ADVERTISEMENT

വര്‍ഷത്തില്‍ മൂന്നു മാസം മഴ ലഭിക്കുന്ന ജാര്‍ഖണ്ഡിലെ ഹരിതാഭമായി മാറ്റുന്നതില്‍ സോളര്‍ പമ്പുകള്‍ക്ക് നിര്‍ണായക റോള്‍. വൈദ്യുതി പോലും കടന്നു ചെല്ലാത്ത കുഗ്രാമങ്ങളില്‍ ഹരിത വിപ്ലവത്തോടൊപ്പം ജലവിപ്ലവവും തീര്‍ക്കുകയാണ് സൈക്കിള്‍ സോളര്‍ പമ്പുകള്‍. സൈക്കിളില്‍ ഘടിപ്പിച്ചിരുന്ന 0.5 എച്ച്പി മോട്ടര്‍ പമ്പു വഴി കര്‍ഷകരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന വരുത്തിക്കഴിഞ്ഞു. മഴയെ മാത്രം ആശ്രയിച്ച് ഒരു തവണ മാത്രം കൃഷിയിറക്കിയിരുന്ന ഹസാരിബാഗിലെയും ബൊക്കാറോയിലെയും ആയിരക്കണക്കിന് കര്‍ഷകര്‍ മൂന്നു പൂവ് കൃഷി ചെയ്യാന്‍ തുടങ്ങിയത് ഗ്രാമങ്ങളുടെ പട്ടിണി മാറ്റിയെന്നതിനു പിന്നാലെ വരുമാനം നാലിരട്ടിയിലേറെ വര്‍ധിച്ചു. 

ജോറായി ജോഹര്‍

സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ പമ്പെന്ന നൂതന ആശയം കാര്‍ഷിക മേഖലയില്‍  നടപ്പാക്കിയത് ജാര്‍ഖണ്ഡ് ഓപ്പര്‍ച്യൂണിറ്റീസ് ഫോര്‍ റൂറല്‍ ഗ്രോത്ത് (ജോഹര്‍) പദ്ധതി പ്രകാരം. പദ്ധതിയുടെ ആസൂത്രകന്‍ ബിപിന്‍ ബിഹാരിയെന്ന ചെറുപ്പക്കാരനും. ബിഹാരി വികസിപ്പിച്ചെടുത്ത സൗരോര്‍ജ സൈക്കിള്‍ പമ്പുകളുടെ പ്രയോജനം പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ലഭ്യമായി കഴിഞ്ഞു. ഹസാരിബാഗിലും പരിസരപ്രദേശങ്ങളിലെയും നെല്‍ക്കര്‍ഷകരെല്ലാം സോളര്‍ ടെക്‌നോളജി കരസ്ഥമാക്കി താപ വൈദ്യുതിയുടെ നാടെന്ന വിശേഷണം ജാര്‍ഖണ്ഡിനുണ്ടെങ്കിലും വൈദ്യുതി ഇതുവരെ കടന്നുചെല്ലാത്ത രണ്ടായിരത്തിലേറെ ഗ്രാമങ്ങള്‍ ഇപ്പോഴും സംസ്ഥാനത്ത് ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഭൂഗര്‍ഭജലം കൃഷിക്ക് ഉപയോഗിക്കാന്‍ ബിഹാരിയുടെ തലയില്‍ വിരിഞ്ഞ മുവബിള്‍ സോളര്‍ പമ്പുകള്‍ക്ക് കഴിഞ്ഞു. പ്രതിവര്‍ഷം 25,000 രൂപ മാത്രം വരുമാനം ലഭിച്ചിരുന്ന ഒട്ടേറെ കര്‍ഷകരുടെ വരുമാന ഗാഫ് പൊടുന്നനെ ലക്ഷത്തിന് മുകളിലേക്ക് കടന്നു. ഒരു തവണ നെല്ല് വിളയിച്ചിരുന്നിടത്ത് ഇപ്പോള്‍ ഗോതമ്പും ചോളവും യഥേഷ്ടം വിളയുന്നതിനു പിന്നാലെ ഗ്രീന്‍പീസ്, കാരറ്റ്, തണ്ണിമത്തന്‍, മത്തങ്ങ, വെള്ളരി, തക്കാളി തുടങ്ങി പച്ചക്കറികളും നിറയെ കായ്ക്കുന്നു. 

cycle-solar
Bipin Bihari

കര്‍ഷകരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ കഠിനപ്രയത്‌നം

സോളര്‍ പമ്പുകള്‍ നിലവില്‍ വന്നതിനു പിന്നാലെ ഗ്രാമങ്ങളില്‍ ഗ്രൂപ്പ് ഫാമിങ് സംവിധാനം നിലവില്‍ വന്നതോടെ എല്ലാ സീസണിലും കൃഷി ചെയ്യാനും പോര്‍ട്ടബിള്‍ ജലസേചന സൗകര്യമായ സോളര്‍ പമ്പ്  വാടകയ്ക്ക് കൊടുക്കാനും കഴിഞ്ഞു. കാലാവസ്ഥ പ്രതിരോധശേഷിയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ജോഹര്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പോജക്ട് ഡയറക്ടര്‍ ബിപിന്‍ ബിഹാരി വ്യക്തമാക്കി. കര്‍ഷകരെ കൂടുതല്‍ സ്വാശ്രയരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം ഇതിനായി ലോകബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ജോഹര്‍. രാജ്യത്ത ഗ്രാമങ്ങളിലെ ജലസേചനത്തിനായി ഭൂഗര്‍ഭജലം  എടുക്കാന്‍ ഒരു ദശാബ്ദത്തിനു മുമ്പ് മുമ്പ് സര്‍ക്കാര്‍ സൗരോര്‍ജ പമ്പ് പദ്ധതി തുടങ്ങിയിരുന്നു. 5 എച്ച്പി, 7.5 എച്ച്.പി മോട്ടര്‍ പമ്പുകള്‍ വഴി കര്‍ഷകരുടെ ജലസേചന ആവശ്യം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. ഗ്രാമപ്രദേശങ്ങളിലെ യാത്രാസൗകര്യവും സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാനുള്ള കര്‍ഷകരുടെ  പ്രായോഗിക ബുദ്ധിമുട്ടുകളും ഏറെ പ്രതിബന്ധം സൃഷ്ടിച്ചതോടെയാണ് സൈക്കിള്‍ സോളര്‍ വിദ്യയിലേക്ക് തിരിഞ്ഞത്.

വാടക മണിക്കൂറിന് വെറും 40 രൂപ

സൈക്കിളില്‍ സോളര്‍ പാനലുകള്‍ ഘടിപ്പിച്ച് അതില്‍ 1 എച്ച്പി മോട്ടര്‍ ഘടിപ്പിക്കുന്നു. നേരത്തെയുള്ള സോളര്‍ പമ്പുകള്‍ ഒരിടത്തു നിന്നു മറ്റിടത്തേക്ക് മാറ്റിക്കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു. സൈക്കിള്‍ പമ്പുകളുടെ വരവോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടതിനു പിന്നാലെ യഥേഷ്ടം എവിടെയും കൊണ്ടുപോകാമെന്ന അവസ്ഥയായി. അറ്റകുറ്റപ്പണിയോ, ഇന്ധനച്ചെലവോ ഇല്ലാത്ത വാട്ടര്‍ പമ്പുകള്‍ മണിക്കൂറില്‍ 40 രുപയ്ക്ക് എല്ലാ കര്‍ഷകര്‍ക്കു വാടകയ്ക്ക് ലഭിക്കുന്നു. ഡീസല്‍, മണ്ണെണ്ണ മോട്ടറുകള്‍ക്ക് മണിക്കുറിന് 200 രൂപ വരെ വാടക വാങ്ങുന്ന സ്ഥാനത്താണിത്. രണ്ടായിരത്തോളം മുവബിള്‍ സോളര്‍ പമ്പുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

വിള വൈവിധ്യത്തിന് വഴിയൊരുക്കല്‍

കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം കിട്ടാനും കൂടുതല്‍ വിളകള്‍ കൃഷി ചെയ്യാനും ഈ പദ്ധതികൊണ്ടാവുന്നു. സമയവും അധ്വാനവും ലാഭിക്കുന്നതോടൊപ്പം പുതിയൊരു കൃഷി സംസ്‌കാരത്തിനു തുടക്കം കുറിക്കുകയായിരുന്നു.  പതിനായിരം കര്‍ഷകരെ സോളര്‍ പമ്പു പദ്ധതിയില്‍ ഭാഗഭാക്കാക്കുകയാണ് ലക്ഷ്യം. ജലസേചന ലഭ്യത ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല വിള വൈവിധ്യവല്‍ക്കരണത്തിനു വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.

English summary: Cycle Solar water pump for agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com