തീറ്റ ദഹിക്കാതെ പുറത്തുകളയുന്ന കുടൽപ്പുണ്ണ്, കോഴികളെ ബാധിക്കുന്ന അസുഖം

HIGHLIGHTS
 • ദഹിച്ചവ തന്നെ കൃത്യമായി ആഗിരണം ചെയ്യപ്പെടില്ല
 • കോഴികൾ ഭാരം കുറഞ്ഞു മരണത്തിലേക്ക് എത്തുന്നു
poultry
SHARE

കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന അസുഖങ്ങളിലൊന്നാണ് എന്ററൈറ്റിസ് അഥവാ കുടൽപുണ്ണ്. കഴിക്കുന്ന തീറ്റ ദഹിക്കാതെ കാഷ്ഠത്തിലൂടെ പുറന്തള്ളപ്പെടുന്നു എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ദഹിച്ചവ തന്നെ കൃത്യമായി ആഗിരണം ചെയ്യപ്പെടുകയുമില്ല.

കോഴികൾ ഭാരം കുറഞ്ഞു മരണത്തിലേക്ക് എത്തുന്നു. കുടൽ വീർത്തു വലുതാകുന്നതോടെ കോഴിയുടെ പുറകുവശം വലുതായി താഴേക്കു തൂങ്ങും. ഇങ്ങനെ സംഭവിക്കുമ്പോൾ ആ ഭാഗം വിരിപ്പിൽ തട്ടുകയും അവിടെ മുറിവുണ്ടാക്കുകയും ചെയ്യും. ഈ മുറിവിൽ ഈച്ച വന്നിരിക്കാനും പുഴു വരാനും കാരണമാകുന്നു. ചില സമയങ്ങളിൽ കുടൽ‌ഭിത്തിയിലെ രക്തസ്രാവത്തിനും സാധ്യതയുണ്ട്, അത് പെട്ടെന്നുള്ള മരണത്തിലേക്കു നയിക്കുന്നു.

കുടൽപ്പുണ്ണിന്റെ ലക്ഷണങ്ങൾ

 1. വയറിളക്കം, ദഹനക്കുറവ്, കാഷ്ഠത്തിൽ രക്തത്തിന്റെ അംശം, കാഷ്ഠത്തിൽ പച്ച നിറത്തിൽ ബൈൽ അസിഡിറ്റിന്റെ അംശം. കോഴിയുടെ പുറകു വശം വലുതായിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കോഴികൾക്കു ഭാരകുറവ് സംഭവിക്കുന്നു.
 2. കാരണങ്ങൾ
 3. ബാക്ടീരിയ: ക്ലോസ്ട്രിഡിയം പെർഫിൻജെൻസ് എന്ന ബാക്ടീരിയ കുടൽപ്പുണ്ണിനു കാരണമാകുന്നു. കൂടാതെ, വെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ അമിതമായ സാന്നിധ്യവും കുടൽപ്പുണ്ണിനു കാരണമാകും.
 4. കോക്‌സിഡിയോസിസ്: പ്രോട്ടോസോവ ഇനത്തിൽപ്പെട്ട ഈ രോഗാണു സാധാരണഗതിയിൽ കോഴികളിൽ കുടൽഭിത്തികളിൽ രക്തസ്രാവം ഉണ്ടാവുകയും കുടൽപുണ്ണിനു കാരണമാകുകയും ചെയ്യുന്നു.
 5. പെട്ടെന്നുള്ള തീറ്റ മാറ്റം: സ്ഥിരമായി നൽകിക്കൊണ്ടിരിക്കുന്ന തീറ്റ പെട്ടെന്ന് മാറ്റിയാൽ അത് കുടൽപ്പുണ്ണിലേക്കു നയിക്കും.
 6. തീറ്റയിൽനിന്നുള്ള പൂപ്പൽ വിഷബാധ: തീറ്റ കൃത്യമായി ജലാംശമില്ലാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
 7. പ്രതിരോധശേഷി കുറയുന്നത്: കാലാവസ്ഥാ വ്യതിയാനം കൊണ്ടോ മറ്റു ക്ലേശങ്ങൾ കൊണ്ടോ കോഴികളുടെ പ്രതിരോധശേഷി കുറയുന്നത് കുടൽഭിത്തിയിൽ രോഗകാരികളുടെ അളവ് വർധിക്കാനും അത് കുടൽപ്പുണ്ണിലേക്ക് നയിക്കാനും കാരണമാകും.
 8. കുടൽഭിത്തിയിൽ ഉപകാരികളായ ബാക്ടീരിയകളുടെ കുറവ്.
 9. സ്ഥലലഭ്യത കുറയുന്നത്.

പ്രതിരോധ മാർഗങ്ങൾ.

 1. വെള്ളത്തിൽ അണുനാശിനി ഉപയോഗിക്കുന്നതോടൊപ്പം വെള്ളത്തിന്റെ പിഎച്ച് കുറച്ച് ബാക്ടീരിയകളുടെ അളവ് നിയന്ത്രിക്കുക.
 2. ഓരോ ബാച്ചിനു മുൻപും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് പൈപ്പ് ലൈനും ടാങ്കും വൃത്തിയാക്കുക.
 3. ലിറ്ററിന്റെ (വിരിപ്പിന്റെ) ജലാംശം 20–30 ശതമാനം മാത്രമായി നിലനിർത്തുക (ഇതുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങൾ മറ്റൊരു ലേഖനത്തിൽ പ്രതിപാദിച്ചിട്ടുണ്ട്).
 4. കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിൽ പ്രോബയോട്ടിക്സ്  ഉപയോഗിക്കുക.
 5. സ്ഥിരമായി കുടൽപ്പുണ്ണ് വരുന്ന കർഷകർ, ഏത് അണുനാശിനിയാണ് തന്റെ ഫാമിലെ വെള്ളത്തിൽ ഫലപ്രദമായിട്ടുള്ളത് എന്ന് പ്രത്യേകം കണ്ടെത്തണം. ശേഷം വെള്ളം ലബോറട്ടറിയിൽ പരിശോധിച്ച് അണുനാശിനി ഫലപ്രദമാണെന്ന് ഉറപ്പുവരുത്തണം.
 6. ഒരു ബാച്ചിൽ ഒരു കമ്പനിയുടെ തന്നെ തീറ്റ നൽകാൻ ശ്രദ്ധിക്കുക (‌കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ).
 7. ജലാംശം ബാധിക്കാതെ തീറ്റ കൃത്യമായി സൂക്ഷിക്കണം.
 8. കൃത്യമായ വാക്സിനേഷനും ജൈവ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെയും പ്രധാനമാണ്.
 9. ഒരു കോഴിക്ക് ആവശ്യമായ സ്ഥലം നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ബ്രോയിലർ ആണെങ്കിൽ ഒരു കോഴിക്ക് ഒരു ചതുരശ്ര അടി. മുട്ടക്കോഴി ആണെങ്കിൽ ഒരു കോഴിക്ക് 3 ചതുരശ്ര അടി.
 10. ആന്റിബയോട്ടിക്കുകൾ കുടൽപ്പുണ്ണിന് ഫലപ്രദമാണെങ്കിലും കുടൽപ്പുണ്ണ് വരാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ഓരോ ബാച്ചിന് മുൻപും തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിശദമായ പ്ലാൻ തയാറാക്കുന്നത് ഫാമുകളിൽ അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.

English summary: Necrotic enteritis in poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA