതറുക. വീണ്ടും പച്ച ചാണകം, ഇലകൾ, മുളപ്പിച്ച ഉഴുന്ന്, പൊടിച്ച ശർക്കര എന്നിങ്ങനെ പല അടുക്കളായി ഇടുക. എല്ലാം ഇട്ടുകഴിഞ്ഞാൽ ഡ്രം പകുതിമാത്രമേ നിറയുകയുള്ളു. ശേഷം നൂറ്‌ ലീറ്റർ വെള്ളം അളന്ന് ഒഴിക്കണം. ഡ്രം അടച്ചുവയ്ക്കുക. 

അടുത്ത ദിവസം രാവിലെ നീളമുള്ള വടി ഉപയോഗിച്ച് ഇടത്തോട്ടും വലത്തോട്ടും അഞ്ചു പ്രാവശ്യം വീതം ഇളക്കണം. വൈകിട്ടു വെയിൽ പോയശേഷം ഇതുപോലെ ഇളക്കണം. 15 ദിവസംവരെ രാവിലെയും വൈകിട്ടും ഇളക്കണം. പിന്നീട് അരിച്ചെടുത്തു കഷായം ഇതേ ഡ്രമ്മിൽ അടച്ച് എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. അരിച്ചെടുത്ത ചണ്ടി ജൈവവളമായി ഉപയോഗിക്കാം. 

പച്ചക്കറി തൈകളിൽ 50 മില്ലി കഷായം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കാം, ഇലകളിൽ തളിക്കാം. മറ്റുള്ളവയ്ക്കു 100 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. പച്ചക്കറികളിൽ രണ്ടില പ്രായത്തിലും, ശിഖരങ്ങൾ വളരുന്ന/വള്ളിയിടുന്ന പ്രായത്തിലും, പൂക്കുന്ന സമയത്തും നൽകാം. നെല്ലിൽ ഞാറ്റടിയിലും, പറിച്ചുനട്ടതിനു ശേഷം ചിനപ്പ് പൊട്ടുന്ന സമയത്തും, പൂക്കുന്ന സമയത്തും തളിക്കാം. ദീർഘ കാല വിളകളിൽ വർഷത്തിൽ നാലു തവണ മണ്ണിലും, ആറു തവണ ഇലകളിലും തളിച്ചു കൊടുക്കാം. നൽകേണ്ട അളവ് വിളകളുടെ പ്രായം, വലുപ്പം അനുസരിച്ചു കൂട്ടി കൊടുക്കാം. 

ഗോമൂത്ര കീടനാശിനി 

ഈയം പൂശാത്ത 20 ലീറ്റർ ശേഷിയുള്ള ചെമ്പു പാത്രത്തിൽ 10 ലീറ്റർ ഗോമൂത്രം ഒഴിക്കുക. വളരെ ചെറുതായി അരിഞ്ഞ 2 കിലോ ആര്യവേപ്പിന്റെ ഇല ഇതിൽ ഇടുക. തൊലി കളഞ്ഞു ചെറുതായി അരിഞ്ഞ വെളുത്തുള്ളി 200 ഗ്രാം ഇതിലിട്ട് മരപ്പലക കൊണ്ട് അടച്ചുവെക്കുക. അടുത്ത 15 ദിവസം രാവിലെയും വൈകിട്ടും മരത്തിന്റെ വടികൊണ്ട് ഇടത്തോട്ടും വലത്തോട്ടും അഞ്ചു പ്രാവശ്യം വീതം ഇളക്കുക, ശേഷം അടച്ചു വെക്കുക. 15 ദിവസം കഴിഞ്ഞാൽ അരിച്ചെടുത്ത ശേഷം ദ്രാവകം ഇതേ ചെമ്പുപാത്രത്തിൽ ഒഴിച്ച് വീട്ടിനു വെളിയിൽ അടുപ്പുകൂട്ടി മിതമായ ചൂടിൽ പകുതിയാകുന്നതുവരെ കുറുക്കിയെടുക്കുക. അടുപ്പിൽനിന്ന് ഇറക്കി ചൂടാറിയ ശേഷം കുപ്പികളിൽ നിറച്ചു സൂക്ഷിക്കാം. 

അഞ്ചു മുതൽ 10 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ ഇരുവശത്തും സ്പ്രേയർ ഉപയോഗിച്ച് സ്പ്രേ ചെയ്തു കൊടുക്കുക. പച്ചക്കറികളിൽ കാണുന്ന എല്ലാ ഇനത്തിൽ പെട്ട നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കും പയറിലെയും നെല്ലിലെയും ചാഴിക്കുമെതിരെ ഫലപ്രദം. 

മൃതസഞ്ജീവനി 

നാടൻ പശുവിന്റെ ചാണകം, ശർക്കര, കഞ്ഞിവെള്ളം ഇത്രയും മതി വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള മൃതസഞ്ജീവിനി തയാറാക്കാൻ. 30 കിലോ ചാണകം പൊടിച്ച് ശർക്കരയും കഞ്ഞിവെള്ളവും ചേർത്ത് ഉരുളകളാക്കി ചണച്ചാക്കിൽ നിറയ്ക്കണം. ചാക്കിന്റെ വായ്ഭാഗം കെട്ടി 200 ലീറ്റർ വെള്ളംകൊള്ളാവുന്ന ഡ്രമ്മിൽ അടിഭാഗം തൊടാത്ത വിധം തൂക്കിയിടുക. ചാക്ക് മുങ്ങുന്ന വിധത്തിൽ വെള്ളമൊഴിച്ച് ഡ്രം അടച്ചുവയ്ക്കുക. 48 മണിക്കൂറിനു ശേഷം ചാക്ക് മാറ്റി 100 മില്ലീ ലീറ്ററിന് 1 ലീറ്റർ വെള്ളം എന്ന തോതിൽ ചെടികൾക്കും തളിക്കാം. 

പഞ്ചഗവ്യം 

നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിച്ച് വിളവും പ്രതിരോധശേഷിയും വർധിപ്പിക്കാൻ കഴിയുന്ന ഔഷധമാണിത്. 7 കിലോ പച്ചച്ചാണകം, 10 ലീറ്റർ ഗോമൂത്രം, 3 ലീറ്റർ പാൽ, 1കിലോ നെയ്യ്, 2 ലീറ്റർ തൈര്, 12 പാളയൻകോടൻ പഴം, 3 ലീറ്റർ കരിക്കിൻവെള്ളം, 3 കിലോ ശർക്കര ഇത്രയുമാണ് വേണ്ടത്. നാടൻപശുവിന്റെ പച്ചച്ചാണകവും നെയ്യും നന്നായി യോജിപ്പിച്ചു വയ്ക്കുക. രാവിലെയും വൈകിട്ടും ഇളക്കണം. അഞ്ചാം ദിവസം ബാക്കിയുള്ള ചേരുവകൾ ചേർക്കാം. ശർക്കര കരിക്കിൻ വെള്ളത്തിൽ ലയിപ്പിച്ച് ചേർക്കണം. മിശ്രിതം മൂടിക്കെട്ടി തണലത്തു വെക്കുക. ‌രാവി​ലെ​യും വൈകിട്ടും ‌ഇളക്കു‌ക. 30 ദിവസം കഴിഞ്ഞാൽ ‌അരിച്ചെടുത്ത് മൂന്നുമില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് ചെടികളിൽ തളിക്കാം. 

English summary: Ayurvedic Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA