ADVERTISEMENT

തൃശൂർ നഗരത്തിലും പരിസരത്തും സ്വതന്ത്രമായി മേഞ്ഞു നടക്കുന്ന നാടൻ കന്നുകാലികളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ കുരലടപ്പൻ (ഹെമറേജിക് സെപ്റ്റിസീമിയ/ എച്ച്എസ്) രോഗബാധയേറ്റ് മരണപ്പെട്ട വാർത്ത പ്രാദേശിക മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. രോഗബാധ കണ്ടെത്തിയതോടെ മറ്റ് കന്നുകാലികൾക്കെല്ലാം പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

പാസ്ചുറല്ല മൾട്ടോസിഡ ടൈപ്പ് ബി. എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. ദീർഘയാത്രയും ക്ഷീണവും തീറ്റയിലും മറ്റ് സാഹചര്യങ്ങളിലുമെല്ലാം പെട്ടന്നുണ്ടാവുന്ന മാറ്റങ്ങളും തുടർന്നുണ്ടാവുന്ന ശരീരസമ്മർദ്ദവും പലപ്പോഴും പശുക്കളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ തളർത്തും. പശുക്കളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല  ബാക്ടീരിയ ഈ അനുകൂല അവസരത്തില്‍ പെരുകുന്നതാണ് പ്രധാനമായും രോഗത്തിന് കാരണമാവുന്നത്.

കൂടാതെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, ആർദ്രത ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ, കാലാവസ്ഥയിൽ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, ശക്തമായ വിരബാധ, പ്രസവം തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഏറെയാണ്. നിരുപദ്രവകാരികളായി പശുക്കൾക്കുള്ളിൽ കഴിയുന്ന രോഗാണുക്കൾ ഈയവസരത്തിൽ സജീവമായി രോഗത്തിന് വഴിയൊരുക്കിയേക്കാം. കുളമ്പ് രോഗം, ചർമമുഴ രോഗം തുടങ്ങിയ സാംക്രമികരോഗങ്ങൾ ബാധിച്ചാൽ ഒപ്പം പിടിപെടാനിടയുള്ള പ്രധാന പാർശ്വാണുബാധയും കുരടലടപ്പൻ തന്നെയാണ്. പശുക്കളെ അപേക്ഷിച്ച് എരുമകളിൽ ഈ രോഗം കൂടുതല്‍ ഗുരുതരമാണ്. ആടുകളിലും പന്നികളിലും രോഗം കാണാറുണ്ട്. ഏത് കാലാവസ്ഥയിലും കുരലടപ്പൻ രോഗം പിടിപെടാമെങ്കിലും പൊതുവെ മഴക്കാലത്തിന്റെ ആരംഭത്തിലാണ് രോഗത്തിന് ഏറ്റവും സാധ്യത.  കുരലടപ്പൻ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ലെന്ന കാര്യം പ്രത്യേകം ഓർക്കുക.

കുരലടപ്പൻ എങ്ങനെ തിരിച്ചറിയാം

രോഗാണു ബാധയേറ്റ പശുക്കൾ അവയുടെ ഉമിനീരിലൂടെയും മൂക്കിൽ നിന്നും ഒലിക്കുന്ന സ്രവത്തിലൂടെയും അണുക്കളെ പുറന്തള്ളും. രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ പശുക്കളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും മറ്റു പശുക്കളിലേക്ക് രോഗ പകർച്ച. രോഗാണു മലിനമായ തീറ്റ, കുടിവെള്ളം എന്നിവ വഴിയും പശുക്കളിലേക്ക് രോഗാണുക്കൾ എത്താം. ഈർപ്പമുള്ള പരിസരങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാനുള്ള ശേഷിയും പാസ്ചുറല്ല രോഗാണുക്കൾക്കുണ്ട്. രോഗാണുക്കൾ ശരീരത്തിലെത്തി സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള പശുക്കളിൽ ശരീര സമ്മർദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. പാസ്ചുറല്ല ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാവാനും പ്രസവത്തെത്തുടര്‍ന്ന് പശുക്കള്‍ വീണുപോകാനും സാധ്യതയുണ്ട്.

ശ്വാസകോശത്തെയാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ദഹനവ്യൂഹത്തിലും രോഗാണുക്കളെത്തും. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റ് ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കൾ പുറന്തള്ളുകയും രോഗം തീവ്രമായി തീരുകയും ചെയ്യും. ഉയർന്ന പനി, ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം, വായില്‍ നിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, മൂക്കിൽ നിന്ന് കട്ടിയുള്ള സ്രവമൊലിക്കൽ, കണ്ണിൽ പീളകെട്ടൽ, തീറ്റയെടുക്കാതിരിക്കല്‍, പാലുൽപാദനത്തിലെ കുറവ്, വയറുവേദനയുടെ ലക്ഷണങ്ങള്‍, വയറിളക്കം തുടങ്ങിയവയാണ് പ്രധാന  ലക്ഷണങ്ങള്‍. കഴുത്ത്, താട, നെഞ്ചിന്റെ അടിഭാഗം എന്നിവിടങ്ങളില്‍ നീര്‍വീക്കമുണ്ടാവുന്നത് കുരലടപ്പൻ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളിൽ ഒന്നാണ്. അതി തീവ്രരോഗാവസ്ഥയിൽ (Acute form) ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് 8-24 മണിക്കൂറുകള്‍ക്കുള്ളില്‍ പശുക്കളുടെ മരണം സംഭവിക്കും.

കുരലടപ്പനെ തടയാൻ

  • ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കണം. രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
  • രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില പശുക്കൾ പാസ്ചുറല്ല രോഗാണുവിന്റെ വാഹകരാവാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഈ പശുക്കളിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. പാസ്ചുറല്ല അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗമാണ്. ആടുഫാമുകളിലും, എരുമ ഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.
  • ‌കുരലടപ്പൻ രോഗത്തിന്റെതെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. രക്തപരിശോധന വഴി ( ബ്ലഡ് സ്മിയർ )  കൃത്യമായ രോഗനിർണയം സാധ്യമാവും. ചിലപ്പോള്‍ തൈലേറിയ, അനാപ്ലാസ്മ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്. 
  • സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാൽ അസുഖമുള്ളവയെ മാറ്റി പാര്‍പ്പിച്ച് പരിചരിക്കേണ്ടത് പ്രധാനമാണ്. രോഗാണുവിനെ നശിപ്പിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് പാസ്ചുറല്ല രോഗം തടയാൻ ഏറെ ഫലപ്രദമാണ്. ശരീരത്തിന്‍റെ പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് സഹായിക്കുന്ന കരള്‍ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്നും, പ്രോബയോട്ടിക്കുകളും, ധാതുലവണമിശ്രിതവും പശുക്കള്‍ക്ക് തുടർ ചികിത്സയായി നല്‍കണം. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
  • പശുക്കൾക്ക് ശരീര സമ്മർദ്ദം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നത് കുരലടപ്പൻ രോഗം തടയാൻ മുഖ്യമാണ്. പ്രതികൂല കാലാവസ്ഥ  തരണം ചെയ്യാന്‍ തക്കവിധമുള്ള പരിപാലനം പശുക്കൾക്ക് ഉറപ്പാക്കണം. സമീകൃതാഹാരം പ്രധാനം. പശുക്കളെയും കിടാക്കളെയും പാര്‍പ്പിക്കുമ്പോള്‍ തൊഴുത്തിൽ ആവശ്യത്തിന് സ്ഥല സൗകര്യം നല്‍കുകയെന്നതും പ്രധാനമാണ്.
  • കുരലടപ്പനെതിരായ പ്രതിരോധ കുത്തിവയ്പ് പശുക്കള്‍ക്കും എരുമകൾക്കും ആടുകൾക്കും  ഉറപ്പ് വരുത്തണം. 4 - 6 മാസം പ്രായമെത്തിയ  കിടാക്കള്‍ക്ക് ആദ്യ കുത്തിവയ്‌പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. മഴക്കാലത്ത് രോഗബാധ കൂടുതലായി കണപ്പെടുന്നതിനാൽ പ്രതിരോധ കുത്തിവെയ്പ് മഴക്കാലം ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് കുത്തിവയ്‌പ് നൽകുന്നതാണ് ഉത്തമം. ഇതിനാവിശ്യമായ പ്രതിരോധ വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാലോടുള്ള കേന്ദത്തിൽ വച്ച് ഉൽപാദിപ്പിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. പ്രതിരോധ വാക്സിൻ ലഭ്യമാവാൻ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് പുറത്തിറക്കിയ രക്ഷാ എച്ച്എസ് കുരലടപ്പൻ പ്രതിരോധ വാക്സിനും വിപണിയിൽ ലഭ്യമാണ്.

English summary: Pasteurellosis in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com