ADVERTISEMENT

ഉയര്‍ന്ന ഉല്‍പാദന-പ്രത്യുല്‍പാദനക്ഷമത, രോഗപ്രതിരോധ ശേഷി, തീറ്റ പരിവര്‍ത്തന ശേഷി, കാലാവസ്ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്ന സ്വഭാവം, കൈകാര്യം ചെയാനുള്ള എളുപ്പം എന്നീ ഗുണഗണങ്ങളോടുകൂടിയ പശുക്കളെ സ്വന്തമാക്കുകയെന്നത് ഏതൊരു ക്ഷീരകര്‍ഷകന്റെയും സ്വപ്നമാണ്. ഇത്തരം സവിശേഷതകളെല്ലാം ഒത്തിണക്കിയ കന്നുകാലി ഇനമാണ് ഫ്രീസ് വാള്‍.

പാലുല്‍പാദനം വര്‍ധിപ്പിച്ച് പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വര്‍ധിതാവശ്യങ്ങള്‍ നികത്തുക എന്ന ഉദ്ദേശ്യത്തോടെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും ഇന്ത്യന്‍ മിലിറ്ററി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളും സംയുക്തമായി 1985ല്‍ രൂപം കൊടുത്ത സങ്കര പ്രജനന പദ്ധതിയിലൂടെ ഉരുത്തിരിഞ്ഞ സങ്കര കന്നുകാലി ഇനമാണ് ഫ്രീസ് വാള്‍. അത്യുല്‍പാദനശേഷിയുള്ള, ഗവ്യ ജനുസില്‍പ്പെട്ട വിദേശയിനം ഹോള്‍ സ്‌റ്റൈന്‍ ഫ്രീഷ്യന്റെയും, ഉയര്‍ന്ന രോഗപ്രതിരോധശേഷിയും താപസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ കഴിവുമുള്ള സ്വദേശി സഹിവാള്‍ ഇനവും ചേര്‍ന്ന സങ്കരയിനമാണ് ഇവ. അതായത് 62% ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്റെയും 38% സഹിവാളിന്റെയും വര്‍ഗഗുണമാണ് ഫ്രീസ് വാള്‍ പശുക്കളില്‍ ഉണ്ടായിരുന്നത്. 

300 ദിവസ ദൈര്‍ഘ്യമുള്ള ഒരു കറവക്കാലത്ത് ശരാശരി 4000 കി.ഗ്രാം പാലും 4 % കൊഴുപ്പുമാണ് ഈ പശുക്കളില്‍നിന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 300 ദിവസങ്ങളുള്ള കറവക്കാലത്തില്‍ 3000 മുതല്‍ 6000 കിലോഗ്രാം വരെ പാലുല്‍പ്പാദിപ്പിക്കുന്നവയാണ് ഇവ. ഇന്ത്യയൊട്ടാകെയുള്ള 37 സൈനിക ഫാമുകളില്‍ നടത്തിയ സന്തതിപരമ്പര പരീക്ഷണങ്ങളില്‍ ഫ്രീസ് വാള്‍ പശുക്കള്‍ ഇന്ത്യയിലെത്തന്നെ വിവിധ കാര്‍ഷിക കാലാവസ്ഥ മേഖലകള്‍ക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

frees-Wal-cow-1
ഫ്രീസ് വാള്‍ പശു

ഫ്രീസ് വാള്‍ പ്രത്യേകതകള്‍

  • വെള്ളയും കറുപ്പും, വെള്ളയും ബ്രൗണും, ചുവപ്പ്, കറുപ്പ്, കടുത്ത ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ഇവയെ കാണാറുണ്ടെങ്കിലും വെള്ളയും കറുപ്പും നിറമാണ് കൂടുതല്‍ പ്രകടമാകുന്നത്.
  • നീണ്ട് തൂങ്ങിയ ചെവികള്‍
  • തൂങ്ങിക്കിടക്കുന്ന താട, ശാന്ത സ്വഭാവം.
  • കാഴ്ചയില്‍ സഹിവാളിന്റേതു പോലെ വലുപ്പമുള്ള തല, കുറ്റിച്ച കൊമ്പുകള്‍, കുറുകിയ കാലുകള്‍, തടിച്ചു ഭാരിച്ച ശരീരപ്രകൃതിയും ഹോള്‍സ്റ്റ്യന്‍ ഫ്രീഷ്യന്റെ കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തിലുമുള്ളവയാണ് ഉത്തമ ഫ്രീസ് വാള്‍ പശുക്കള്‍. എങ്കിലും ഇരു ജനുസുകളുടെയും ജനിതക അനുപാതമനുസരിച്ച്  ഫ്രീസ് വാള്‍ പശുക്കളുടെ ശാരീരികവും ഉല്‍പ്പാദന- പ്രത്യുല്‍പ്പാദനപരവുമായ സവിശേഷതകള്‍ വ്യത്യാസപ്പെട്ടിരിക്കും.

സഹിവാള്‍, ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്‍ ഇനങ്ങള്‍

പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മോണ്ട് ഗോമറി ജില്ലയാണ് സഹിവാളിന്റെ ഉത്ഭവസ്ഥാനം. പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ അധികമായി കാണാം. ഇന്ത്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥയില്‍ ജീവിക്കാനുള്ള കഴിവുണ്ട്. ചുവപ്പു കലര്‍ന്ന തവിട്ടു നിറം. 300 ദിവസത്തെ കറവക്കാലത്ത് ശരാശരി 2725- 3175 കി.ഗ്രാം വരെ പാലുല്‍പാദിപ്പിക്കാന്‍ കഴിവുണ്ട്. 5-6 % വരെയാണ് പാലിലെ കൊഴുപ്പിന്റെ അളവ്. ശരീരത്തെ ആവരണം ചെയ്തിരിക്കുന്ന തൊലി അയഞ്ഞതായതിനാല്‍ ലോല എന്ന പേരിലും അറിയപ്പെടുന്നു.

ഹോളണ്ട് ആണ് ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്‍ പശുക്കളുടെ ഉറവിടം. നല്ല വലുപ്പമുള്ള ശരീരത്തില്‍ കറുപ്പും വെളുപ്പും പാടുകള്‍ കാണാം. നല്ല ആരോഗ്യമുള്ള മുതിര്‍ന്ന പശുക്കള്‍ക്ക് 400-520 കി.ഗ്രാം വരെ ശരീര ഭാരമുണ്ടായിരിക്കും. ഇവയുടെ ദിവസേന പാലുല്‍പാദനം 40 കി.ഗ്രാമും വാര്‍ഷിക പാലുല്‍പാദനം  4500- 9000 കി.ഗ്രാമും ആണ്.  എന്നാല്‍ പാലിലെ കൊഴുപ്പിന്റെ അളവ് അത്ര ആകര്‍ഷണീയമല്ല (3.5 % മാത്രം). കിടാവുകളുടെ ജനനസമയത്തെ ശരീരഭാരം 30-40 കി.ഗ്രാമാണ്. രണ്ടര വയസ് പ്രായത്തില്‍ ആദ്യ കിടാവിന് ജന്മം നല്‍കുന്ന ഇവയ്ക്ക്  ഓരോ വര്‍ഷവും കിടാങ്ങളുണ്ടാകുന്നു. സഹിവാള്‍ - ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്‍ പശുക്കളുടെ മേന്മകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഒപ്പം അവയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുമായി ഉരുത്തിരിഞ്ഞ സങ്കരയിനമായ ഫീസ് വാള്‍ പശുക്കള്‍ വര്‍ഷംതോറും ചൂടു കൂടി വരുന്ന കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നതില്‍ തര്‍ക്കമില്ല.

ഫ്രീസ് വാള്‍ പശുക്കളുടെ പ്രത്യുല്‍പാദനക്ഷമത

frees-Wal-calf
ഫ്രീസ് വാള്‍

ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമത പ്രകടമാക്കുന്ന ഇവ 12 മാസം പ്രായം മുതല്‍ത്തന്നെ പ്രൗഢതയും 16  മാസത്തില്‍  ലൈംഗിക പക്വതയും ആര്‍ജിക്കുന്നു. ഗര്‍ഭാശയ രോഗങ്ങളോ, പോഷകക്കുറവോ മറ്റു ജനിതക തകരാറുകളോ ഇല്ലെങ്കില്‍ ഒന്നോ രണ്ടോ കൃത്രിമ ബീജാധാനത്തില്‍ ഗര്‍ഭവതികളാകുന്നു.  അടുത്തടുത്ത രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള അന്തരം ശരാശരി 13 മാസമാണ്. സാധാരണയായി 80%  പശുക്കളും 3 വയസ്സിനുള്ളില്‍ പ്രസവിക്കുന്നു. കൂടാതെ പ്രസവശേഷം  45 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ മദി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.

ഫ്രീസ് വാള്‍ കിടാവുകളുടെ ജനനസമയത്തെ ശരാശരി ശരീരഭാരം 35 കി.ഗ്രാമാണ്, എന്നാല്‍  പ്രായപൂര്‍ത്തിയായ പശുക്കളുടെ ശരീരഭാരം 400 മുതല്‍ 550 കി.ഗ്രാം വരെയാണ്.

മറ്റു ഉല്‍പ്പാദന-പ്രത്യുല്‍പ്പാദന സംബന്ധിയായ പ്രശ്‌നങ്ങളെല്ലാം നിയന്ത്രണ വിധേയമാണ്. ആവശ്യത്തിന് വ്യായാമം നല്‍കിയാല്‍ ഹോള്‍സ്റ്റെന്‍ ഫ്രീഷ്യന്‍ ഇനങ്ങള്‍ക്ക് സാധാരണയായി കണ്ടുവരാറുള്ള കുളമ്പു സംബന്ധമായ തകരാറുകള്‍ ഇവയില്‍ കാണാറില്ല.

കൂടാതെ, വേനല്‍ക്കാലത്തെ  താപസമ്മര്‍ദ്ദത്തെ അതിജീവിക്കാനും ഉല്‍പ്പാദനം നിലനിര്‍ത്താനും ഇവയ്ക്ക് പ്രത്യേക കഴിയുണ്ട്. ശാസ്ത്രീയമായ അകിടു പരിപാലനവും കറവയും ഉറപ്പാക്കിയാല്‍ ഡയറിഫാമിലെ സാമ്പത്തിക ഭദ്രതയെ പിടിച്ചുകുലുക്കുന്ന കാലിരോഗമായ അകിടു വീക്കം വളരെ വിരളമായേ ഇവയില്‍ കാണാറുള്ളൂ.

കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇരുന്നൂറ്റിയമ്പതോളം ഫ്രീസ് വാള്‍ പശുക്കളാണ് ഇന്ന് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രത്തില്‍ വളര്‍ത്തുന്നത്. പരമാവധി പ്രതിദിന പാലുല്‍പാദനം 30 ലീറ്റര്‍ വരെ ഈ പശുക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ക്ഷീരവികസന മേഖലയിലും മാംസോല്‍പ്പാദന രംഗത്തും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ ഫ്രീസ് വാള്‍ പശുക്കള്‍ക്കു കഴിയും എന്ന് നിസ്സംശയം പറയാം.

English summary: Frieswal Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com