വേനൽക്കാലത്ത് കോഴിഫാമുകളിൽ ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ

broiler-farm
SHARE

ബ്രോയിലർ ഫാമുകളുടെ എക്കാലത്തെയും പേടിസ്വപ്നങ്ങളിൽ ഒന്നാണ് ചൂടുകാലം. ഹീറ്റ് സ്ട്രോക്ക് മോർട്ടാലിറ്റി അനുഭവപ്പെടാത്ത കോഴിഫാമുകൾ വളരെ ചുരുക്കം. വേനൽക്കാലങ്ങളിൽ ചൂട് കൂടി അത് താങ്ങാൻ കഴിയാതെ കോഴികൾ ചത്തൊടുങ്ങുന്നതിനെയാണ് ഹീറ്റ് സ്ട്രോക്ക് മോർട്ടാലിറ്റി എന്നു പറയുന്നത്.

ഹീറ്റ് സ്ട്രോക്ക് തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

 • ചൂട് കുറയ്ക്കാനായി ഷെഡ്ഡിലെ റൂഫ്, ഓലയോ ഓടോ ഉപയോഗിക്കുന്നതാണ് ഉത്തമം.
 • ഷെഡ്‌ഡിനുള്ളിൽ ഫാനുകൾ  ഉപയോഗിക്കുന്നത് ചൂടു കുറയ്ക്കാൻ സഹായിക്കും. സീലിങ് ഫാനുകളെക്കാൾ വശങ്ങളിലെ ഫാനുകളാണ് കൂടുതൽ നല്ലത്. ഇത് ഷെഡ്ഡിനുള്ളിലെ ഈർപ്പം കുറച്ചു ചൂടിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്നു.
 • കുടിവെള്ളത്തിന് ചൂട് കൂടുതലാണെങ്കിൽ അവ വെള്ളം കുടിക്കില്ല. ഇത് ഒഴിവാക്കാൻ കുടിവെള്ള പാത്രങ്ങളും ടാങ്കും വെയിൽ തട്ടാത്ത സ്ഥലങ്ങളിൽ സജ്ജീകരിക്കുന്നതാണ് നല്ലത്.
 • വെള്ളത്തിന്റെ ടാങ്കുകൾ ഷെഡ്ഡിന് പുറത്താണെങ്കിൽ വേനൽക്കാലത്തിനു മുൻപുതന്നെ അതിനുമുകളിൽ വെയിൽ പതിക്കാത്ത രൂപത്തിൽ മറ നിർമ്മിച്ചു നൽകേണ്ടതാണ്.
 • വെള്ളത്തിന്റെ ചൂട് കുറയ്ക്കാൻ ‌ഐസ് ഉപയോഗിക്കാം.
 • ചൂട് കൂടുമ്പോൾ കോഴികൾ കൂടുതലായി ശ്വാസമെടുക്കുകയും ഇതുവഴി കോഴികൾക്ക് നിർജലീകരണം ഉണ്ടാകാം. ഇതാണ് പ്രധാന മരണകാരണം.
 • ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ  കുറവ് നികത്താൻ ചൂടു സമയത്ത് വെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ കൊടുക്കുന്നത് മരണനിരക്ക് കുറയ്ക്കും.
 • ഇലക്ട്രോലൈറ്റുകളുടെ കൂടെ വിറ്റാമിൻ സി കൊടുക്കുന്നതും സ്ട്രെസ്സ്  ഒഴിവാക്കാൻ നല്ലതാണ്. ഇതിന് ചെറുനാരങ്ങ ഉപയോഗിക്കാം.
 • കൂടുതൽ തീറ്റ കോഴികൾ കഴിച്ചാൽ തീറ്റയുടെ ദഹനം മൂലമുണ്ടാകുന്ന താപം ശരീരത്തിന് അകത്തുനിന്ന് പുറത്തേക്ക് പോകില്ല. ഇതു മൂലം കോഴികൾ മരണത്തിലേക്ക് എത്തുന്നതിനാൽ ആവശ്യമുള്ള തീറ്റ മാത്രം തീറ്റപ്പാത്രത്തിൽ കൊടുക്കുക. പകൽസമയങ്ങളിൽ തീറ്റപ്പാത്രം ഉയർത്തിവയ്ക്കുന്ന രീതിയും ചില കർഷകർ ചെയ്യുന്നുണ്ട്. ഇത് പല കർഷകർക്കും പല ഫലങ്ങളാണ് നൽകുന്നത്. അതിനാൽ തീറ്റ പകൽസമയത്ത് ഒഴിവാക്കുന്ന രീതി പരീക്ഷിച്ച് ഉറപ്പുവരുത്തിയശേഷം മാത്രം നടപ്പിൽ വരുത്തുക.
 • കോഴികൾ വലുതാകുന്നതിനനുസരിച്ച് ശരീരത്തിലെ പ്രവർത്തനങ്ങൾ കൂടുകയും അതിന്റെ ഫലമായുണ്ടാകുന്ന താപം കൂടുകയും ചെയ്യും. അതിനാൽ വിൽപ്പന പ്രായമെത്തിയ കോഴികളെ പെട്ടെന്ന് വിപണിയിൽ വിൽക്കുക എന്നത്, പ്രത്യേകിച്ചും വേനൽക്കാലത്ത് അത്യാവശ്യമാണ്.
 • വേനൽക്കാല ബുദ്ധിമുട്ടുകൾ കോഴികളിൽ അസുഖങ്ങളെ ഉത്തേജിപ്പിക്കാൻ കാരണമാകും. പ്രത്യേകിച്ചു കോഴിവസന്ത, ഐബിഡി പോലുള്ള അസുഖങ്ങൾ. അതിനാൽ കൃത്യമായ പ്രതിരോധ വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
 • വേനൽക്കാലത്തു സൂര്യതപമേറ്റ് കോഴികൾ മരണപ്പെടാതിരിക്കാൻ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൊട്ടടുത്തുള്ള മൃഗശുപത്രിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്നത് കർഷകർക്ക് ഉപകാരപ്പെടും.

English summary: Take extra care of poultry in summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA